31. യേശു വെള്ളത്തിന് മീതെ നടക്കുന്നു
പിന്നീട് യേശു ശിഷ്യന്മാരോട്, താൻ ജനക്കൂട്ടത്തെ പറഞ്ഞുവിടുമ്പോഴേക്കും വള്ളത്തിൽ കയറി തടാകത്തിന്റെ മറുകരയിലേക്കു പോകുവാൻ പറഞ്ഞു. ജനക്കൂട്ടത്തെ പറഞ്ഞുവിട്ടശേഷം യേശു അവിടെയുള്ള ഒരു മലയിലേക്കു പ്രാർത്ഥിക്കുവാൻ പോയി. യേശു അവിടെ തനിയെയിരുന്ന് രാത്രി മുഴുവനും പ്രാർത്ഥിച്ചു.
ആ സമയം, ശിഷ്യന്മാർ വള്ളം തുഴയുകയായിരുന്നു, എന്നാൽ രാത്രി വളരെ വൈകിയിട്ടും അവർ തടാകത്തിന്റെ നടുവിൽ മാത്രമേ എത്തിയിരുന്നുള്ളൂ. കാറ്റ് അവർക്കു പ്രതികൂലമായി വീശിക്കൊണ്ടിരുന്നതുകൊണ്ട് അവർ വളരെ പ്രയാസപ്പെട്ടാണ് വള്ളം തുഴഞ്ഞുകൊണ്ടിരുന്നത്.
പിന്നെ യേശു പ്രാർത്ഥിച്ച് തീർന്നശേഷം ശിഷ്യന്മാരുടെ അടുക്കലേക്കു പോയി. യേശു തടാകത്തിനു കുറുകെ വെള്ളത്തിന് മീതെ ശിഷ്യന്മാരുടെ വഞ്ചിയുടെ അടുക്കലേക്കു നടന്നു!
യേശുവിനെ കണ്ടപ്പോൾ, ശിഷ്യന്മാർ വളരെ ഭയപ്പെട്ടു. കാരണം, തങ്ങൾ ഒരു ഭൂതത്തെ കാണുകയാണ് എന്ന് അവർക്ക് തോന്നി. അവർ പേടിച്ചിരിക്കുകയാണ് എന്നു യേശുവിന് മനസ്സിലായി. അതുകൊണ്ട് യേശു അവരോടു, “ഭയപ്പെടേണ്ടാ, ഇതു ഞാൻ ആകുന്നു!” എന്ന് വിളിച്ചു പറഞ്ഞു.
അപ്പോൾ പത്രൊസ് യേശുവിനോട്, “നാഥാ, ഇതു നീയാകുന്നുവെങ്കിൽ വെള്ളത്തിന്മീതേ നിന്റെ അടുക്കലേക്കു വരുവാൻ എന്നോടു കല്പിക്കണമേ” എന്നു പറഞ്ഞു. അതിന് യേശു പത്രൊസിനോട്, “വരിക!” എന്നു പറഞ്ഞു.
അതുകൊണ്ട്, പത്രൊസ് വള്ളത്തിൽ നിന്നും ഇറങ്ങി വെള്ളത്തിന്റെ മുകളിൽക്കൂടി യേശുവിന്റെ അടുക്കലേക്കു നടന്നു. എന്നാൽ അല്പദൂരം നടന്നശേഷം അവൻ യേശുവിൽ നിന്നും തന്റെ കണ്ണുകൾ മാറ്റി തിരകളെയും ശക്തമായ കാറ്റിനെയും നോക്കി.
അപ്പോൾ പത്രൊസ് ഭയപ്പെട്ട് വെള്ളത്തിൽ മുങ്ങുവാൻ തുടങ്ങി. അപ്പോൾ അവൻ “നാഥാ, എന്നെ രക്ഷിക്കേണമേ!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. യേശു ഉടൻ തന്നെ കൈ നീട്ടി അവനെ പിടിച്ചു. അപ്പോൾ യേശു അവനോട് “അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.
യേശുവും പത്രൊസും വഞ്ചിയിൽ കയറിയതും, ഉടൻതന്നെ കാറ്റ് നിൽക്കുകയും വെള്ളം ശാന്തമാകുകയും ചെയ്തു. ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “സത്യമായും നീ ദൈവപുത്രനാകുന്നു” എന്നു പറഞ്ഞുകൊണ്ട് അവർ യേശുവിനെ ആരാധിച്ചു.
മത്തായി 14:22-33; മർക്കൊസ് 6:45-52; യോഹന്നാൻ 6:16-21