മലയാളം: Unlocked Literal Bible - Malayalam

Updated ? hours ago # views See on DCS Draft Material

ഇയ്യോബ്

Chapter 1

അദ്ധ്യായം. 1

1 ഊസ്ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. 2 അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു. 3 അവന് ഏഴായിരം (7000) ആടുകളും മൂവായിരം(3000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു. 4 അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. 5 എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

6 ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. 7 യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു. 8 യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ [1] ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു. 9 അതിന് സാത്താൻ യഹോവയോട്: “ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല? 10 അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു. 11 തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു. 12 ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി.

13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ 14 ഒരു ദൂതൻ അവന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; 15 പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോവുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു. 16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വേറൊരാൾ വന്നു; “ദൈവത്തിന്റെ തീ ആകാശത്തുനിന്ന് വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു. 17 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കല്ദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു. 18 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു;“ നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. 19 പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു. 20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്ത് സാഷ്ടാംഗം വീണ് നമസ്കരിച്ചു: 21 “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. 22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.


1:8 [1] ദൃഷ്ടിവയ്ക്കുക = പരീക്ഷിക്കുവാനായി തെരഞ്ഞെടുക്കുക

Chapter 2

അദ്ധ്യായം. 2

1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു. 2 യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമിയിൽ മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു” എന്നുത്തരം പറഞ്ഞു. 3 യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്ന് അരുളിച്ചെയ്തു. 4 സാത്താൻ യഹോവയോട്: “ത്വക്കിന് പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്റെ ജീവന് പകരം നൽകും. 5 അങ്ങയുടെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു. 6 യഹോവ സാത്താനോട്: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത്” എന്ന് കല്പിച്ചു. 7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽ നിന്ന് പോയി. ഇയ്യോബിന്റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. 8 അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു. 9 അവന്റെ ഭാര്യ അവനോട്: “നീ ഇനിയും നിന്റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്ന് പറഞ്ഞു. 10 അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്ന് പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

11 അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്ന് സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന് ഭവിച്ചത് കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്ന് പുറപ്പെട്ട് അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു. 12 അവർ അകലെവച്ച് നോക്കിയപ്പോൾ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞ് വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറി. 13 അവന്റെ വ്യസനം അതികഠിനമെന്ന് കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴ് രാവും പകലും അവനോടുകൂടി നിലത്തിരുന്നു.

Chapter 3

അദ്ധ്യായം. 3

1 അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു. 2 ഇയ്യോബ് ഇപ്രകാരം പറഞ്ഞു:

     3 “ഞാൻ ജനിച്ച ദിവസവും

     ഒരു ആൺ ഉല്പാദിച്ചു എന്ന് പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

     4 ആ ദിവസം ഇരുണ്ടുപോകട്ടെ;

     മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ;

     പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.

     5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;

     ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ;

     പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

     6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;

     അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്;

     മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.

     7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;

     ഉല്ലാസഘോഷം അതിലുണ്ടാകരുത്.

     8 മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ

     ആ ദിവസത്തെ ശപിക്കട്ടെ.

     9 അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ;

     അത് വെളിച്ചത്തിന് കാത്തിരുന്നു കിട്ടാതെ പോകട്ടെ;

     അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.

     10 അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ;

     എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.

     11 ഞാൻ ഗർഭപാത്രത്തിൽവച്ച് മരിക്കാഞ്ഞതെന്ത്?

     ഉദരത്തിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?

     12 മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്?

     എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?

     13 ഞാൻ ഇപ്പോൾ കിടന്ന് വിശ്രമിക്കുമായിരുന്നു;

     ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

     14 തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത

     ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും

     അഥവാ, 15 കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

     16 അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ട് കുഴിച്ചിട്ട പിണ്ഡംപോലെയും

     വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.

     17 അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;

     അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.

     18 അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു;

     പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.

     19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ;

     ദാസന് യജമാനന്റെ കീഴിൽനിന്ന് വിടുതൽ കിട്ടിയിരിക്കുന്നു.

     20 അരിഷ്ടന് പ്രകാശവും

     ദുഃഖിതന്മാർക്ക് ജീവനും കൊടുക്കുന്നതെന്തിന്?

     21 അവർ മരണത്തിനായി കാത്തിരിക്കുന്നു,

     അത് വരുന്നില്ലതാനും;

     നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.

     22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

     23 വഴി മറഞ്ഞിരിക്കുന്ന പുരുഷനും

     ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?

     24 ഭക്ഷണത്തിന് മുമ്പ് എനിക്ക് നെടുവീർപ്പ് വരുന്നു;

     എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

     25 ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു;

     ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു.

     26 ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;

     പിന്നെയും അതിവേദന എടുക്കുന്നു.”

Chapter 4

അദ്ധ്യായം.4

1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

     2 “നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ ദുഃഖിക്കുമോ?

     എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?

     3 നീ പലരെയും ഉപദേശിച്ച്

     തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

     4 വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി

     കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.

     5 എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു;

     നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു.

     6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?

     നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?

     7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്?

     നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്?

     8 ഞാൻ കണ്ടിട്ടുള്ളത് അന്യായം

     ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.

     9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;

     അവന്റെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.

     10 സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവും

     ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.

     11 സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു;

     സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;

     12 എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി;

     അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.

     13 മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ

     രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ

     ഭയവും നടുക്കവും എന്നെ പിടിച്ചു.

     14 എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.

     15 ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന്

     എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു.

     16 ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു;

     എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;

     മന്ദമായൊരു സ്വരം ഞാൻ കേട്ടത്:

     17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?

     നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

     18 ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല;

     തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

     19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച്

     പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!

     20 ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;

     ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.

     21 അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട്

     അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ

Chapter 5

അദ്ധ്യായം.5

1 വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ?

     നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

     2 നീരസം ഭോഷനെ കൊല്ലുന്നു;

     അസൂയ മൂഢനെ കൊല്ലുന്നു.

     3 മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു

     ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.

     4 അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു;

     അവർ രക്ഷകനില്ലാതെ വാതില്ക്കൽവച്ച് തകർന്നുപോകുന്നു.

     5 അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും;

     മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;

     അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.

     6 അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല;

     കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;

     7 തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ

     മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.

     8 ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു;

     എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;

     9 അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും

     അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

     10 അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു;

     വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.

     11 അവിടുന്ന് താണവരെ ഉയർത്തുന്നു;

     ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

     12 അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;

     അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.

     13 അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;

     വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. 14 പകൽസമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു;

     ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു. 15 അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും

     ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.

     16 അങ്ങനെ എളിയവന് പ്രത്യാശയുണ്ട്;

     നീതികെട്ടവനോ വായ് പൊത്തുന്നു.

     17 ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

     സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.

     18 അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു;

     അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.

     19 ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും;

     ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

     20 ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും

     യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.

     21 നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും;

     നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.

     22 നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും;

     കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല. 23 വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും;

     കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.

     24 നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും;

     നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും.അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.

     25 നിന്റെ സന്താനം അസംഖ്യമെന്നും

     നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

     26 തക്ക സമയത്ത് കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ

     നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

     27 ഞങ്ങൾ അത് അന്വേഷിച്ചുനോക്കി,

     അത് അങ്ങനെതന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.

Chapter 6

അദ്ധ്യായം.6

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 2 “അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!

     എന്റെ വിപത്ത് സ്വരൂപിച്ച് [1] തുലാസിൽ വച്ചെങ്കിൽ!

     3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.

     അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.

     4 സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;

     അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;

     ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.

     5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?

     തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?

     6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?

     മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ?

     7 തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത്

     എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.

     8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!

     എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ!

     9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!

     തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു;

     കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.

     പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;

     11 ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി ?

     ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?

     12 എന്റെ ബലം കല്ലിന്റെ ബലമോ?

     എന്റെ മാംസം താമ്രമാകുന്നുവോ?

     13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?

     രക്ഷ എന്നെ വിട്ടുപോയില്ലയോ?

     14 ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;

     അല്ലെങ്കിൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും.

     15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;

     വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.

     16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;

     ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.

     17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;

     ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.

     18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;

     അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു.

     19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു;

     ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു.

     20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;

     അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു.

     21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി

     വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.

     22 എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ;

     നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;

     23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;

     നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ

     വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?

     24 എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;

     ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ.

     25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!

     നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?

     26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?

     ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.

     27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;

     സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.

     28 ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ;

     ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?

     29 ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്.

     ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.

     30 എന്റെ നാവിൽ അനീതിയുണ്ടോ?

     എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?


6:2 [1] തുലാസ് = ഭാരം തൂക്കുന്ന ഉപകരണം

Chapter 7

അദ്ധ്യായം.7

1 മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ?

     അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.

     2 വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും

     കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും

     3 വ്യൎത്ഥമാസങ്ങൾ എനിയ്ക്ക് അവകാശമായി വന്നു,

     കഷ്ടരാത്രികൾ എനിയ്ക്ക് ഓഹരിയായിത്തീർന്നു.

     4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു;

     രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.

     5 എന്റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു.

     എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.

     6 എന്റെ നാളുകൾ [1] നെയ്ത്തോടത്തിലും വേഗതയുള്ളത്;

     പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.

