8. ദൈവം യോസഫിനേയും കുടുംബത്തേയും രക്ഷിക്കുന്നു
കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ യാക്കോബ് വൃദ്ധനായി. അങ്ങനെയിരിക്കെ ഒരു ദിവസം യാക്കോബ് തന്റെ വാത്സല്യ പുത്രനായ യോസഫിനെ അവന്റെ ജ്യേഷ്ഠന്മാർ ആടുകളെ തീറ്റുന്നിടത്തേക്ക് അവരുടെ വിവരങ്ങളറിയാനായി അയച്ചു.
അപ്പനായ യാക്കോബ് യോസഫിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് കാരണം അവന്റെ ജ്യേഷ്ഠന്മാർക്ക് അവനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. കൂടാതെ അവൻ അവരെയൊക്കെ ഭരിക്കുന്നതായി ഒരു സ്വപ്നവും അവൻ കണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അവൻ ജ്യേഷ്ഠന്മാരെ അന്വേഷിച്ച് അവരുടെ അടുത്ത് എത്തിയത്. ആ സമയം അവന്റെ ജ്യേഷ്ഠന്മാരെല്ലാവരും കൂടിച്ചേർന്ന് അവനെ പിടിച്ച് കുറേ അടിമക്കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്തു.
അതിനു ശേഷം അവർ യോസഫിന്റെ ഉടുപ്പ് കീറി അത് ആടിന്റെ ചോരയിൽ മുക്കി. പിന്നീട് വീട്ടിൽ ചെന്ന് അത് അപ്പനെ കാണിക്കുകയും യോസഫിനെ ഏതോ കാട്ടുമൃഗം കൊന്നതായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. യാക്കോബ് വളരെ അതിദുഃഖിതനായി തീർന്നു.
അതേ സമയം അടിമക്കച്ചവടക്കാർ യോസഫിനെ ഈജിപ്ത് എന്ന ഒരു രാജ്യത്തിലേക്ക് കൊണ്ടുപോയി. നൈൽ നദിയുടെ തീരത്തുള്ള ശക്തവും വിശാലമായതുമായ ഒരു രാജ്യമായിരുന്നു ഈജിപ്ത്. അവിടെയുള്ള സമ്പന്നനായ ഒരു സർക്കാരുദ്യോഗസ്ഥന് അവർ അവനെ ഒരു അടിമയായി വിറ്റു. എന്നാൽ യോസഫ് വളരെ വിശ്വസ്തയോടെ അവന്റെ യജമാനനെ സേവിച്ചു. ദൈവം യോസഫിനെ അനുഗ്രഹിച്ചു.
എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ വീട്ടിലെ യജമാനത്തി തന്നോട് കൂടെ ശയിക്കുവാൻ യോസഫിനെ വളരെ നിർബന്ധിച്ചു. എന്നാൽ ദൈവത്തിന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യുകയില്ല എന്ന് അവൻ പറഞ്ഞു. അവൻ തന്നെ അനുസരിക്കുകയില്ല എന്ന് ഉറപ്പായപ്പോൾ അവൾ അവനെക്കുറിച്ച് അപവാദം പറഞ്ഞ് എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച് അവനെ തടവിലാക്കിച്ചു. എന്നാൽ അവിടെ തടവിലായിരിക്കുമ്പോഴും ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച് അവൻ ജീവിച്ചത് കൊണ്ട് ദൈവം അവിടെയും അവനെ അനുഗ്രഹിച്ചു.
രണ്ട് വർഷങ്ങൾ കടന്നുപോയി. യാതൊരു തെറ്റും ചെയ്തിരുന്നില്ലെങ്കിൽകൂടെയും യോസഫ് അപ്പോഴും തടവിൽ തന്നെ ആയിരുന്നു. അങ്ങനെയിരിക്കെ ആ രാജ്യത്തെ രാജാവായ ഫറവോൻ രണ്ട് സ്വപ്നങ്ങൾ കണ്ടിട്ട് അദ്ദേഹത്തിന്റെ സമാധാനം നഷ്ടപ്പെട്ടു. രാജാവിന്റെ കൂടെയുണ്ടായിരുന്ന ആർക്കും അതിന്റെ അർത്ഥം പറഞ്ഞ് കൊടുത്ത് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.
