23. യേശുവിന്റെ ജനനം
യോസേഫ് എന്ന നീതിമാനായ പുരുഷനുമായി വിവാഹം നിശ്ചയിക്കപ്പെട്ട യുവതിയായിരുന്നു മറിയ. മറിയ ഗർഭിണിയാണ് എന്ന് കേട്ടപ്പോൾ, അതു തന്റെ കുഞ്ഞല്ല എന്ന് അവൻ അറിയാമായിരുന്നു. മറിയയ്ക്ക് അപമാനം വരുത്തുവാൻ അവൻ ആഗ്രഹിച്ചില്ല, അതുകൊണ്ട് രഹസ്യമായി അവളെ ഉപേക്ഷിക്കുവാൻ അവൻ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നതിനു മുൻപ് ഒരു ദൂതൻ സ്വപ്നത്തിൽ വന്ന് അവനോടു സംസാരിച്ചു.
ദൂതൻ അവനോട്, “യോസേഫേ, മറിയയെ നിന്റെ ഭാര്യയായി സ്വീകരിക്കുവാൻ ഭയപ്പെടേണ്ട. അവളുടെ ഉദരത്തിലുള്ള കുഞ്ഞ് പരിശുദ്ധാത്മാവിനാലാണ് ഉൽപാദിതമായിരിക്കുന്നത്. അവൾ ഒരു മകനെ പ്രസവിക്കും. അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും. അതുകൊണ്ട് അവന് 'യഹോവ രക്ഷിക്കുന്നു’ എന്നർത്ഥമുള്ള യേശു എന്ന് പേർ വിളിക്കണം” എന്ന് പറഞ്ഞു.
അതുകൊണ്ട് യോസേഫ് മറിയയെ വിവാഹം കഴിക്കുകയും അവളെ തന്റെ ഭാര്യയായി വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. എന്നാൽ അവൾ കുഞ്ഞിനെ പ്രസവിക്കുന്നതു വരെ അവൻ അവളോടു കൂടെ ശയിച്ചില്ല/ഉറങ്ങിയില്ല.
മറിയയ്ക്കു പ്രസവകാലമടുത്തപ്പോൾ, എല്ലാജനങ്ങളും ഒരു ജനസംഖ്യാ നിർണ്ണയത്തിനു അവരവരുടെ പിതാക്കാന്മാർ ജീവിച്ചിരുന്ന സ്ഥലത്തേക്ക് പോകുവാൻ റോമാ ഗവൺമെന്റ് കല്പന പുറപ്പെടുവിച്ചു. യോസേഫിനും മറിയയ്ക്കും തങ്ങൾ ജീവിച്ചിരുന്ന നസ്രത്തിൽ നിന്നും അവരുടെ പിതാവായ ദാവീദിന്റെ സ്ഥലമായ ബേത്‍ലഹേമിലേക്കു പോകേണ്ടിവന്നു.
അവർ ബേത്‍ലഹേമിൽ എത്തിയപ്പോൾ അവർക്ക് താമസിക്കുവാൻ സ്ഥലം ലഭിച്ചില്ല. ഒരു കാലിത്തൊഴുത്തിൽ മാത്രമേ അല്പസ്ഥലം കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞുള്ളൂ. അവിടെ വച്ച് അവർക്ക് ഒരു കുഞ്ഞു ജനിച്ചു. അവനെ കിടത്തുവാൻ സ്ഥലമില്ലാതിരുന്നതിനാൽ അവന്റെ അമ്മ അവനെ ഒരു പുൽത്തൊട്ടിയിൽ കിടത്തി. അവർ അവന് യേശു എന്നു പേരിട്ടു.
ആ രാത്രിയിൽ, ആ പ്രദേശത്തുള്ള പുൽപ്പുറങ്ങളിൽ ചില ആട്ടിടയന്മാർ അവരുടെ ആട്ടിൻകൂട്ടത്തിനു കാവൽ കിടന്നിരുന്നു. പെട്ടെന്ന്, മിന്നിത്തിളങ്ങുന്ന ഒരു ദൂതൻ അവർക്കു പ്രത്യക്ഷനായി. അവർ അത് കണ്ട് വളരെ ഭയപ്പെട്ടു. അപ്പോൾ ദൂതൻ അവരോടു, “ഭയപ്പെടേണ്ടാ, ഞാൻ ഒരു സദ്‌വാർത്തയുമായി വന്നിരിക്കുന്നു. കർത്താവായ മശിഹാ, ബേത്‍ലഹേമിൽ ജനിച്ചിരിക്കുന്നു!” എന്ന് പറഞ്ഞു.
ദൂതൻ വീണ്ടും അവരോട് “നിങ്ങൾ പോയി കുഞ്ഞിനെ അന്വേഷിക്കുക. ശീലയിൽ പൊതിഞ്ഞ് പുൽതൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾ കണ്ടെത്തും” എന്ന് പറഞ്ഞു. പെട്ടെന്ന്, ഒരു വലിയകൂട്ടം ദൂതന്മാരെക്കൊണ്ടു ആകാശം നിറഞ്ഞു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട്, “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാധമുള്ള മനുഷ്യർക്ക് സമാധാനം!” എന്ന് പറഞ്ഞു.
ആട്ടിടയന്മാർ ഉടൻ തന്നെ ആ സ്ഥലത്തെത്തി, ദൂതൻ പറഞ്ഞതുപോലെ പുൽതൊട്ടിയിൽ കിടക്കുന്ന യേശുവിനെ കണ്ടു. അപ്പോൾ അവർ വളരെയധികം സന്തോഷിച്ചു. മറിയയും വളരെയധികം സന്തോഷിച്ചു. ഇടയന്മാർ തങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്കു വേണ്ടി ദൈവത്തെ സ്തുതിച്ചുകൊണ്ട് പുൽപ്രദേശത്തുള്ള തങ്ങളുടെ ആടുകളുടെയടുക്കലേക്ക് മടങ്ങിപ്പോയി.
കുറെ നാൾ കഴിഞ്ഞ് കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില വിദ്വാന്മാർ ആകാശത്ത് ഒരു അസാധാരണ നക്ഷത്രം കണ്ടു. യഹൂദന്മാർക്ക് ഒരു പുതിയ രാജാവ് ജനിച്ചിരിക്കുന്നു എന്നതാണ് ഇതിനർത്ഥം എന്ന് അവർക്കു മനസ്സിലായി. അതുകൊണ്ട്, ആ രാജാവിനെ കാണുവാൻ അവർ വളരെ ദൂരം സഞ്ചരിച്ചു. അവർ ബേത്‍ലഹേമിൽ എത്തി യേശുവും അവന്റെ മാതാപിതാക്കളും താമസിച്ചിരുന്ന വീടു കണ്ടെത്തുകയും ചെയ്തു.
അവന്റെ അമ്മയായ മറിയയോടുകൂടെ യേശുവിനെ കണ്ടപ്പോൾ വിദ്വാന്മാർ വീണ് അവനെ നമസ്ക്കരിച്ചു. അവർ യേശുവിന് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. അതിനു ശേഷം അവർ വീട്ടിലേക്കു മടങ്ങി പോയി.
മത്തായി 1; ലൂക്കൊസ് 2