     7 എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ;

     എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.

     8 എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല;

     യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.

     9 മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ

     പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.

     10 അവൻ തന്റെ വീട്ടിലേക്ക് മടങ്ങിവരുകയില്ല;

     അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.

     11 ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല;

     എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും;

     എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.

     12 യഹോവ എനിക്ക് കാവലാക്കേണ്ടതിന്

     ഞാൻ കടലോ കടലാനയോ ആകുന്നുവോ?

     13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;

     എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്ന് ഞാൻ പറഞ്ഞാൽ

     14 യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു;

     ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.

     15 ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും

        

     ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.

     16 ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;

     എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.

     17 മർത്യനെ നീ ഗണ്യമാക്കേണ്ടതിനും

     അവന്റെമേൽ ദൃഷ്ടിവയ്ക്കേണ്ടതിനും

     18 അവനെ രാവിലെതോറും സന്ദർശിച്ച്

     നിമിഷം തോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?

     19 നീ എത്രത്തോളം നിന്റെ നോട്ടം എന്നിൽ നിന്ന് മാറ്റാതിരിക്കും?

     ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?

     20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്ത് ചെയ്യുന്നു?

     ഞാൻ എനിയ്ക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം

     നീ എന്നെ നിനക്ക് ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?

     21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും

     അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്?

     ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും;

     നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”


7:6 [1] നെയ്ത്തോടം = നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രം

Chapter 8

അദ്ധ്യായം.8

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

     2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?

     നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും?

     3 ദൈവം ന്യായം മറിച്ചുകളയുമോ?

     സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ?

     4 നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ

     ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു.

     5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും

     സർവ്വശക്തനോടപേക്ഷിക്കുകയും ചെയ്താൽ,

     6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ

     അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും;

     നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

     7 നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും;

     നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

     8 നീ പണ്ടത്തെ തലമുറയോട് ചോദിക്കുക;

     അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക.

     9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ;

     ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

     10 അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും;

     തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും.

     11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ?

     വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?

     12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ

     മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു.

     13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ;

     വഷളന്റെ ആശ നശിച്ചുപോകും;

     14 അവന്റെ ആശ്രയം അറ്റുപോകും;

     അവന്റെ ശരണം ചിലന്തിവലയത്രെ.

     15 അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല;

     അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല.

     16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു;

     അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.

     17 അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു;

     അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു.

     18 അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ

     ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും.

     19 ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം;

     പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും.

     20 ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല;

     ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

     21 ദൈവം ഇനിയും നിന്റെ വായിൽ ചിരിയും

     നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.

     22 നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും;

     ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും’.

Chapter 9

അദ്ധ്യായം.9

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 “അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം;

     ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?

     3 ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ

     ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.

     4 അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു;

     അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്?

     5 അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;

     അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.

     6 അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു;

     അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.

     7 അവിടുന്ന് സൂര്യനോട് കല്പിക്കുന്നു;

     അത് ഉദിക്കാതെയിരിക്കുന്നു;

     അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു.

     8 അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു;

     സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു.

     9 അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക [1] , ഇവയെയും

     തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.

     10 യഹോവ അറിഞ്ഞുകൂടാത്ത വൻ കാര്യങ്ങളും

     എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.

     11 അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല;

     അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല.

     12 അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും?

     ‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും?

     13 ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല;

     രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. 14 പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും

     അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ?

     15 ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ;

     എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും.

     16 ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും

     എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല.

     17 കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ;

     കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു.

     18 ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല;

     കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു.

     19 ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ;

     ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും?

     20 ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും;

     ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും.

     21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല;

     എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.

     22 അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്:

     അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

     23 ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ

     നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു.

     24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;

     അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്? 25 എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു;

     അത് നന്മ കാണാതെ ഓടിപ്പോകുന്നു.

     26 അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും

     ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.

     27 ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്,

     പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,

     28 ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു;

     അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.

     29 എന്നെ കുറ്റം വിധിക്കുകയേയുള്ളു;

     പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്? 30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും

     ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും

     31 അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;

     എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.

     32 ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും

     ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും

     അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. 33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്

     ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.

     34 ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ;

     അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;

     35 അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും;

     ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.”


9:9 [1] സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33

Chapter 10

അദ്ധ്യായം.10

1 “എന്റെ ജീവൻ എനിയ്ക്ക് വെറുപ്പാകുന്നു;

     ഞാൻ എന്റെ സങ്കടം തുറന്നുപറയും;

     എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.

     2 ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ;

     എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കണമേ.

     3 പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും

     ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങയ്ക്ക് യോഗ്യമോ?

     4 മാംസനേത്രങ്ങളോ അങ്ങയ്ക്കുള്ളത്?

     മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്?

     5 അങ്ങ് എന്റെ അകൃത്യം അന്വേഷിക്കുവാനും

     എന്റെ പാപത്തെ ശോധന ചെയ്യുവാനും

     6 അങ്ങയുടെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ?

     അങ്ങയുടെ ആണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ?

     7 ഞാൻ കുറ്റക്കാരനല്ല എന്ന് അങ്ങ് അറിയുന്നു;

     അങ്ങയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല.

     8 അങ്ങയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു;

     എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു.

     9 അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ;

     അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?

     10 അങ്ങ് എന്നെ പാലുപോലെ പകർന്ന്

     തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ.

     11 ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു;

     അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു.

     12 ജീവനും കൃപയും അങ്ങ് എനിയ്ക്ക് നല്കി;

     അങ്ങയുടെ കരുണ എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.

     13 എന്നാൽ അങ്ങ് ഇത് അങ്ങയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു;

     ഇതായിരുന്നു അങ്ങയുടെ താത്പര്യം എന്ന് ഞാൻ അറിയുന്നു.

     14 ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു;

     എന്റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല.

     15 ഞാൻ ദുഷ്ടനെങ്കിൽ എനിയ്ക്ക് അയ്യോ കഷ്ടം;

     നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല;

     ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു. 16 തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും.

     പിന്നെയും എനിക്കെതിരെ അങ്ങയുടെ അത്ഭുതശക്തി കാണിക്കുന്നു. 17 അങ്ങയുടെ സാക്ഷികളെ അങ്ങ് വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു;

     അങ്ങയുടെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു;

     അവ ഗണംഗണമായി വന്നു പൊരുതുന്നു.

     18 അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്?

     ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു.

     19 ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു;

     ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുമായിരുന്നു;

     20 എന്റെ ജീവകാലം ചുരുക്കമല്ലയോ?

     ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക്

     അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും

     21 വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ,

     മടങ്ങിവരാതെ, പോകുന്നതിനുമുമ്പ്

     22 ഞാൻ അല്പം ആശ്വസിക്കേണ്ടതിന്

     അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”

Chapter 11

അദ്ധ്യായം.11

1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

     2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ?

     ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ?

     3 നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ?

     നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ?

     4 “എന്റെ ഉപദേശം നിർമ്മലം എന്നും

     തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ.

     5 അയ്യോ ദൈവം അരുളിച്ചെയ്യുകയും

     നിന്റെ നേരെ അധരം തുറക്കുകയും

     6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ

     എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ!

     അപ്പോൾ നിന്റെ അകൃത്യം ഓരോന്നും

     ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു.

     7 ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ?

     സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

     8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും;

     അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം?

     9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും

     സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.

     10 യഹോവ കടന്നുവന്ന് ബന്ധിക്കുകയും

     വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ?

     11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ;

     ദൃഷ്ടിവയ്ക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു.

     12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും;

     കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;

     13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി

     ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ

     14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;

     നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.

     15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;

     നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.

     16 അതെ, നീ കഷ്ടത മറക്കും;

     ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.

     17 നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;

     ഇരുൾ പ്രഭാതംപോലെയാകും.

     18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;

     നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;

     19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;

     പലരും നിന്റെ മമത അന്വേഷിക്കും.

     20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും;

     ശരണം അവർക്ക് പൊയ്പോകും;

     പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”

Chapter 12

അദ്ധ്യായം.12

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 “ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!

     നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.

     3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്;

     നിങ്ങളെക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല;

     ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്?

     4 ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ

     എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു;

     നീതിമാനും നഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.

     5 വിപത്ത് നിന്ദ്യം എന്ന് സുഖിമാന്റെ വിചാരം;

     കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു.

     6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു;

     ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌ വസിക്കുന്നു;

     അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.

     7 മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും;

     ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും;

     8 അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും;

     സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.

     9 യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു

     എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?

     10 സകലജീവജന്തുക്കളുടെയും പ്രാണനും

     സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു.

     11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?

     അണ്ണാക്ക് ഭക്ഷണം രുചിനോക്കുന്നില്ലയോ?

     12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും

     വയോധികന്മാരിൽ വിവേകവും ഉണ്ട്.

     13 ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ,

     ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.

     14 യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;

     അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.

     15 അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു;

     അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു.

     16 ദൈവത്തിന്റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്;

     വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ.

     17 യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു;

     ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.

     18 രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു;

     അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു.

     19 യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;

     ബലശാലികളെ തള്ളിയിട്ടുകളയുന്നു.

     20 യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു.

     വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

     21 യഹോവ പ്രഭുക്കന്മാരുടെ മേൽ നിന്ദ പകരുന്നു;

     ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.

     22 യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു;

     അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.

     23 യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു;

     അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു.

     24 യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു;

     വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു;

     25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;

     യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

Chapter 13

അദ്ധ്യായം.13

1 എന്റെ കണ്ണ് ഇതെല്ലാം കണ്ടു;

     എന്റെ ചെവി അത് കേട്ട് ഗ്രഹിച്ചിരിക്കുന്നു.

     2 നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു;

     ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല.

     3 സർവ്വശക്തനോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു;

     ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

     4 നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ;

     നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ.

     5 നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം;

     അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും.

     6 എന്റെ ന്യായവാദം കേട്ടുകൊൾവിൻ;

     എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ.

     7 നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ?

     നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ?

     8 അവിടുത്തെ പക്ഷം പിടിക്കുന്നുവോ?

     ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?

     9 അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ?

     മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ?

     10 ഗൂഢമായി പക്ഷപാതം കാണിച്ചാൽ

     അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം.

     11 ദൈവത്തിന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?

     ദൈവത്തിന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ?

     12 നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്;

     നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ.

     13 നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;

     പിന്നെ എനിയ്ക്ക് വരുന്നത് വരട്ടെ.

     14 ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും

     എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?.

     15 അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും;

     ഞാൻ എന്റെ നടപ്പ് അങ്ങയുടെ മുമ്പാകെ തെളിയിക്കും.

     16 വഷളൻ അങ്ങയുടെ സന്നിധിയിൽ വരുകയില്ല

     എന്നുള്ളതു തന്നെ എനിക്കൊരു രക്ഷയാകും.

     17 എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;

     ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;

     18 ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.

     ഞാൻ നീതീകരിക്കപ്പെടും എന്ന് ഞാൻ അറിയുന്നു.

     19 എന്നോട് വാദിക്കുവാൻ തുനിയുന്നതാര്?

     ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്റെ പ്രാണൻ ഉപേക്ഷിക്കാം.

     20 രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ;

     എന്നാൽ ഞാൻ അങ്ങയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല.

     21 അങ്ങയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ;

     അങ്ങയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

     22 പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും;

     അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ.

     23 എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?

     എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കണമേ.

     24 തിരുമുഖം മറച്ചുകൊള്ളുന്നതും

     എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?

     25 പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ?

     ഉണങ്ങിയ പതിരിനെ പിന്തുടരുമോ?

     26 കയ്പായുള്ളത് അവിടുന്ന് എനിയ്ക്ക് എഴുതിവച്ച്

     എന്റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.

     27 എന്റെ കാൽ അങ്ങ് [1] ആമത്തിൽ ഇട്ടു;

     എന്റെ നടപ്പൊക്കെയും കുറിച്ചുവയ്ക്കുന്നു.

     എന്റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.

     28 ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും

     പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.


13:27 [1] ആമം = വിലങ്ങ്

Chapter 14

അദ്ധ്യായം.14

1 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും

     കഷ്ടസമ്പൂർണ്ണനും ആകുന്നു.

     2 അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു;

     നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.

     3 അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്?

     എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്?

     4 അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.

     5 അങ്ങയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ;

     അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കൽ;

     അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു

     6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച്

     തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്

     അങ്ങയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ.

     7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്;

     അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും;

     അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും.

     8 അതിന്റെ വേര് നിലത്ത് പഴകിയാലും

     അതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും

     9 വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കും

     ഒരു തൈപോലെ ശാഖ പുറപ്പെടും.

     10 മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു;

     മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?

     11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും

     നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും

     12 മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല;

     ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;

     ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല;

     13 അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും

     അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും

     എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ

     ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു.

     14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

     എന്നാൽ എനിക്ക് മാറ്റം വരുവോളം

     എന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു.

     15 അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും;

     അങ്ങയുടെ കൈവേലയോട് അങ്ങയ്ക്ക് താത്പര്യമുണ്ടാകും.

     16 ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു;

     എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവയ്ക്കുന്നില്ലയോ?

     17 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;

     എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു.

     18 മലപോലും വീണു പൊടിയുന്നു;

     പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു.

     19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും

     അതിന്റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ

     അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.

     20 അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു;

     അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

     21 അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല;

     അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.

     22 തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;

     തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.”

Chapter 15

അദ്ധ്യായം.15

1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

     2 “ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ?

     അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ?

     3 അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും

     ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?

     4 നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.

     5 നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു;

     ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു.

     6 ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;

     നിന്റെ അധരങ്ങൾ തന്നെ നിന്റെ നേരെ സാക്ഷീകരിക്കുന്നു.

     7 നീയോ ആദ്യം ജനിച്ച മനുഷ്യൻ?

     പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ?

     8 നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ?

     ജ്ഞാനം നിന്റെ അവകാശം ആണോ?

     9 ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം?

     ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്?

     10 ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്;

     നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ.

     11 ദൈവത്തിന്റെ ആശ്വാസങ്ങളും

     സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ?

     12 നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്?

     നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്?

     13 നീ ദൈവത്തിന്റെ നേരെ തിരിയുകയും

     നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു.

     14 മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?

     സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?

     15 തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ;

     സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല.

     16 പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി

     വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?

     17 ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക;

     ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം.

     18 ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും

     മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ.

     19 അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്;

     അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.

     20 ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു;

     ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.

     21 ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു;

     സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു.

     22 അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല;

     അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു.

     23 അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു?

     അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു.

     24 കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു;

     പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.

     25 അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി,

     സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ.

     26 തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി

     അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു.

     27 അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു;

     തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു.

     28 അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ

     കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.

     29 അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല. 30 ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല;

     അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും;

     തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും.

     31 അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ;

     അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും.

     32 അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും;

     അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.

     33 മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും.

     ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.

     34 അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;

     കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും.

     35 അവർ കഷ്ടത്തെ ഗർഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു;

     അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.

Chapter 16

അദ്ധ്യായം.16

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 “ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്;

     നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.

     3 വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ?

     അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്?

     4 നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;

     എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ

     എനിയ്ക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിയ്ക്കുകയും

     നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു.

     5 ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും

     സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.

     6 ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല;

     ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു?

     7 ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;

     അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.

     8 അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു;

     എന്റെ [1] മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.

     9 അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;

     അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു;

     ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.

     10 അവർ എന്റെ നേരെ വായ് പിളർക്കുന്നു;

     നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു;

     അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു.

     11 ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു;

     ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.

     12 ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു;

     അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു;

     എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു.

     13 അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു;

     അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു;

     എന്റെ [2] പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.

     14 അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു;

     മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.

     15 ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,

     എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.

     16 കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു;

     എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു.

     17 എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല.

     എന്റെ പ്രാർത്ഥന നിർമ്മലമത്രേ. 18 അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ;

     എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.

     19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും

     എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.

     20 എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;

     എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു.

     21 അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും

     മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.

     22 ഏതാനും ആണ്ട് കഴിയുമ്പോഴേക്ക്

     ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.


16:8 [1] മെലിയുക = എല്ലും തോലും ആകുക
16:13 [2] പിത്തരസം = കരൾ ഉൽപ്പാദിപ്പിക്കുന്ന ദ്രവം

Chapter 17

അദ്ധ്യായം.17

1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു;

     ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.

     2 എന്റെ അരികിൽ പരിഹാസമേയുള്ളു;

     എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.

     3 അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ;

     എന്നെ സഹായിക്കുവാൻ മറ്റാരുള്ളു?

     4 ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു;

     അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.

     5 ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി

     കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.

     6 അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു;

     ഞാൻ മുഖത്ത് തുപ്പേല്ക്കുന്നവനായിത്തീർന്നു.

     7 ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു;

     എന്റെ അവയവങ്ങൾ എല്ലാം നിഴൽ പോലെ തന്നെ.

     8 നേരുള്ളവർ അതു കണ്ട് ഭ്രമിച്ചുപോകും;

     നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും.

     9 നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും;

     കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

     10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;

     ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

     11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്,

     എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.

     12 അവർ രാത്രിയെ പകലാക്കുന്നു;

     വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.

     13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;

     ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. 14 ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും

     പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

     15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?

     ആര് എന്റെ പ്രത്യാശയെ കാണും?

     16 അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ?

     പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”

Chapter 18

അദ്ധ്യായം.18

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

     2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?

     ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം.

     3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും

     ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?

     4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,

     നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?

     പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?

     5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;

     അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.

     6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;

     അവന്റെ ദീപം കെട്ടുപോകും.

     7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;

     അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.

     8 അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും;

     അവൻ ചതിക്കുഴിക്കുമീതെ നടക്കും.

     9 കെണി അവന്റെ കുതികാലിന് പിടിക്കും;

     അവൻ കുടുക്കിൽ അകപ്പെടും.

     10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;

     അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.

     11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;

     അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.

     12 അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു;

     വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.

     13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;

     മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.

     14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;

     ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.

     15 അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;

     അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.

     16 അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;

     മീതെ അവന്റെ കൊമ്പ് വാടിപ്പോകും.

