13 ഇസ്രായേലിനോടുള്ള ദൈവത്തിന്റെ ഉടമ്പടി
യിസ്രായേല്യരെ ചെങ്കടലിലൂടെ കടത്തിയശേഷം ദൈവം, അവരെ മരുഭൂമിയിലൂടെ സീനായി പർവ്വതത്തിലേക്കു നയിച്ചു. മോശെ കത്തുന്ന മുൾപ്പടർപ്പുകണ്ട അതേ പർവ്വതമായിരുന്നു ഇത്. ജനങ്ങൾ പർവ്വതത്തിന്റെ താഴ്വാരത്ത് കൂടാരമടിച്ചു.
ദൈവം മോശെയോടും യിസ്രായേൽ ജനത്തോടും, “നിങ്ങൾ എന്നെ അനുസരിക്കുകയും എന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും ചെയ്താൽ, നിങ്ങൾ എനിക്ക് ഒരു സമ്പത്തും, പുരോഹിതഗണവും, വിശുദ്ധ ജാതിയുമായിരിക്കും” എന്ന് പറഞ്ഞു.
മൂന്നു ദിവസം കഴിഞ്ഞ ശേഷം, ജനങ്ങൾ അവരവരെത്തന്നെ ആത്മീയമായി ഒരുക്കിക്കഴിഞ്ഞപ്പോൾ, ഇടി, മിന്നൽ, പുക, അത്യുച്ചത്തിലുള്ള കാഹളധ്വനി എന്നിവയോടെ ദൈവം സീനായ് പർവ്വതത്തിന്റെ മുകളിൽ ഇറങ്ങിവന്നു. പർവ്വതത്തിന്റെ മുകളിലേക്കു കയറുവാൻ മോശെയെ മാത്രമേ അനുവദിച്ചുള്ളൂ
പിന്നീട് ദൈവം അവർക്കു നിയമങ്ങൾ (ചട്ടങ്ങൾ) നൽകിയിട്ട്, “ഞാൻ മിസ്രയീമിലെ അടിമത്തത്തിൽ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവമായ, യഹോവയാകുന്നു; മറ്റു ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്” എന്ന് പറഞ്ഞു.
“വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്, കാരണം യഹോവയായ ഞാൻ തീക്ഷ്ണതയുള്ള (അസൂയാലുവായ) ദൈവമാകുന്നു. എന്റെ നാമം വൃഥാ എടുക്കരുത്. ശബത്തുനാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. അതായത്, നിങ്ങളുടെ ജോലികൾ എല്ലാം ആറുദിവസങ്ങളിൽ ചെയ്യുക കാരണം, ഏഴാം ദിവസം നിങ്ങൾക്കു വിശ്രമിക്കേണ്ടതിനും എന്നെ ഓർമ്മിക്കേണ്ടതിനുമുള്ള ദിവസമാകുന്നു.”
“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. കള്ളസാക്ഷ്യം പറയരുത്. നിന്റെ അയൽക്കാരന്റെ ഭാര്യയെയോ വീടിനെയോ അവനുള്ള യാതൊന്നിനെയുമോ മോഹിക്കരുത്.”
പിന്നീട് ദൈവം ഈ പത്തുകല്പനകളെ രണ്ടു കല്പകകളിൽ എഴുതി മോശെയ്ക്കുകൊടുത്തു. അവർ പാലിക്കേണ്ടതിന് മറ്റു നിരവധി നിയമങ്ങളും ചട്ടങ്ങളും കൂടി ദൈവം കൊടുത്തു. ജനങ്ങൾ ഈ നിയമങ്ങൾ അനുസരിക്കുകയാണെങ്കിൽ അവരെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ദൈവം വാഗ്ദത്തം ചെയ്തു. അവർ അവയെ അനുസരിക്കാതിരുന്നാൽ ദൈവം അവരെ ശിക്ഷിക്കുകയും ചെയ്യും.
