മലയാളം: Open Bible Stories

Updated ? hours ago # views See on DCS

42. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു.

OBS Image

ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച നാളില്‍, രണ്ടു ശിഷ്യന്മാര്‍ സമീപത്തുള്ള പട്ടണത്തിലേക്ക് പോകുകയായിരുന്നു. അവര്‍ പോകുമ്പോള്‍, യേശുവിനു സംഭവിച്ചതായ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അവിടുന്ന് മശീഹ ആയിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അവന്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ആ സ്ത്രീകള്‍ അവിടുന്ന് വീണ്ടും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു എന്താണ് വിശ്വസിക്കേണ്ടത് എന്ന് അറിയുന്നില്ല.

OBS Image

യേശു അവരോടു സമീപിച്ച് അവരോടൊപ്പം നടക്കുവാന്‍ തുടങ്ങി, എന്നാല്‍ അവര്‍ യേശുവിനെ തിരിച്ചറിഞ്ഞില്ല. അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നു ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യേശുവിനു സംഭവിച്ച കാര്യങ്ങളെ ക്കുറിച്ച് അവര്‍ തന്നോട് പറയുവാന്‍ ഇടയായി. അവര്‍ വിചാരിച്ചിരുന്നത് അവര്‍ സംസാരിക്കുന്ന വ്യക്തി യെരുശലേമില്‍ സംഭവിച്ചിരുന്നത് അറിയാത്ത ഒരു വിദേശി ആയിരിക്കുമെന്നാണ്.

OBS Image

അനന്തരം യേശു ദൈവവചനത്തില്‍ മശീഹയെ ക്കുറിച്ചു പറഞ്ഞിരിക്കുന്നവ വിശദീകരിച്ചു. കാലങ്ങള്‍ക്കു മുന്‍പ്, പ്രവാചകന്മാര്‍ പറഞ്ഞ പ്രകാരം മശീഹ ദുഷ്ട മനുഷ്യരാല്‍ പാടുകള്‍ അനുഭവിക്കുകയും മരിക്കുകയും വേണം. എന്നാല്‍ പ്രവാചകന്മാര്‍ പറഞ്ഞ പ്രകാരം തന്നെ മൂന്നാം ദിവസം താന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതും വേണം.

OBS Image

ആ രണ്ടു പേര്‍ താമസിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന പട്ടണത്തില്‍ എകദേശം വൈകുന്നേരമായപ്പോള്‍ എത്തിച്ചേര്‍ന്നു. യേശുവിനെ അവരോടൊപ്പം താമസിക്കുവാന്‍ അവര്‍ ക്ഷണിച്ചു. അതിനാല്‍ താന്‍ അവരോടൊപ്പം ഒരു ഭവനത്തില്‍ ചെന്ന് കയറി. അവരുടെ അത്താഴം കഴിപ്പാന്‍ അവര്‍ ഒരുമിച്ച് ഇരുന്നപ്പോള്‍, യേശു അപ്പം എടുത്തു ദൈവത്തിനു നന്ദി പറഞ്ഞു, അതിനെ നുറുക്കി. ക്ഷണത്തില്‍, അവര്‍ അത് യേശു ആണെന്ന് ഗ്രഹിച്ചു. എന്നാല്‍ ആ നിമിഷത്തില്‍, താന്‍ അവരുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞുപോയി.

OBS Image

ആ രണ്ടു പേരും പരസ്പരം, “അത് യേശു ആയിരുന്നു! അതിനാലാണ് അദ്ദേഹം ദൈവവചനം നമ്മോടു വിസ്തരിച്ചു പറഞ്ഞപ്പോള്‍ നാം എത്രയും ആശ്ചര്യഭരിതരായത്!” എന്നു പറഞ്ഞു. ഉടന്‍തന്നെ, അവര്‍ അവിടെനിന്നും യെരുശലേമിലേക്ക് മടങ്ങിപ്പോയി. അവര്‍ അവിടെയെത്തി, “യേശു ജീവിക്കുന്നു! ഞങ്ങള്‍ അവനെ കണ്ടു!” എന്നു ശിഷ്യന്മാരോട് പറഞ്ഞു.

OBS Image

ശിഷ്യന്മാര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, യേശു പെട്ടെന്ന് ആ അറയില്‍ അവര്‍ക്ക് പ്രത്യക്ഷനായി. താന്‍ അവരോട്, “നിങ്ങള്‍ക്കു സമാധാനം!” എന്ന് പറഞ്ഞു. അത് ഒരു ഭൂതം എന്ന് ശിഷ്യന്മാര്‍ കരുതി, എന്നാല്‍ യേശു പറഞ്ഞു, “നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു? ഇത് വാസ്തവമായും യേശുവാകുന്ന ഞാന്‍ തന്നെ എന്നു നിങ്ങള്‍ ചിന്തിക്കാത്തത് എന്ത്? എന്‍റെ കരങ്ങളും പാദങ്ങളും നോക്കുവിന്‍. ഭൂതങ്ങള്‍ക്ക് എനിക്ക് ഉള്ളതുപോലെ ശരീരങ്ങള്‍ ഇല്ലല്ലോ” എന്ന് പറഞ്ഞു. താന്‍ ഒരു ഭൂതമല്ല എന്ന് കാണിക്കുവാന്‍, തനിക്ക് എന്തെങ്കിലും ഭക്ഷിക്കുവാന്‍ വേണമെന്ന് ആവശ്യപ്പെട്ടു. അവര്‍ തനിക്ക് ഒരു മീന്‍ കഷണം ഭക്ഷിക്കുവാന്‍ കൊടുത്തു, താന്‍ ഭക്ഷിക്കുകയും ചെയ്തു.