     17 അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;

     തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.

     18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;

     ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.

     19 സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും;

     അവന്റെ പാർപ്പിടം അന്യം നിന്നുപോകും.

     20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും;

     പൂർവ്വദേശക്കാരും അമ്പരന്ന് പോകും.

     21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.

     ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”.

Chapter 19

അദ്ധ്യായം.19

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 "നിങ്ങൾ എത്രനാൾ എന്റെ മനസ്സ് വ്യസനിപ്പിക്കുകയും

     വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും?

     3 ഇപ്പോൾ പത്ത് പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;

     എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല.

     4 ഞാൻ തെറ്റിപ്പോയത് സത്യം എങ്കിൽ

     എന്റെ തെറ്റ് എനിക്കു തന്നെ അറിയാം.

     5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച്

     എന്റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ

     6 ദൈവം എന്നെ മറിച്ചുകളഞ്ഞ്

     തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ.

     7 അയ്യോ, ബലാല്ക്കാരം എന്ന് ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല;

     രക്ഷയ്ക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

     8 എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്റെ വഴി കെട്ടിയടച്ചു,

     എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.

     9 എന്റെ തേജസ്സ് യഹോവ എന്റെമേൽ നിന്ന് ഉരിഞ്ഞെടുത്തു;

     എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.

     10 അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു;

     ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു.

     11 അവിടുന്ന് തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ച്

     എന്നെ തനിക്ക് ശത്രുവായി എണ്ണുന്നു.

     12 അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;

     അവർ എന്റെ നേരെ അവരുടെ വഴി നിരത്തുന്നു;

     എന്റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു.

     13 അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു;

     എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.

     14 എന്റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി;

     എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.

     15 എന്റെ വീട്ടിൽ വസിക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു;

     ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു.

     16 ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.

     എന്റെ വായ് കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു.

     17 എന്റെ ശ്വാസം എന്റെ ഭാര്യയ്ക്ക് അസഹ്യവും

     എന്റെ യാചന എന്റെ കൂടപ്പിറപ്പുകൾക്ക് അറപ്പും ആയിരിക്കുന്നു.

     18 കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു;

     ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു.

     19 എന്റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു;

     എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു.

     20 എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;

     പല്ലിന്റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു.

     21 സ്നേഹിതന്മാരെ, എന്നോടു കൃപ തോന്നണമേ, കൃപ തോന്നണമേ;

     ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.

     22 ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്?

     എന്റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്?

     23 അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ,

     ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു.

     24 അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്

     പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു.

     25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും

     അവിടുന്ന് ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.

     26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം

     ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.

     27 ഞാൻ തന്നെ അവിടുത്തെ കാണും;

     അന്യനല്ല, എന്റെ സ്വന്തകണ്ണ് അവിടുത്തെ കാണും;

     എന്റെ ഹൃദയം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

     28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും

     അതിന്റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ

     29 വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്ക് കാരണം;

     ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ.”

Chapter 20

അദ്ധ്യായം.20

1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

     2 “ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.

     എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.

     3 എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു;

     എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.

     4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ

     പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?

     5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;

     അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.

     6 അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും

     അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും

     7 അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും;

     അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.

     8 അവൻ സ്വപ്നംപോലെ പറന്നുപോകും.

     അവനെ പിന്നെ കാണുകയില്ല;

     അവൻ രാത്രിദർശനംപോലെ മറഞ്ഞുപ്പോകും.

     9 അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല;

     അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.

     10 അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും;

     അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.

     11 അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു;

     അത് അവനോടുകൂടി പൊടിയിൽ കിടക്കും.

     12 ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും

     അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും

     13 അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും

     14 അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട്

     അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.

     15 അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും;

     ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.

     16 അവൻ സർപ്പവിഷം കുടിക്കും;

     അണലിയുടെ നാവ് അവനെ കൊല്ലും.

     17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും

     നദികളെയും അവൻ കണ്ടു രസിക്കുകയില്ല.

     18 തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;

     താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.

     19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു;

     താൻ പണിയാത്ത വീട് അപഹരിച്ചു.

     20 അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട്

     അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.

     21 അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല;

     അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കുകയില്ല.

     22 അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും;

     ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും. 23 അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ

     ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും;

     അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.

     24 അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും;

     താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.

     25 അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു;

     മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു;

     കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.

     26 അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;

     ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും;

     അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;

     27 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും

     ഭൂമി അവന് എതിരായി സാക്ഷ്യം പറയും.

     28 അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും;

     ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.

     29 ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും

     ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു.”

Chapter 21

അദ്ധ്യായം.21

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 “എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;

     അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ.

     3 നില്ക്കുവിൻ, ഞാനും സംസാരിക്കട്ടെ;

     ഞാൻ സംസാരിച്ച് കഴിഞ്ഞ് നിനക്ക് പരിഹസിക്കാം.

     4 ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ?

     ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?

     5 എന്നെ നോക്കി ഭയപ്പെടുവിൻ;

     കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ.

     6 ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;

     എന്റെ ദേഹത്തിന് വിറയൽ പിടിക്കുന്നു.

     7 ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും

     അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്?

     8 അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും

     അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു.

     9 അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു;

     ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.

     10 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;

     അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല.

     11 അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു;

     അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു.

     12 അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു;

     കുഴലിന്റെ നാദത്തിൽ സന്തോഷിക്കുന്നു.

     13 അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു;

     ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു.

     14 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;

     അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;

     15 ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്?

     ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു.

     16 എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ?

     ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

     17 ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും

     അവർക്ക് ആപത്ത് വരുന്നതും

     ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം!

     18 അവർ കാറ്റിന് മുമ്പിൽ വൈക്കോൽ പോലെയും

     കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.

     19 ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവയ്ക്കുന്നു;

     അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ.

     20 അവന്റെ കണ്ണ് സ്വന്ത നാശം കാണട്ടെ;

     അവൻ തന്നെ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ;

     21 അവന്റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ

     തന്റെശേഷം തന്റെ ഭവനത്തോട് അവനെന്ത് താത്പര്യം?

     22 ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ?

     അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

     23 ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി

     തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.

     24 അവന്റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു;

     അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു .

     25 മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു;

     നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല.

     26 അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;

     കൃമി അവരെ മൂടുന്നു.

     27 ഞാൻ നിങ്ങളുടെ വിചാരങ്ങളെയും

     നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

     28 “പ്രഭുവിന്റെ ഭവനം എവിടെ?

     ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്?

     29 വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ?

     അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

     30 അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;

     ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു.

     31 അവന്റെ നടപ്പിനെക്കുറിച്ച് ആര് അവന്റെ മുഖത്തു നോക്കി പറയും?

     അവൻ ചെയ്തതിന് തക്കവണ്ണം ആര് അവന് പകരം വീട്ടും?

     32 എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു;

     അവന്റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു.

     33 താഴ്വരയിലെ മണ്‍കട്ട അവന് മധുരമായിരിക്കും;

     അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും;

     അവന് മുമ്പ് പോയവർ അനേകം പേരാണ്.

     34 നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?

     നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.”

Chapter 22

അദ്ധ്യായം.22

1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

     2 “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?

     ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.

     3 നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?

     നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?

     4 നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും

     നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?

     5 നിന്റെ ദുഷ്ടത വലിയതല്ലയോ?

     നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.

     6 നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,

     നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

     7 ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;

     വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.

     8 ബലവാനായവന് ദേശം കൈവശമായി,

     മാന്യനായവൻ അതിൽ പാർത്തു. 9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;

     അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. 10 അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

     11 അല്ല, നീ അന്ധകാരത്തെയും

     നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

     12 ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?

     നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.

     13 എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?

     കൂരിരുട്ടിൽ അവിടുന്ന് ന്യായം വിധിക്കുമോ?

     14 നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;

     ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.

     15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന

     പഴയ വഴി നീ പ്രമാണിക്കുമോ?

     16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;

     അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

     17 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;

     സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.

     18 അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;

     ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

     19 നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു;

     കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:

     20 ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;

     അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. 21 നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;

     എന്നാൽ നിനക്ക് നന്മ വരും.

     22 അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;

     ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.

     23 സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;

     നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.

     24 നിന്റെ പൊന്ന് പൊടിയിലും

     ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.

     25 അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും

     വിലയേറിയ വെള്ളിയും ആയിരിക്കും.

     26 അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും;

     ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.

     27 നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും;

     നീ നിന്റെ നേർച്ചകൾ കഴിക്കും.

     28 നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും;

     നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.

     29 ദൈവം അഹംഭാവികളെ താഴ്ത്തുന്നു.

     താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.

     30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;

     നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

Chapter 23

അദ്ധ്യായം.23

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 “ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു;

     ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.

     3 ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു;

     അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.

     4 ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു;

     ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

     5 ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു;

     അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

     6 അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ?

     ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.

     7 അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു;

     ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.

     8 ഞാൻ കിഴക്കോട്ട് ചെന്നാൽ അവിടുന്ന് അവിടെ ഇല്ല;

     പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല. 9 വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല;

     തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.

     10 എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു;

     എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.

     11 എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു;

     ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.

