English: ag.testing

Updated ? hours ago # views See on DCS

പുറപ്പാടു്

Chapter 1

1 യാക്കോബിനോടുകൂടെ കുടുംബസഹിതം ഈജിപ്റ്റിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ : testing branch master 2 രൂബേൻ, ശിമെയോൻ, ലേവി, 3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ 4 ദാൻ, നഫ്താലി, ഗാദ്, ആശേർ. 5 യാക്കോബിന്റെ സന്താനപരമ്പരകൾ എല്ലാം കൂടി എഴുപതു പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ ഈജിപ്റ്റിൽ ആയിരുന്നു. 6 പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു. 7 യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

8 അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്റ്റിൽ ഉണ്ടായി. 9 അവൻ തന്റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു. 10 ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.” 11 അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു. 12 എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു. 13 ഈജിപ്റ്റുകാർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 14 കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു.

15 എന്നാൽ ഈജിപ്റ്റിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികർമ്മിണികളോട്: 16 “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്ന് പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു. 17 എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, ഈജിപ്റ്റ് രാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. 18 അപ്പോൾ ഈജിപ്റ്റിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് ?” എന്നു ചോദിച്ചു. 19 സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു. 20 അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു. 21 സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ട് അവൻ അവർക്കു കുടുംബവർദ്ധന നല്കി. 22 പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കണം” എന്നും കല്പിച്ചു.

Chapter 2

1 എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ ഒരു ലേവ്യകന്യകയെ വിവാഹം കഴിച്ചു. 2 അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു. 3 അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു. 4 അവന് എന്ത് സംഭവിക്കുമെന്ന് അറിയുവാൻ അവന്റെ സഹോദരി ദൂരത്ത് നിന്നു. 5 അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു. 6 അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോടു അലിവുതോന്നി: “ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു ”എന്ന് പറഞ്ഞു. 7 അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: “ഈ പൈതലിന് മുലപ്പാൽ കൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ” എന്ന് ചോദിച്ചു. 8 ഫറവോന്റെ പുത്രി അവളോട്: “ചെന്ന് കൊണ്ടുവരുക” എന്ന് പറഞ്ഞു. കന്യക ചെന്ന് പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. 9 ഫറവോന്റെ പുത്രി അവളോട്: “നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തണം; ഞാൻ നിനക്ക് ശമ്പളം തരാം” എന്ന് പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽകൊടുത്തു വളർത്തി. 10 പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു”എന്ന് പറഞ്ഞ് അവൾ അവന് മോശെ എന്നു പേരിട്ടു.

11 മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനവേല കണ്ടു. തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു ഈജിപ്ത്കാരൻ അടിക്കുന്നത് കണ്ടു. 12 അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ ഈജിപ്ത്കാരനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു. 13 പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് ?”എന്നു ചോദിച്ചു. 14 അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? ഈജിപ്ത്കാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്ന് പറഞ്ഞ് മോശെ പേടിച്ചു. 15 ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു. 16 മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിക്കുവാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു. 17 എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു. 18 അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്ന് അവൻ ചോദിച്ചു. 19 “ഒരു ഈജിപ്റ്റുകാരൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്ന് അവർ പറഞ്ഞു. 20 അവൻ തന്റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു. 21 മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്റെ മകൾ സിപ്പോറയെ കൊടുത്തു. 22 അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവന് ഗേർശോം എന്നു പേരിട്ടു.

23 കുറെ നാൾ കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവ് മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി. 24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു. 25 ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരുടെ സാഹചര്യം അറിഞ്ഞു.

Chapter 3

1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ട് ചെന്നു.അങ്ങനെ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ എത്തി. 2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു. 3 “മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്ന് ഞാൻ ചെന്ന് നോക്കട്ടെ” എന്ന് മോശെ പറഞ്ഞു. 4 അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്ന്, അവനെ “മോശെ, മോശെ” എന്ന് വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്ന് പറഞ്ഞു. 5 അപ്പോൾ അവൻ: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്ന് കല്പിച്ചു. 6 “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി. 7 യഹോവ ഇപ്രകാരം അരുളിച്ചെയ്തു:“ ഈജിപ്റ്റിൽ താമസിക്കുന്ന എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. 8 അവരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. 9 യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. 10 ആകയാൽ വരുക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ ഈജിപ്റ്റിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും.” 11 മോശെ ദൈവത്തോട്: “ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് വിടുവിക്കുവാനും ഞാൻ ആര് ?” എന്ന് പറഞ്ഞു. 12 അതിന് അവൻ: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്ന് അരുളിച്ചെയ്തു. 13 മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്ന്: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്ന് പറയുമ്പോൾ: ‘അവന്റെ നാമം എന്തെന്ന് ’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയണം” എന്ന് ചോദിച്ചു. 14 അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോട് പറയണം” എന്ന് കല്പിച്ചു. 15 ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:“ നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.” 16 നീ ചെന്ന് യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു. 17 ഈജിപ്റ്റിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്ന് പറയുക. 18 എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും ഈജിപ്റ്റിലെ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ ചെന്ന് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്ന് പറയുവിൻ. 19 എന്നാൽ ഈജിപ്റ്റിലെ രാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്ന് ഞാൻ അറിയുന്നു. 20 അതുകൊണ്ട് ഞാൻ എന്റെ കൈ നീട്ടി ഈജിപ്റ്റിന്റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ട് അവരെ ശിക്ഷിക്കും; അതിന്റെ ശേഷം ഈജിപ്റ്റിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും. 21 ഞാൻ ഈജിപ്റ്റുകാർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല. 22 ഓരോ സ്ത്രീയും തന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും ഈജിപ്റ്റുകാരെ കൊള്ളയിടുകയും വേണം”.

