1. സൃഷ്ടി
സകലത്തിന്റെയും ആരംഭം ഇപ്രകാരം ആണ് സംഭവിച്ചത്. പ്രപഞ്ചവും അതിലുള്ളത് മുഴുവനും ആറു ദിവസം കൊണ്ട് ദൈവം സൃഷ്ടിച്ചു. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ അത് ഇരുട്ടുള്ളതും ശൂന്യവുമായിരുന്നു, അതിൽ ഒന്നും രൂപപ്പെട്ടിരുന്നുമില്ല. എന്നാൽ ദൈവത്തിന്റെ ആത്മാവ് അവിടെ വെള്ളത്തിന്മേൽ ഉണ്ടായിരുന്നു.
പിന്നെ ദൈവം, “വെളിച്ചം ഉണ്ടാകട്ടെ!” എന്ന് പറഞ്ഞു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു, അതിനെ “പകൽ”എന്നു വിളിക്കുകയും ചെയ്തു. താൻ “രാത്രി”എന്നു വിളിച്ച ഇരുട്ടിൽ നിന്നും അവൻ അതിനെ വേർതിരിച്ചു. സൃഷ്ടിയുടെ ഒന്നാം ദിവസമാണ് ദൈവം വെളിച്ചം സൃഷ്ടിച്ചത്.
സൃഷ്ടിയുടെ രണ്ടാം ദിവസം, ദൈവം തന്റെ വാക്കിനാൽ ഭൂമിക്കു മുകളിൽ ആകാശത്തെ സൃഷ്ടിച്ചു. വെള്ളത്തെ താഴേക്കും മുകളിലേക്കുമായി വിഭാഗിച്ചു കൊണ്ടാണ് ആകാശത്തെ സൃഷ്ടിച്ചത്.
മൂന്നാം ദിവസം, ദൈവം ഉണങ്ങിയ നിലത്തു നിന്നു വെള്ളത്തെ വേർതിരിച്ചു. അവൻ ഉണങ്ങിയ നിലത്തിനു “ഭൂമി” എന്നും വെള്ളത്തിന് “സമുദ്രം” എന്നും പേർ വിളിച്ചു. ദൈവം താൻ സൃഷ്ടിച്ചതിനെ നല്ലതെന്നു കണ്ടു.
അതിനു ശേഷം, “ഭൂമിയിൽ നിന്നും എല്ലാ തരത്തിലുമുള്ള മരങ്ങളും ചെടികളും ഉണ്ടാകട്ടെ” എന്നു ദൈവം പറഞ്ഞു. അപ്പോൾ അത് അങ്ങനെ സംഭവിച്ചു. ദൈവം താൻ സൃഷ്ടിച്ചതിനെ നല്ലതെന്നു കണ്ടു.
സൃഷ്ടിയുടെ നാലാം ദിവസം, ദൈവം സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും തന്റെ വാക്കിനാൽ സൃഷ്ടിച്ചു. ദൈവം അതിനെ ഭൂമിക്ക് പ്രകാശം നല്കുവാനും പകലും രാത്രിയും ഋതുക്കളും വർഷങ്ങളും അറിയാനുള്ള അടയാളങ്ങളായും സൃഷ്ടിച്ചു. ദൈവം താൻ സൃഷ്ടിച്ചതിനെ നല്ലതെന്നു കണ്ടു.
അഞ്ചാം ദിവസം, ദൈവം തന്റെ വാക്കിനാൽ വെള്ളത്തിൽ നീന്തുന്ന ജീവികളേയും പറവകളേയും സൃഷ്ടിച്ചു. അതിനേയെല്ലാം നല്ലതെന്നു കണ്ടിട്ടു ദൈവം അവയെ അനുഗ്രഹിച്ചു.
സൃഷ്ടിയുടെ ആറാം ദിവസം, ദൈവം “ഭൂമിയിലുള്ള സകല മൃഗങ്ങളും ഉണ്ടാകട്ടെ” എന്നു പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു. അതിൽ ചിലത് വളർത്തു മൃഗങ്ങളും ചിലത് ഇഴജന്തുക്കളും ചിലത് വന്യ ജീവികളുമായിരുന്നു. ദൈവം ഇതിനെ എല്ലാം നല്ലതെന്നു കണ്ടു.
