മലയാളം: Open Bible Stories

Updated ? hours ago # views See on DCS

20. പ്രവാസവും മടങ്ങിവരവും.

OBS Image

ഇസ്രയേല്‍ രാജ്യവും യൂദ രാജ്യവും ദൈവത്തിന്നെതിരായി പാപം ചെയ്തു. സീനായില്‍ വെച്ച് ദൈവം അവരോടു ചെയ്ത ഉടമ്പടി അവര്‍ ലംഘിച്ചു. അവര്‍ മനംതിരിയുവാനും അവനെ ആരാധിക്കാനുമായി മുന്നറിയിപ്പ് നല്‍കുവാന്‍ ദൈവം തന്‍റെ പ്രവാചകന്മാരെ അയച്ചു, എങ്കിലും അവര്‍ അനുസരിക്കുവാന്‍ വിസ്സമ്മതിച്ചു.

OBS Image

ആകയാല്‍ അവരുടെ ശത്രുക്കള്‍ അവരെ നശിപ്പിക്കേണ്ടതിനു ദൈവം അനുവദിച്ചുകൊണ്ട് അവരെ ശിക്ഷിച്ചു. വളരെ ശക്തിപ്രാപിച്ചു വന്ന വേറൊരു രാഷ്ട്രം ആയിരുന്നു അശ്ശൂര്‍. അവര്‍ മറ്റു രാജ്യങ്ങളോട് വളരെ ക്രൂരമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. അവര്‍ വന്ന് ഇസ്രയേല്‍ രാജ്യത്തെ നശിപ്പിച്ചു. അവര്‍ വന്ന് ഇസ്രയേല്‍ രാജ്യത്തിലെ നിരവധി ആളുകളെ കൊല്ലുകയും, അവര്‍ ആഗ്രഹിച്ചതെല്ലാം എടുത്തുകൊണ്ടുപോകുകയും രാജ്യത്തിന്‍റെ അധികവും കത്തിക്കുകയും ചെയ്തു.

OBS Image

അശ്ശൂര്യര്‍ എല്ലാ നേതാക്കന്മാരെയും, ധനവാന്മാരെയും, വിലയേറിയ കാര്യങ്ങള്‍ ഉണ്ടാക്കുന്നവരെയും ഏവരെയും ഒന്നിച്ചുകൂട്ടി, അവരെ അശൂരിലേക്ക് കൊണ്ടുപോയി. വെറും പാവപ്പെട്ട ഇസ്രയേല്യരില്‍ ചിലര്‍ മാത്രം ഇസ്രയേലില്‍ ശേഷിച്ചു.

OBS Image

തുടര്‍ന്ന് വിദേശികളെ അശൂര്യര്‍ ദേശത്തു പാര്‍ക്കുവനായി കൊണ്ടുവന്നു. വിദേശികള്‍ പട്ടണങ്ങളെ പുനര്‍നിര്‍മ്മാണം ചെയ്തു. അവിടെ ശേഷിച്ച ഇസ്രയേല്‍ ജനത്തില്‍നിന്നും വിവാഹം കഴിച്ചു. ഈ ജനത്തിന്‍റെ സന്തതികളെ ‘ശമര്യക്കാര്‍’ എന്നു വിളിച്ചിരുന്നു.

OBS Image

ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാതിരുന്ന ഇസ്രയേല്‍ രാജ്യത്തെ ദൈവം എപ്രകാരം ശിക്ഷിച്ചു എന്ന് യഹൂദരാജ്യത്തിലെ ജനം കണ്ടു. എന്നാല്‍ അവരും കനാന്യ ദൈവങ്ങള്‍ ഉള്‍പ്പെടെയുള്ള വിഗ്രഹങ്ങളെ ആരാധിച്ചു വന്നു. ദൈവം മുന്നറിയിപ്പ് നല്‍കുവാനായി ദൈവം പ്രവാചകന്മാരെ അയച്ചുവെങ്കിലും അവര്‍ കേള്‍ക്കുവാന്‍ വിസമ്മതിച്ചു.

OBS Image

ഇസ്രയേല്‍ ദേശത്തെ അശൂര്യര്‍ നശിപ്പിച്ചു 100 വര്‍ഷങ്ങള്‍ക്കു ശേഷം, ബാബിലോന്യ രാജാവായ നെബുഖദ് നെസ്സരിനെ യഹൂദ രാജ്യം അക്രമിക്കുവാനായി ദൈവം അയച്ചു. ബാബിലോണ്‍ ഒരു ശക്തമായ രാജ്യം ആയിരുന്നു. യഹൂദ രാജാവ് നെബുഖദ്നെസ്സര്‍ രാജാവിന് സേവകന്‍ ആകുവാനും, എല്ലാവര്‍ഷവും ധാരാളം പണം നല്‍കാമെന്നും സമ്മതിച്ചു.

OBS Image

എന്നാല്‍ ചില വര്‍ഷങ്ങള്‍ക്കു ശേഷം, യഹൂദ രാജാവ് ബാബിലോണിന് എതിരായി മത്സരിച്ചു. ആയതിനാല്‍ ബാബിലോന്യര്‍ മടങ്ങിവന്നു യഹൂദരാജ്യത്തെ ആക്രമിച്ചു. അവര്‍ യെരുശലേം പട്ടണം പിടിച്ചടക്കുകയും ദൈവാലയം നശിപ്പിക്കുകയും, പട്ടണത്തിലും ദൈവാലയത്തിലും ഉണ്ടായിരുന്ന സകല സമ്പത്തും കൊണ്ടുപോയി.

