Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

27. നല്ല ശമര്യക്കാരന്റെ കഥ

Image

ഒരുദിവസം, ഒരു യഹൂദ മതപണ്ഡിതൻ യേശുവിനെ പരീക്ഷിക്കുവാൻ അവന്റെ അടുക്കൽ വന്നു അവനോട്‌, “ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്ന്‌ ചോദിച്ചു. അതിന്‌ യേശു അവനോട്‌, “ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു?” എന്ന്‌ തിരിച്ച്‌ ചോദിച്ചു.

Image

അതിന്‌ യഹൂദ മതപണ്ഡിതൻ, “നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കുടെ സ്നേഹിക്കേണം എന്നും നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം എന്നുമാണ് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത്” എന്ന്‌ മറുപടി പറഞ്ഞു. യേശു അവനോട്‌, “നീ പറഞ്ഞതു ശരി! അങ്ങനെ ചെയ്ക, എന്നാൽ നീ ജീവിക്കും” എന്ന്‌ പറഞ്ഞു.

Image

എന്നാൽ താൻ നീതിമാൻ ആണെന്നു തെളിയിക്കുവാൻ ന്യായശാസ്ത്രി ആഗ്രഹിച്ചു. അതുകൊണ്ട് അയാൾ യേശുവിനോട്‌, “ആരാണ് എന്റെ അയൽക്കാരൻ?” എന്ന്‌ ചോദിച്ചു.

Image

അതിന്‌ യേശു, യഹൂദ മതപണ്ഡിതനോട്‌ ഉത്തരമായി ഒരു കഥ പറഞ്ഞത്‌ എന്തെന്നാൽ, “ഒരിക്കൽ ഒരു യഹൂദൻ യെരൂശലേമിൽ നിന്നും യെരീഹോവിലേക്കു യാത്ര ചെയ്യുകയായിരുന്നു”.

Image

“ആ മനുഷ്യൻ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു കൂട്ടം കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു. അവർ അവന്റെ പക്കൽ ഉണ്ടായിരുന്നതെല്ലാം എടുത്ത ശേഷം അവനെ അടിച്ചു മരിക്കാറായ നിലയിലാക്കി. അതിനു ശേഷം അവർ അവനെ ഉപേക്ഷിച്ച്‌ കടന്ന്‌ പോയി”.

Image

“അതിനു ശേഷം ഉടൻതന്നെ ആ വഴിയിലൂടെ ഒരു യഹൂദപുരോഹിതൻ നടന്നുവന്നു. കള്ളന്മാരാൽ ആക്രമിക്കപ്പെട്ട ഈ മനുഷ്യനെ കണ്ടപ്പോൾ അദ്ധേഹം വഴിയുടെ മറുവശത്തുകൂടെ കടന്നു പോയി. സഹായം ആവശ്യമുണ്ടായിരുന്ന ആ മനുഷ്യനെ അവഗണിച്ചുകൊണ്ട് അദ്ധേഹം തന്റെ യാത്ര തുടർന്നു”.

Image

“അധികം കഴിയുന്നതിനു മുൻപു തന്നെ ഒരു ലേവ്യൻ ആ വഴി എത്തി. (ദൈവാലയത്തിൽ പുരോഹിതന്മാരെ സഹായിച്ചിരുന്ന യഹൂദന്മാരിലെ ഒരു ഗോത്രമായിരുന്നു ലേവ്യർ). ആക്രമിക്കപ്പെട്ടു കിടക്കുന്ന മനുഷ്യനെ അവഗണിച്ചുകൊണ്ട് ലേവ്യനും വഴിയുടെ മറുവശത്തുകൂടെ കടന്നുപോയി”.

Image

“അടുത്തതായി ആ വഴിയിലൂടെ ഒരു ശമര്യാക്കാരൻ കടന്നുവന്നു. (മറ്റു ദേശക്കാരായവരെ വിവാഹം കഴിച്ച യഹൂദന്മാരുടെ സന്തതികളായിരുന്നു ശമര്യാക്കാർ. ശമര്യാക്കാരും യഹൂദന്മാരും അന്യോന്യം വെറുത്തിരുന്നു.) എന്നാൽ ഈ ശമര്യാക്കാരൻ ആ യഹൂദനെ കണ്ടപ്പോൾ അവനോടു വലിയ മനസ്സലിവ്‌ തോന്നി. അതുകൊണ്ട് അവനെ ശുശ്രൂഷിക്കുകയും അവന്റെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്തു”.

Image

“ആ ശമര്യാക്കാരൻ ആ മനുഷ്യനെ തന്റെ സ്വന്തം കഴുതപ്പുറത്തു കയറ്റി വഴിയരികെയുള്ള ഒരു സത്രത്തിലേക്കു കൊണ്ടുപോയി ശുശ്രൂഷിച്ചു”.

Image

“പിറ്റെ ദിവസം ശമര്യാക്കാരന്‌ തന്റെ യാത്ര തുടരേണ്ടിയിരുന്നു. അവൻ പോകുമ്പോൾ കുറച്ചു പണം വഴിയമ്പലക്കാരനു കൊടുത്തശേഷം അദ്ധേഹത്തോട്‌, “ഇവനെ ശുശ്രൂഷിക്കേണം ഇതിൽക്കൂടുതൽ പണം അതിനു ചിലവായാൽ ഞാൻ മടങ്ങിവരുമ്പോൾ അതു തന്നുകൊള്ളാം” എന്ന്‌ പറഞ്ഞു.

Image

ഈ കഥ പറഞ്ഞ ശേഷം യേശു യഹൂദ മതപണ്ഡിതനോട്‌, “നീ എന്തു കരുതുന്നു? കള്ളന്മാരാൽ ആക്രമിക്കപ്പെട്ട മനുഷ്യന് ഈ മൂന്നുപേരിൽ അയൽക്കാരൻ ആരായിരുന്നു?” എന്ന്‌ ചോദിച്ചു. “അവനോടു കരുണ കാണിച്ചവൻ തന്നെ” എന്ന്‌ അവൻ മറുപടി പറഞ്ഞു. യേശു അവനോടു, “നീയും പോയി അങ്ങനെ തന്നെ ചെയ്യുക” എന്ന്‌ പറഞ്ഞു.

ലൂക്കൊസ്‌ 10: 25-37