46. ശൌൽ ഒരു ക്രിസ്ത്യാനിയായിത്തീരുന്നു
സ്തെഫാനോസിനെ കൊല ചെയ്തയാളുകളുടെ വസ്ത്രം കാത്തുകൊണ്ടിരുന്ന യുവാവായിരുന്നു ശൌൽ. അവൻ യേശുവിൽ വിശ്വസിച്ചില്ല, അതുകൊണ്ട് അവൻ വിശ്വാസികളെ ഉപദ്രവിച്ചു. അവൻ യെരൂശലേമിൽ വീടുവീടാന്തരം കയറിയിറങ്ങി പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടി തടവിൽ ആക്കുവാൻ തുടങ്ങി. ദമസ്ക്കൊസിലുള്ള ക്രിസ്ത്യാനികളെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ മഹാപുരോഹിതൻ അവന് അനുവാദം കൊടുത്തു.
ശൌൽ ദമസ്ക്കൊസിലേക്കു പോകുന്ന വഴിയിൽ ആകാശത്തു നിന്നും ഒരു വലിയ വെളിച്ചം അവനു ചുറ്റും പ്രകാശിച്ചു, അവൻ നിലത്തു വീണു. “ശൌലേ! ശൌലേ! നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്ന് തന്നോടു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു. “നീ ആരാകുന്നു, കർത്താവേ?” എന്നു അവൻ ചോദിച്ചു. യേശു അവനോടു, “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ!” എന്ന് മറുപടി പറഞ്ഞു.
ശൌൽ എഴുന്നേറ്റപ്പോൾ, അവനു കണ്ണുകാണുവാൻ കഴിഞ്ഞില്ല. അവന്റെ കൂട്ടുകാർ അവനെ ദമസ്ക്കൊസിലേക്കു പോകുവാൻ സഹായിച്ചു. ശൌൽ മൂന്നു ദിവസത്തേക്ക് ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല.
അനന്യാസ് എന്നു പേരുള്ള ഒരു ശിഷ്യൻ ദമസ്ക്കൊസിലുണ്ടായിരുന്നു. ദൈവം അവനോട്, “ശൌൽ താമസിക്കുന്ന വീട്ടിലേക്കു പോകുക. അവനു വീണ്ടും കാഴ്ച കിട്ടേണ്ടതിന് നീ ചെന്ന് അവന്റെ മേൽ കൈ വയ്ക്കുക” എന്നു പറഞ്ഞു. എന്നാൽ അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ വിശ്വാസികളെ ഉപദ്രവിച്ചതിനെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു മറുപടി പറഞ്ഞു. ദൈവം അവനോടു, “നീ പോക! യഹൂദന്മാരോടും ജാതികളോടും എന്റെ നാമം പ്രസംഗിക്കുവാൻ ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അവൻ എന്റെ നാമത്തിനു വേണ്ടി അനേക കഷ്ടങ്ങൾ സഹിക്കേണ്ടവനാണ്” എന്ന് മറുപടി പറഞ്ഞു.
അതുകൊണ്ട് അനന്യാസ് ശൌലിന്റെ അടുക്കലേക്കു പോയി, അവന്റെ മേൽ കൈവച്ച്, “ഇവിടേയ്ക്കുള്ള വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു, നിനക്കു കാഴ്ച തിരികെ ലഭിക്കേണ്ടതിനും നീ പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടതിനും എന്നെ അയച്ചു” എന്ന് പറഞ്ഞു. ഉടൻ തന്നെ ശൌലിനു കാഴ്ച തിരികെ ലഭിക്കുകയും അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. പിന്നെ ശൌൽ എഴുന്നേറ്റു ഭക്ഷണം കഴിക്കുകയും അവൻ ബലം പ്രാപിക്കുകയും ചെയ്തു.
ഉടൻ തന്നെ “യേശു ദൈവപുത്രനാണ്!” എന്ന് ദമസ്ക്കൊസിലുള്ള യഹൂദന്മാരോട് ശൌൽ പ്രസംഗിക്കുവാൻ തുടങ്ങി. വിശ്വാസികളെ നശിപ്പിക്കുവാൻ ശ്രമിച്ച മനുഷ്യൻ ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്നു എന്ന് കണ്ട് ജനങ്ങൾ അത്ഭുതപ്പെട്ടു! യേശുവായിരുന്നു മശിഹ എന്ന് ശൌൽ യഹൂദന്മാർക്കു തെളിയിച്ചുകൊടുത്തു.
