Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

21 ദൈവം മശിഹായെ വാഗ്ദത്തം ചെയ്യുന്നു

Image

ആദി മുതൽ തന്നെ, മശിഹയെ അയയ്ക്കുവാൻ ദൈവം പദ്ധതിയിട്ടിരുന്നു. മശിഹയെക്കുറിച്ചുള്ള ആദ്യത്തെ വാഗ്ദത്തം ആദാമിനും ഹവ്വയ്ക്കും ലഭിച്ചിരുന്നു. പാമ്പിന്റെ തലയെ തകർക്കുവാൻ കഴിയുന്ന ഹവ്വയുടെ ഒരു സന്തതി ജനിക്കുമെന്ന്‌ ദൈവം വാഗ്ദത്തം ചെയ്തിരുന്നു. ഹവ്വയെ വഞ്ചിച്ച പാമ്പ് സാത്താനായിരുന്നു. മശിഹ സാത്താനെ പൂർണ്ണമായി തോൽപ്പിക്കുമെന്നതായിരുന്നു വാഗ്ദത്തത്തിന്റെ അർത്ഥം.

Image

തന്നിലൂടെ ലോകത്തിലെ സകല ജനവിഭാഗങ്ങളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തു. ഭാവിയിൽ മശിഹ വരുമ്പോൾ ഈ വാഗ്ദത്തം നിറവേറ്റപ്പെടും. ലോകത്തിലെ സകലവംശങ്ങളിൽ നിന്നുമുള്ള ജനങ്ങൾ രക്ഷിക്കപ്പെടുക എന്നത് മശിഹ സാധ്യമാക്കും.

Image

ഭാവിയിൽ മോശെയെപ്പോലെ മറ്റൊരു പ്രവാചകനെ ഉയർത്തും എന്ന് ദൈവം മോശെയോട് വാഗ്ദത്തം ചെയ്തു. ഭവിയിൽ വരുവാനിരിക്കുന്ന മശിഹയെക്കുറിച്ചുള്ള മറ്റൊരു വാഗ്ദത്തമായിരുന്നു ഇത്.

Image

തന്റെ സ്വന്ത സന്തതികളിൽ ഒരുവൻ ദൈവത്തിന്റെ ജനത്തെ എന്നന്നേക്കും രാജാവായി ഭരിക്കും എന്ന്‌ രാജാവായ ദാവീദിനോട് ദൈവം വാഗ്ദത്തം ചെയ്തു. അതിനർത്ഥം ദാവീദിന്റെ സ്വന്ത സന്തതികളിൽ ഒരുവനാണ്‌ മശിഹ എന്നതാണ്.

Image

താൻ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കും, എന്നാൽ അത് സീനായിൽ വച്ച് യിസ്രായേലുമായി ദൈവം ഉടമ്പടി ഉണ്ടാക്കിയതുപോലെയല്ല എന്ന് യിരെമ്യാവ് പ്രവാചകനിലൂടെ ദൈവം വാഗ്ദത്തം ചെയ്തു. പുതിയ ഉടമ്പടിയിൽ ദൈവം തന്റെ നിയമം ജനങ്ങളുടെ ഹൃദയത്തിൽ എഴുതുകയും, ജനങ്ങൾ വ്യക്തിപരമായി അവരുടെ ദൈവത്തെ അറിയുകയും ചെയ്യും, അവർ ദൈവത്തിന്റെ ജനം ആകുകയും, ദൈവം അവരുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യും. മശിഹ പുതിയ ഉടമ്പടി ആരംഭിക്കും.

Image

മശിഹ ഒരു പ്രവാചകനും ഒരു പുരോഹിതനും ഒരു രാജാവും ആയിരിക്കും എന്ന് ദൈവത്തിന്റെ പ്രവാചകന്മാർ പറഞ്ഞിരുന്നു. ദൈവത്തിന്റെ വചനം കേൾക്കുകയും അവ ജനങ്ങളോടു അറിയിക്കുകയും ചെയ്യുന്നയാളാണ് പ്രവാചകൻ. ദൈവം അയയ്ക്കുമെന്നു വാഗ്ദത്തം ചെയ്ത മശിഹ ആയിരിക്കും പൂർണ്ണതയുള്ള പ്രവാചകൻ.

Image

ജനങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷയ്ക്കു പകരമായി അവർക്കു വേണ്ടി യിസ്രായേല്യ പുരോഹിതന്മാർ ദൈവത്തിനു യാഗങ്ങൾ കഴിച്ചുപോന്നിരുന്നു. മാത്രമല്ല പുരോഹിതന്മാർ ജനങ്ങൾക്കു വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. ദൈവത്തിന് ഒരു പൂർണ്ണതയുള്ള യാഗമായി തന്നത്താൻ അർപ്പിക്കുന്ന പൂർണ്ണനായ മഹാപുരോഹിതനായിരിക്കും മശിഹ.

Image

ഒരു രാജ്യത്തെ ഭരിക്കുകയും അതിലെ ജനങ്ങൾക്കു ന്യായം നടത്തുകയും ചെയ്യുന്നയാളാണ് രാജാവ്. തന്റെ പൂർവ്വപിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന പൂർണ്ണനായ രാജാവാണ് മശിഹ. അദ്ദേഹം സകല ലോകത്തെയും എന്നേക്കും ഭരിക്കുകയും, എപ്പോഴും സത്യസന്ധമായി വിധിക്കുകയും ശരിയായ തീരുമാനമെടുക്കുകയും ചെയ്യും.

