10 പത്ത് ബാധകൾ
മോശെയും അഹരോനും ഫറവോന്റെ അടുക്കലേക്കു പോയി. അവർ ഫറവോനോട്, “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം പറയുന്നു, എന്റെ ജനത്തെ വിട്ടയയ്ക്കുക!” എന്ന് പറഞ്ഞു. ഫറവോൻ അതു കേൾക്കുവാൻ കൂട്ടാക്കിയില്ല. മാത്രമല്ല യിസ്രായേല്യരെ പോകുവാൻ അനുവദിക്കുന്നതിനു പകരം, കൂടുതൽ കഠിനവേല ചെയ്യുവാൻ അവരെ നിർബന്ധിച്ചു.
ജനങ്ങൾ പോകുവാൻ ഫറവോൻ അനുവദിച്ചതേയില്ല. അതുകൊണ്ട്, ദൈവം ഈജിപ്ത് ദേശത്തിന്റെ മേൽ ഭയാനകമായ പത്ത് ബാധകൾ അയച്ചു. ഈ ബാധകളിലൂടെ താൻ ഫറവോനെക്കാളും ഈജിപ്തിലെ സകല ദേവന്മാരെക്കാളും ശക്തനാണ് എന്ന് ദൈവം ഫറവോന് കാണിച്ചു കൊടുത്തു.
ദൈവം നൈൽ നദിയെ രക്തമാക്കിത്തീർത്തു. എങ്കിലും, ഫറവോൻ യിസ്രായേല്യരെ വിട്ടയപ്പാൻ അനുവദിച്ചില്ല.
ദൈവം ഈജിപ്തിൽ എല്ലായിടത്തും തവളകളെ അയച്ചു. തവളകളെ നീക്കിക്കളയുവാൻ ഫറവോൻ മോശെയോട് അപേക്ഷിച്ചു. എന്നാൽ തവളകൾ മുഴുവനും ചത്തതിനു ശേഷം ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കുകയും യിസ്രായേല്യരെ ഈജിപ്തിൽ നിന്നു പോകുവാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.
അതുകൊണ്ട് ദൈവം പേൻ എന്ന ബാധയെ അയച്ചു. പിന്നെ അവൻ നായീച്ച എന്ന ബാധയെ അയച്ചു. ഫറവോൻ മോശെയെയും അഹരോനെയും വിളിച്ച് അവർ ബാധ നിർത്തലാക്കിയാൽ യിസ്രായേല്യർക്ക് ഈജിപ്ത് വിട്ടുപോകുവാൻ അനുവദിക്കാം എന്ന് പറഞ്ഞു. മോശെ പ്രാർത്ഥിച്ചപ്പോൾ ദൈവം ഈജിപ്തിന്മേലുള്ള എല്ലാ നായീച്ചകളെയും നീക്കിക്കളഞ്ഞു. എന്നാൽ ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കുകയും ജനങ്ങളെ വിട്ടയക്കാതിരിക്കുകയും ചെയ്തു.
അടുത്തതായി, ദൈവം വ്യാധികളെ അയച്ചു, ഈജിപ്തുകാരുടെ വളർത്തുമൃഗങ്ങളെല്ലാം രോഗം വന്ന് ചാകുവാൻ ഇടയായി. എന്നാൽ ഫറവോന്റെ ഹൃദയം കഠിനമാകുകയും, അവൻ യിസ്രായേല്യരെ വിട്ടയക്കാതിരിക്കുകയും ചെയ്തു.
പിന്നീട് ദൈവം മോശെയോടു, “ഫറവോന്റെ മുമ്പിൽ വച്ച് അന്തരീക്ഷത്തിലേക്ക് ചാരം വിതറുവിൻ” എന്നു പറഞ്ഞു. മോശെ അപ്രകാരം ചെയ്തപ്പോൾ അത് ഈജിപ്തുകാരുടെ മേൽ വേദനയുള്ള പരുവായിത്തീർന്നു. എന്നാൽ യിസ്രായേല്യരുടെ മേൽ അത് വന്നതുമില്ല. ദൈവം ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; ഫറവോൻ യിസ്രായേല്യരെ വിട്ടയക്കാതിരിക്കുകയും ചെയ്തു.
അതിനു ശേഷം, മിസ്രയീമിലെ കൃഷികളും വീടിനു പുറത്തുപോകുന്ന ഏവനെയും നശിപ്പിച്ച് കളയത്തക്കവണ്ണം കല്മഴയെ ദൈവം അയച്ചു. ഫറവോൻ മോശെയെയും അഹരോനെയും വിളിച്ച് അവരോടു പറഞ്ഞു, “ഞാൻ പാപം ചെയ്തിരിക്കുന്നു. നിങ്ങൾക്കു പോകാം” എന്നു പറഞ്ഞു. അതുകൊണ്ട് മോശെ പ്രാർത്ഥിച്ചു, അപ്പോൾ ആകാശത്തു നിന്നു കല്മഴ വീഴുന്നതു നിന്നു.
എന്നാൽ വീണ്ടും ഫറവോൻ പാപം ചെയ്യുകയും തന്റെ ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു. അവൻ യിസ്രായേല്യരെ സ്വതന്ത്രരായി വിട്ടയച്ചതുമില്ല.
അതുകൊണ്ട് ദൈവം ഈജിപ്തിന്റെ മേൽ വെട്ടുക്കിളിയുടെ കൂട്ടത്തെവരുത്തി. കല്മഴ നശിപ്പിക്കാതിരുന്ന കൃഷികളൊക്കെയും ഈ വെട്ടുക്കിളികൾ തിന്ന് നശിപ്പിച്ചു.
അതിനുശേഷം മൂന്നു ദിവസത്തേക്ക് ഇരുട്ടിനെ ദൈവം അയച്ചു. ഈജിപ്തുകാർക്ക് വീടുവിട്ടു പുറത്തേക്കു പോകുവാൻ സാധിക്കാതവണ്ണം വലിയ കൂരിരുട്ടായിരുന്നു. എന്നാൽ യിസ്രായേല്യർ വസിച്ചിരുന്ന സ്ഥലത്ത് വെളിച്ചമുണ്ടായിരുന്നു.
ഈ ഒൻപതു ബാധകൾക്കു ശേഷവും, ഫറവോൻ യിസ്രായേല്യരെ സ്വതന്ത്രരായി വിട്ടയയ്ക്കുവാൻ വിസമ്മതിച്ചു. ഫറവോൻ കേൾക്കുവാൻ വിസമ്മതിച്ചതുകൊണ്ട്, ദൈവം അവസാനത്തെ ഒരു ബാധ കൂടി അയയ്ക്കുവാൻ തീരുമാനിച്ചു. അത് ഫറവോന്റെ മനസ്സു മാറ്റും.
(ഈ വേദപുസ്തക കഥ, പുറപ്പാട് 5 മുതൽ 10 വരെയുള്ള അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)