കുറെ നാളുകൾക്കു ശേഷം, യഹൂദന്മാർ ശൌലിനെ കൊല്ലുവാൻ പദ്ധതിയിട്ടു. അവനെ കൊല്ലേണ്ടതിന് അവർ നഗര വാതിലുകളിലേക്ക് കാവൽക്കാരെ അയച്ചു. എന്നാൽ ശൌൽ അക്കാര്യം അറിയുകയും അവന്റെ സ്നേഹിതർ അവനെ രക്ഷപെടുവാൻ സഹായിക്കുകയും ചെയ്തു. ഒരു രാത്രിയിൽ അവർ അവനെ ഒരു കൊട്ടയിലാക്കി മതിൽ വഴിയായി ഇറക്കിവിട്ടു. ദമസ്ക്കൊസിൽ നിന്നും രക്ഷപെട്ട ശേഷവും ശൌൽ യേശുവിനെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടിരുന്നു.
ശിഷ്യന്മാരെ കാണേണ്ടതിന് ശൌൽ യെരൂശലേമിലേക്കു പോയി, എന്നാൽ അവർക്ക് അവനെ ഭയമായിരുന്നു. അപ്പോൾ ബർന്നബാസ് എന്നു പേരുള്ള ഒരു ശിഷ്യൻ അവനെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുകയും ശൌൽ ദമസ്ക്കൊസിൽ ധൈര്യത്തോടെ പ്രസംഗിച്ചതിനെക്കുറിച്ച് അവരോടു പറയുകയും ചെയ്തു. അതിനുശേഷം ശിഷ്യൻമാർ ശൌലിനെ സ്വീകരിച്ചു.
യെരൂശലേമിലെ ഉപദ്രവം മൂലം ഓടിപ്പോയ വിശ്വാസികളിൽ ചിലർ അന്ത്യോക്ക്യ നഗരത്തിൽ എത്തുകയും അവിടെ യേശുവിനെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തു. അന്ത്യോക്ക്യയിലുള്ള ജനങ്ങളിൽ പലരും യഹൂദന്മാർ ആയിരുന്നില്ല, എന്നാൽ അവരിൽ പലരും ആദ്യമായി വിശ്വാസികളായിത്തീർന്നു. ബർന്നബാസും ശൌലും അവിടേക്ക് പോകുകയും അവിടെയുള്ള പുതിയ വിശ്വാസികളെ യേശുവിനെക്കുറിച്ചു പഠിപ്പിക്കുവാനും സഭയെ ബലപ്പെടുത്തുവാനും തുടങ്ങി. അന്ത്യോക്കയിൽ വച്ചാണ് യേശുവിൽ വിശ്വസിക്കുന്നവരെ ആദ്യമായി “ക്രിസ്ത്യാനികൾ” എന്നു വിളിച്ചത്.
ഒരു ദിവസം, അന്ത്യോക്ക്യയിലുള്ള ക്രിസ്ത്യാനികൾ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, പരിശുദ്ധാത്മാവ് അവരോടു, “ബർന്നബാസിനെയും ശൌലിനെയും ഞാൻ വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കുവേണ്ടി വേർതിരിപ്പിൻ” എന്ന് പറഞ്ഞു. അതുകൊണ്ട് അന്ത്യോക്ക്യയിലുള്ള സഭ ബർന്നബാസിനും ശൌലിനും വേണ്ടി പ്രാർത്ഥിച്ച് അവരുടെ മേൽ കൈവച്ചു. അതിനുശേഷം യേശുവിനെക്കുറിച്ചുള്ള സുവിശേഷം മറ്റ് അനേക സ്ഥലങ്ങളിൽ പ്രസംഗിക്കേണ്ടതിനായി അവരെ പറഞ്ഞയച്ചു. പല ജനവിഭാഗങ്ങളിൽ നിന്നുമുള്ളവരെ ബർന്നബാസും ശൌലും പഠിപ്പിക്കുകയും അവരിൽ അനേകർ യേശുവിൽ വിശ്വസിക്കുകയും ചെയ്തു.
അപ്പൊസ്തല പ്രവർത്തികൾ 8:3; 9:1-31; 11:19-26; 13:1-3