     12 ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല;

     അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.

     13 അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്?

     തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.

     14 എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു;

     ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.

     15 അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു;

     ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.

     16 ദൈവം എനിക്ക് അധൈര്യം വരുത്തി,

     സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

     17 ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല,

     കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

Chapter 24

അദ്ധ്യായം.24

1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും

     അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?

     2 ചിലർ അതിരുകളെ മാറ്റുന്നു;

     ചിലർ ആട്ടിൻ കൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു.

     3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;

     ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.

     4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;

     ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.

     5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ

     ഇര തേടി വേലയ്ക്ക് പുറപ്പെടുന്നു;

     അവർ മക്കൾക്കു വേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു.

     6 അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു;

     ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

     7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;

     കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.

     8 അവർ മലകളിൽ മഴ നനയുന്നു;

     മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.

     9 ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;

     ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു.

     10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;

     പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.

     11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;

     മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.

     12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;

     മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;

     ദൈവത്തിനോ അതിൽ ഒട്ടും ശ്രദ്ധയില്ല.

     13 ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;

     അതിന്റെ വഴികളെ അറിയുന്നില്ല;

     അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;

     ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;

     രാത്രിയിൽ കള്ളനായി നടക്കുന്നു.

     15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;

     അവൻ മുഖം മറച്ച് നടക്കുന്നു.

     “ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു.

     16 ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു;

     പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;

     വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;

     അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.

     18 വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;

     അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;

     അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.

     19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും

     പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.

     20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;

     കൃമി അവനെ തിന്ന് രസിക്കും;

     പിന്നെ ആരും അവനെ ഓർക്കുകയില്ല;

     നീതികേട് ഒരു വൃക്ഷംപോലെ തകർന്നു പോകും.

     21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;

     വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല.

     22 ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു;

     ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

     23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;

     എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.

     24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;

     അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;

     കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.

     25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും

     എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?

Chapter 25

അദ്ധ്യായം.25

1 അതിന് ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞത്:

     2 “ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്;

     തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.

     3 അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ?

     അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?

     4 മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?

     സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?

     5 ചന്ദ്രനുപോലും ശോഭയില്ലല്ലോ;

     നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.

     6 പിന്നെ പുഴുവായിരിക്കുന്ന മർത്യനും

     കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

Chapter 26

അദ്ധ്യായം.26

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

     2 “നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു?

     ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?

     3 ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു?

     ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

     4 ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്?

     ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;

     5 വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ

     മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു. 6 പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;

     നരകം മറയില്ലാതെയിരിക്കുന്നു.

     7 ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു;

     ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.

     8 അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു;

     അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.

     9 അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു;

     അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.

     10 അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ

     വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു. 11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;

     അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.

     12 അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു ;

     തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.

     13 അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;

     അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.

     14 എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ;

     നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.

     അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?

Chapter 27

അദ്ധ്യായം.27

1 ഇയ്യോബ് തുടർന്ന് പറഞ്ഞത്:

     2 “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,

     എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -

     3 എന്റെ പ്രാണൻ മുഴുവനും എന്നിലും

     ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -

     4 എന്റെ അധരം നീതികേട് സംസാരിക്കുകയില്ല;

     എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.

     5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല;

     മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.

     6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;

     എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.

     7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും

     എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

     8 ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ

     അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?

     9 അവന് കഷ്ടത വരുമ്പോൾ

     ദൈവം അവന്റെ നിലവിളി കേൾക്കുമോ?

     10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?

     എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

     11 ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും;

     സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.

     12 നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു;

     നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?

     13 ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും

     നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.

     14 അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ;

     അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.

     15 അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും;

     അവന്റെ വിധവമാർ വിലപിക്കുകയുമില്ല. 16 അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും

     മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

     17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും;

     കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.

     18 ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;

     കാവല്ക്കാര ൻ മാടം കെട്ടുന്നതുപോലെ തന്നെ.

     19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല;

     അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.

     20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;

     രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.

     21 കിഴക്കൻ കാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു;

     അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.

     22 ദൈവം നിർത്താതെ അവനെ എറിയുന്നു;

     അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.

     23 മനുഷ്യർ അവന്റെ നേരെ കൈകൊട്ടും:

     അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

Chapter 28

അദ്ധ്യായം.28

1 വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും

     പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.

     2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;

     കല്ലുരുക്കി ചെമ്പെടുക്കുന്നു.

     3 മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;

     കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ

     അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.

     4 താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;

     നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;

     മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു. 5 ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;

     അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

     6 അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;

     സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.

     7 അതിന്റെ പാത കഴുകൻ അറിയുന്നില്ല;

     പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.

     8 ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;

     ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.

     9 അവർ തീക്കൽപാറയിലേക്ക് കൈനീട്ടുന്നു;

     പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.

     10 അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;

     അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.

     11 അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;

     മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്ത് കൊണ്ടുവരുന്നു.

     12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

     വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

     13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;

     ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.

     14 അത് എന്നിൽ ഇല്ല എന്ന് ആഴമേറിയ സമുദ്രം പറയുന്നു;

     അത് എന്റെ പക്കൽ ഇല്ല എന്ന് കടലും പറയുന്നു.

     15 സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;

     അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.

     16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ

     നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;

     17 സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;

     തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.

     18 പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ;

     ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.

     19 എത്യോപ്യയിലെ പുഷ്യരാഗം അതിനോട് സമമല്ല;

     തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.

     20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?

     വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

     21 അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;

     ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.

     22 ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്

     എന്ന് നരകവും മരണവും പറയുന്നു.

     23 ദൈവം അതിലേക്കുള്ള വഴി അറിയുന്നു;

     അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.

     24 ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;

     ആകാശത്തിന്റെ കീഴെല്ലാം കാണുന്നു.

     25 ദൈവം കാറ്റിനെ തൂക്കിനോക്കുകയും

     വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.

     26 ദൈവം മഴയ്ക്ക് ഒരു നിയമവും

     ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ

     27 അവിടുന്ന് അത് കണ്ട് വർണ്ണിക്കുകയും

     അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.

     28 കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;

     ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം

     എന്ന് ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.

Chapter 29

അദ്ധ്യായം.29

1 ഇയ്യോബ് പിന്നെയും പറഞ്ഞത്:

     2 “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ

     ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ

     ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.

     3 അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു;

     അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.

     4 എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു;

     സർവ്വ ശക്തൻ എന്നോടുകൂടി വസിക്കുകയും

     5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത

     എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.

     6 അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;

     പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.

     7 ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.

     വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ

     8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;

     വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.

     9 പ്രഭുക്കന്മാർ സംസാരം നിർത്തി,

     കൈകൊണ്ട് വായ്പൊത്തും.

     10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;

     അവരുടെ നാവ് അണ്ണാക്കോടു പറ്റും.

     11 എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;

     എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.

     12 നിലവിളിച്ച എളിയവനെയും അനാഥനെയും

     തുണയറ്റവനെയും ഞാൻ വിടുവിച്ചു.

     13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;

     വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ട് ആലപിക്കുമാറാക്കി.

     14 ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;

     എന്റെ ന്യായം [1] ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

     15 ഞാൻ കുരുടന് കണ്ണും

     മുടന്തന് കാലും ആയിരുന്നു.

     16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;

     ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

     17 നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;

     അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.

     18 എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.

     19 എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;

     എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.

     20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;

     എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.

     21 മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;

     എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.

     22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;

     എന്റെ മൊഴി അവരുടെമേൽ മഴപോലെ ഇറ്റിറ്റ് വീഴും.

     23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;

     പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.

     24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ

     ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി;

     എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;

     സൈന്യസമേതനായ രാജാവിനെപ്പോലെയും

     ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;


29:14 [1] ഉത്തരീയം = മേൽക്കുപ്പായം

Chapter 30

അദ്ധ്യായം.30

1 ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു;

     അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടി

     ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.

     2 അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക എന്ത് പ്രയോജനം?

     അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ.

     3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു;

     ശൂന്യദേശത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ

     അവർ വരണ്ട നിലം കാർന്നു തിന്നുന്നു.

     4 അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു;

     കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.

     5 ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു;

     കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.

     6 താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു;

     മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ.

     7 കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു;

     കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു.

     8 അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ;

     അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.

     9 എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു;

     അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.

     10 അവർ എന്നെ അറച്ച് അകന്നുനില്ക്കുന്നു;

     എന്റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല.

     11 ദൈവം തന്റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട്

     അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.

     12 വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു

     അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.

     13 അവർ എന്റെ പാതയെ നശിപ്പിക്കുന്നു;

     അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ

     എന്റെ അപായത്തിനായി ശ്രമിക്കുന്നു.

     14 വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു;

     ഇടിഞ്ഞുവീണതിന്റെ നടുവിൽക്കൂടി അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.

     15 ഭീകരതകൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു;

     കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു;

     എന്റെ ഐശ്വര്യവും മേഘംപോലെ കടന്നു പോകുന്നു.

     16 ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു;

     കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.

     17 രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു;

     എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല.

     18 ദൈവത്തിന്റെ ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു;

    [1] അങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു.

     19 അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു;

     ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.