Chapter 4

1 അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്ക് പ്രത്യക്ഷനായിട്ടില്ല’ എന്ന് പറയും” എന്നുത്തരം പറഞ്ഞു. 2 യഹോവ അവനോട് : “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?”എന്ന് ചോദിച്ചു. “ഒരു വടി” എന്ന് അവൻ പറഞ്ഞു. 3 “അതു നിലത്തിടുക” എന്ന് കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി. 4 യഹോവ മോശെയോട് : “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക്ക” എന്ന് കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കയ്യിൽ വടിയായിത്തീർന്നു. 5 “ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു.” 6 യഹോവ പിന്നെയും അവനോട് : “നിന്റെ കൈ മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു. 7 “നിന്റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്റെ ശരീരത്തിന്റെ മാംസംപോലെ ആയി കണ്ടു. 8 എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. 9 ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും. 10 മോശെ യഹോവയോട് : “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് പറഞ്ഞു. 11 അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; 12 ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്ക് ഉപദേശിച്ചുതരും” എന്ന് അരുളിച്ചെയ്തു. 13 എന്നാൽ മോശെ: “കർത്താവേ, നിനക്ക് പ്രിയമുള്ള മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്ന് പറഞ്ഞു. 14 അപ്പോൾ യഹോവ മോശെയുടെ നേരെ കോപിച്ച് പറഞ്ഞത് : “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവൻ നല്ലവണ്ണം സംസാരിക്കുമെന്ന് ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. 15 നീ അവനോട് സംസാരിച്ച് അവന് വാക്ക് പറഞ്ഞുകൊടുക്കണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടി ഇരിക്കും; നിങ്ങൾ ചെയ്യേണ്ടത് ഉപദേശിച്ചു തരും. 16 നിനക്ക് പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്ക് വായായിരിക്കും, നീ അവന് ദൈവവും ആയിരിക്കും. 17 അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾള്ളുക. 18 പിന്നെ മോശെ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: “ഞാൻ പുറപ്പെട്ട്, ഈജിപ്റ്റിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ ”എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു. 19 യഹോവ മിദ്യാനിൽവച്ച് മോശെയോട്: “ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക; നിന്നെ കൊല്ലുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തു. 20 അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്ത് കയറ്റി ഈജിപ്റ്റിലേക്ക് മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു. 21 യഹോവ മോശെയോട് അരുളിച്ചെയ്തത്:“ നീ ഈജിപ്റ്റിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. 22 നീ ഫറവോനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. 23 എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയയ്ക്കണമെന്ന് ഞാൻ നിന്നോട് കല്പിക്കുന്നു; അവനെ വിട്ടയയ്ക്കുവാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നെ കൊന്നുകളയും” എന്ന് പറയുക. 24 എന്നാൽ വഴിയിൽ സത്രത്തിൽവച്ച് യഹോവ അവനെ എതിരിട്ട് കൊല്ലുവാൻ ഭാവിച്ചു. 25 അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം മുറിച്ച് അവന്റെ കാൽക്കൽ ഇട്ടു: “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞു. 26 ഇങ്ങനെ യഹോവ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്ത് ആകുന്നു അവൾ പരിച്ഛേദന നിമിത്തം “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞത്.

27 എന്നാൽ യഹോവ അഹരോനോട്:“ നീ മരുഭൂമിയിൽ മോശെയെ എതിരേല്ക്കുവാൻ ചെല്ലുക” എന്ന് കല്പിച്ചു; അവൻ ചെന്ന് ദൈവത്തിന്റെ പർവ്വതത്തിൽവച്ച് അവനെ എതിരേറ്റ് ചുംബിച്ചു. 28 യഹോവ തന്നെ ഏല്പിച്ച് അയച്ച വചനങ്ങളൊക്കെയും തന്നോട് കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു. 29 പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി. 30 യഹോവ മോശെയോട് കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു. 31 അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കണ്ടു എന്നും കേട്ടിട്ട് അവർ കുമ്പിട്ട് നമസ്കരിച്ചു.

Chapter 5

1 അതിന്റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു. 2 അതിന് ഫറവോൻ:“ യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു. 3 അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു. 4 ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു. 5 “ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു. 6 അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു: 7 “ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ. 8 എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്. 9 അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; 10 അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല; 11 നിങ്ങൾ തന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു. 12 അങ്ങനെ ജനം വൈക്കോലിന് പകരം താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു. 13 ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്:“വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നത്രയും വേല ദിവസവും തികയ്ക്കണം” എന്ന് പറഞ്ഞു. 14 ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത് ?” എന്ന് ചോദിച്ചു. 15 അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു ;“ അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്? 16 അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്റെ കുറ്റമാകുന്നു” എന്ന് പറഞ്ഞു. 17 അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്:‘ ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു. 18 പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു. 19 “ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു. 20 അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു, 21 അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു. 22 അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്? 23 ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.

Chapter 6

1 യഹോവ മോശെയോട്:“ ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്ന് നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറാവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.

2 ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:“ ഞാൻ യഹോവ ആകുന്നു. 3 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ട് പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് വെളിപ്പെട്ടില്ല. 4 അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. 5 ഈജിപ്റ്റുകാർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തിരിക്കുന്നു. 6 അതുകൊണ്ട് നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം : ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. 7 ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് നിങ്ങൾ അറിയും. 8 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്ന് സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയി, അത് നിങ്ങൾക്ക് അവകാശമായി തരും. 9 ഞാൻ യഹോവ ആകുന്നു.” മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോട് പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്ക് കേട്ടില്ല.

10 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 11 “നീ ചെന്ന് ഈജിപ്റ്റ് രാജാവായ ഫറവോനോട് യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയയ്ക്കുവാൻ പറയുക” എന്ന് കല്പിച്ചു. 12 അതിന് മോശെ: “യിസ്രായേൽമക്കൾ എന്റെ വാക്ക് കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ലല്ലോ” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു. 13 അതിനുശേഷം യഹോവ മോശെയോടും അഹരോനോടും സംസാരിച്ചു. യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.

