30. യേശു അഞ്ഞായിരം പേരെ പോഷിപ്പിക്കുന്നു
വിവിധ ഗ്രാമങ്ങളിലുള്ള ജനങ്ങളോടു പ്രസംഗിക്കുന്നതിനും അവരെ പഠിപ്പിക്കുന്നതിനുമായി യേശു തന്റെ അപ്പോസ്തലന്മാരെ അയച്ചു. അവർ യേശുവിന്റെ അടുക്കൽ തിരിച്ച് എത്തിയപ്പോൾ, തങ്ങൾ ചെയ്ത കാര്യങ്ങൾ യേശുവിനോടു പറഞ്ഞു. അപ്പോൾ യേശു, കുറെ നേരത്തേക്കു വിശ്രമിക്കുന്നതിനു വേണ്ടി അവരെ ഒരു ശാന്തമായ സ്ഥലത്തേക്കു പോകുവാൻ ക്ഷണിച്ചു. അതുകൊണ്ട് അവർ ഒരു വള്ളത്തിൽ കയറി തടാകത്തിന്റെ മറുകരയിലേക്കു പോയി.
എന്നാൽ തടാകത്തിന്റെ അക്കരയ്ക്കു പോകുവാൻ യേശുവും ശിഷ്യന്മാരും വള്ളത്തിൽ കയറിപ്പോകുന്നതു പലയാളുകളും കണ്ടു. അവർ തടാകക്കരയിലൂടെ ഓടി അവർക്കു മുൻപായി അക്കരെ എത്തി. അതുകൊണ്ട് യേശുവും ശിഷ്യന്മാരും അവിടെ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവരെക്കാത്തു അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ആ ജനക്കൂട്ടത്തിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടാതെ ഏകദേശം 5,000-ൽ അധികം പുരുഷന്മാരുണ്ടായിരുന്നു. യേശുവിന് ജനക്കൂട്ടത്തോടു മനസ്സലിവു തോന്നി. യേശുവിന്, ആ ജനങ്ങൾ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. അതുകൊണ്ട് യേശു അവരെ പഠിപ്പിക്കുകയും അവരിൽ രോഗികളായിരുന്നവരെ സൌഖ്യമാക്കുകയും ചെയ്തു.
നേരം വൈകാറായപ്പോൾ, ശിഷ്യന്മാർ യേശുവിനോടു, “നേരം നന്നേ വൈകി ഇതു നിർജ്ജനപ്രദേശമല്ലോ. ഭക്ഷിക്കേണ്ടതിന് ആഹാരം വാങ്ങുവാൻ ഈ ജനങ്ങളെ പറഞ്ഞയയ്ക്കേണമേ” എന്നു പറഞ്ഞു.
എന്നാൽ യേശു തന്റെ ശിഷ്യന്മാരോടു, “അവർക്കു ഭക്ഷിക്കുവാൻ നിങ്ങൾ എന്തെങ്കിലും കൊടുക്കുക!” എന്ന് പറഞ്ഞു. അതിന് അവർ “ഞങ്ങൾക്ക് എങ്ങനെ അതു സാധിക്കും? ഞങ്ങളുടെ പക്കൽ അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ”എന്ന് അവർ മറുപടി പറഞ്ഞു.
“അൻപതു പേർ വീതമുള്ള പന്തികളിലായി ജനക്കൂട്ടത്തെ മുഴുവൻ പുൽപ്പുറത്ത് ഇരുത്തുക” എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.
പിന്നെ യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തിലേക്കു നോക്കി ആഹാരത്തിനായി ദൈവത്തിനു നന്ദി പറഞ്ഞു.
പിന്നെ യേശു അപ്പവും മീനും നുറുക്കി കഷണങ്ങളാക്കി. ആ കഷണങ്ങൾ ജനങ്ങൾക്കു കൊടുക്കുവാൻ വേണ്ടി യേശു തന്റെ ശിഷ്യന്മാരുടെ കൈയിൽ കൊടുത്തു. ശിഷ്യന്മാർ ഭക്ഷണം വിളമ്പിക്കൊണ്ടേയിരുന്നു. അത് ഒരിക്കലും തീർന്നുപോയതേയില്ല! എല്ലാവരും തിന്ന് തൃപ്തരായി.
അതിനുശേഷം ബാക്കി വന്ന ഭക്ഷണം ശിഷ്യന്മാർ പന്ത്രണ്ടു കൊട്ടകളിലായി ശേഖരിച്ചു! ആ ആഹാരം മുഴുവനും അഞ്ച് അപ്പത്തിൽ നിന്നും രണ്ടു മീനിൽ നിന്നുമാണ് വന്നത്.
മത്തായി 14:13-21; മർക്കൊസ് 6:31-44; ലൂക്കൊസ് 9:10-17; യോഹന്നാൻ 6:5-15