2. പാപം ഭൂമിയിലേക്ക് കടന്ന് വരുന്നു
ആദാമും അവന്റെ ഭാര്യയും ദൈവം അവർക്കായി ഉണ്ടാക്കിയ മനോഹരമായ തോട്ടത്തിൽ വളരെ സന്തോഷമായി ജീവിക്കുകയായിരുന്നു. അവർ രണ്ടു പേരും വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. എന്നാൽ, ഇതിൽ അവർക്ക് അൽപം പോലും നാണം തോന്നിയില്ല. കാരണം, ലോകത്തിൽ പാപം ഉണ്ടായിരുന്നില്ല. അവർ പലപ്പോഴും തോട്ടത്തിൽ നടക്കുകയും ദൈവത്തോടു സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാൽ തോട്ടത്തിൽ ഒരു കൌശലശാലിയ ഒരു പാമ്പ് ഉണ്ടായിരുന്നു. അത് സ്ത്രീയോട്, “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ തിന്നരുത് എന്ന് ദൈവം നിങ്ങളോടു വാസ്തവമായി പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു.
അപ്പോൾ സ്ത്രീ, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഒഴികെ മറ്റെല്ലാ വൃക്ഷഫലങ്ങളും നിങ്ങൾക്ക് ഭക്ഷിക്കാം. എന്നാൽ, അറിവിന്റെ വൃക്ഷത്തിന്റെ ഫലം നിങ്ങൾ ഭക്ഷിക്കുകയോ, തൊടുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും എന്നു ദൈവം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്” എന്ന് ഉത്തരം പറഞ്ഞു,
അതിന് പാമ്പ് സ്ത്രീയോട്, “അത് സത്യമല്ല. നീ മരിക്കുകയില്ല. എന്നാൽ നന്മ തിന്മകളെ അറിയുന്നവരായി ദൈവത്തെപ്പൊലെ നിങ്ങളും ആകുമെന്ന് ദൈവം അറിയുന്നു” എന്ന് പറഞ്ഞു.
ഫലം കാണുവാൻ ഭംഗിയുള്ളതും തിന്നുവാൻ നല്ലതുമാണ് എന്നു സ്ത്രീ കണ്ടു. ജ്ഞാനി ആകുവാൻ അവൾ ആഗ്രഹിച്ചു. അതിനാൽ ഫലം പറിച്ചു തിന്നു. പിന്നീട് അവൾ അവളോടു കൂടെ ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു; അവനും തിന്നു.
ഉടനെ അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണ് എന്ന് അവർക്കു മനസ്സിലായി. അതുകൊണ്ട് അവർ ഇലകൾ കൂട്ടിത്തുന്നി തങ്ങളുടെ ശരീരങ്ങൾ മറയ്ക്കുവാൻ ശ്രമിച്ചു.
ദൈവം തോട്ടത്തിൽ നടക്കുന്നതായ ശബ്ദം മനുഷ്യനും അവന്റെ ഭാര്യയും കേട്ടിട്ട്, അവർ ദൈവത്തിൽ നിന്ന് ഓടി ഒളിച്ചു. ദൈവം അവനെ വിളിച്ചിട്ട്, “നീ എവിടെയാകുന്നു?” എന്ന് ചോദിച്ചു. അതിനു “തോട്ടത്തിൽ നിന്റെ ശബ്ദം കേട്ടിട്ട് ഞാൻ നഗ്നനാകയാൽ ഭയപ്പെട്ട് ഒളിച്ചു” എന്ന് ആദം ഉത്തരം പറഞ്ഞു.
“നീ നഗ്നനെന്ന് നിന്നോട് ആര് പറഞ്ഞു? ഞാൻ നിന്നോട് ഭക്ഷിക്കരുതെന്ന് കൽപിച്ച വൃക്ഷഫലം നീ ഭക്ഷിച്ചുവോ?” എന്ന് ദൈവം അവനോട് ചോദിച്ചു. അതിന് മനുഷ്യൻ, “എന്നോട് കൂടെ ആയിരിക്കുവാൻ നീ തന്ന സ്ത്രീ വൃക്ഷഫലം തന്നു, ഞാൻ ഭക്ഷിക്കുകയും ചെയ്തു” എന്നു പറഞ്ഞു. ദൈവം സ്ത്രീയോട് “നീ ഈ ചെയ്തത് എന്ത്?” എന്ന് ചോദിച്ചു. അതിന് സ്ത്രീ, “പാമ്പ് എന്നെ വഞ്ചിച്ചു” എന്ന് പറഞ്ഞു.
ദൈവം പാമ്പിനോട്, “നീ ശപിക്കപ്പെട്ടവൻ, നീ വയറുകൊണ്ട് ഇഴഞ്ഞ് നടക്കുകയും മണ്ണ് തിന്നുകയും ചെയ്യും. നീയും സ്ത്രീയും പരസ്പരം ശത്രുക്കളായിരിക്കും. നിന്റെ കുഞ്ഞുങ്ങളും അവളുടെ കുഞ്ഞുങ്ങളും തമ്മിലും ശത്രുതയുണ്ടാവും. സ്ത്രീയുടെ സന്തതി നിന്റെ തല തകർക്കും, നീ അവന്റെ കുതികാൽ തകർക്കും” എന്ന് പറഞ്ഞു.
പിന്നെ ദൈവം സ്ത്രീയോട്, “നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടായിരിക്കുകയും അവൻ നിന്നെ ഭരിക്കുകയും ചെയ്യും” എന്ന് പറഞ്ഞു.
പിന്നെ ദൈവം മനുഷ്യനോട്, “നീ നിന്റെ ഭാര്യയുടെ വാക്ക് കേൾക്കുകയും എന്നോട് അനുസരണക്കേട് കാണിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നീ നിന്റെ ഭക്ഷണത്തിനായി വളരെയധികം കഷ്ടപ്പെടേണ്ടി വരും. പിന്നെ നീ മരിക്കും. നിന്റെ ശരീരം പൊടിയിലേക്ക് തിരികെ ചേരും”. ആദം തന്റെ ഭാര്യക്ക് ഹവ്വ എന്ന് പേരിട്ടു. അതിന്റെ അർത്ഥം “ജീവൻ കൊടുക്കുന്നവൾ” എന്നാകുന്നു. കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ. ദൈവം ആദമിനും അവന്റെ ഭാര്യക്കും തോൽ കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു.
പിന്നെ ദൈവം, “മനുഷ്യൻ നന്മ തിന്മകളെ അറിയുവാൻ തക്കവണ്ണം നമ്മളിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. അവർ ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ച്‍ തിന്ന് എന്നേക്കും ജീവിക്കാനനുവദിക്കരുത്” എന്ന് പറഞ്ഞു. അങ്ങനെ ദൈവം ആദമിനേയും ഹവ്വയേയും മനോഹരമായ ആ തോട്ടത്തിൽ നിന്നും പുറത്താക്കി. ജീവവൃക്ഷത്തിലുള്ള ഫലങ്ങൾ ആരും ഭക്ഷിക്കാതിരിക്കുവാൻ ദൈവം ആ തോട്ടത്തിന്റെ വാതിൽക്കൽ ശക്തന്മാരായ ദൂതന്മാരെ കാവലാക്കി.
(ഈ വേദപുസ്തക കഥ, ഉല്പത്തി 3-ആം അധ്യായത്തിൽ നിന്നുമുള്ളതാണ്.)