32. യേശു ഭൂതഗ്രസ്തനായ മനുഷ്യനെയും രോഗിയായ സ്ത്രീയെയും സൌഖ്യമാക്കുന്നു
ഒരു ദിവസം, യേശുവും തന്റെ ശിഷ്യന്മാരും ഒരു വഞ്ചിയിൽ കയറി തടാകത്തിനക്കരെയുള്ള ഗദരദേശത്തേക്ക് പോയി.
അവർ തടാകത്തിന്റെ മറുകരയിലെത്തിയപ്പോൾ, അശുദ്ധാത്മാക്കൾ ബാധിച്ച ഒരു മനുഷ്യൻ യേശുവിന്റെ അടുക്കലേക്ക് ഓടിയെത്തി.
ആ മനുഷ്യൻ വളരെ ശക്തനായിരുന്നതിനാൽ ആർക്കും അയാളെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. ആളുകൾ അവന്റെ കൈകാലുകൾ ചങ്ങലയിട്ട് ബന്ധിച്ചിക്കുവാൻ ശ്രമിച്ചു, എന്നാൽ അവൻ അവ പൊട്ടിച്ചുകളഞ്ഞുകൊണ്ടേയിരുന്നു.
ആ പ്രദേശത്തുള്ള കല്ലറകളിലായിരുന്നു ആ മനുഷ്യൻ വസിച്ചിരുന്നത്. അവൻ രാവും പകലും നിലവിളിച്ചുകൊണ്ടേയിരുന്നു. അവൻ വസ്ത്രങ്ങൾ ധരിക്കാതെയും തന്നത്താൻ കല്ലുകൾക്കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.
അവൻ യേശുവിന്റെ അടുക്കൽ എത്തിയപ്പോൾ, യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി നിന്നു. അപ്പോൾ യേശു അശുദ്ധാത്മാവിനോട്, “ഈ മനുഷ്യനിൽ നിന്നു പുറത്തുവരിക!” എന്ന് കല്പിച്ചു.
അപ്പോൾ ഭൂതങ്ങൾ ബാധിച്ച മനുഷ്യൻ, “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദയവായി എന്നെ ദണ്ഡിപ്പിക്കരുതേ!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. അപ്പോൾ യേശു ഭൂതത്തോട്, “നിന്റെ പേര് എന്താകുന്നു?”എന്നു ചോദിച്ചു. അതിന് അവൻ, “എന്റെ പേര് ലെഗ്യോൻ എന്നാണ്. കാരണം, ഞങ്ങൾ പലരാകുന്നു” എന്ന് മറുപടി പറഞ്ഞു. (ഒരു “ലെഗ്യോൻ” എന്നത് റോമൻ പട്ടാളത്തിലെ ആയിരക്കണക്കിന് പടയാളികളുടെ ഒരു കൂട്ടമാണ്.)
“ദയവായി ഈ ദേശത്തു നിന്നും ഞങ്ങളെ പുറത്താക്കരുതേ”എന്ന് അശുദ്ധാത്മാക്കൾ യേശുവിനോട് അപേക്ഷിച്ചു! അവിടെ അടുത്ത് ഒരു മലയരികിൽ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട്, അശുദ്ധാത്മാക്കൾ യേശുവിനോട് “ദയവായി ഞങ്ങളെ പന്നികളിലേക്ക് അയയ്ക്കേണമേ” എന്ന് അപേക്ഷിച്ചു! അപ്പോൾ “പോക” എന്ന് യേശു പറഞ്ഞു!
അശുദ്ധാത്മാക്കൾ ആ മനുഷ്യനിൽ നിന്നും പുറത്തു വന്ന് പന്നികളിൽ കയറി. അപ്പോൾ പന്നികൾ കീഴ്ക്കാംതൂക്കായ തീരത്തുകൂടെ ഓടി തടാകത്തിലെ വെള്ളത്തിൽ വീണു മുങ്ങി ചത്തു. ആ കൂട്ടത്തിൽ ഏകദേശം 2,000 പന്നികൾ ഉണ്ടായിരുന്നു.