OBS Image

യഹൂദ രാജാവിന്‍റെ മത്സരത്തിനു ശിക്ഷ നല്‍കുവാനായി, നെബുഖദ്നേസ്സര്‍ രാജാവിന്‍റെ സൈനികര്‍ രാജാവിന്‍റെ പുത്രന്മാരെ തന്‍റെ കണ്ണിന്‍ മുന്‍പില്‍ വെച്ച് വധിക്കുകയും, തന്നെ അന്ധന്‍ ആക്കുകയും ചെയ്തു. അതിനുശേഷം, രാജാവിനെ പിടിച്ചുകൊണ്ടു പോകുകയും താന്‍ ബാബിലോണില്‍ ഉള്ള കാരാഗ്രഹത്തില്‍ വെച്ച് മരിക്കുകയും ചെയ്തു.

OBS Image

നെബുഖദ്നേസ്സരും തന്‍റെ സൈന്യവും യഹൂദ രാജ്യത്തിലെ ഒട്ടുമിക്കവാറും ജനത്തെ ബാബിലോണിലേക്ക് കൊണ്ടു പോയി, ഏറ്റവും പാവപ്പെട്ടവരായ ജനത്തെ മാത്രം വയലില്‍ കൃഷി ചെയ്യുവാനായി വിട്ടു. ഈ കാലഘട്ടത്തില്‍ ദൈവത്തിന്‍റെ ജനം വാഗ്ദത്തദേശം വിട്ടുപോകുവാന്‍ നിര്‍ബന്ധിതരായപ്പോഴുള്ള സമയത്തെ പ്രവാസം എന്നു വിളിച്ചു.

OBS Image

ദൈവം തന്‍റെ ജനത്തെ അവരുടെ പാപം നിമിത്തം ശിക്ഷിച്ചു പ്രവാസത്തില്‍ കൊണ്ടുപോയെങ്കിലും, ദൈവം അവരെയോ തന്‍റെ വാഗ്ദത്തങ്ങളെയോ മറന്നില്ല. ദൈവം തന്‍റെ ജനത്തെ തുടര്‍ച്ചയായി വീക്ഷിക്കുകയും തന്‍റെ പ്രവാചകന്മാരില്‍കൂടെ അവരോടു സംസാരിക്കുകയും ചെയ്തുവന്നു. അവിടുന്ന് വാഗ്ദത്തം ചെയ്തത്, എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടും അവര്‍ വാഗ്ദത്ത ദേശത്തിലേക്കു മടങ്ങിവരുമെന്നായിരുന്നു.

OBS Image

ഏകദേശം എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷം, പേര്‍ഷ്യന്‍ രാജാവായ കോരേശ്, ബാബിലോന്യരെ പരാജയപ്പെടുത്തുകയും, പേര്‍ഷ്യന്‍ സാമ്രാജ്യം ബാബിലോണ്യന്‍ സാമ്രാജ്യത്തിനു പകരം അനേക രാജ്യങ്ങളെ ഭരിച്ചു. ഇപ്പോള്‍ ഇസ്രയേല്യരെ യഹൂദന്മാര്‍ എന്ന് വിളിച്ചിരുന്നു. അവരില്‍ മിക്കപേരും അവരുടെ മുഴുവന്‍ ആയുസ്സും ബാബിലോണില്‍ തന്നെ ജീവിച്ചു. അവരില്‍ പ്രായം ഉള്ള വളരെ കുറച്ചുപേര്‍ മാത്രമേ യഹൂദ ദേശത്തെകുറിച്ച് ഓര്‍മ്മയുള്ളവരായി ഉണ്ടായിരുന്നുള്ളൂ.

OBS Image

പേര്‍ഷ്യക്കാര്‍ വളരെ ശക്തരായിരുന്നു എന്നാല്‍, അവര്‍ കീഴടക്കിയ ജനങ്ങളോട് കരുണയുള്ളവര്‍ ആയിരുന്നു. കൊരേശ് പേര്‍ഷ്യക്കാരുടെ രാജാവായി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ, ഏതെങ്കിലും യഹൂദന്‍ പേര്‍ഷ്യയില്‍ നിന്നും യഹൂദയിലേക്ക് പോകുവാന്‍ താല്‍പ്പര്യപ്പെടുന്നു എങ്കില്‍ യഹൂദയിലേക്ക് മടങ്ങിപ്പോകാം എന്ന് കല്‍പ്പന നല്‍കി. അവര്‍ ദേവാലയം പുതുക്കിപ്പണിയേണ്ടതിനു പണവും നല്‍കി. അങ്ങനെ, എഴുപതു വര്‍ഷങ്ങളുടെ പ്രവാസത്തിനു ശേഷം, ഒരു ചെറിയ സംഘം യഹൂദന്മാര്‍ യഹൂദയില്‍ ഉള്ള യെരുശലേം പട്ടണത്തിലേക്ക് മടങ്ങി വന്നു.

OBS Image

ജനം യെരുശലേമില്‍ എത്തിയപ്പോള്‍, അവര്‍ ദൈവാലയവും പട്ടണത്തിനു ചുറ്റും മതിലും പുതുക്കിപ്പണിതു. പേര്‍ഷ്യക്കാര്‍ ഇപ്പോഴും അവരെ ഭരിച്ചുകൊണ്ടിരുന്നു, എന്നാല്‍ ഒരിക്കല്‍കൂടി അവര്‍ക്ക് വാഗ്ദത്ത ദേശത്ത് താമസിക്കുകയും ദൈവാലയത്തില്‍ ആരാധിക്കുകയും ചെയ്യുക ആയിരുന്നു.

2 രാജാക്കന്മാര്‍ 17; 24-25; 2 ദിനവൃത്താന്തം 36; എസ്രാ1-10; നെഹെമ്യാവ് 1-13