മലയാളം: Open Bible Stories

Updated ? hours ago # views See on DCS

4. അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ ഉടമ്പടി

OBS Image

ജലപ്രളയത്തിനു അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തില്‍ നിരവധി ജനങ്ങള്‍ ജീവിച്ചിരുന്നു, അവര്‍ ദൈവത്തിന് എതിരായും അന്യോന്യവും വീണ്ടും പാപം ചെയ്തു. അവര്‍ എല്ലാവരും ഒരേ ഭാഷ സംസാരിച്ചു വന്നതിനാല്‍, അവര്‍ ഒരുമിച്ചുകൂടി ദൈവം അവരോടു കല്‍പ്പിച്ച പ്രകാരം ഭൂമിയെ നിറക്കുന്നതിനു പകരം ഒരു പട്ടണം പണിതു.

OBS Image

അവര്‍ വളരെ അഹങ്കാരികള്‍ ആകുകയും, അവര്‍ എപ്രകാരം ജീവിക്കണം എന്നുള്ള ദൈവ കല്‍പ്പനകളെ അനുസരിക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു. അവര്‍ സ്വര്‍ഗ്ഗത്തോളം എത്തുന്ന ഉയരമുള്ള ഒരു ഗോപുരം പണിയുവാന്‍ പോലും തുടങ്ങി. അവര്‍ ഒരുമിച്ചു ദുഷ്ടത പ്രവര്‍ത്തിക്കുന്നതു തുടരുന്നു എങ്കില്‍, അവര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ പാപമയമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്നു ദൈവം കണ്ടു.

OBS Image

ആയതിനാല്‍ ദൈവം അവരുടെ ഭാഷ വ്യത്യസ്തമായ പല ഭാഷകളാക്കി മാറ്റുകയും മനുഷ്യരെ ലോകം മുഴുവനും ചിതറിക്കുകയും ചെയ്തു. അവര്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയ പട്ടണത്തിന്‍റെ പേര് “കുഴപ്പമുള്ള” എന്ന് അര്‍ത്ഥം നല്‍കുന്ന ബാബേല്‍ എന്ന് വിളിക്കപ്പെട്ടു.

OBS Image

നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം, ദൈവം അബ്രാം എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യനോടു സംസാരിച്ചു. ദൈവം അവനോടു പറഞ്ഞത്, “നിന്‍റെ ദേശത്തെയും കുടുംബക്കാരെയും വിട്ടു ഞാന്‍ നിനക്ക് കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോകുക. ഞാന്‍ നിന്നെ അനുഗ്രഹിക്കുകയും നിന്നെ ഒരു വലിയ ജാതിയാക്കുകയും ചെയ്യും. ഞാന്‍ നിന്‍റെ പേര് വലുതാക്കും. നിന്നെ അനുഗഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കുകയും നിന്നെ ശപിക്കുന്നവരെ ശപിക്കുകയും ചെയ്യും. നിന്‍റെ നിമിത്തം ഭൂമിയില്‍ ഉള്ള സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.”

OBS Image

അതിനാല്‍ അബ്രാം ദൈവത്തെ അനുസരിച്ചു. തന്‍റെ ഭാര്യ, സാറായിയെയും, തന്‍റെ എല്ലാ വേലക്കാരെയും തനിക്ക് സ്വന്തമായിരുന്ന സകലത്തെയും കൊണ്ട് ദൈവം തനിക്കു കാണിച്ച ദേശത്തേക്ക്, കനാന്‍ ദേശത്തേക്കു പോയി.

OBS Image

അബ്രാം കനാനില്‍ എത്തിയപ്പോള്‍, ദൈവം പറഞ്ഞത്, “നിനക്ക് ചുറ്റും നോക്കുക, ഞാന്‍ ഈ ദേശം മുഴുവന്‍ നിനക്കു നല്‍കും, നിന്‍റെ സന്തതികള്‍ അതിനെ കൈവശമാക്കും.” അനന്തരം അബ്രാം ആ ദേശത്തു താമസം തുടങ്ങി.

OBS Image

അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ആയിരുന്ന മല്‍ക്കിസേദെക് എന്നു പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അബ്രാം ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം താനും അബ്രാമും പരസ്പരം കണ്ടു. മല്‍ക്കിസേദെക് “സ്വര്‍ഗ്ഗവും ഭൂമിയും തന്‍റെ സ്വന്തമായ അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ” എന്നു പറയുകയും ചെയ്തു. അനന്തരം അബ്രാം യുദ്ധത്തില്‍ തനിക്ക് ലഭിച്ച സകലത്തിന്‍റെയും പത്തില്‍ ഒന്ന് മല്‍ക്കിസേദെക്കിനു നല്‍കുകയും ചെയ്തു.

OBS Image

അനേക വര്‍ഷങ്ങള്‍ കടന്നു പോയി, എന്നാല്‍ അബ്രാമിനും സാറായിക്കും ഇതുവരെ ഒരു മകന്‍ ഇല്ലായിരുന്നു. ദൈവം അബ്രാമിനോടു സംസാരിക്കുകയും നിനക്ക് ഒരു മകന്‍ ഉണ്ടാകുമെന്നും ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ സന്തതികള്‍ ഉണ്ടാകും എന്നു വീണ്ടും വാഗ്ദത്തം ചെയ്തു. അബ്രാം ദൈവത്തിന്‍റെ വാഗ്ദത്തം വിശ്വസിച്ചു. അബ്രാം ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം അവനെ നീതിമാന്‍ ആയിരുന്നു എന്നു പ്രഖ്യാപിച്ചു.

OBS Image

അനന്തരം ദൈവം അബ്രാമിനോടു ഒരു ഉടമ്പടി ചെയ്തു. സാധാരണയായി, ഒരു ഉടമ്പടി എന്നതു രണ്ടു വിഭാഗക്കാര്‍ പരസ്പരം ചെയ്തുകൊള്ളാം എന്ന സമ്മതം ആകുന്നു. എന്നാല്‍ ഇവിടെ, അബ്രാം ഗാഡനിദ്രയില്‍ ആയിരിക്കുമ്പോള്‍ ദൈവം അബ്രാമിനോടു വാഗ്ദത്തം ചെയ്തു, എന്നാല്‍ അപ്പോഴും തനിക്ക് ദൈവത്തെ കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നു. ദൈവം പറഞ്ഞത്, “ഞാന്‍ നിന്‍റെ ശരീരത്തില്‍ നിന്നു തന്നെ നിനക്ക് ഒരു പുത്രനെ നല്‍കും. കനാന്‍ ദേശത്തെ നിന്‍റെ സന്തതിക്കു ഞാന്‍ നല്‍കും” എന്നാണ്. എന്നാല്‍ അബ്രാമിന് ഇപ്പോഴും ഒരു മകന്‍ ഇല്ലായിരുന്നു.

ഉല്‍പ്പത്തി 11-15-ല്‍ നിന്നുള്ള ദൈവവചന കഥ.