ദൈവം യോസഫിന് സ്വപ്നങ്ങളുടെ അർത്ഥം മനസ്സിലാക്കുവാനുള്ള കഴിവ് കൊടുത്തിരുന്നു. ഇത് മനസ്സിലാക്കിയ ഫറവോൻ തടവറയിൽ നിന്നും അവനെ വരുത്തി. യോസഫ് ഫറവോനോട് സ്വപ്നത്തിന്റെ പൊരുൾ തിരിച്ചു കൊടുത്തു. ദൈവം ആ രാജ്യത്ത് സമൃദ്ധിയുള്ള ഏഴ് വർഷം തരുമെന്നും അതിന് ശേഷം എല്ലായിടത്തും ഏഴ് വർഷം മഹാക്ഷാമം വരുമെന്നുമായിരുന്നു അത്.
ഇത് കേട്ട ഫറവോന് യോസഫിനോട് വലിയ മതിപ്പ് തോന്നി. അതുകൊണ്ട് അവൻ യോസഫിനെ ഈജിപ്തിലെ പ്രധാന അധികാരികളിൽ രണ്ടാമനാക്കി നിയമിച്ചു.
സമൃദ്ധിയുടെ ഏഴ് വർഷങ്ങളിലുണ്ടാകുന്ന വിളവിന്റെ വലിയൊരു ഭാഗം അത് കഴിഞ്ഞ് വരാനിരിക്കുന്ന ക്ഷാമകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കുവാൻ യോസഫ് കല്പിച്ചു. തുടർന്നുണ്ടായ ക്ഷാമത്തിന്റെ ഏഴു വർഷങ്ങളിൽ യോസേഫ് ഈ ധാന്യം ജനങ്ങൾക്ക് വില്ക്കുകയും അവർക്ക് ആഹാരത്തിന് മതിയായത് ലഭിക്കുകയും ചെയ്തു.
ഈജിപ്തിൽ മാത്രമല്ല യാക്കോബും കുടുംബവും താമസിച്ചിരുന്ന കനാനിലും ക്ഷാമം അതികഠിനമായി.
അതുകൊണ്ട് യാക്കോബ് തന്റെ മൂത്ത പുത്രന്മാരെ ഈജിപ്തിലേക്ക് ഭക്ഷണം വാങ്ങുവാനായി അയച്ചു. യോസഫിന്റെ മുമ്പിൽ ഭക്ഷണം വാങ്ങാൻ എത്തിയ സഹോദരന്മാർക്ക് അവനെ തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ യോസഫ് അവരെ തിരിച്ചറിഞ്ഞു.
അവർക്കു വല്ല മാറ്റവും വന്നിട്ടുണ്ടോ എന്നു പരീക്ഷിച്ച ശേഷം യോസേഫ് തന്റെ സഹോദരന്മാരോടു പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആകുന്നു. ഭയപ്പെടേണ്ട, എന്നെ ഒരു അടിമയാക്കി വിറ്റപ്പോൾ, നിങ്ങൾ എനിക്കു ദോഷമാണ് ആഗ്രഹിച്ചതെങ്കിലും ദൈവം ആ തിന്മയെ നമുക്ക് നന്മയാക്കി മാറ്റിയിരിക്കുന്നു. നിങ്ങൾ വന്ന് ഈജിപ്തിൽ താമസമാക്കുക; ഞാൻ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും പോറ്റിപ്പുലർത്തും.”
അതനുസരിച്ച് യോസഫിന്റെ സഹോദരന്മാർ തിരികെ ചെന്ന് തങ്ങളുടെ അപ്പനോട് യോസഫ് ജീവനോടെയുണ്ടെന്നുള്ള കാര്യം അറിയിച്ചു. ആ വാർത്തയറിഞ്ഞ യക്കോബ് ഏറ്റവുമധികം സന്തോഷിച്ചു.
യാക്കോബ് ഒരു വൃദ്ധനായിരുന്നിട്ടും അവൻ തന്റെ മുഴുവൻ കുടുംബത്തോടൊപ്പം ഈജിപ്തിലേക്ക് പോയി. അങ്ങനെ അവർ എല്ലാവരും അവിടെ യോസഫിനോടൊപ്പം താമസമായി. യാക്കോബ് മരിക്കുന്നതിന് മുമ്പ് അവൻ തന്റെ പുത്രന്മാരെയെല്ലാം അനുഗ്രഹിച്ചു.
അങ്ങനെ ദൈവം അബ്രഹാമിന് കൊടുത്ത വാഗ്ദത്തം യിസ്ഹാക്കിലൂടെയും യാക്കോബിലൂടെയും കൈമാറി യാക്കോബിന്റെ പന്ത്രണ്ട് മക്കളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും വന്നു. ആ പന്ത്രണ്ട് പേരുടേയും മക്കൾ പിന്നീട് ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളായിത്തീർന്നു.
(ഈ വേദപുസ്തക കഥ, ഉല്പത്തി 37 മുതൽ 50 വരെയുള്ള അധ്യായങ്ങളിൽ നിന്നുമുള്ളതാണ്)