     20 ഞാൻ അങ്ങയോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല;

     ഞാൻ എഴുന്നേറ്റുനില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.

     21 അവിടുന്ന് എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു;

     അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന്എന്നെ പീഡിപ്പിക്കുന്നു.

     22 അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു;

     കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു.

     23 മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും

     അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു.

     24 എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ?

     അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ?

     25 കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ?

     എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?

     26 ഞാൻ നന്മയ്ക്ക് നോക്കിയിരുന്നപ്പോൾ തിന്മ വന്നു.

     വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു.

     27 എന്റെ ഹൃദയം ഇളകി മറിയുന്നു;

     കഷ്ടകാലം എനിയ്ക്ക് വന്നിരിക്കുന്നു.

     28 ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും;

     ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.

     29 ഞാൻ കുറുക്കന്മാർക്ക് സഹോദരനും

     ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു.

     30 എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു;

     എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.

     31 എന്റെ കിന്നരനാദം വിലാപമായും

     എന്റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു.


30:18 [1] അങ്കി = പുറങ്കുപ്പായം

Chapter 31

അദ്ധ്യായം.31

1 ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു;

     പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?

     2 എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും

     ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്?

     3 നീതികെട്ടവന് അപായവും

     ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ?

     4 എന്റെ വഴികൾ ദൈവം കാണുന്നില്ലയോ?

     എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ?

     5 ഞാൻ കപടത്തിൽ നടന്നുവെങ്കിൽ,

     എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ -

     6 ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്

     ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -

     7 എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ,

     എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ,

     വല്ല കറയും എന്റെ കൈക്ക് പറ്റിയെങ്കിൽ,

     8 ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ;

     എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.

     9 എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ,

     കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,

     10 എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ;

     അന്യർ അവളുടെ മേൽ പതുങ്ങട്ടെ.

     11 അത് മഹാപാതകമല്ലയോ,

     ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ;

     12 അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു;

     അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും.

     13 എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട്

     ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,

     14 ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും?

     അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും?

     15 ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്?

     ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ? 16 ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ,

     വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,

     17 അനാഥന് കൊടുക്കാതെ

     ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ -

     18 ബാല്യം മുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും

     ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -

     19 ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ

     ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട്

     20 അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ,

     എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ,

     21 പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട്

     ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,

     22 എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ;

     എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ.

     23 ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു;

     അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി.

     24 ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ,

     തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ,

     25 എന്റെ ധനം വളരെയായിരിക്കുകകൊണ്ടും

     എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,

     26 സൂര്യൻ ജ്വലിക്കുന്നതോ

     ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട്

     27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

     എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ,

     28 അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രെ;

     അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.

     29 എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ,

     അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ -

     30 അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ

     എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല -

     31 അവന്റെ മേശയിൽ നിന്ന് മാംസംതിന്ന് തൃപ്തി വരാത്തവർ ആര്?

     32 എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ -

     പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല;

     വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -

     33 ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച്

     എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ,

     34 മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും

     കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും

     ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -

     35 അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ

     ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു!-

     ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ.

     എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളായിരുന്നു!

     36 അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു;

     ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു.

     37 എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും;

     ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും.

     38 എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ

     അതിന്റെ ഉഴവുചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ,

     39 വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ

     അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,

     40 കോതമ്പിന് പകരം [1] കാരമുള്ളും

     യവത്തിന് പകരം കളയും മുളച്ചുവളരട്ടെ.”

     [ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.]


31:40 [1] 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്.

Chapter 32

അദ്ധ്യായം.32

1 അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി. 2 അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. 3 അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു. 4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു. 5 ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു. 6 അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്:

     “ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു;

     അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല.

     7 പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ

     എന്നിങ്ങനെ ഞാൻ വിചാരിച്ചു. 8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;

     സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു.

     9 പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;

     വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല.

     10 അതുകൊണ്ട് ഞാൻ പറയുന്നത്:

     എന്റെ വാക്ക് കേട്ടുകൊള്ളുവിൻ;

     ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.

     11 ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;

     നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച്

     നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി.

     12 നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;

     ഇയ്യോബിന് ബോധം വരുത്തുവാനോ

     അവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല.

     13 ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ

     അവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്.

     14 എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്;

     നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല.

     15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;

     അവർക്ക് വാക്ക് മുട്ടിപ്പോയി.

     16 അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;

     അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ?

     17 എനിക്ക് പറയുവാനുള്ളത് ഞാനും പറയും;

     എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.

     18 ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;

     എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു.

     19 എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;

     അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു.

     20 എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;

     എന്റെ അധരം തുറന്ന് ഉത്തരം പറയും.

     21 ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല;

     ആരോടും മുഖസ്തുതി പറയുകയുമില്ല.

     22 മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;

     അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.

Chapter 33

അദ്ധ്യായം.33

1 ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക;

     എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.

     2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു;

     എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു.

     3 എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും.

     എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.

     4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;

     സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.

     5 നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക;

     സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക.

     6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;

     എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.

     7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;

     എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല.

     8 ഞാൻ കേൾക്കെ നീ പറഞ്ഞതും

     നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:

     9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;

     ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.

     10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു;

     എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.

     11 അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;

     എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’.

     12 ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം:

     ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.

     13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു?

     തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ.

     14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;

     മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.

     15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,

     അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ,

     സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,

     16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;

     അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു.

     17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും

     പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.

     18 അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും

     വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു.

     19 തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;

     അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.

     20 അതുകൊണ്ട് അവന്റെ ജീവൻ അപ്പവും

     അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.

     21 അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു;

     കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.

     22 അവന്റെ പ്രാണൻ ശവക്കുഴിക്കും

     അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

     23 മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന്

     ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ

     24 ദൂതൻ അവനിൽ കൃപ തോന്നി:

     ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ;

     ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും

     25 അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും;

     അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.

     26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും;

     തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;

     ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും.

     27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:

     ‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു;

     അതിന് എന്നോട് പകരം ചെയ്തിട്ടില്ല.

     28 ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു;

     എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു.

     29 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം

     ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.

     30 അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും

     ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.

     31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക;

     മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.

     32 നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക;

     സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം.

     33 ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക;

     മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.”

Chapter 34

അദ്ധ്യായം.34

1 എലീഹൂ പിന്നെയും പറഞ്ഞത്:

     2 “ജ്ഞാനികളേ, എന്റെ വചനം കേൾക്കുവിൻ;

     വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.

     3 നാവ് ആഹാരത്തിന്റെ രുചിനോക്കുന്നു;

     ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;

     4 ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം;

     നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം.

     5 ‘ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു;

     എന്റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്ക് പറയണമോ?

     6 ലംഘനം ഇല്ലാതിരുന്നിട്ടും എന്റെ മുറിവ് സുഖമാകുന്നില്ല’

     എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.

     7 ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ?

     അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;

     8 അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു;

     ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു.

     9 ‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട്

     മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു.

     10 അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ;

     ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല.

     11 അവൻ മനുഷ്യന് അവന്റെ പ്രവൃത്തിയ്ക്ക് പകരം ചെയ്യും;

     ഓരോരുത്തനും അവനവന്റെ നടപ്പിന് തക്കവണ്ണം കൊടുക്കും.

     12 ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം;

     സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല.

     13 ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്?

     ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്?

     14 അവിടുന്ന് തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ

     തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ

     15 സകലജഡവും ഒരുപോലെ നശിച്ചുപോകും;

     മനുഷ്യൻ മണ്ണിലേക്ക് മടങ്ങിച്ചേരും.

     16 നിനക്ക് വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക;

     എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക;

     17 ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ?

     നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?

     18 രാജാവിനോട്: ‘നീ വഷളൻ എന്നും’

     പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ?

     19 അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല;

     ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല;

     അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ.

     20 പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു;

     ജനം നടുങ്ങി ഒഴിഞ്ഞു പോകുന്നു;

     മനുഷ്യന്റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.

     21 ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിൽ ഇരിക്കുന്നു;

     അവന്റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.

     22 ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന്

     അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

     23 മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന്

     അവിടുന്ന് അവനിൽ അധികം ദൃഷ്ടിവയ്ക്കുവാൻ ആവശ്യമില്ല.

     24 വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു;

     അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു.

     25 അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു;

     രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു.

     26 മറ്റുള്ളവർ കാൺകെ

     അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

     27 എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും

     പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾപ്പാനും വേണ്ടി

     28 അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും

     ദൈവത്തിന്റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ.

     29 വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും

     ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും -+

     30 അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര് കുറ്റം വിധിക്കും?

     ഒരു ജാതിക്കായാലും ഒരാൾക്കായാലും

     അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര് അവിടുത്തെ കാണും?

     31 ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല;

     32 ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ;

     ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല

     എന്ന് ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ? 33 നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംപോലെ പകരം ചെയ്യണമോ?

     ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ;

     ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക.

     34 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;

     അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്ന് വിവേകമുള്ള പുരുഷന്മാരും

     35 എന്റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോട് പറയും.

     36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട്

     അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.

     37 അവൻ തന്റെ പാപത്തോട് ദ്രോഹം ചേർക്കുന്നു;

     അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു;

     ദൈവത്തിന് വിരോധമായി വാക്ക് വർദ്ധിപ്പിക്കുന്നു.”

