4. അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി
ജലപ്രളയം കഴിഞ്ഞ് കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭൂമിയിൽ പിന്നേയും മനുഷ്യർ പെരുകി വന്നു. അന്ന് ഭൂമിയിലുള്ള എല്ലാവരും ഒരൊറ്റ ഭാഷയാണ് സംസാരിച്ചിരുന്നത്. ദൈവം അവരോട് പറഞ്ഞത് അവർ ഭൂമിയിലെല്ലാം നിറയണമെന്നായിരുന്നു. എന്നാൽ ദൈവം പറഞ്ഞത് അനുസരിക്കാതെ അവർ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടിയിട്ട് ഒരു വലിയ പട്ടണം പണിയാൻ തുടങ്ങി.
ദൈവത്തിന്റെ വാക്ക് കേൾക്കാതെ അഹങ്കാരികളായ അവർ ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയാൻ തുടങ്ങി. തിന്മ ചെയ്യേണ്ടതിന് അവർ ഒരുമിച്ചു പ്രവർത്തിച്ചാൽ അവർക്ക് കൂടുതൽ പാപകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് ദൈവം കണ്ടു.
അതുകൊണ്ട് ദൈവം അവർക്ക് വിവിധ ഭാഷകൾ കൊടുത്ത് ലോകത്തിന്റെ പല ഭാഗത്തേക്ക് അയച്ചു. അവർ പണിയുവാൻ തുടങ്ങിയ പട്ടണത്തിന്റെ പേര് കലക്കം എന്ന് വരുന്ന ബാബേൽ എന്നായി.
നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം, ദൈവം അബ്രാം എന്നു പേരുള്ള ഒരു മനുഷ്യനോടു സംസാരിച്ചു. ദൈവം അവനോടു, “നിന്റെ ദേശത്തെയും പിതൃഭവനത്തെയും വിട്ട് ഞാൻ നിന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്കു പോകുക. ഞാൻ നിന്നെ അനുഗ്രഹിക്കുകയും ഒരു വലിയ ജാതിയാക്കുകയും ചെയ്യും. ഞാൻ നിന്റെ പേർ വലുതാക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കുകയും നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കുകയും ചെയ്യും. നീ മുഖാന്തരം ഈ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും” എന്ന് പറഞ്ഞു.
അങ്ങനെ അബ്രാം ദൈവത്തെ അനുസരിച്ച് തന്റെ ഭാര്യ സാറായിയേയും വേലക്കാരേയും കൂട്ടി ദൈവം കാണിപ്പാനിരിക്കുന്ന കനാൻ ദേശത്തേക്ക് പുറപ്പെട്ടു.
അബ്രാം കനാനിൽ എത്തിച്ചേർന്നപ്പോൾ, ദൈവം അബ്രഹാമിനോട്, “നിന്റെ ചുറ്റും നോക്കുക, നീ ഈ കാണുന്നതെല്ലാം ഞാൻ നിനക്കും നിന്റെ സന്തതികൾക്കും അവകാശമായി തരുവാൻ പോകുന്നു” എന്ന് പറഞ്ഞു. അങ്ങനെ അബ്രാം അവിടെ പാർത്തു.
ഒരു ദിവസം അബ്രാം വലിയവനായ ദൈവത്തിന്റെ പുരോഹിതനായ മൽക്കീസദേക്കിനെ കണ്ടുമുട്ടി. മൽക്കീസദേക്ക് അബ്രാമിനെ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടേയും ഉടയവനായ വലിയവനായ ദൈവത്തിന്റെ നാമത്തിൽ അനുഗ്രഹിച്ചു. അപ്പോൾ അബ്രാം തന്റെ സമ്പത്തിൽ നിന്നും പത്തിലൊന്ന് മൽക്കീസദേക്കിന് നല്കി.
വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും അബ്രാമിനും സാറായിക്കും കുട്ടികളുണ്ടായിരിന്നില്ല. എന്നാൽ ദൈവം അബ്രാമിന് വീണ്ടും ഒരു വാഗ്ദത്തം കൊടുത്തു; “ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാൻ നിനക്ക് അനേകം സന്തതികളെ തരും”. അബ്രാം ദൈവത്തിന്റെ വാഗ്ദത്തം വിശ്വസിച്ചതിനാൽ, “നീ നീതിമാനാകുന്നു” എന്ന് ദൈവം അരുൾചെയ്തു.
അതിന് ശേഷം ദൈവം ഒരു ഉടമ്പടി ചെയ്തു. ഉടമ്പടി ഇപ്രകാരമായിരുന്നു, ഞാൻ നിന്നിൽ നിന്ന് തന്നെ നിനക്കൊരു സന്തതിയെ തരും. ആ സന്തതിക്ക് ഞാൻ കനാൻ ദേശം കൊടുക്കും എന്ന് പറഞ്ഞു. അപ്പോഴും അബ്രാമിന് സന്തതിയുണ്ടായിരുന്നില്ല.
(ഈ വേദപുസ്തക കഥ, ഉല്പത്തി 11-15 അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)