തനിക്ക് വേണ്ടി അവർ ഉണ്ടാക്കേണ്ട ഒരു കൂടാരത്തിന്റെ വിശദമായ വിവരണവും ദൈവം യിസ്രായേല്യർക്കു നൽകി. സമാഗമനകൂടാരം എന്നായിരുന്നു അതിന്റെ പേര്; ഒരു തിരശ്ശീലയാൽ വേർതിരിക്കപ്പെട്ട രണ്ടുമുറികൾ അതിലുണ്ടായിരുന്നു. തിരശ്ശീലയ്ക്കു പിന്നിലുള്ള മുറിയിൽ ദൈവം വസിച്ചിരുന്നതുകൊണ്ട്, മഹാപുരോഹിതനു മാത്രമേ അവിടേക്കു പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
ദൈവത്തിന്റെ നിയമം അനുസരിക്കാതിരിക്കുന്ന ഓരോരുത്തരും സമാഗമനകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠത്തിലേക്ക് ദൈവത്തിനു യാഗം കഴിക്കുന്നതിനു വേണ്ടി ഒരു മൃഗത്തെ കൊണ്ടുവരണം. ഒരുപുരോഹിതൻ യാഗപീഠത്തിന്മേൽ ആ മൃഗത്തെ കൊല്ലുകയും ദഹിപ്പിക്കുകയും ചെയ്യും. യാഗം കഴിക്കപ്പെട്ട ആ മൃഗത്തിന്റെ രക്തം ആ വ്യക്തിയുടെ പാപങ്ങളെ മൂടുകയും ആ വ്യക്തിയെ ദൈവത്തിന്റെ മുൻപിൽ ശുദ്ധിയുള്ളവനാക്കുകയും ചെയ്യുന്നു. മോശെയുടെ സഹോദരനായ അഹരോനെയും അഹരോന്റെ സന്തതികളെയും തന്റെ പുരോഹിതന്മാരാകുവാൻ ദൈവം തിരഞ്ഞെടുത്തു.
ദൈവം അവർക്കു നൽകിയ കല്പനകൾ അനുസരിക്കുകയും ദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ പ്രത്യേക ജനമായിരിക്കുകയും ചെയ്യുമെന്ന് ജനങ്ങൾ സമ്മതിച്ചു. എന്നാൽ ദൈവത്തെ അനുസരിക്കുമെന്ന് വാക്കുപറഞ്ഞ് അധികം കഴിയുന്നതിനു മുൻപു തന്നെ അവർ ഭയങ്കരമായി പാപം ചെയ്തു .
കുറെ ദിവസങ്ങൾ, മോശെ സീനായി പർവ്വതത്തിന്റെ മുകളിൽ ദൈവത്തോടു സംസാരിക്കുകയായിരുന്നു. മോശെയുടെ മടങ്ങിവരവ് കാത്തിരുന്ന ജനങ്ങൾ മടുത്തു. അതുകൊണ്ട് അവർ അഹരോന്റെ അടുക്കലേക്കു സ്വർണ്ണം കൊണ്ടുവന്നിട്ട് അവർക്കുവേണ്ടി ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു !
ആ സ്വർണ്ണം കൊണ്ട് കാളക്കുട്ടിയുടെ രൂപത്തിലുള്ള ഒരു വിഗ്രഹം അഹരോൻ ഉണ്ടാക്കി. അവർ വിഗ്രഹത്തെ ആരാധിക്കുവാനും അതിനു യാഗം കഴിക്കുവാനും തുടങ്ങി ! ദൈവം അവരുടെ പാപം മൂലം അവരോടു വളരെ കോപിക്കുകയും അവരെ നശിപ്പിക്കുവാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ, മോശെ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ദൈവം അവന്റെ പ്രാർത്ഥന കേട്ട് അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തു.
മോശ പർവ്വതത്തിൽ നിന്നും താഴെയിറങ്ങിവന്ന് ആ വിഗ്രഹത്തെ കണ്ടപ്പോൾ വളരെ കോപിതനായിട്ട് തന്റെ കയ്യിലുണ്ടായിരുന്ന ദൈവത്തിന്റെ കല്പനകൾ എഴുതിയിട്ടുള്ള കല്പലകകൾ എറിഞ്ഞ് ഉടച്ചുകളഞ്ഞു.
അതിനുശേഷം മോശെ ആ വിഗ്രഹത്തെ ഉടച്ച് പൊടിയാക്കി വെള്ളത്തിൽ കലക്കി അവരെ കുടിപ്പിച്ചു. ദൈവം ഒരു ബാധയെ അയച്ച് അവരിൽ അനേകരെ കൊന്നു കളഞ്ഞു.
താൻ പൊട്ടിച്ചുകളഞ്ഞ കല്പലകകൾക്കു പകരം പത്ത് കല്പനകൾ എഴുതുന്നതിന് വേണ്ടി മോശെ പുതിയ കല്പലകകൾ ചെത്തിയെടുത്തു. പിന്നീട് വീണ്ടും പർവ്വതത്തിൽ കയറി ജനങ്ങളോടു ക്ഷമിക്കുവാൻ ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം മോശെയുടെ പ്രാർത്ഥന കേൾക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു. മോശെ പർവ്വതത്തിന്റെ മുകളിൽ നിന്നും പത്തുകല്പനകൾ എഴുതിയ പുതിയ കല്പലകകളുമായി താഴേയ്ക്കിറങ്ങിവന്നു. പിന്നീട്, ദൈവം യിസ്രായേല്യരെ സീനായി പർവ്വതത്തിൽ നിന്നും അകലെ വാഗ്ദത്തനാട്ടിലേക്ക് അയച്ചു.
(ഈ വേദപുസ്തക കഥ, പുറപ്പാട് 19 മുതൽ 34 വരെയുള്ള അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)