14 അവരുടെ കുടുംബത്തലവന്മാർ : യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവർ രൂബേന്റെ കുലങ്ങൾ. 15 ശിമെയോന്റെ മക്കൾ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവർ ശിമെയോന്റെ കുലങ്ങൾ. 16 വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ : ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് സംവത്സരം ആയിരുന്നു. 17 ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു. 18 കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തിമൂന്ന് സംവത്സരം. 19 മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു. 20 അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴ് സംവത്സരം ആയിരുന്നു. 21 യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി. 22 ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി. 23 അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. 24 കോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ. 25 അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുവളെ വിവാഹം കഴിച്ചു. അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു. 26 “നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുവിൻ” എന്ന് യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ. 27 യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുവാൻ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ. 28 യഹോവ ഈജിപ്റ്റിൽ വച്ച് മോശെയോട് അരുളിച്ചെയ്ത ദിവസം: “ഞാൻ യഹോവ ആകുന്നു; 29 ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് പറയണം” എന്ന് യഹോവ മോശെയോട് കല്പിച്ചു. 30 അതിന് മോശെ: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

Chapter 7

1 യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവം ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും. 2 ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം. 3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 4 ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവെച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും. 5 അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” 6 മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു. 7 അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.

8 യഹോവ മോശെയോടും അഹരോനോടും: 9 “ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു. 10 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു. 11 അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. 12 അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13 ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

14 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല. 15 രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം. 16 അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല. 17 ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും; 18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും.” 19 യഹോവ പിന്നെയും മോശെയോട്:“ നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു. 20 മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു. 21 നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു. 22 ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 23 ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല. 24 നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു. 25 യഹോവ നദിയെ അടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞപ്പോൾ

Chapter 8

1 മോശെയോട് കല്പിച്ചത്:“ നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത്` എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 2 നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും. 3 നദിയിൽ തവള അത്യധികമായി പെരുകും; അതു കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും. 4 തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.” 5 യഹോവ പിന്നെയും മോശെയോട്:“ ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു. 6 അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി. 7 മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി. 8 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു:“ തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു. 9 മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു. 10 “നാളെ”എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ; 11 തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു. 12 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു. 13 മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. 14 അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു. 15 എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.

16 അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക ”എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു. 17 അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു. 18 മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല . മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട് : 19 “ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

20 പിന്നെ യഹോവ മോശെയോട് കല്പിച്ചത് : “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 21 നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും. 22 ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും. 23 എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”. 24 യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു. 25 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു.“നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു. 26 അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ? 27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു. 28 അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷെ,വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു. 29 അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽ നിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു. 30 അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. 31 യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി. 32 എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

Chapter 9

1 യഹോവ പിന്നെയും മോശെയോട് കല്പിച്ചത് : “നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറയേണ്ടത് : എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 2 വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ, 3 യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും. 4 യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്റ്റുകാരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല. 5 യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു. 6 അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. ഈജിപ്റ്റുകാരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. 7 ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്ന് കണ്ടെങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.

8 പിന്നെ യഹോവ മോശെയോടും അഹരോനോടും:“ അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ. 9 അത് ഈജിപ്റ്റിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും ” എന്ന് കല്പിച്ചു. 10 അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെ മേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു. 11 പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ ഈജിപ്റ്റുകാർക്കും ഉണ്ടായിരുന്നു. 12 എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

13 അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. 14 സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്ന് നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയയ്ക്കും. 15 ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽ നിന്ന് ഛേദിച്ചുകളയുമായിരുന്നു. 16 എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു. 17 എന്റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞു നിർത്തുന്നു. 18 ഈജിപ്റ്റ് സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും. 19 അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും. 20 ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു. 21 എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു.

22 പിന്നെ യഹോവ മോശെയോട്:“ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും ഈജിപ്റ്റിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു. 23 മോശെ തന്റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ ഈജിപ്റ്റിന്മേൽ കല്മഴ പെയ്യിച്ചു. 24 ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; ഈജിപ്റ്റിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല. 25 ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു. 26 യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല. 27 അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്:“ ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ. 28 യഹോവയോട് പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി.. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്ന് പറഞ്ഞു. 29 മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്ന് നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല. 30 എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു. 31 അങ്ങനെ ചണവും യവവും നശിച്ചുപോയി; യവകൃഷി കതിരിടുകയും ചണം പുഷ്പിക്കുകയും ചെയ്തിരുന്നു. 32 എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല. 33 മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല. 34 എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്ന് ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. 35 യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

Chapter 10

1 യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങൾ ചെയ്യേണ്ടതിനും, 2 ഞാൻ ഈജിപ്റ്റിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു. 3 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്ക് മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 4 എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്ക് മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്ത് വെട്ടുക്കിളിയെ വരുത്തും. 5 നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും. 6 നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകല ഈജിപ്റ്റുകാരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങിപ്പോയി. 7 അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കണം; ഈജിപ്റ്റ് നശിച്ചു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ” എന്ന് പറഞ്ഞു. 8 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ. 9 എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്ന് ചോദിച്ചു അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്ന് പറഞ്ഞു. 10 അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; നിങ്ങളുടെ മനസ്സിൽ ദുരുദ്ദേശ്യമുണ്ടോ ?. 11 അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്ന് പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് അകറ്റിക്കളഞ്ഞു.

12 അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി ഈജിപ്റ്റിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്ന് പറഞ്ഞു. 13 അങ്ങനെ മോശെ തന്റെ വടി ഈജിപ്റ്റിന്മേൽ നീട്ടി; യഹോവ അന്ന് പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു. 14 വെട്ടുക്കിളി ഈജിപ്റ്റിന്റെ അതിർക്കകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല. 15 അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നുത്തീർത്തു; ഈജിപ്റ്റിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല. 16 ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു:“ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു. 17 അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു. 18 മോശെ ഫറവോന്റെ അടുക്കൽ നിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. 19 യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്റ്റിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. 20 എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

21 അപ്പോൾ യഹോവ മോശെയോട്: “ഈജിപ്റ്റിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു. 22 മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, ഈജിപ്റ്റിൽ എല്ലാം മൂന്ന് ദിവസത്തേക്ക് കൂരിരുട്ടുണ്ടായി. 23 മൂന്ന് ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല;; ആരും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. 24 അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്ന് പറഞ്ഞു. 25 അതിന് മോശെ പറഞ്ഞത് : “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരണം. 26 ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരണം; ഒരു കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല. 27 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവന് മനസ്സായില്ല. 28 ഫറവോൻ അവനോട്: “എന്റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്ന് പറഞ്ഞതിന് മോശെ: 29 “നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല ”എന്ന് പറഞ്ഞു.

