20 പ്രവാസവും മടങ്ങിവരവും
യിസ്രായേൽ രാജ്യവും യഹൂദാ രാജ്യവും ദൈവത്തിനെതിരെ പാപം ചെയ്തു. സീനായിയിൽ വച്ച് ദൈവം അവരോടു ചെയ്ത ഉടമ്പടി അവർ ലംഘിച്ചു. മാനസാന്തരപ്പെട്ട് തന്നെ വീണ്ടും ആരാധിക്കുവാനുള്ള മുന്നറിയിപ്പു കൊടുക്കുവാൻ ദൈവം തന്റെ പ്രവാചകന്മാരെ അയച്ചു. എന്നാൽ അവർ അത് അനുസരിച്ചില്ല.
അതുകൊണ്ട് അവരുടെ ശത്രുക്കൾ അവരെ നശിപ്പിക്കുവാൻ അനുവദിച്ചുകൊണ്ട് ദൈവം രണ്ടു രാജ്യങ്ങളെയും ശിക്ഷിച്ചു. അശൂർ സാമ്രാജ്യം എന്ന ശക്തവും ക്രൂരവുമായ ഒരു രാജ്യം, യിസ്രായേൽ രാജ്യങ്ങളെ നശിപ്പിച്ചു. അശൂര്യർ യിസ്രായേൽ രാജ്യത്തിലെ അനേക ജനങ്ങളെ കൊല്ലുകയും വിലപിടിപ്പുള്ള പലതും എടുത്തുകൊണ്ടു പോകുകയും രാജ്യത്തിന്റെ ഭൂരിഭാഗവും തീവച്ചു നശിപ്പിക്കുകയും ചെയ്തു.
അശ്ശൂര്യർ എല്ലാ നേതാക്കന്മാരെയും ധനവാന്മാരെയും കഴിവുകളുള്ളവരെയും അശ്ശൂരിലേക്കു പിടിച്ചുകൊണ്ട് പോയി. ദരിദ്രരായ യിസ്രായേല്യർ മാത്രമേ കൊല്ലപ്പെടാതെ യിസ്രായേൽ രാജ്യത്തിൽ അവശേഷിച്ചുള്ളൂ.
യിസ്രായേൽ രാജ്യം നിലനിന്നിരുന്ന ദേശത്തു പാർക്കേണ്ടതിന് വിദേശീയരായ ആളുകളെ അശ്ശൂര്യർ കൊണ്ടുവന്നു. ആ വിദേശീയർ നശിപ്പിക്കപ്പെട്ട നഗരങ്ങൾ വീണ്ടും പണിയുകയും അവിടെ അവശേഷിച്ചിരുന്ന യിസ്രായേല്യരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിദേശീയരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട യിസ്രായേല്യരുടെ സന്തതികളെ ശമര്യാക്കാർ എന്ന് അറിയപ്പെടുന്നു.
തന്നെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാതിരുന്നതിന് യിസ്രായേൽ രാജ്യത്തെ ദൈവം എങ്ങനെയാണ് ശിക്ഷിച്ചത് എന്ന് യഹൂദാ രാജ്യത്തിലെ ജനങ്ങൾ കണ്ടു. എങ്കിലും അവർ കനാന്യരുടെ ദേവന്മാർ ഉൾപ്പെടെയുള്ള ദേവന്മാരെ ആരാധിച്ചു. അവർക്കു മുന്നറിയിപ്പു കൊടുക്കുവാൻ ദൈവം പ്രവാചകന്മാരെ അയച്ചു, എന്നാൽ അവർ അവരെ അനുസരിക്കുവാൻ വിസമ്മതിച്ചു .
അശ്ശൂര്യർ യിസ്രായേൽ രാജ്യത്തെ നശിപ്പിച്ചതിന് ഏകദേശം 100 വർഷങ്ങൾക്കു ശേഷം, ദൈവം ബാബിലോൺ രാജാവായ നെബുഖദ്നേസറെ, യഹൂദാ രാജ്യം ആക്രമിക്കുവാൻ അയച്ചു. ബാബിലോൺ ഒരു ശക്തമായ സാമ്രാജ്യമായിരുന്നു. താൻ നെബുഖദ്നേസറുടെ ദാസനായിരിക്കാം എന്നും ഓരോ വർഷവും ധാരാളം പണം നൽകാമെന്നും യഹൂദാ രാജാവ് സമ്മതിച്ചു.
എന്നാൽ കുറച്ചു വർഷങ്ങൾക്കു ശേഷം ബാബേലിനെതിരെ യിസ്രായേൽ രാജാവ് മത്സരിച്ചു. അതുകൊണ്ട് ബാബേൽ രാജാവ് തിരികെ വരികയും യഹൂദാ രാജ്യത്തെ ആക്രമിക്കുകയും ചെയ്തു. അവർ യെരൂശലേം നഗരം പിടിച്ചടക്കുകയും, ആലയം നശിപ്പിക്കുകയും, നഗരത്തിലെയും ആലയത്തിലെയും സമ്പത്തുകൾ മുഴുവൻ എടുത്തുകൊണ്ടു പോകുകയും ചെയ്തു.
