Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

35. കരുണാസമ്പന്നനായ പിതാവിന്റെ കഥ

Image

ഒരു ദിവസം, യേശു തന്റെ അടുക്കൽ വന്നുകൂടിയ അനേക ചുങ്കക്കാരെയും മറ്റുപാപികളായ മനുഷ്യരെയും പഠിപ്പിക്കുകയായിരുന്നു.

Image

യേശു ഈ പാപികളെ സ്നേഹിതരായി കണക്കാക്കുന്നത് അവിടെ ഉണ്ടായിരുന്ന ചില മതനേതാക്കൾ കണ്ടിട്ട്‌, അവർ അന്യോന്യം അവനെ വിമർശിക്കുവാൻ തുടങ്ങി. അതുകൊണ്ട് യേശു അവരോട് ഈ കഥപറഞ്ഞു.

Image

“ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയമകൻ പിതാവിനോടു, ‘അപ്പാ, എനിക്ക് എന്റെ അവകാശം ഇപ്പോൾ വേണം!’ എന്ന്‌ പറഞ്ഞു. അതിനാൽ പിതാവ് തന്റെ സ്വത്ത് തന്റെ രണ്ടു മക്കൾക്കുമായി വീതിച്ചു.”

Image

“ഉടനെ ഇളയമകൻ തനിക്കുള്ളതെല്ലാം ചേർത്ത്‌ കൂട്ടി ദൂരദേശത്തേക്കു പോയി അവിടെ പാപജീവിതം നയിച്ച്‌ തന്റെ പണമെല്ലാം ധൂർത്തടിച്ചു.”

Image

“അതിനുശേഷം, അവൻ ആയിരുന്ന ദേശത്ത് ഒരു വലിയ ക്ഷാമം ഉണ്ടായി. അവന് ഭക്ഷണം വാങ്ങുവാൻ പോലും അവന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. അതുകൊണ്ട് അവൻ പന്നികളെ മേയിക്കുന്ന ജോലി ചെയ്യുവാൻ തീരുമാനിച്ചു. തനിക്കു കണ്ടെത്തുവാൻ കഴിയുന്ന ഒരേയൊരു ജോലി അതുമാത്രമായിരുന്നു. അവന്‌ വല്ലാതെ വിശക്കുകയും അവൻ വളരെയധികം കഷ്ടപ്പെടുകയും ചെയ്തതുകൊണ്ട്‌ പന്നികളുടെ ആഹാരമെങ്കിലും തിന്നുവാൻ വേണ്ടി അവൻ ആഗ്രഹിച്ചു.“

Image

“ഒടുവിൽ, അവൻ തന്നോടുതന്നെ ഇപ്രകാരം പറഞ്ഞു, ‘ഞാൻ എന്താണു ഈ ചെയ്യുന്നത്? എന്റെ അപ്പന്റെ വേലക്കാർക്കെല്ലാം വേണ്ടുവോളം ഭക്ഷിക്കുവാൻ ആഹാരമുണ്ട്. എന്നാൽ ഞാൻ ഇവിടെ പട്ടിണി കിടക്കുന്നു. ഞാൻ എന്റെ പിതാവിന്റെ അടുക്കലേക്കു തിരികെപ്പോയി “അപ്പാ, നിന്റെ വേലക്കാരിൽ ഒരുവനായി എന്നെ സ്വീകരിക്കേണമേ“ എന്നു പറയും.’”

Image

“അങ്ങനെ ഇളയ മകൻ തന്റെ പിതാവിന്റെ ഭവനത്തിലേക്കു പോകുവാൻ യാത്ര തിരിച്ചു. അവനെ ദൂരത്തുനിന്നു കണ്ട അവന്റെ പിതാവിന് അവനോട് മനസ്സലിവു തോന്നി. അദ്ദേഹം തന്റെ മകന്റെ അടുക്കലേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.”

Image

“അപ്പോൾ മകൻ അപ്പനോട്‌, ‘അപ്പാ, ഞാൻ ദൈവത്തിനും നിനക്കും എതിരായി പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകനായിരിക്കുവാൻ എനിക്കു യോഗ്യതയില്ല’” പറഞ്ഞു.