Chapter 11

1 അതിനുശേഷം യഹോവ മോശെയോട്: “ഞാൻ ഒരു ബാധകൂടെ ഫറവോന്റെമേലും ഈജിപ്റ്റിന്മേലും വരുത്തും; അതുകഴിയുമ്പോൾ അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ എല്ലാവരെയും ഇവിടെ നിന്ന് ഓടിച്ചുകളയും. 2 ഓരോ പുരുഷനും തന്റെ അയൽക്കാരനോടും ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിക്കുവാൻ നീ ജനത്തോട് പറയുക” എന്ന് കല്പിച്ചു. 3 യഹോവ ഈജിപ്റ്റുകാർക്ക് യിസ്രായേൽ ജനത്തോട് കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ ഈജിപ്റ്റിൽ ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4 മോശെ ഇപ്രകാരം പറഞ്ഞു:“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ ഈജിപ്റ്റിന്റെ നടുവിൽകൂടി പോകും. 5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും, ഈജിപ്റ്റിലുള്ള കടിഞ്ഞൂലുകൾ ഒക്കെയും എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലുകളും ചത്തുപോകും. 6 ഈജിപ്റ്റിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും. 7 എന്നാൽ യഹോവ ഈജിപ്റ്റുകാർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്ന് നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല. 8 അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്ന്: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്ന് പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും”. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്ന് പുറപ്പെട്ടുപോയി.

9 യഹോവ മോശെയോട്: “ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല“ എന്ന് അരുളിച്ചെയ്തു. 10 മോശെയും അഹരോനും ഈ അത്ഭുതങ്ങളെല്ലാം ഫറവോന്റെ മുമ്പിൽ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്ത് നിന്ന് വിട്ടയച്ചതുമില്ല.

Chapter 12

1 യഹോവ മോശെയോടും അഹരോനോടും ഈജിപ്റ്റിൽ വച്ച് അരുളിച്ചെയ്തത് എന്തെന്നാൽ: 2 “ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്റെ ഒന്നാം മാസം ആയിരിക്കണം. 3 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി ഓരോ കുടുംബത്തിനും ഓരോ ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കണം. 4 ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് അവനും അവന്റെ അയൽക്കാരനും കൂടി അതിനെ എടുക്കണം. ഓരോരുത്തൻ കഴിക്കുന്നതിന് അനുസരിച്ച് കണക്ക് നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കണം. 5 ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കേണം; അത് ചെമ്മരിയാടോ കോലാടോ ആകാം. 6 ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കണം. 7 അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലുംപുരട്ടണം. 8 അന്ന് രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം; കൈപ്പുചീരയോടുകൂടി അത് തിന്നണം. 9 തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ പുഴുങ്ങിയോ തിന്നരുത്. 10 പിറ്റെന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ബാക്കി വരുന്നത് പിറ്റെന്നാൾ നിങ്ങൾ തീയിലിട്ട് ചുട്ടുകളയണം. 11 അരയിൽ തോൽവാർ കെട്ടിയും കാലിൽ ചെരുപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ട് നിങ്ങൾ തിന്നണം; തിടുക്കത്തിൽ നിങ്ങൾ തിന്നണം; അത് യഹോവയുടെ പെസഹ ആകുന്നു. 12 ഈ രാത്രിയിൽ ഞാൻ ഈജിപ്റ്റിൽകൂടി കടന്ന് ഈജിപ്റ്റിലുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; ഈജിപ്റ്റിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. 13 നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല. 14 ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസമായിരിക്കണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കണം. 15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഒന്നാം ദിവസം തന്നെ പുളിച്ച മാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം. 16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകണം; അന്ന് അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്. 17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കണം. 18 ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം. 19 ഏഴ് ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്ന് പുറത്താക്കണം. 20 പുളിച്ചത് യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നണം.”

21 അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ. 22 ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന് പുറത്തിറങ്ങരുത്. 23 യഹോവ ഈജിപ്റ്റുകാരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല. 24 ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കണം. 25 യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്ക് തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഇത് ആചരിക്കണം. 26 ഈ ആചാരം എന്തെന്ന് നിങ്ങളുടെ മക്കൾ നിങ്ങളോട് ചോദിക്കുമ്പോൾ: 27 ഈജിപ്റ്റുകാരെ നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിവാക്കി നമ്മെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്ന് നിങ്ങൾ പറയണം.” അപ്പോൾ ജനം കുമ്പിട്ട് നമസ്കരിച്ചു. 28 യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.

29 അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും ഈജിപ്റ്റിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. 30 ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലഈജിപ്റ്റുകാരും രാത്രിയിൽ എഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. 31 അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു:“ നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ. 32 നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയിക്കൊള്ളുവിൻ; എന്നെയും അനുഗ്രഹിക്കുവിൻ” എന്ന് പറഞ്ഞു. 33 ഈജിപ്റ്റുകാർ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്ന് അയച്ചു:“ ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു” എന്ന് അവർ പറഞ്ഞു. 34 അതുകൊണ്ട് ജനം കുഴച്ച മാവ് പുളിക്കുന്നതിന് മുമ്പ് തൊട്ടികളോടുകൂടി തുണിയിൽകെട്ടി ചുമലിൽ എടുത്ത് കൊണ്ടുപോയി. 35 യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ച് ഈജിപ്റ്റുകാരോട് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. 36 യഹോവ ഈജിപ്റ്റുകാർക്ക് ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്ക് കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ള ചെയ്തു.

