മലയാളം: Open Bible Stories

Updated ? hours ago # views See on DCS

43. ദൈവസഭ ആരംഭിക്കുന്നു.

OBS Image

യേശു സ്വര്‍ഗ്ഗത്തേക്കു മടങ്ങിപ്പോയശേഷം, യേശു കല്‍പ്പിച്ചപ്രകാരം ശിഷ്യന്മാര്‍ യെരുശലേമില്‍ തന്നെ താമസിച്ചു. അവിടെ വിശ്വാസികള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനക്കുവേണ്ടി ഒന്നിച്ചുകൂടി.

OBS Image

എല്ലാവര്‍ഷവും, പെസഹയ്ക്കു 50 ദിവസങ്ങള്‍ക്കു ശേഷം പെന്തക്കൊസ്ത് എന്നു വിളിക്കുന്ന പ്രധാനപ്പെട്ട ദിവസം യഹൂദന്മാര്‍ ആഘോഷിച്ചു വന്നിരുന്നു. പെന്തക്കൊസ്ത് എന്നത് യഹൂദന്മാര്‍ ഗോതമ്പ് കൊയ്ത്ത് ആഘോഷിച്ചു വന്ന സമയം ആയിരുന്നു. പെന്തക്കൊസ്ത് ആചരിക്കേണ്ടതിനു ലോകം മുഴുവന്‍ ഉണ്ടായിരുന്ന യഹൂദന്മാര്‍ യെരുശലേമില്‍ കൂടിവന്നിരുന്നു. ഈ വര്‍ഷം, പെന്തക്കൊസ്ത് എന്നത് യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത് ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആയിരുന്നു.

OBS Image

വിശ്വാസികള്‍ എല്ലാവരും ഒരുമിച്ചു കൂടി വന്നപ്പോള്‍, അവര്‍ ഇരുന്ന വീട് മുഴുവന്‍ ശക്തമായ കൊടുംമുഴക്ക ശബ്ദത്താല്‍ നിറഞ്ഞു. അപ്പോള്‍ അഗ്നിനാവുകള്‍ എന്നപോലെ എന്തോ ഒന്ന് അവിടെ ഉണ്ടായിരുന്ന സകല വിശ്വാസികളുടെ ശിരസ്സിന്മേലും വന്നു പ്രത്യക്ഷപ്പെട്ടു. അവര്‍ എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും ദൈവത്തെ അന്യഭാഷകളില്‍ സ്തുതിക്കുകയും ചെയ്തു. ഈ ഭാഷകള്‍ സംസാരിക്കുവാന്‍ പരിശുദ്ധാത്മാവ് തന്നെയാണ് അവര്‍ക്ക് സാധ്യമാക്കിയത്.

OBS Image

യെരുശലേമില്‍ ഉള്ളവര്‍ ഈ ശബ്ദം കേട്ടപ്പോള്‍, അവര്‍ കൂട്ടത്തോടെ എന്താണ് സംഭവിച്ചത് എന്നു കാണുവാനായി കടന്നുവന്നു. അപ്പോള്‍ വിശ്വാസികള്‍ ദൈവം ചെയ്‌തതായ മഹത്വമേറിയ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതു കേട്ടു. അവര്‍ ഇത് അവരുടെ സ്വന്ത ഭാഷകളില്‍ കേള്‍ക്കുവാന്‍ ഇടയായതിനാല്‍ ആശ്ചര്യപ്പെട്ടു.

OBS Image

ചിലര്‍ ഈ ശിഷ്യന്മാര്‍ മദ്യപാനം ചെയ്തിരിക്കുന്നു എന്നു പറയുവാന്‍ ഇടയായി. എന്നാല്‍ പത്രൊസ് എഴുന്നേറ്റു നിന്ന് അവരോടു പറഞ്ഞത്, “എന്നെ ശ്രദ്ധിക്കുവിന്‍! ഈ ആളുകള്‍ മദ്യപിച്ചവര്‍ അല്ല! പകരം, നിങ്ങള്‍ കാണുന്നതെന്തെന്നാല്‍ പ്രവാചകനായ യോവേല്‍ സംഭവിക്കുമെന്ന് പറഞ്ഞതു തന്നെയാണ്: ‘അന്ത്യനാളുകളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ പകരും.”