Image

“എന്നാൽ അവന്റെ പിതാവ് തന്റെ വേലക്കാരിൽ ഒരുവനെ വിളിച്ച്‌ അവനോട്, ‘നീ പെട്ടെന്നു പോയി എന്റെ മകനെ ധരിപ്പിക്കുവാൻ വിശേഷതയുള്ള വസ്ത്രം കൊണ്ടുവരുവിൻ! അവന്റെ വിരലിൽ മോതിരവും കാലിൽ ചെരുപ്പുകളുമിടുവിക്കുവിൻ. പിന്നെ, നമുക്കു ഒരു വിരുന്ന്‌ ഒരുക്കി ആഘോഷിക്കേണ്ടതിന് ഏറ്റവും നല്ല ഒരു കാളക്കുട്ടിയെ അറക്കുവിൻ. കാരണം, എന്റെ ഈ മകൻ മരിച്ചവനായിരുന്നു, എന്നാൽ അവൻ ഇപ്പോൾ വീണ്ടും ജീവിച്ചിരിക്കുന്നു! അവൻ കാണാതെ പോയിരുന്നു, എന്നാൽ ഇപ്പോൾ അവനെ കണ്ടുകിട്ടിയിരിക്കുന്നു!’”

Image

“അങ്ങനെ എല്ലാവരും ആഘോഷം തുടങ്ങി. അധികം താമസിയാതെ തന്നെ വയലിലെ പണികൾ കഴിഞ്ഞ്‌ മൂത്തമകൻ വീട്ടിലെത്തി. വീട്ടിനുള്ളിൽ നിന്നും പാട്ടിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടപ്പോൾ അവിടെ എന്താണു സംഭവിക്കുന്നത് എന്ന് ഓർത്ത്‌ അവൻ ആശ്ചര്യപ്പെട്ടു.”

Image

“തന്റെ സഹോദരൻ വീട്ടിലേക്കു വന്നതുകൊണ്ടാണ് അവർ ആഘോഷിക്കുന്നത് എന്ന് മൂത്ത മകൻ അറിഞ്ഞപ്പോൾ അവൻ വളരെയധികം കോപിക്കുകയും വീട്ടിനകത്ത്‌ കയറുവാൻ വിസമ്മതിക്കുകയും ചെയ്തു. അപ്പോൾ അവന്റെ പിതാവ് പുറത്തുവന്ന് അവനോട് വീടിനുള്ളിൽ കയറുവാനും തങ്ങളോടു കൂടെ ആഘോഷിക്കുവാനും യാചിച്ചു. എന്നാൽ, അവൻ അതിന്‌ തയ്യാറായില്ല.”

Image

“പിന്നെ മൂത്തമകൻ തന്റെ പിതാവിനോടു, ‘ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഞാൻ നിനക്കുവേണ്ടി വിശ്വസ്തതയോടെ ജോലി ചെയ്തു! ഞാൻ ഒരിക്കലും നിന്നോട് അനുസരണക്കേട് കാണിച്ചിട്ടില്ല, എങ്കിലും എന്റെ കൂട്ടുകാരോടു കൂടെ ആനന്ദിക്കേണ്ടതിന് നീ എനിക്ക് ഒരു ചെറിയ ആട്ടിൻകുട്ടിയെ പോലും തന്നിട്ടില്ല. എന്നാൽ, പാപവഴിയിൽ ജീവിച്ച്‌ നിന്റെ പണം തിന്നുകളഞ്ഞ ഈ നിന്റെ മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നീ അവനു വേണ്ടി ഏറ്റവും നല്ല കാളക്കുട്ടിയെ അറുത്തു!’” എന്നു പറഞ്ഞു.

Image

“പിതാവ് അവനോട്‌, ‘എന്റെ മകനേ, നീ എപ്പോഴും എന്നോടുകൂടെ ആയിരിക്കുന്നുവല്ലോ, എനിക്കുള്ളതെല്ലാം നിന്റേതാണ്. എന്നാൽ, നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു, എന്നാൽ ഇപ്പോൾ ജീവിക്കുന്നു, അവൻ നഷ്ടപ്പെട്ടവനായിരുന്നു. എന്നാൽ ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു. അതുകൊണ്ട്, നാം ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരിക്കുന്നു !’” എന്ന്‌ ഉത്തരം പറഞ്ഞു.

ലൂക്കൊസ്‌ 15:11-32