37 എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറ് ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്ന് സുക്കോത്തിലേക്ക് യാത്ര പുറപ്പെട്ടു. 38 യിസ്രായേല്യരല്ലാത്ത ഒരു വലിയ കൂട്ടം ജനങ്ങളും ആടുകളും കന്നുകാലികളും അനവധി മൃഗങ്ങമായി അവരോട് കൂടെ പോന്നു. 39 ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ ഈജിപ്റ്റിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളഞ്ഞതിനാൽ അത് പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല. 40 യിസ്രായേൽമക്കൾ ഈജിപ്റ്റിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പത് വർഷമായിരുന്നു. 41 നാനൂറ്റി മുപ്പത് വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു. 42 യഹോവ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഇത് യഹോവയ്ക്ക് പ്രത്യേകമായി ആചരിക്കേണ്ട രാത്രി ആകുന്നു; ഇതു തന്നെ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവയ്ക്ക് പ്രത്യേകം ആചരിക്കേണ്ട രാത്രി.

43 യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: “പെസഹയുടെ ചട്ടം ഇത് ആകുന്നു: അന്യജാതിക്കാരനായ ഒരുവനും അത് തിന്നരുത്. 44 എന്നാൽ ദ്രവ്യം കൊടുത്ത് വാങ്ങിയ ദാസന്മാരെല്ലാം പരിച്ഛേദന ഏറ്റശേഷം അത് തിന്നാം. 45 പരദേശിയും കൂലിക്കാരനും അത് തിന്നരുത്. 46 അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്. 47 യിസ്രായേൽസഭ മുഴുവനും അത് ആചരിക്കണം. 48 ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ വസിച്ച് യഹോവയ്ക്ക് പെസഹ ആചരിക്കണമെങ്കിൽ, അവനുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദന ഏല്ക്കണം. അതിന്റെ ശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുവനും അത് തിന്നരുത്. 49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം. 50 യിസ്രായേൽമക്കൾ എല്ലാവരും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു. 51 അന്നു തന്നെ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.

Chapter 13

1 യഹോവ പിന്നെയും മോശെയോട് : 2 “യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു”എന്ന് കല്പിച്ചു; 3 അപ്പോൾ മോശെ ജനത്തോട് പറഞ്ഞത് :“ നിങ്ങൾ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്. 4 ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ട് പോന്നു. 5 എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്ക് തരുമെന്ന് നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്ക് നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കണം. 6 ഏഴ് ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കണം. 7 ഏഴ് ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ ദേശത്തെങ്ങും പുളിച്ചമാവും കാണരുത്. 8 ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്ന് നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിയ്ക്കണം. 9 യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്ക് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചത്. 10 അതുകൊണ്ട് നീ വർഷംതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ നിയമം ആചരിക്കണം.

11 യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്ത് കൊണ്ടുചെന്ന് അത് നിനക്ക് തരുമ്പോൾ 12 കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവയ്ക്കായി വേർതിരിയക്കണം;അതിലെ ആൺകുട്ടികൾ എല്ലാം യഹോവയ്ക്കുള്ളതാകുന്നു. 13 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളണം. 14 എന്നാൽ ഇതെന്തെന്ന് നാളെ നിന്റെ മകൻ നിന്നോട് ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ ഈജിപ്റ്റിൽനിന്ന് ഞങ്ങളെ പുറപ്പെടുവിച്ചു; 15 ഫറവോന്റെ ഹൃദയം കഠിനപ്പെട്ട് ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ ഈജിപ്റ്റിൽനിന്ന് മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ട് കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു. 16 ഇത് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു എന്ന് നീ അവനോട് പറയണം.”

17 ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്ത് കൂടിയുള്ള വഴി എളുപ്പമായിരുന്നു.എങ്കിലും ജനം യുദ്ധം കാണുമ്പോൾ അനുതപിച്ച് ഈജിപ്റ്റിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് വിചാരിച്ച് ദൈവം അവരെ അതിലെ കൊണ്ടുപോയില്ല; 18 ചെങ്കടലിനരികെയുള്ള മരുഭൂമിയിൽകൂടെ ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 19 മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു.“ ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകണം” എന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു. 20 അവർ സുക്കോത്തിൽനിന്ന് യാത്രപുറപ്പെട്ട് മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി. 21 അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവിധത്തിൽ വഴികാണിക്കേണ്ടതിന് പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കേണ്ടതിന് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു. 22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്ന് മാറിയതുമില്ല.

Chapter 14

1 യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ: 2 “നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽമക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം. 3 എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. 4 ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.” 5 അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ് ?”എന്ന് അവർ പറഞ്ഞു. 6 പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി. 7 വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി. 8 യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. 9 ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു. 10 ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു. 11 അവർ മോശെയോട്:“ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? 12 ഈജിപ്റ്റുകാർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു. 13 അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല. 14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.

15 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു:“ നീ എന്നോട് നിലവിളിക്കുന്നത് എന്തിന് ? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറയുക. 16 വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. 17 എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽമക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും. 18 ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.” 19 അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു. 20 രാത്രി മുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്ത വിധം അത് അവരുടെ മദ്ധ്യേ വന്നു;ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. 21 മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്ന് രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. 22 യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു. 23 ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു. 24 പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. 25 അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ :“ നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.

26 അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന് കടലിന്മേൽ കൈനീട്ടുക” എന്ന് കല്പിച്ചു. 27 മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. 28 വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻ പോലും ശേഷിച്ചില്ല. 29 യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. 30 ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു. 31 യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

Chapter 15

1 മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ:

     “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അവൻ മഹോന്നതൻ:

     കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

     2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ;

     അവൻ എനിക്ക് രക്ഷയായിത്തീർന്നു.

     അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും;

     അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.

     3 യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം.

     4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു;

     അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.

     5 സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.

     6 യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു;

     യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.

     7 നീ എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു;

     നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

     8 നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി;

     പ്രവാഹങ്ങൾ ചിറപോലെ നിന്നു;

     ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.

     9 “ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും;

     എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും;

     ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു. 10 നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി;

     അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.