Chapter 35

അദ്ധ്യായം.35

1 എലീഹൂ പിന്നെയും പറഞ്ഞത്:

     2 “എന്റെ നീതി ദൈവത്തിന്റേ നീതിയിലും വലിയത് എന്ന് നീ പറയുന്നു;

     ഇത് ന്യായം എന്ന് നീ നിരൂപിക്കുന്നുവോ?

     3 അതിനാൽ നിനക്ക് എന്ത് പ്രയോജനം എന്നും

     ഞാൻ പാപം ചെയ്യുന്നതിനേക്കാൾ

     അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;

     4 നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും

     ഞാൻ മറുപടി പറയാം. 5 നീ ആകാശത്തേക്ക് നോക്കി കാണുക;

     നിനക്ക് മീതെയുള്ള മേഘങ്ങളെ ദർശിക്കുക;

     6 നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്ത് പ്രവർത്തിക്കുന്നു?

     നിന്റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു?

     7 നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്ത് കൊടുക്കുന്നു?

     അല്ലെങ്കിൽ അവിടുത്തേക്ക് നിന്റെ കയ്യിൽനിന്ന് എന്ത് ലഭിക്കുന്നു?

     8 നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും

     നിന്റെ നീതി മറ്റൊരു മനുഷ്യനെയും ബാധിക്കുന്നു.

     9 പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു;

     ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.

     10 എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങൾ നല്കുന്നവനും

     ഭൂമിയിലെ മൃഗങ്ങളേക്കാൾ നമ്മളെ പഠിപ്പിക്കുന്നവനും

     11 ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി

     എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുവനും ചോദിക്കുന്നില്ല.

     12 അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു;

     എങ്കിലും ആരും ഉത്തരം പറയുന്നില്ല.

     13 വ്യൎത്ഥമായുള്ളത് ദൈവം കേൾക്കുകയില്ല;

     സർവ്വശക്തൻ അത് ശ്രദ്ധിക്കുകയുമില്ല, നിശ്ചയം.

     14 പിന്നെ നീ അവിടുത്തെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ?

     നിന്റെ വാദം അവിടുത്തെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് നീ അവിടുത്തേക്കായി കാത്തിരിക്കുക. 15 ഇപ്പോൾ, അവിടുത്തെ കോപം സന്ദർശിക്കാത്തതുകൊണ്ടും

     അവിടുന്ന് അഹങ്കാരത്തെ അധികം ഗണ്യമാക്കാത്തതുകൊണ്ടും

     16 ഇയ്യോബ് വെറുതെ തന്റെ വായ്തുറക്കുന്നു;

     അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.”

Chapter 36

അദ്ധ്യായം.36

1 എലീഹൂ പിന്നെയും പറഞ്ഞത്:

     2 “അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;

     ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.

     3 ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;

     എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.

     4 എന്റെ വാക്ക് കള്ളമല്ല നിശ്ചയം;

     അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.

     5 ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;

     അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.

     6 അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;

     ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.

     7 അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല;

     രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;

     അവർ എന്നേക്കും ഉയർന്നിരിക്കുന്നു. 8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്

     കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ

     9 അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും

     അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10 അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;

     അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.

     11 അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ

     അവരുടെ നാളുകളെ ഭാഗ്യത്തിലും

     ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;

     ബുദ്ധിമോശത്താൽ മരിച്ചുപോകും. 13 ദുഷ്ടന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു;

     അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി നിലവിളിക്കുന്നില്ല.

     14 അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;

     അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.

     15 അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു;

     അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.

     16 നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന്

     ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു.

     നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.

     17 നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;

     വിധിയും നീതിയും നിന്നെ പിടിക്കും.

     18 കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;

     മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്.

     19 കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും

     ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?

     20 ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്

     മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.

     21 സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;

     കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക.

     22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;

     അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?

     23 ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?

     അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം?

     24 അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;

     അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.

     25 മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;

     ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.

     26 നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;

     അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത് .

     27 അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;

     അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.

     28 മേഘങ്ങൾ അവയെ ചൊരിയുന്നു;

     മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

     29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും

     അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

     30 ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു;

     സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.

     31 ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;

     ആഹാരവും ധാരാളമായി കൊടുക്കുന്നു.

     32 അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;

     പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

     33 അതിന്റെ മുഴക്കം അവിടുത്തെയും

     കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.

Chapter 37

അദ്ധ്യായം.37

1 ഇതിനാൽ എന്റെ ഹൃദയം വിറച്ച് അതിന്റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു.

     2 അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവും

     അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ.

     3 അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും

     അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.

     4 അതിന്റശേഷം ഒരു മുഴക്കം കേൾക്കുന്നു;

     അവിടുന്ന് തന്റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു;

     അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല.

     5 ദൈവം തന്റെ ശബ്ദം അതിശയകരമായി മുഴക്കുന്നു;

     നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. 6 അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്ന് കല്പിക്കുന്നു;

     അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

     7 താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി

     അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.

     8 കാട്ടുമൃഗം ഒളിസ്ഥലത്ത് ചെല്ലുകയും

     തന്റെ ഗുഹയിൽ കിടക്കുകയും ചെയ്യുന്നു.

     9 ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും

     ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു.

     10 ദൈവത്തിന്റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു;

     വെള്ളങ്ങളുടെ ഉപാരിതലം ലോഹം പോലെ ഉറയ്ക്കുന്നു.

     11 അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ട് കനപ്പിക്കുന്നു;

     തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.

     12 അവിടുന്ന് അവയോട് കല്പിക്കുന്നതെല്ലാം

     ഭൂമിയുടെ ഉപരിഭാഗത്ത് ചെയ്യേണ്ടതിന്

     അവിടുത്തെ നിർദ്ദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.

     13 ശിക്ഷയ്ക്കായിട്ടോ ദേശത്തിന്റെ നന്മയ്ക്കായിട്ടോ

     ദയയ്ക്കായിട്ടോ അവിടുന്ന് അത് വരുത്തുന്നു.

     14 ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക;

     മിണ്ടാതിരുന്ന് ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക.

     15 ദൈവം അവയ്ക്ക് കല്പന കൊടുക്കുന്നതും

     തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും

     എങ്ങനെ എന്ന് നീ അറിയുന്നുവോ? 16 മേഘങ്ങൾ എങ്ങനെ ആകശത്തിൽ പൊങ്ങി ഒഴുകുന്നു എന്നും

     ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ? 17 തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ

     നിന്റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ? 18 ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ

     നിനക്ക് ദൈവത്തോടുകൂടി നിവർത്തി വയ്ക്കാമോ?

     19 അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരുക;

     മനസ്സിന്റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല.

     20 എനിക്ക് സംസാരിക്കണം എന്ന് അവിടുത്തോട് ബോധിപ്പിക്കണമോ?

     നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ?

     21 ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല;

     എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു.

     22 വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു;

     ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.

     23 സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല;

     അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു;

     അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.

     24 അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു;

     ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.”

Chapter 38

അദ്ധ്യായം.38

1 പിന്നീട് യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്:

     2 “അറിവില്ലാത്ത വാക്കുകളാൽ

     ആലോചനയെ ഇരുളാക്കുന്ന ഇവനാര്?

     3 നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക;

     ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക.

     4 ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

     നിനക്ക് വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക.

     5 അതിന്റെ അളവ് നിയമിച്ചവൻ ആര്? നീ അറിയുന്നുവോ?

     അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്?

     6 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും

     ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ

     7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?

     അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആര്?

     8 ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ

     അതിനെ കതകുകളാൽ അടച്ചവൻ ആര്?

     9 അന്ന് ഞാൻ മേഘത്തെ അതിന് ഉടുപ്പും

     കൂരിരുളിനെ അതിന് ചുറ്റാടയും ആക്കി;

     10 ഞാൻ അതിന് അതിര് നിയമിച്ച്

     കതകും ഓടാമ്പലും വച്ചു.

     11 ‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്;

     ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്ന് കല്പിച്ചു.

     12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും

     ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും

     13 നിന്റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും

     അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ?

     14 അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു;

     വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്ക്കുന്നു.

     15 ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു;

     ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.

     16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?

     ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?

     17 മരണത്തിന്റെ വാതിലുകൾ നിനക്ക് വെളിപ്പെട്ടിട്ടുണ്ടോ?

     അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

     18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?

     ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക.

     19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്?

     ഇരുളിന്റെ പാർപ്പിടവും എവിടെ?

     20 നിനക്ക് അവയെ അവയുടെ അതിര് വരെ കൊണ്ടുപോകാമോ?

     അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?

     21 നീ അന്നേ ജനിച്ചിരുന്നുവല്ലോ;

     നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ;

     നീ അത് അറിയാതിരിക്കുമോ?

     22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?

     കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

     23 ഞാൻ അവയെ കഷ്ടകാലത്തേക്കും

     പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു.

     24 വെളിച്ചം പിരിയുന്നതും

     കിഴക്കൻ കാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?

     25 നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും

     മഴ പെയ്യിക്കേണ്ടതിനും 26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും

     ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും 27 ജലപ്രവാഹത്തിന് ചാലും

     ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്?

     28 മഴക്ക് അപ്പനുണ്ടോ?

     അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?

     29 ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു?

     ആകാശത്തിലെ മഞ്ഞ് ആര് പ്രസവിക്കുന്നു?

     30 വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു.

     ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.

     31 കാർത്തികയുടെ ചങ്ങല നിനക്ക് ബന്ധിക്കാമോ?

     മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?

     32 നിനക്ക് രാശിചക്രത്തെ അതിന്റെ കാലത്ത് പുറപ്പെടുവിക്കാമോ?

     സപ്തർഷികളെയും മക്കളെയും നിനക്ക് നടത്താമോ?

     33 ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ?

     അതിന് ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ?

     34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്

     നിനക്കു് മേഘങ്ങളോളം ശബ്ദം ഉയർത്താമോ?

     35 “അടിയങ്ങൾ വിടകൊള്ളുന്നു” എന്ന് നിന്നോട് പറഞ്ഞ്

     പുറപ്പെടുവാൻ തക്കവിധം നിനക്ക് മിന്നലുകളെ പറഞ്ഞയയ്ക്കാമോ?

     36 അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്?

     മനസ്സിന് വിവേകം കൊടുത്തവൻ ആര്?

     37 ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ

     കൂടുമ്പോഴും മൺകട്ട ഒന്നോടൊന്ന് പറ്റിപ്പോകുമ്പോഴും

     38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്?

     ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്?

     39 സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും

     അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും

     40 നീ സിംഹിയ്ക്ക് ഇര വേട്ടയാടിക്കൊടുക്കുമോ?

     ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

     41 കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ

     ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ

     അതിന് തീറ്റ എത്തിച്ച് കൊടുക്കുന്നതാര്?

Chapter 39

അദ്ധ്യായം. 39

1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?

     മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?

     2 അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്കു കൂട്ടാമോ?

     അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?

     3 അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു;

     ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.

     4 അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു;

     അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.

     5 കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്?

     വന [1] ഗർദ്ദഭത്തെ കെട്ടഴിച്ചതാര്?

     6 ഞാൻ മരുഭൂമി അതിന് വീടും

    [2] ഉവർനിലം അതിന് പാർപ്പിടവുമാക്കി.

     7 അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;

     തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.

     8 മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു;

     പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.

     9 കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ?

     അത് നിന്റെ പുല്തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?

     10 കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ?

     അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?

     11 അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ?

     നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?

     12 അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും

     നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

     13 ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു;

     എങ്കിലും ചിറകും തൂവലും കൊണ്ട് വാത്സല്യം കാണിക്കുമോ?

     14 അത് നിലത്ത് മുട്ട ഇട്ട ശേഷം പോകുന്നു;

     അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.

     15 കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ

     കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.

     16 അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;

     തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.

     17 ദൈവം അതിന് ജ്ഞാനമില്ലാതാക്കി

     വിവേകം അതിന് നല്കിയിട്ടും ഇല്ല.

     18 അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ

     കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.

     19 കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്?

     അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?

     20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?

     അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.

     21 അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു.

     അത് ആയുധപാണികളെ എതിർക്കുന്നു.

     22 അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു;

     വാളിനോട് പിൻവാങ്ങുന്നതുമില്ല.

     23 അതിന് എതിരെ ആവനാഴിയും

     മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു. 24 അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;

     കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.

     25 കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു;

     പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.

     26 നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും

     ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?

     27 നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ട് പറക്കുകയും

     ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?

     28 അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു;

     പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.

     29 അവിടെനിന്ന് അത് ഇര തിരയുന്നു;

     അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.

     30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചു കുടിക്കുന്നു.

     പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”


39:5 [1] ഗർദ്ദഭം = കഴുത
39:6 [2] ഉവർനിലം = ഓരുവെള്ളം കയറുന്ന സ്ഥലം ,ഊഷരഭൂമി

Chapter 40

അദ്ധ്യായം.40

1 യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് :

     2 “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ?

     ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.”

     3 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

     4 ‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും?

     ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.

     5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല.

     രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’

     6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:

     7 “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക;

     ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.

     8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?

     നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?

     9 ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ?

     അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?

     10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക.

     തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക.

     11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;

     ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക.

     12 ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക;

     ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക.

     13 അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക;

     അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക.

     14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു

     എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും.

     15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന [1] നദീഹയമുണ്ടല്ലോ;

     അത് കാളയെപ്പോലെ പുല്ലുതിന്നുന്നു. 16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും

     അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു.

     17 ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു;

     അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു.

     18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും

     എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.

     19 അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്;

     അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ.

     20 കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ

     പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. 21 അത് [2] നീർമരുതിന്റെ ചുവട്ടിലും

     ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

     22 നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു;

     തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;

     23 നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല;

     യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും.

     24 അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ?

     അതിന്റെ മൂക്കിൽ കയർ കോർക്കാമോ?


40:15 [1] നദീഹയം = ആന പോലെയുള്ള ഒരു വലിയ മൃഗം
40:21 [2] നീർമരുത് = ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം

Chapter 41

അദ്ധ്യായം. 41

1[1] മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ?

     അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ?

     2 അതിന്റെ മൂക്കിൽ കയറ് കോർക്കാമോ?

     അതിന്റെ അണയിൽ കൊളുത്ത് കടത്താമോ?

     3 അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ?

     മൃദുവായ വാക്ക് നിന്നോട് പറയുമോ?

     4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്

     അത് നിന്നോട് ഉടമ്പടി ചെയ്യുമോ?

     5 പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ?

     അതിനെ പിടിച്ച് നിന്റെ കുമാരിമാർക്കായി കെട്ടിയിടുമോ?

     6 മീൻപിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ?

     അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്ക്കുമോ?

     7 നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും

     തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ?

     8 അതിനെ ഒന്നു തൊടുക; അത് തീർച്ചയായും പോരിടും എന്ന് ഓർത്തുകൊൾക;

     പിന്നെ നീ അതിന് തുനിയുകയില്ല.

     9 അവന്റെ ആശയ്ക്ക് ഭംഗംവരുന്നു;

     അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ. 10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;

     പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്?

     11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്?

     ആകാശത്തിൻ കീഴിലുള്ളതെല്ലം എന്റെതല്ലയോ?

     12 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും

     അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല.

     13 അതിന്റെ പുറം കുപ്പായം ഊരാകുന്നവനാര്?

     അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര് ചെല്ലും?

     14 അതിന്റെ മുഖത്തെ കതക് ആര് തുറക്കും?

     അതിന്റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്.

     15 ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു;

     അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.

     16 അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല.

     17 ഒന്നോടൊന്ന് ചേർന്നിരിക്കുന്നു;

     വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു.

     18 അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;

     അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.

     19 അതിന്റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും

     തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു.

     20 തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും

     എന്നപോലെ അതിന്റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു.

     21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;

     അതിന്റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു.

     22 അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു;

     അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.

     23 അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;

     അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു.

     24 അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്;

     തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.

     25 അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;

     ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.

     26 വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം;

     കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും സാദ്ധ്യമല്ല

     27 ഇരുമ്പ് വൈക്കോൽപോലെയും

     താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

     28 അസ്ത്രം അതിനെ ഓടിക്കുകയില്ല;

     കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു.

     29 ഗദ അതിന് താളടിപോലെ തോന്നുന്നു;

     വേൽ ചാട്ടുന്ന ഒച്ച കേട്ട് അത് ചിരിക്കുന്നു.

     30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;

     അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.

     31 കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു;

     സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു.

     32 അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു;

     ആഴി നരച്ചതുപോലെ തോന്നുന്നു.

     33 ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല;

     അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.

     34 അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു;

     അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അത് രാജാവായിരിക്കുന്നു.”


41:1 [1] നക്ര = മുതല

Chapter 42

അദ്ധ്യായം.42

1 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

     2 “നിനക്ക് സകലവും കഴിയുമെന്നും

     നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.

     3 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്?

     അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയത്

     ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.

     4 കേൾക്കണമേ; ഞാൻ സംസാരിക്കും;

     ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കണമേ.

     5 ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു;

     ഇപ്പോൾ, എന്റെ കണ്ണിനാൽ നിന്നെ കാണുന്നു.

     6 ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്ത്

     പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”

7 യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്:“ നിന്നോടും നിന്റെ രണ്ട് സ്നേഹിതന്മാരോടും എനിക്ക് കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല. 8 ആകയാൽ നിങ്ങൾ ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിക്കുവിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്ക് അനുസരിച്ച് നിങ്ങളോട് ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ.” 9 അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്ന് യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു. 10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു. 11 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന് പരിചയമുള്ളവർ എല്ലാവരും അവന്റെ അടുക്കൽ വന്ന് അവന്റെ വീട്ടിൽ അവനോടുകൂടി ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകല അനർത്ഥത്തെയും കുറിച്ച് അവർ അവനോട് സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. 12 ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന് പതിനാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി. 13 അവന് ഏഴ് പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. 14 മൂത്തവൾക്ക് അവൻ യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക്ക് എന്നും പേര് വിളിച്ചു. 15 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടി അവർക്ക് അവകാശം കൊടുത്തു. 16 അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പത് സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാല് തലമുറയോളം കണ്ടു. 17 അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.