29. കരുണയില്ലാത്ത ദാസന്റെ കഥ
ഒരു ദിവസം, പത്രൊസ് യേശുവിനോടു, “കർത്താവേ, എന്റെ സഹോദരൻ എന്നോടു തെറ്റു ചെയ്യുമ്പോൾ ഞാൻ എത്രതവണ സഹോദരനോട് ക്ഷമിക്കണം? ഏഴു തവണ മതിയോ?” എന്ന് ചോദിച്ചു. അതിന് യേശു, “ഏഴുതവണയല്ല, ഏഴ് എഴുപതു വട്ടം ക്ഷമിക്കണം!” എന്ന് മറുപടി പറഞ്ഞു. നാം എല്ലായ്‌പ്പോഴും ക്ഷമിക്കണമെന്നാണ് ഇതുകൊണ്ട് യേശു അർത്ഥമാക്കിയത്. പിന്നെ യേശു അവരോട് ഒരു കഥ പറഞ്ഞു.
യേശു പറഞ്ഞ കഥ ഇപ്രകാരമാണ്, “തന്റെ ദാസന്മാരുമായി കണക്കു തീർക്കുവാൻ ആഗ്രഹിച്ച ഒരു രാജാവിനോടു സദൃശമാണ് ദൈവരാജ്യം. 200,000 വർഷങ്ങളിലെ കൂലിയ്ക്ക് തുല്യമായ ഒരു വലിയ കടം അദ്ദേഹത്തിന്റെ ദാസന്മാരിലൊരുവനുണ്ടായിരുന്നു”.
“ആ ദാസന് കടം കൊടുത്തു തീർക്കുവാൻ കഴിയാഞ്ഞതുകൊണ്ട്, രാജാവു, ‘കടം വീട്ടുന്നതിനുള്ള പണം ഉണ്ടാക്കുന്നതിന് വേണ്ടി ഈ മനുഷ്യനെയും അവന്റെ കുടുംബത്തയും അടിമകളായി വിൽക്കുക’ എന്ന് പറഞ്ഞു”.
“അപ്പോൾ ആ ദാസൻ രാജാവിന്റെ മുമ്പിൽ കവിണുവീണു, ‘എന്നോടു ദയ കാണിക്കേണമേ, ഞാൻ കടം മുഴുവനും തന്നുതീർത്തുകൊള്ളാം’ എന്ന് പറഞ്ഞു. രാജാവിനു ആ ദാസനോട് കരുണ തോന്നി, അതുകൊണ്ട് അവന്റെ കടം മുഴുവൻ എഴുതിത്തള്ളി അവനെ പോകുവാൻ അനുവദിച്ചു”.
“എന്നാൽ ആ ദാസൻ രാജാവിന്റെ അടുക്കൽ നിന്നും തിരികെ പോകുമ്പോൾ നാലുമാസത്തെ കൂലിയ്ക്ക് തുല്യമായ തുക തന്നോടു കടംപെട്ട ഒരു കൂട്ടുദാസനെ കണ്ടു. അപ്പോൾ ആ ദാസൻ തന്റെ കൂട്ടുദാസന്റെ കഴുത്തിനു പിടിച്ചു ഞെക്കിക്കൊണ്ട് ‘എനിക്കു തരുവാനുള്ള പണം തരിക’ എന്നു പറഞ്ഞു!”
“ആ കൂട്ടുദാസൻ കവിണുവീണു, ‘എന്നോടു ദയ തോന്നേണമേ, ഞാൻ കടംപെട്ടിരിക്കുന്ന മുഴുവൻ പണവും തന്നുതീർക്കാം’ എന്ന് പറഞ്ഞു. എന്നാൽ, ആ ദാസൻ അത് വകവയ്ക്കാതെ തന്റെ കടം വീട്ടുവോളം ആ കൂട്ടുദാസനെ തടവിലാക്കി”.
“ഈ സംഭവിച്ചതൊക്കെയും മറ്റു ചില ദാസന്മാർ കണ്ടിട്ട് അവർക്കു വളരെ വിഷമം തോന്നി. അവർ രാജാവിന്റെ അടുക്കൽ പോയി അദ്ദേഹത്തോട് നടന്നതൊക്കെയും അറിയിച്ചു”.
“രാജാവ് ആ ദാസനെ വിളിച്ചു അവനോട്, ‘ദുഷ്ടദാസനേ! നീ എന്നോടു യാചിച്ചപ്പോൾ ഞാൻ നിന്റെ കടം ക്ഷമിച്ചു. നീയും അങ്ങനെ തന്നെ ചെയ്യേണ്ടിയിരുന്നു’ എന്ന് പറഞ്ഞു. രാജാവു വളരെ കോപിച്ചു, ആ ദുഷ്ട ദാസനെ മുഴുവൻ കടവും കൊടുത്തു തീർക്കുന്നതു വരെയും തടവറയിൽ അടച്ചു”.
പിന്നെ യേശു അവരോട്, “തന്റെ സഹോദരനോട് ഹൃദയത്തിൽ നിന്നും ക്ഷമിക്കാത്ത ഏവനോടും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞു.
മത്തായി 18:21-35