     11 യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ?

     വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ,

     അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?

     12 നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.

     13 നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി;

     നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.

     14 ജാതികൾ കേട്ട് നടുങ്ങുന്നു.

     ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.

     15 എദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു;

     മോവാബ്യവീരന്മാർ ഭയന്നുവിറച്ചു;

     കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.

     16 ഭയവും ഭീതിയും അവരുടെമേൽ വീണു,

     നിൻ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി;

     അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു,

     നീ സമ്പാദിച്ച ജനം കടന്നു പോയി.

     17 നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്,

     യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു,

     കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.

     18 യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”

19 എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. 20 അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു. 21 മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്:

     “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ:

     കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”

22 അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. 23 മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന് മാറാ എന്ന് പേരിട്ടു. 24 അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു. 25 അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: 26 “നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു. 27 പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

Chapter 16

1 അവർ ഏലീമിൽനിന് യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു. 2 ആ മരുഭൂമിയിൽവച്ച് യിസ്രായേൽമക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു. 3 യിസ്രായേൽമക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്റ്റിൽ വച്ച് യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു” എന്ന് പറഞ്ഞു. 4 അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്ന് ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് ശേഖരിക്കട്ടെ. 5 എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടി കാണും” എന്ന് അരുളിച്ചെയ്തു. 6 മോശെയും അഹരോനും യിസ്രായേൽമക്കളോട് : “നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്ന് ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും. 7 പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്? ”എന്ന് പറഞ്ഞു. 8 മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ ”എന്ന് പറഞ്ഞു. 9 അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്ന് യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറയുക” എന്ന് പറഞ്ഞു. 10 അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു. 11 യഹോവ മോശെയോട് : “യിസ്രായേൽമക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു. 12 നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയും എന്ന് പറയുക” എന്ന് കല്പിച്ചു. 13 വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്റെ ചുറ്റും മഞ്ഞ് വീണുകിടന്നു. 14 വീണുകിടന്ന മഞ്ഞ് മാറിയ ശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽ പോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. 15 യിസ്രായേൽമക്കൾ അത് കണ്ടപ്പോൾ എന്താണ് എന്ന് അറിയാഞ്ഞതുകൊണ്ട് “ഇതെന്ത് ” എന്ന് തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. 16 ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം ശേഖരിക്കുവിൻ; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളണം എന്ന് യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു. 17 യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. 18 ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു. 19 “പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്ന് മോശെ പറഞ്ഞു. 20 എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു. 21 അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും. 22 എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു. 23 അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.” 24 മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച് വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല. 25 അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല. 26 ആറ് ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.” 27 എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല. 28 അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്രനാൾ മനസ്സില്ലാതെയിരിക്കും? 29 നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ട് ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്ന് കല്പിച്ചു. 30 അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. 31 യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്ന് പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു. 32 പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു : ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്ന് പറഞ്ഞു. 33 അഹരോനോട് മോശെ:“ ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്ന് പറഞ്ഞു. 34 യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു. 35 താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു. 36 ഒരു ഇടങ്ങഴി യുടെ പത്തിൽ ഒന്ന് ആകുന്നു.

Chapter 17

1 അതിനുശേഷം യിസ്രായേൽമക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. 2 അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരുക” എന്ന് കലഹിച്ചു പറഞ്ഞതിന് മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്ന് പറഞ്ഞു. 3 ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് എന്തിന്?” എന്ന് പറഞ്ഞു. 4 മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്ന് പറഞ്ഞു. 5 യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്റെ മുമ്പാകെ കടന്നുപോകുക. 6 ഞാൻ ഹോരേബിൽ നിന്റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്ന് കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു. 7 യിസ്രായേൽമക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ ”എന്ന് അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ എന്നും പേരിട്ടു.

8 രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു. 9 അപ്പോൾ മോശെ യോശുവയോട്: “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്ന് അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ടു നില്ക്കും” എന്ന് പറഞ്ഞു. 10 മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി. 11 മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. 12 എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു. 13 യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാൾ കൊണ്ട് തോല്പിച്ചു. 14 യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്ന് കല്പിച്ചു. 15 പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി എന്ന് പേരിട്ടു. 16 എന്തെന്നാൽ “യഹോവയ്ക്ക് അമാലേക്കിനോട് തലമുറതലമുറയായി യുദ്ധം ഉണ്ട് എന്ന് യഹോവ ആണയിട്ടിട്ടുണ്ട്” എന്ന് മോശെ പറഞ്ഞു.

