6. ദൈവം യിസ്ഹാക്കിന് വേണ്ടി കരുതുന്നു
അബ്രഹാം വൃദ്ധനായപ്പോൾ തന്റെ മകൻ യിസ്ഹാക്ക് വിവാഹപ്രായം എത്തി എന്ന് അവൻ കണ്ടു. അവനുവേണ്ടി ഒരു ഭാര്യയെ തന്റെ സ്വന്ത ദേശത്ത് നിന്ന് കൊണ്ട് വരുവാൻ അവൻ തന്റെ ഒരു ദാസനെ അയച്ചു.
വളരെ ദൂരം യാത്ര ചെയ്ത് ആ ദാസൻ അബ്രഹാമിന്റെ സ്വന്തക്കാർ താമസിച്ചിരുന്ന ദേശത്ത് എത്തി. ദൈവം അവിടെ അവന് റിബേക്ക എന്ന യുവതിയെ കാണിച്ചു കൊടുത്തു. അവൾ അബ്രഹാമിന്റെ സഹോദരന്റെ കൊച്ചുമകൾ ആയിരുന്നു.
റിബേക്ക തന്റെ വീട്ടുകാരെ വിട്ട് ആ ദാസനോട് കൂടെ യിസ്ഹാക്കിന്റെ വീട്ടിലേക്ക് പോകുവൻ സമ്മതിച്ചു. റിബേക്ക എത്തിയ ഉടനെ യിസ്ഹാക്ക് അവളെ വിവാഹം കഴിച്ചു.
വളരെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അബ്രഹാം മരിച്ചു. ദൈവം, അബ്രഹാമിന് ഉടമ്പടിയിൻ പ്രകാരം കൊടുത്ത എല്ലാ വാഗ്ദത്തങ്ങൾക്കും യിസ്ഹാക്ക് അവകാശി ആയിത്തീർന്നു. നിനക്ക് അനേകം തലമുറകളുണ്ടാകുമെന്ന് ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തിരുന്നു എങ്കിലും യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കക്ക് മക്കളുണ്ടായിരുന്നില്ല.
യിസ്ഹാക്ക് റിബേക്കക്ക് വേണ്ടി പ്രാർത്ഥിച്ചു. ദൈവം അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യയായ റിബേക്ക ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചു. റിബേക്കയുടെ ഉദരത്തിൽ കുട്ടികൾ തമ്മിൽ തിക്കിയപ്പോൾ റിബേക്ക ദൈവത്തോട്, “എനിക്കെന്താണ് സംഭവിക്കുന്നത്” എന്ന് ചോദിച്ചു.
ദൈവം റിബേക്കയോട്, “നിന്റെ ഉള്ളിലുള്ള കുട്ടികളിൽ നിന്ന് രണ്ട് ജാതികളുണ്ടാകും. അവർ തമ്മിൽ കലഹിച്ച് മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് പറഞ്ഞു.
റിബേക്കയുടെ പ്രസവത്തിലെ ആദ്യജാതൻ ചുവപ്പ് നിറമുള്ളവനും ശരീരം നിറയെ രോമങ്ങളുള്ളവനുമായിരുന്നു. അവർ അവന് ഏശാവ് എന്ന് പേരിട്ടു. അവന് പുറകെ അവന്റെ കുതികാലിന് പിടിച്ച് കൊണ്ട് ഇളയവനും പുറത്ത് വന്നു. അവർ അവന് യാക്കോബ് എന്ന് പേരിട്ടു.
(ഈ വേദപുസ്തക കഥ, ഉല്പത്തി 24: 1 മുതൽ 25: 26 വരെയുള്ള വാക്യങ്ങളിൽ നിന്നുമുള്ളതാണ്.)