മലയാളം (Malayalam): Indian Revised Version - Malayalam

Updated ? hours ago # views See on DCS

2. യോഹന്നാൻ

THE SECOND EPISTLE OF JOHN

ഗ്രന്ഥകര്‍ത്താവ്

എഴുത്തുകാരൻ അപ്പോസ്തലനായ യോഹന്നാന് “മൂപ്പൻ” എന്ന് എഴുത്തുകാരൻ തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (1) ഈ ലേഖനം യോഹന്നാൻ അപ്പോസ്തലൻ എഴുതിയ മൂന്ന് ലേഖനങ്ങളിൽ രണ്ടാമത്തേതാണ്. ദുരുപദേഷ്ടാക്കന്മാർ സഭകൾതോറും സഞ്ചരിച്ചു ക്രൈസ്തവരുടെ ആതിഥ്യ മര്യാദ ചൂഷണം ചെയ്തു അവരുടെ വീടുകളില്‍ കയറി ജനത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം എ. ഡി. 85-95.

എഫേസോസിൽ വച്ചായിരിക്കാം ഇത് എഴുതിയത്.

സ്വീകര്‍ത്താവ്

ഈ ലേഖനം ഒരു സഭയിലെ മാന്യ വനിതയ്ക്കും അവരുടെ മക്കൾക്കും അഭിസംബോധന ചെയ്ത് എഴുതിതിയിരിക്കുന്നു.

ഉദ്ദേശം

യോഹന്നാന്‍ തന്റെ രണ്ടാം ലേഖനം എഴുതിയത് ഒരു മാന്യ വനിതയെയും അവരുടെ മക്കളെയും അഭിനന്ദിക്കാനും ദൈവസ്നേഹത്തിലും പ്രമാണത്തിലും സ്വയം സൂക്ഷിക്കുവാൻ അവരെ പ്രബോധിപ്പിക്കുന്നതിനും വേണ്ടിയാണ്. ദുരൂപദേശത്തെക്കുറിച്ച് അവര്ക്ക് മുന്നറിയിപ്പ് നൽകുക, വൈകാതെ ഉള്ള തൻറെ സന്ദർശനത്തെക്കുറിച്ച് അറിയിക്കുക യോഹന്നാൻ അവരെ സഹോദരി എന്നാണ് വിളിക്കുന്നത്.

പ്രമേയം

വിശ്വാസികള്‍ വിവേചിക്കണം

സംക്ഷേപം 1. അഭിവാദനം. — 1:1-3 2. സ്നേഹത്തിൽ സത്യം സംസാരിക്കുക. — 1:4-11 3. മുന്നറിയിപ്പ്. — 1:5-11 4. സമാപന വന്ദനം. — 1:12, 13

Chapter 1

1. അദ്ധ്യായം.

1 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം ഞാൻ മാത്രമല്ല, 2 സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും, ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്: 3 പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമുക്ക് ഉണ്ടാകുമാറാകട്ടെ.

4 നമുക്ക് പിതാവിങ്കൽനിന്ന് കല്പന ലഭിച്ചതുപോലെ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നത് ഞാൻ കണ്ട് അത്യന്തം സന്തോഷിച്ചു. 5 ഇപ്പോഴോ വനിതയേ, നാം അന്യോന്യം സ്നേഹിക്കേണം എന്ന് ഞാൻ അപേക്ഷിക്കുന്നു; അത് പുതിയ കല്പനയായല്ല, എന്നാൽ ആദിമുതൽ നമുക്ക് ഉണ്ടായിരുന്നതു തന്നെ ഞാൻ നിനക്ക് എഴുതുന്നു. 6 നാം അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു തന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ സ്നേഹത്തിൽ നടക്കണം എന്നുള്ളതാണ് ഈ കല്പന. 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്ന് സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8 ഞങ്ങളുടെ [1] പ്രയത്നഫലം നഷ്ടപ്പെടുത്താതെ നിങ്ങൾ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവന് ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. 10 ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയും വന്ദനം ചെയ്യുകയും അരുത്. 11 അവനെ വന്ദനം ചെയ്യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ.

12 നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്ക് മനസ്സില്ല. എന്നാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് മുഖാമുഖമായി സംസാരിക്കുവാൻ ആശിക്കുന്നു. 13 നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിനക്ക് വന്ദനം ചൊല്ലുന്നു.


1:8 [1] ഞങ്ങളുടെ ചില കയ്യെഴുത്തുപ്രതികളിൽ ഞങ്ങളുടെ എന്നതിന് പകരം നിങ്ങളുടെ എന്നാണ്