OBS Image

“ഇസ്രയേല്‍ പുരുഷന്മാരെ, താന്‍ ആരെന്നു കാണിക്കേണ്ടതിനു നിരവധി അത്ഭുതങ്ങള്‍ കാണിച്ച വ്യക്തിയാണ് യേശു. ദൈവശക്തിയാല്‍ താന്‍ നിരവധി അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ഇടയായി. നിങ്ങള്‍ക്ക് അവ അറിയാം, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അവ കണ്ടിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ അവനെ ക്രൂശിച്ചു!”

OBS Image

“യേശു മരിച്ചു, എന്നാല്‍ ദൈവം അവനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചു “ഇത് ഒരു പ്രവാചകന്‍ എഴുതിയതിനെ യഥാര്‍ത്ഥമാക്കി: “നിന്‍റെ പരിശുദ്ധനെ കല്ലറയില്‍ ദ്രവത്വം കാണുവാന്‍ സമ്മതിക്കുകയില്ല. ‘ദൈവം യേശുവിനെ വീണ്ടും ജീവനിലേക്ക് ഉയിര്‍പ്പിച്ചു എന്നതിനു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു” എന്നു പറഞ്ഞു.

OBS Image

“പിതാവായ ദൈവം യേശുവിനെ തന്‍റെ വലത്തു ഭാഗത്ത് ഇരുത്തി യേശുവിനെ ആദരിച്ചിരിക്കുന്നു. യേശു താന്‍ നല്‍കുമെന്നു വാഗ്ദത്തം ചെയ്തതുപോലെ തന്‍റെ പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് അയച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതുമായ സംഗതികളെ പരിശുദ്ധാത്മാവ് ആണ് സംഭവ്യമാക്കിയിരിക്കുന്നത്.’’

OBS Image

“നിങ്ങള്‍ യേശുവെന്ന മനുഷ്യനെ ക്രൂശിച്ചു. എന്നാല്‍ ദൈവം യേശുവിനെ എല്ലാവര്‍ക്കും കര്‍ത്താവായും മശീഹയായും ആക്കി വെച്ചിരിക്കുന്നു എന്നു തീര്‍ച്ചയായും അറിഞ്ഞുകൊള്ളട്ടെ.!”

OBS Image

പത്രൊസിനെ കേട്ടുകൊണ്ടിരുന്ന ജനം താന്‍ പ്രസ്താവിച്ച കാര്യങ്ങള്‍ നിമിത്തം ഹൃദയത്തില്‍ ചലനമുള്ളവരായി തീര്‍ന്നു. ആയതിനാല്‍ അവര്‍ പത്രൊസിനോടും ശിഷ്യന്മാരോടും, “സഹോദരന്മാരേ, ഞങ്ങള്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു.

OBS Image

പത്രൊസ് അവരോടു പറഞ്ഞത്, “ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണ്ടതിനു നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ പാപങ്ങളില്‍നിന്നും മാനസ്സാന്തരപ്പെടുകയും, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുകയും വേണം. അപ്പോള്‍ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങള്‍ക്കും ലഭിക്കും” എന്നാണ്.

OBS Image

ഏകദേശം 3,000 പേര്‍ പത്രൊസ് പറഞ്ഞത് വിശ്വസിക്കുകയും യേശുവിന്‍റെ ശിഷ്യന്മാര്‍ ആകുകയും ചെയ്തു. അവര്‍ സ്നാനപ്പെടുകയും യെരുശലേം സഭയുടെ ഭാഗമാകുകയും ചെയ്തു.

OBS Image

വിശ്വാസികള്‍ തുടര്‍മാനമായി അപ്പൊസ്തലന്മാരുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവര്‍ എപ്പോഴും ഒരുമിച്ചു കൂടിവരികയും ഭക്ഷിക്കുകയും ഒത്തൊരുമിച്ചു പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു. അവര്‍ ഒരുമനസ്സോടെ ദൈവത്തെ സ്തുതിക്കുകയും അവര്‍ക്കുണ്ടായതെല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്തു. പട്ടണത്തില്‍ ഉള്ള എല്ലാവരും അവരെക്കുറിച്ച് നല്ല അഭിപ്രായം ഉള്ളവരായി. അനുദിനവും, കൂടുതല്‍ ജനം വിശ്വാസികള്‍ ആയിത്തീര്‍ന്നു.

അപ്പൊസ്തല പ്രവര്‍ത്തികള്‍ 2-ല്‍ നിന്നുള്ള ദൈവവചന കഥ