ഈ സംഭവിച്ചതു ഒക്കെയും പന്നികളെ മേയിക്കുന്നവർ കണ്ടപ്പോൾ, അവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന് യേശു ചെയ്ത കാര്യം എല്ലാവരെയും അറിയിച്ചു. പട്ടണത്തിൽ നിന്നുള്ള ജനങ്ങൾ വന്ന് അശുദ്ധാത്മക്കൾ ഉണ്ടായിരുന്ന മനുഷ്യനെ കണ്ടു. അവൻ ശാന്തനായി, വസ്ത്രം ധരിച്ച് ഒരു സാധാരണ മനുഷ്യനെപ്പോലെയായിരുന്നു.
ഇതു കണ്ട് ജനങ്ങൾ വളരെയധികം ഭയപ്പെട്ടു യേശുവിനോട് അവിടം വിട്ടുപോകുവാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് യേശു വള്ളത്തിൽ കയറി പോകുവാൻ തയ്യാറെടുത്തു. ഭൂതങ്ങളുണ്ടായിരുന്ന മനുഷ്യൻ തന്നെയും യേശുവിനോടൊപ്പം വരുവാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു.
എന്നാൽ യേശു അവനോടു, “വേണ്ട, നീ വീട്ടിലേക്കുപോയി ദൈവം നിനക്ക് എന്തു ചെയ്തു എന്നും നിന്നോടു കരുണ കാണിച്ചതും നിന്റെ കുടുംബത്തിലുള്ളവരോടും കൂട്ടുകാരോടും പറക” എന്ന് പറഞ്ഞു.
അങ്ങനെ ആ മനുഷ്യൻ അവിടെ നിന്നും പോയി, യേശു തനിക്ക് എന്തു ചെയ്തു കൊടുത്തു എന്ന് എല്ലാവരേയും അറിയിച്ചു. അവന്റെ കഥ കേട്ട എല്ലാവരും അതിശയവും അത്ഭുതവും നിറഞ്ഞവരായിത്തീർന്നു.
യേശു തടാകത്തിന്റെ മറുകരയിലേക്ക് തിരികെ വന്നു. അവിടെ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം യേശുവിനു ചുറ്റും കൂടി അവനെ തിക്കിത്തിരക്കുവാൻ തുടങ്ങി. ആ ജനക്കൂട്ടത്തിൽ പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. തന്നെ സൌഖ്യമാക്കേണ്ടതിന് തനിക്കുള്ള പണം മുഴുവൻ വൈദ്യന്മാർക്കു കൊടുത്തിട്ടും അവളുടെ അവസ്ഥ കൂടുതൽ മോശമായിത്തീർന്നു.
യേശു അനേക രോഗികളെ സൌഖ്യമാക്കിയിട്ടുണ്ട് എന്ന് അവൾ കേട്ടിരുന്നു. “യേശുവിന്റെ വസ്ത്രത്തിന്റെ അറ്റത്തെങ്കിലും ഒന്നു തൊട്ടാൽ താനും സൌഖ്യമാകും” എന്ന് അവൾ ചിന്തിച്ചു! അതുകൊണ്ട് അവൾ യേശുവിന്റെ പുറകിൽ എത്തി അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടു. തൊട്ട ഉടൻ തന്നെ അവളുടെ രക്തസ്രവം നിന്നു!
ഉടനടി, തന്നിൽ നിന്നും ശക്തി പുറപ്പെട്ടു എന്ന് യേശു മനസ്സിലാക്കി. അതുകൊണ്ട് യേശു തിരിഞ്ഞ്, “ആരാണ് എന്നെ തൊട്ടത്?” എന്ന് ചോദിച്ചു. അപ്പോൾ ശിഷ്യന്മാർ, “ജനക്കൂട്ടം നിന്നെ തിക്കിത്തിരക്കുന്നുത് കണ്ടില്ലേ? എന്നിട്ടും എന്നെ തൊട്ടത് ആർ എന്നു നീ ചോദിക്കുന്നത് എന്തിന്?” എന്ന് ചോദിച്ചു.
സ്ത്രീ ഭയപ്പെട്ടു വിറച്ചുംകൊണ്ട് യേശുവിന്റെ മുൻപിൽ മുട്ടകുത്തി. പിന്നീട് അവൾ താൻ എന്തു ചെയ്തു എന്നും തനിക്ക് എങ്ങനെ സൌഖ്യമായി എന്നതും യേശുവിനോടു പറഞ്ഞു. യേശു അവളോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോക” എന്നു പറഞ്ഞു.
മത്തായി 8: 28-34; 9:20-22; മർക്കൊസ് 5:1-20; 24-34; ലൂക്കൊസ് 8:26-39; 42-48