41. ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുന്നു.
പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനു ശേഷം, യഹൂദ നേതാക്കന്മാര്‍ പീലാത്തൊസിനോട്, “ആ നുണയന്‍, മൂന്നു ദിവസത്തിനു ശേഷം താന്‍ മരിച്ചരുടെ ഇടയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്‍റെ ശിഷ്യന്മാര്‍ ആ ശരീരം മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കുവാന്‍ വേണ്ടി കല്ലറയ്ക്ക് കാവല്‍ നിര്‍ത്തണം. അവര്‍ അങ്ങനെ ചെയ്താല്‍, യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറയുവാന്‍ ഇടയാകും.”
പീലാത്തൊസ് പറഞ്ഞത്, “കുറച്ചു പട്ടാളക്കാരെ വിളിച്ചുകൊണ്ടുപോയി നിങ്ങളാലാവുംവിധം കാവല്‍ കാത്തുകൊള്ളുക” എന്നാണ്. അപ്രകാരം അവര്‍ കല്ലറയുടെ വാതുക്കല്‍ ഉള്ള കല്ലിന്മേല്‍ ഒരു മുദ്രയും വെച്ചു. കൂടാതെ ആരും ശരീരം മോഷ്ടിച്ചുകൊണ്ടു പോകാതിരിക്കുന്നതിനു പടയാളികളെയും അവര്‍ നിര്‍ത്തി.
യേശു മരിച്ചതിന്‍റെ അടുത്ത ദിവസം ഒരു ശബത്ത് ദിനം ആയിരുന്നു. ശബത്ത് ദിനത്തില്‍ ആരും യാതൊരു പ്രവര്‍ത്തിയും ചെയ്യുവാന്‍ പാടില്ലാത്ത- തിനാല്‍ യേശുവിന്‍റെ സ്നേഹിതന്മാര്‍ ആരും തന്നെ കല്ലറയ്ക്കല്‍ ചെന്നില്ല. എന്നാല്‍ ശബത്തിന്‍റെ അടുത്ത ദിവസം, അതിരാവിലെ സമയം, പല സ്ത്രീകളും യേശുവിന്‍റെ കല്ലറയ്ക്കല്‍ പോകുവാന്‍ തയ്യാറായി. അവര്‍ യേശുവിന്‍റെ ശരീരത്തില്‍ കൂടുതല്‍ സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ താല്‍പ്പര്യപ്പെട്ടു.
സ്ത്രീകള്‍ എത്തുന്നതിനു മുന്‍പേ, കല്ലറയ്ക്കല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായി. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ വന്നു. കല്ലറയുടെ വാതില്‍ അടച്ചിരുന്ന വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നിരുന്നു. ആ ദൂതന്‍ മിന്നല്‍ പോലെ പ്രകാശമുള്ളവന്‍ ആയിരുന്നു. കല്ലറയ്ക്കല്‍ ഉണ്ടായിരുന്ന സൈനികര്‍ അവനെ കണ്ടു. അവര്‍ ഭയചകിതരായി മരിച്ചവരെപ്പോലെ നിലത്തു വീണു.
സ്ത്രീകള്‍ കല്ലറയ്ക്കല്‍ എത്തിയപ്പോള്‍, ദൂതന്‍ അവരോട്, “ഭയപ്പെടേണ്ട, യേശു ഇവിടെ ഇല്ല. അവിടുന്ന് മരിച്ചവരില്‍നിന്ന് താന്‍ പറഞ്ഞതു പോലെത്തന്നെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! കല്ലറയ്ക്കകത്ത് നോക്കുക,” എന്നു പറഞ്ഞു. സ്ത്രീകള്‍ കല്ലറയ്ക്കകത്ത് യേശുവിന്‍റെ ശരീരം വെച്ചിരുന്ന സ്ഥലം നോക്കിക്കണ്ടു. തന്‍റെ ശരീരം അവിടെ ഇല്ലായിരുന്നു.
അപ്പോള്‍ ദൂതന്‍ സ്ത്രീകളോട്, “ചെന്നു ശിഷ്യന്മാരോട് പറയുക, യേശു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു നിങ്ങള്‍ക്കു മുന്‍പായി ഗലീലയിലേക്ക് പോകും.”
ആ സ്ത്രീകള്‍ വളരെ ആശ്ചര്യഭരിതരായി സന്തോഷിച്ചു. അവര്‍ ശിഷ്യന്മാരോട് ഈ സദ്വര്‍ത്തമാനം അറിയിക്കുവാനായി ഓടിപ്പോയി.
സ്ത്രീകള്‍ ഈ സദ്വര്‍ത്തമാനം അറിയിക്കുവാനായി പോകുന്ന വഴിയില്‍, യേശു അവര്‍ക്ക് പ്രത്യക്ഷനാ യി. അവര്‍ അവിടുത്തെ പാദത്തില്‍ വീണു. അപ്പോള്‍ യേശു അവരോട്, “ഭയപ്പെടേണ്ട. എന്‍റെ ശിഷ്യന്മാരോട് ഗലീലയിലേക്ക് പോകുവാന്‍ പറയുക. അവിടെ അവര്‍ എന്നെ കാണും”.
മത്തായി 27:62-28:15; മര്‍ക്കൊസ് 16:1-11; ലൂക്കൊസ് 24:1-12; യോഹന്നാന്‍ 20:1-18