Chapter 18

1 ദൈവം മോശെയ്ക്കും തന്റെ ജനമായ യിസ്രായേലിനും വേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു. 2 അപ്പോൾ മോശെയുടെ അമ്മായിയപ്പനായ യിത്രോ, മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ട് പുത്രന്മാരെയും കൂട്ടിക്കൊണ്ട് പുറപ്പെട്ടു. 3 ഞാൻ അന്യദേശത്ത് പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരു മകന് ഗേർഷോം എന്ന് പേരിട്ടു. 4 എന്റെ പിതാവിന്റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ എന്ന് പേരിട്ടു. 5 എന്നാൽ മോശെയുടെ അമ്മായിയപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടി, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ, ദൈവത്തിന്റെ പർവ്വതത്തിൽ, അവന്റെ അടുക്കൽ വന്നു. 6 നിന്റെ അമ്മായിയപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോട് പറയിച്ചു. 7 മോശെ തന്റെ അമ്മായിയപ്പനെ എതിരേല്പാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്ത് കൂടാരത്തിൽ വന്നു. 8 മോശെ തന്റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിന് വേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്തതും വഴിയിൽ അവർക്കു നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു. 9 യഹോവ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു. 10 യിത്രോ പറഞ്ഞത്:“ നിങ്ങളെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ച് അവരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ. 11 യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു.കാരണം ഈജിപ്റ്റുകാർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്റെ ജനത്തെ വിടുവിച്ചു.. 12 മോശെയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഹോമയാഗവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്ന് മോശെയുടെ അമ്മായിയപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു. 13 പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു. 14 അവൻ ജനത്തിനു വേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നില്ക്കുകയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു. 15 മോശെ തന്റെ അമ്മായിയപ്പനോട് :“ ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്റെ അടുക്കൽ വരുന്നു. 16 അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്ന് പറഞ്ഞു. 17 അതിന് മോശെയുടെ അമ്മായിയപ്പൻ അവനോടു പറഞ്ഞത്: 18 “നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടിയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്ക് കഴിയുന്നതല്ല. 19 ആകയാൽ എന്റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. 20 അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക. 21 അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക. 22 അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്ക് ഭാരം കുറയും. 23 നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്ക് നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം.” 24 മോശെ തന്റെ അമ്മായിയപ്പന്റെ വാക്ക് കേട്ട്, അവൻ പറഞ്ഞതുപോലെ എല്ലാം ചെയ്തു. 25 മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും നൂറുപേർക്ക് അധിപതിമാരായും അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും ജനത്തിന് തലവന്മാരാക്കി. 26 അവർ എല്ലാസമയത്തും ജനത്തിന് ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം അവർ തന്നെ തീർക്കും. 27 അതിന്റെ ശേഷം മോശെ തന്റെ അമ്മായിയപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

Chapter 19

1 യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി. 2 അവർ രെഫീദീമിൽനിന്ന് യാത്ര തിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി. 3 മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽമക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്: 4 “ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ. 5 അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ. 6 നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.” 7 മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു. 8 “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു. 9 യഹോവ മോശെയോട്:“ ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു. 10 യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക; 11 അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വതത്തിൽ ഇറങ്ങും. 12 ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം. 13 ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ. ” 14 മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു. 15 അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു. 16 മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി. 17 ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു. 18 യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. 19 കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി. 20 യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു. 21 യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. 22 യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ.” 23 മോശെ യഹോവയോട്: “ജനത്തിന് സീനായിപർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു. 24 യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്. 25 അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

Chapter 20

1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: 2 “അടിമവീടായ ഈജിപ്റ്റിൽ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. 3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു.

4 ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. 5 അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ നിലനിൽക്കുകയും 6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു.

7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു ; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കും.

8 ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. 9 ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക. 10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. 11 ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.

     13 കൊല ചെയ്യരുത്.

     14 വ്യഭിചാരം ചെയ്യരുത്.

     15 മോഷ്ടിക്കരുത്.

     16 കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.

17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”

18 ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു. 19 അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ ”എന്നു പറഞ്ഞു. 20 മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് ”എന്ന് പറഞ്ഞു. 21 അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു.

22 അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ. 23 എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്. 24 എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്ന് നിന്നെ അനുഗ്രഹിക്കും. 25 കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും. 26 എന്റെ യാഗപീഠത്തിൽ നിന്റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്റെ പടികളിലൂടെ കയറരുത്.

Chapter 21

1 നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്: 2 ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ. 3 ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന് ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ. 4 അവന്റെ യജമാനൻ അവന് ഭാര്യയെ കൊടുക്കുകയും അവൾ അവന് പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകണം. 5 എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകുകയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞാൽ 6 യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ട് ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തി സൂചികൊണ്ട് അവന്റെ കാത് കുത്തി തുളയ്ക്കണം; പിന്നെ അവൻ എന്നേക്കും അവന് ദാസനായിരിക്കണം.

7 ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെ പോലെ സ്വതന്ത്രയായി പോകരുത്. 8 അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവന് അധികാരമില്ല. 9 അവൻ അവളെ തന്റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്ന പോലെ അവളോടു പെരുമാറണം. 10 അവൻ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്. 11 ഈ മൂന്ന് കാര്യവും അവൻ അവൾക്ക് ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയയ്ക്കണം.

12 ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. 13 അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും. 14 എന്നാൽ ഒരാൾ മുൻകൂട്ടി തീരുമനിച്ചു കൂട്ടുകാരനെ ചതിച്ചു കൊന്നെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിൽ നിന്നും പിടിച്ച് കൊണ്ടുപോകണം.

15 തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.

16 ഒരുവൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കുകയോ അവന്റെ കൈവശം അവനെ കണ്ടു പിടിക്കുകയോ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.

17 തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.

18 മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും 19 പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യണം.

20 ഒരുവൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അടിച്ചവൻ നിശ്ചയമായി ശിക്ഷ അനുഭവിക്കണം. 21 എങ്കിലും ദാസൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; ദാസൻ അവന്റെ മുതലല്ലോ.

22 മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കണം. 23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം. 24 കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ; 25 പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്.

26 ഒരുവൻ അടിച്ച് തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് കളഞ്ഞാൽ അവൻ കണ്ണിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം. 27 അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു തകർത്താൽ അവൻ പല്ലിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.

28 ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. 29 എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കണം. 30 മോചനദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കണം. 31 അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ നിയമപ്രകാരം അവനോടു ചെയ്യണം. 32 കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കെൽ വെള്ളി കൊടുക്കണം; കാളയെ കൊന്നുകളയുകയും വേണം.

33 ഒരുവൻ ഒരു കുഴി തുറന്നുവെയ്ക്കുകയോ കുഴി കുഴിച്ചശേഷം അതു മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ, 34 കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.

35 ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അതു ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം. 36 അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കണം.

Chapter 22

1 ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അറുക്കുകയോ വില്ക്കുകയോ ചെയ്താൽ അവൻ ഒരു കാളയ്ക്കു് അഞ്ച് കാളകളെയും, ഒരു ആടിന് നാല് ആടുകളെയും പകരം കൊടുക്കണം. 2 രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല. 3 എന്നാൽ പിടിക്കപ്പെടുന്നത് പകൽനേരമാകുന്നു എങ്കിൽ അവൻ കുറ്റക്കാരനാണ്. കള്ളൻ ശരിയായ പ്രതിവിധി ചെയ്യണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കണം. 4 മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കണം.