തങ്ങളോട് മത്സരിച്ചതിനുള്ള ശിക്ഷയായി, നെബുഖദ്നേസറുടെ പടയാളികൾ യഹൂദാ രാജാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ മുൻപിൽ വച്ച് കൊന്നുകളയുകയും അതിനുശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ പൊട്ടിക്കുകയും ചെയ്തു. അതിനുശേഷം ബാബേലിൽ തടവിലിട്ട് കൊല്ലേണ്ടതിന് അദ്ദേഹത്തെ അവർ കൊണ്ടുപോയി.
യഹൂദാ രാജ്യത്തിലെ മിക്കവാറും എല്ലാവരെയും നെബുഖദ്നേസർ ബാബേലിലേക്കുകൊണ്ടുപോയി. വയലിൽ (നിലത്തു) കൃഷി ചെയ്യേണ്ടതിന് ഏറ്റവും ദരിദ്രരായവരെ മാത്രം അവിടെ വിട്ടു. വാഗ്ദത്തനാട് വിട്ട് പോകുവാൻ ദൈവ ജനം നിർബന്ധിക്കപ്പെട്ട ഈ കാലയളവിനെ പ്രവാസം എന്നു വിളിക്കുന്നു.
തന്റെ ജനത്തെ അവരുടെ പാപം നിമിത്തം പ്രവാസത്തിലേക്ക് അയച്ച് ദൈവം അവരെ ശിക്ഷിച്ചു എങ്കിലും ദൈവം അവരെ മറക്കുകയോ തന്റെ വാഗ്ദത്തം ഓർക്കാതിരിക്കുകയോ ചെയ്തില്ല. ദൈവം തന്റെ ജനത്തെ പരിപാലിക്കുകയും തന്റെ പ്രവാചകന്മാരിലൂടെ അവരോടു സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എഴുപതു വർഷങ്ങൾക്കു ശേഷം അവർ വാഗ്ദത്ത നാട്ടിലേക്കു തിരികെ വരും എന്ന് ദൈവം അവരോട് വാഗ്ദത്തം ചെയ്തു.
ഏകദേശം എഴുപതു വർഷങ്ങൾക്ക് ശേഷം, പാർസി രാജാവായ കോരെശ്, ബാബിലോണിനെ തോൽപ്പിച്ചു. അങ്ങനെ ബാബേൽ സാമ്രാജ്യത്തെ നീക്കിക്കളഞ്ഞ ശേഷം പാർസി സാമ്രാജ്യം നിലവിൽ വന്നു. യിസ്രായേല്യർ ഇപ്പോൾ യഹൂദന്മാർ എന്ന് അറിയപ്പെടുന്നു. അവരിൽ മിക്കപേരും അവരുടെ ജീവിതകാലം മുഴുവൻ ബാബിലോണിൽ തന്നെ ജീവിച്ചു. വളരെ പ്രായം ചെന്ന ചുരുക്കം ചില യഹൂദന്മാർക്ക് മാത്രമേ യഹൂദാ ദേശത്തെക്കുറിച്ച് ഓർമ്മയുണ്ടായിരുന്നുള്ളൂ .
പാർസി സാമ്രാജ്യം വളരെ ശക്തമായിരുന്നു. എന്നാൽ, തങ്ങൾ കീഴടക്കിയ ജനങ്ങളോട് അവർ കരുണയുള്ളവരായിരുന്നു. കോരെശ് പാർസിരാജാവായ ശേഷം, യഹൂദാദേശത്തിലേക്കു മടങ്ങുവാൻ ആഗ്രഹിക്കുന്ന ഏതു യഹൂദനും പാർസിരാജ്യത്തുനിന്നും യഹൂദയിലേക്കു പോകാവുന്നതാണ് എന്ന് കല്പന കൊടുത്തു. ആലയം വീണ്ടും പണിയുന്നതിനുള്ള പണം പോലും അദ്ദേഹം അവർക്കു കൊടുത്തു
! അങ്ങനെ, എഴുപതു വർഷത്തെ പ്രവാസത്തിന് ശേഷം, ഒരു ചെറിയ കൂട്ടം യഹൂദന്മാർ യഹൂദാ ദേശത്തിലെ യെരൂശലേം നഗരത്തിലേക്കു തിരികെ ചെന്നു.
ജനങ്ങൾ യെരൂശലേമിൽ തിരികെ എത്തിയപ്പോൾ, ആലയവും നഗരത്തിനു ചുറ്റുമുള്ള മതിലും പുതുക്കി പണിതു. അവർ അപ്പോഴും മറ്റുള്ളവരാൽ ഭരിക്കപ്പെടുകയായിരുന്നു എങ്കിലും, അവർ ഒരിക്കൽക്കൂടി വാഗ്ദത്തദേശത്തു വസിക്കുകയും ആലയത്തിൽ ആരാധിക്കുകയും ചെയ്തു.
(ഈ വേദപുസ്തക കഥ, 2 രാജാക്കന്മാർ 17; 24-25; 2 ദിനവൃത്താന്തം 36; എസ്രാ 1-10; നെഹമ്യാവ് 1-13 എന്നീ അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)