അതിനു ശേഷം ദൈവം, “നമുക്ക് നമ്മുടെ സ്വരൂപത്തിൽ മനുഷ്യരെ സൃഷ്ടിക്കാം. അവർ നമ്മളെ പോലെ ആകട്ടെ. അവർക്ക് ഭൂമിയിന്മേലും അതിലുള്ളതിന്മേലും അധികാരം ഉണ്ടാകട്ടെ” എന്നു പറഞ്ഞു.
ദൈവം കുറച്ചു മണ്ണെടുത്ത്, അതിന് രൂപം കൊടുത്ത്, അതിൽ ജീവ ശ്വാസം ഊതി മനുഷ്യനെ സൃഷ്ടിച്ചു. ഈ മനുഷ്യന്റെ പേരായിരുന്നു ആദം. ആദമിന് താമസിക്കുവാനായി ദൈവം ഒരു തോട്ടം സൃഷ്ടിച്ചു, അത് കാത്തു സൂക്ഷിക്കുവാനായി അവനെ അതിൽ ആക്കി.
ആ തോട്ടത്തിന്റെ നടുവിലായി ദൈവം രണ്ട് പ്രത്യേക മരങ്ങൾ നട്ടു. ജീവന്റെ വൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവു കിട്ടുന്ന വൃക്ഷവുമായിരുന്നു അവ. നന്മതിന്മകളെ കുറിച്ചുള്ള അറിവു കിട്ടുന്ന വൃക്ഷത്തിന്റെ ഫലങ്ങളൊഴികെയുള്ള എല്ലാ മരങ്ങളുടെയും ഫലങ്ങൾ നിനക്ക് തിന്നാം എന്ന് ദൈവം ആദമിനോട് പറഞ്ഞു. അവൻ ഈ മരത്തിൽ നിന്ന് കഴിച്ചാൽ, അവൻ മരിക്കും.
പിന്നെ ദൈവം, “മനുഷ്യൻ തനിയെ ഇരിക്കുന്നത് നല്ലതല്ല” എന്ന് പറഞ്ഞു. എന്നാൽ ഒരു മൃഗങ്ങൾക്കും അവന് കൂട്ടാളിയാകുവാൻ കഴിയില്ലായിരുന്നു.
അതുകൊണ്ട് ദൈവം ആദമിനെ ഒരു ഗാഢനിദ്രയിലാക്കി. എന്നിട്ട്‍ ആദമിന്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്ത് ഒരു സ്ത്രീയെ ഉണ്ടാക്കി. എന്നിട്ട് അവളെ അവന്റെ അടുക്കൽ കൊണ്ടു വന്നു.
ആദം അവളെ കണ്ടപ്പോൾ അവൻ പറഞ്ഞു: “ഇതാ ഇവൾ എന്നെപ്പോലെ ഇരിക്കുന്നു. നരനിൽ നിന്നും ഉണ്ടാക്കിയതിനാൽ ഇവളെ നാരി എന്നു വിളിക്കട്ടെ”. അതു കൊണ്ടാണ് അവൻ അപ്പനേയും അമ്മയേയും വിട്ടു ഭാര്യയോടു ചേരുന്നത്.
അങ്ങനെ ദൈവം പുരുഷനേയും സ്ത്രീയെയും തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. അവരെ അനുഗ്രഹിച്ച് പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ മക്കളും മക്കളുടെ മക്കളുമായി ഭൂമിയിൽ നിറയുവിൻ”. താൻ സൃഷ്ടിച്ചത് എല്ലാം നല്ലതെന്നു കണ്ടിട്ട് ദൈവം വളരെ സന്തോഷവാനായി. ഇതെല്ലാം സൃഷ്ടിപ്പിന്റെ ആറാം ദിവസം സംഭവിച്ചു.
ഏഴാം ദിവസം, ദൈവം തന്റെ വേലയെല്ലാം പൂർത്തിയാക്കിയിട്ടു വിശ്രമിച്ചു. അവൻ ഏഴാം ദിവസത്തെ അനുഗ്രഹിച്ച് വിശുദ്ധീകരിച്ചു. ഇപ്രകാരമാണ് ദൈവം ലോകത്തേയും അതിലുള്ളതിനെയൊക്കേയും സൃഷ്ടിച്ചു.
(ഈ വേദപുസ്തക കഥ ഉല്പത്തി 1, 2 അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)