5 ഒരാൾ ഒരു വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് തീറ്റിക്കുകയോ അത് മറ്റൊരാളുടെ വയലിൽ മേയുകയോ ചെയ്താൽ അവൻ തന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ ഉള്ളതിൽ നിന്നും ഉത്തമമായത് പകരം കൊടുക്കണം.

6 തീ വീണ് കാട് കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കണം.

7 ഒരാൾ കൂട്ടുകാരന്റെ അടുക്കൽ പണമോ വല്ല സാധനമോ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്ന് കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ കള്ളൻ ഇരട്ടി പകരം കൊടുക്കണം. 8 കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തു അപഹരിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകണം. 9 കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ എന്തിനെയെങ്കിലും സംബന്ധിച്ച് “ഇത് എനിക്കുള്ളത്” എന്ന് ഒരാൾ പറഞ്ഞ് കുറ്റം ചുമത്തിയാൽ രണ്ട് പേരുടെയും കാര്യം ദൈവസന്നിധിയിൽ വരണം; കുറ്റക്കാരനെന്ന് ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കണം.

10 ഒരാൾ അയൽക്കാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഏതെങ്കിലും ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ, അത് ചത്തുപോകുകയോ അതിന് വല്ല കേട് സംഭവിക്കുകയോ ആരും കാണാതെ കളവുപോകുകയോ ചെയ്താൽ 11 ഉടമസ്ഥന്റെ വസ്തു താൻ അപഹരിച്ചിട്ടില്ല എന്ന് യഹോവയെക്കൊണ്ടുള്ള സത്യം രണ്ട് പേർക്കും സമ്മതം ആയിരിക്കണം; ഉടമസ്ഥൻ അത് സമ്മതിക്കണം; മറ്റവൻ പകരം കൊടുക്കണ്ട. 12 എന്നാൽ അത് അവന്റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്റെ ഉടമസ്ഥന് പകരം കൊടുക്കണം. 13 അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന് തെളിവ് കൊണ്ടുവരണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ട.

14 ഒരാൾ കൂട്ടുകാരനോട് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ വല്ല കേട് സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ അവൻ പകരം കൊടുക്കണം. 15 ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കണ്ട; അത് കൂലിക്ക് വാങ്ങിയതെങ്കിൽ അതിന് കൂലിയുണ്ടല്ലോ.

16 വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കണം. 17 അവളെ അവന് കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കണം.

18 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്.

19 മൃഗത്തോടുകൂടി ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കണം.

20 യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം. 21 പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ ഈജിപ്റ്റിൽ പരദേശികൾ ആയിരുന്നുവല്ലോ. 22 വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. 23 അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; 24 എന്റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും

25 എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്. 26 നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കണം. 27 അതുമാത്രമാണല്ലോ അവന്റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.

28 നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. 29 നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരണം. 30 നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ; അത് ഏഴ് ദിവസം തള്ളയോട് കൂടി ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്ക് തരണം. 31 നിങ്ങൾ എനിക്ക് വിശുദ്ധന്മാരായിരിക്കണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയണം.

Chapter 23

1 നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്. 2 ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. 3 ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്.

4 നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ എത്തിക്കണം. 5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിയ്ക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കണം.

6 ദരിദ്രന്റെ വ്യവഹാരത്തിൽ അവന് നീതി നിഷേധിക്കരുത്. 7 തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ. 8 കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് നീ കൈക്കൂലി വാങ്ങരുത്. 9 പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ ഈജിപ്റ്റിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10 ആറ് വർഷം നിന്റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക. 11 ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അതിൽ നിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക. 12 ആറ് ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കണം. 13 ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്റെ വായിൽനിന്ന് കേൾക്കുകയും അരുത്.

14 വർഷത്തിൽ മൂന്ന് പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കണം. 15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട് പോന്നത്. എന്നാൽ വെരും കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്. 16 വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽ നിന്ന് നിന്റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കണം. 17 വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരണം.

18 യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്. 19 നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ ഏറ്റവും നല്ലഫലങ്ങൾ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

20 ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. 21 നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കണം; അവനെ പ്രകോപിപ്പിക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല; . 22 എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. 23 എന്റെ ദൂതൻ നിനക്ക് മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. 24 അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയണം. 25 നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും. 26 ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്ക് ഞാൻ ദീർഘായുസ്സ് തരും . 27 എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജാതികളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും. 28 നിന്റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്ക് മുമ്പായി കടന്നലിനെ അയയ്ക്കും. 29 ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്ക് ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയുകയില്ല. 30 നീ സന്താനസമ്പന്നരായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയും. 31 ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിയ്ക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയണം. 32 അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്. 33 നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്ക് കെണിയായി തീരും.

Chapter 24

1 യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ. 2 മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു. 3 അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു. 4 മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു. 5 പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. 6 മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. 7 അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. 8 അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു. 9 അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു. 10 അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. 11 യിസ്രായേൽമക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

12 പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു. 13 അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി. 14 അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു. 15 അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. 16 യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്ന് മോശെയെ വിളിച്ചു. 17 യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്ക് തോന്നി. 18 മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.

Chapter 25

1 യഹോവ മോശെയോട് കല്പിച്ചത് എന്തെന്നാൽ: 2 എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽമക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങണം. 3 അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, 4 ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, 5 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം; 6 വിളക്കിന് എണ്ണ, അഭിഷേക തൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം, 7 ഏഫോദിനും മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ. 8 ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം. 9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കണം.

10 ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. 11 അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം; അകത്തും പുറത്തും പൊതിയണം; അതിന്റെ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം. 12 അതിനു നാല് പൊൻവളയങ്ങൾ വാർപ്പിച്ച് നാല് കാലിലും ഇപ്പുറത്ത് രണ്ട് വളയങ്ങളും അപ്പുറത്ത് രണ്ട് വളയങ്ങളുമായി തറയ്ക്കണം. 13 ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ട