OBS Image

യേശു പറഞ്ഞു, “എന്നെക്കുറിച്ച് ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്നവയെല്ലാം സംഭവിക്കും, അത് സംഭവിക്കണമെന്നു ഞാന്‍ മുന്‍പേ തന്നെ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ” തുടര്‍ന്ന് അവര്‍ നല്ലവണ്ണം തിരുവെഴുത്തുകളെ ഗ്രഹിക്കേണ്ടതിനു യേശു ഇടവരുത്തി. അവിടുന്ന് പറഞ്ഞു, “പൂര്‍വ കാലത്തില്‍, പ്രവാചകന്മാര്‍ എഴുതിയ പ്രകാരം, മശീഹ ആകുന്ന ഞാന്‍, പാടുകള്‍ അനുഭവിക്കുകയും, മരിക്കുകയും, അനന്തരം മൂന്നാം ദിവസം മരണത്തില്‍നിന്ന് ഉയിര്‍ത്തെഴു- ന്നേല്‍ക്കുകയും ചെയ്യും.”

OBS Image

“എന്‍റെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപിക്കും എന്നു പ്രവാചകന്മാരും എഴുതിയിട്ടുണ്ട്. അവര്‍ എല്ലാവരോടും മാനസാന്തരപ്പെടുവാന്‍ പറയും. അവര്‍ അപ്രകാരം ചെയ്യുമെങ്കില്‍ ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കും. എന്‍റെ ഈ സന്ദേശം നല്‍കുവാന്‍ ശിഷ്യന്മാര്‍ യെരുശലേമില്‍ പ്രാരംഭം കുറിക്കും. അനന്തരം അവര്‍ എല്ലാ സ്ഥലങ്ങളിലുമുള്ള സകല ജനവിഭാഗങ്ങളുടെ അടുക്കലും ചെല്ലും. നിങ്ങള്‍ ഞാന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സകലത്തിനും, എനിക്ക് സംഭവിച്ച എല്ലാറ്റിനും സാക്ഷികളായിരിക്കുകയും ചെയ്യും.

OBS Image

അടുത്ത നാല്‍പ്പതു ദിവസങ്ങളില്‍, യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് നിരവധി തവണ പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ അവിടുന്ന് 500-ല്‍ പരം ആളുകള്‍ക്ക് ഒരേ സമയം പ്രത്യക്ഷനായി. താന്‍ ജീവനോടെ ഇരിക്കുന്നു എന്ന് വിവിധ മാര്‍ഗ്ഗങ്ങളില്‍ യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് തെളിയിച്ചു കൊടുക്കുകയും, അവര്‍ക്ക് ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്തു.

OBS Image

യേശു തന്‍റെ ശിഷ്യന്മാരോട്, “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലരെയും ഭരിക്കുവാനുള്ള അവകാശം ദൈവം എനിക്ക് നല്‍കിയിരിക്കുന്നു. ആയതിനാല്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നത്: കടന്നുപോയി സകല ജനവിഭാഗങ്ങളെയും ശിഷ്യന്മാരാക്കുവിന്‍. അതിനായി നിങ്ങള്‍ അവരെയെല്ലാം പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെ യും നാമത്തില്‍ നിങ്ങള്‍ സ്നാനം കഴിപ്പിക്കണം. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവ എല്ലാം അനുസരിക്കുവാന്‍ തക്കവിധം അവരെ സകലവും പഠിപ്പിക്കണം. ഓര്‍ക്കുക, ഞാന്‍ എല്ലായ്പ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും”.

OBS Image

യേശു മരണത്തില്‍നിന്ന് ഉയിര്‍ത്തു നാല്‍പ്പതു ദിവസങ്ങള്‍ക്കു ശേഷം, തന്‍റെ ശിഷ്യന്മാരോട് താന്‍ പറഞ്ഞത്, “പിതാവ് നിങ്ങള്‍ക്ക് ശക്തി നല്‍കുവോളം യെരുശലേമില്‍ തന്നെ താമസിക്കുക. അവിടുന്ന് അത് നിങ്ങളുടെമേല്‍ പരിശുദ്ധാത്മാവിനെ അയക്കുമ്പോള്‍ ലഭിക്കും.” അനന്തരം യേശു സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോകുകയും, ഒരു മേഘം യേശുവിനെ അവരുടെ ദൃഷ്ടിയില്‍നിന്ന് മറയ്ക്കുകയും ചെയ്തു. യേശു സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ വലത്തുഭാഗത്ത് സകലത്തിന്മീതെയും ഭരണാധിപത്യം ഉള്ളവനായി ദൈവം സകലത്തെയും ഭരിക്കുന്നവന്‍ ആക്കിയിരിക്കുന്നു.

മത്തായി 28:16-20; മര്‍ക്കൊസ് 16:12-20; ലൂക്കൊസ് 24:13-53; യോഹ.20:19-23; അപ്പൊ.പ്രവ.1:1-11-ല്‍ നിന്നുള്ള ദൈവവചന കഥ.