36. രൂപാന്തരം
ഒരു ദിവസം, യേശു തന്റെ ശിഷ്യന്മാരിൽ മൂന്നുപേരെ അതായത്, പത്രൊസിനെയും, യാക്കോബിനെയും, യോഹന്നാനെയും കൂട്ടി (യോഹന്നാൻ എന്ന ഈ ശിഷ്യൻ യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാൻ അല്ല.) ഒരു വലിയ മലയിലേക്ക് പ്രാർത്ഥിക്കുവാൻ പോയി.
യേശു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ, അവന്റെ മുഖം സൂര്യനെപ്പോലെ പ്രകാശിക്കുകയും അവന്റെ വസ്ത്രം ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിക്കുവാൻ കഴിയാത്തവണ്ണം വെളിച്ചം പോലെ, ഏറ്റവും വെള്ളയായിത്തീർന്നു.
അപ്പോൾ നൂറുകണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന മോശെയും പ്രവാചകനായ ഏലിയാവും അവിടെ പ്രത്യക്ഷപ്പെട്ടു. അധികം താമസിയാതെ യെരുശലേമിൽ വച്ച് നടക്കാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ച് അവർ യേശുവുമായി സംസാരിച്ചു.
മോശെയും ഏലിയാവും യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, പത്രൊസ്‍ യേശുവിനോടു, “നാം ഇവിടെയിരിക്കുന്നതു നല്ലത്. ഞങ്ങൾ മൂന്നു കുടിലുകൾ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും, ഒന്നു മോശെക്കും, ഒന്ന് ഏലിയാവിനും” എന്ന് പറഞ്ഞു. താൻ എന്താണു പറയുന്നത് എന്ന് പത്രൊസ് അറിഞ്ഞിരുന്നില്ല.
പത്രൊസ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, പ്രകാശമുള്ള ഒരു മേഘം ഇറങ്ങിവന്ന് അവരെ ചുറ്റി നിന്നു. ആ മേഘത്തിൽ നിന്നും “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാധിച്ചിരിക്കുന്നു. ഇവനു ചെവി കൊടുപ്പിൻ” എന്നുള്ളൊരു ശബ്ദവും ഉണ്ടായി. അപ്പോൾ ആ മൂന്നു ശിഷ്യന്മാരും ഭയപ്പെട്ടു നിലത്തു കവിണുവീണു.
അപ്പോൾ യേശു അവരെ തൊട്ടു കൊണ്ടു, “ഭയപ്പെടേണ്ട, എഴുന്നേൽപ്പിൻ” എന്ന് പറഞ്ഞു. അവർ ചുറ്റും നോക്കിയപ്പോൾ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
പിന്നെ യേശുവും ആ മൂന്നു ശിഷ്യന്മാരും പർവ്വതത്തിൽ നിന്നും താഴേക്കു ഇറങ്ങി പോന്നു. അപ്പോൾ യേശു അവരോടു, “ഇവിടെ സംഭവിച്ചതെന്താണെന്ന് ഇപ്പോൾ ആരോടും പറയരുത്. ഞാൻ ഉടനെ മരിക്കുകയും അതിനുശേഷം മരണത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുകയും ചെയ്യും. അതിനു ശേഷം നിങ്ങൾക്ക് ഇത് മറ്റുള്ളവരോട് പറയാം” എന്ന് പറഞ്ഞു.
മത്തായി 17:1-19, മർക്കൊസ് 9:2-8, ലൂക്കൊസ് 9:28-36