Image

മശിഹായെക്കുറിച്ച് മറ്റനേക കാര്യങ്ങളും ദൈവത്തിന്റെ പ്രവാചകന്മാർ പ്രവചിച്ചചിരുന്നു. മശിഹാ വരുന്നതിനു മുൻപ് ഒരു വലിയ പ്രവാചകൻ വരുമെന്ന് മലാഖി പ്രവാചകൻ മുന്നമേ പ്രവചിച്ചിരുന്നു. മശിഹാ ഒരു കന്യകയിൽ നിന്നും ജനിക്കും എന്ന് പ്രവാചകനായ യെശയ്യാവ് പ്രവചിച്ചിരുന്നു. അവൻ ബേത്ലഹേം പട്ടണത്തിൽ ജനിക്കുമെന്ന് മീഖാ പ്രവാചകൻ പ്രവചിച്ചിരുന്നു.

Image

മശിഹ ഗലീലയിൽ വസിക്കുകയും ഹൃദയം തകർന്നവർക്ക് ആശ്വാസവും ബദ്ധന്മാർക്കു വിടുതലും തടവുകാർക്കു സ്വാതന്ത്രവും വിളമ്പരം ചെയ്യുകയും ചെയ്യും എന്ന് യെശയ്യാവ് പ്രവാചകൻ പറഞ്ഞു. മശിഹ രോഗികളെയും ബധിരരെയും അന്ധരെയും മൂകരെയും മുടന്തരെയും സൌഖ്യമാക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

Image

മശിഹ കാരണം കൂടാതെ വെറുക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യും എന്നും യെശയ്യാവ് പ്രവാചകൻ പ്രവചിച്ചിരുന്നു. മശിഹയെ കൊല്ലുന്നവർ അവന്റെ വസ്ത്രത്തിനു വേണ്ടി ചീട്ടിടുമെന്നും ഒരു സ്നേഹിതൻ അവനെ ഒറ്റിക്കൊടുക്കുമെന്നും മറ്റു പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞിരുന്നു. മശിഹയെ ഒറ്റിക്കൊടുക്കുന്നതിന് ആ സ്നേഹിതന് മുപ്പതു വെള്ളിക്കാശ്‌ പ്രതിഫലമായി ലഭിക്കുമെന്നും സെഖര്യാവ് പ്രവാചകൻ പ്രവചിച്ചിരുന്നു.

Image

മശിഹ എപ്രകാരം മരിക്കുമെന്നും പ്രവാചകന്മാർ പറഞ്ഞിരുന്നു. ജനങ്ങൾ മശിഹയെ തുപ്പുകയും പരിഹസിക്കുകയും അടിക്കുകയും ചെയ്യും എന്നും, അവൻ യാതൊരു തെറ്റും ചെയ്തിട്ടില്ല എങ്കിലും അവർ അവനെ കുത്തുകയും അവൻ വലിയ വേദനയിൽ മരിക്കുകയും ചെയ്യും എന്നും യെശയ്യാവ് പ്രവചിച്ചിരുന്നു.

Image

പാപമില്ലാത്ത പൂർണ്ണനായിരിക്കും മശിഹ എന്നും പ്രവാചകന്മാർ പറഞ്ഞിരുന്നു. മറ്റു മനുഷ്യരുടെ പാപങ്ങളുടെ ശിക്ഷ ഏറ്റെടുക്കുന്നതിനു വേണ്ടി അവൻ മരിക്കും. അവന്റെ ശിക്ഷയിലൂടെ ദൈവവും മനുഷ്യരും തമ്മിൽ സമാധാനം ഉണ്ടാകും. ഇക്കാരണത്താൽ മശിഹയെ തകർത്തുകളയുവാൻ ദൈവത്തിന് ഇഷ്ടം തോന്നി.

Image

മശിഹാ മരിക്കുകയും ദൈവം അവനെ മരണത്തിൽ നിന്ന് ഉയിർപ്പിക്കുകയും ചെയ്യുമെന്നും പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. മശിഹായുടെ മരണത്തിലൂടെയും ഉയിർത്തെഴുന്നേൽപ്പിലൂടെയും പാപികളെ രക്ഷിക്കുന്നതിനുള്ള തന്റെ പദ്ധതി ദൈവം പൂർത്തിയാക്കുകയും പുതിയ ഉടമ്പടി ആരംഭിക്കുകയും ചെയ്യും.

Image

മശിഹയെക്കുറിച്ച് അനേക കാര്യങ്ങൾ ദൈവം പ്രവാചകന്മാർക്ക് വെളിപ്പെടുത്തിക്കൊടുത്തു. എന്നാൽ ആ പ്രവാചകന്മാരുടെ ആരുടെയും കാലത്ത് മശിഹാ വന്നില്ല. ആ പ്രവചനങ്ങളിൽ അവസാനത്തേത് നൽകിക്കഴിഞ്ഞ് ഏകദേശം 400 വർഷം കഴിഞ്ഞ്, കാലത്തിന്റെ പൂർണ്ണതയിൽ ദൈവം മശിഹയെ ലോകത്തിലേക്ക് അയയ്ക്കും.

(ഈ വേദപുസ്തക കഥ, ഉല്പത്തി 3:15; 12:1-3; ആവർത്തനം 18:15; 2 ശമുവേൽ 7; യിരമ്യാവ്‌ 31; യെശയ്യാവ്‌ 59:16; ദാനിയേൽ 7; മലാഖി 4:5; യെശയ്യാവ്‌ 7:14; മീഖാ 5:2; യെശയ്യാവ്‌ 9:1-7; 35:3-5; 61; 53; സങ്കീർത്തനങ്ങൾ 22:18; 35:19; 69:4; 41:9; സെഖര്യാവ്‌ 11:12-13; യെശയ്യാവ്‌ 50:6; സങ്കീർത്തനങ്ങൾ 16:10-11 എന്നീ അധ്യായങ്ങളിൽ നിന്നുമുള്ളതാണ്‌.)