43. സഭയുടെ ആരംഭം
യേശു സ്വർഗ്ഗത്തിലേക്കു തിരിച്ചു പോയശേഷം, യേശു കല്പിച്ചതുപോലെ ശിഷ്യന്മാർ യെരൂശലേമിൽ തന്നെ താമസിച്ചു. അവിടെ വിശ്വാസികൾ പ്രാർത്ഥിക്കുന്നതിനു വേണ്ടി സ്ഥിരമായി ഒത്തുകൂടിക്കൊണ്ടിരുന്നു.
എല്ലാ വർഷവും, പെസഹയ്ക്കുശേഷം 50 ദിവസം കഴിഞ്ഞ്, യഹൂദന്മാർ പെന്തകൊസ്ത നാൾ എന്നൊരു പ്രധാന ദിവസം ആചരിച്ചിരുന്നു. യഹൂദന്മാർ കൊയ്ത്ത് ഉത്സവമായി ആഘോഷിച്ചിരുന്ന സമയമാണ് പെന്തകൊസ്ത. പെന്തകൊസ്ത ഒരുമിച്ച് ആഘോഷിക്കുന്നതിന് വേണ്ടി ലോകത്തെല്ലായിടത്തു നിന്നുമുള്ള യഹൂദന്മാർ യെരൂശലേമിലേക്ക് വന്നിരുന്നു. യേശു സ്വർഗ്ഗത്തിലേക്കു തിരികെപ്പോയി ഒരാഴ്ച കഴിഞ്ഞായിരുന്നു ഈ വർഷത്തെ പെന്തകൊസ്തയുടെ സമയം.
വിശ്വാസികൾ എല്ലാവരും ഒരുമിച്ചായിരുന്നപ്പോൾ, പെട്ടെന്ന് അവർ ഇരുന്നിരുന്ന വീട് കൊടങ്കാറ്റിന്റേതു പോലെ ഒരു വലിയ ശബ്ദത്താൽ നിറയപ്പെട്ടു. അതിനുശേഷം അഗ്നിജ്വാലപോലെ തോന്നിക്കുന്ന എന്തോ ഒന്ന് എല്ലാ വിശ്വാസികളുടെയും തലയ്ക്കു മുകളിൽ പ്രത്യക്ഷമായി. അവർ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
യെരൂശലേമിലുള്ള ജനങ്ങൾ ഈ ശബ്ദം കേട്ടപ്പോൾ, എന്താണു സംഭവിക്കുന്നത് എന്നു കാണുവാൻ ഒരു കൂട്ടം ജനം അവിടേക്ക് എത്തി. വിശ്വാസികൾ ദൈവം ചെയ്ത അത്ഭുതപ്രവർത്തികൾ പ്രസ്ഥാവിക്കുന്നത് അവർ തങ്ങളുടെ ഓരോരുത്തരുടെയും സ്വന്ത ഭാഷകളിൽ കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടുപോയി.
ശിഷ്യന്മാർ വീഞ്ഞുകുടിച്ചിരിക്കുകയാണ് എന്നു ജനങ്ങളിൽ ചിലർ കുറ്റപ്പെടുത്തി. എന്നാൽ പത്രൊസ് എഴുന്നേറ്റ് അവരോടു, “ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുവിൻ! ഈ മനുഷ്യർ വീഞ്ഞുകുടിച്ചവരല്ല! ‘അന്ത്യകാലത്ത് ഞാൻ എന്റെ ആത്മാവിനെ പകരും’ എന്ന് യോവേൽ പ്രവാചകനിലൂടെ ദൈവം പറഞ്ഞതു നിവൃത്തിയായതാണ് ഇത്” എന്ന് പറഞ്ഞു.
“യിസ്രായേൽ പുരുഷന്മാരേ, നിങ്ങൾ കാണുകയും അറിഞ്ഞിരിക്കുകയും ചെയ്തതുപോലെ ദൈവത്തിന്റെ ശക്തിയാൽ അനേക അത്ഭുതങ്ങളും അടയാളങ്ങളും ചെയ്ത മനുഷ്യനായിരുന്നു യേശു. എന്നാൽ നിങ്ങൾ അവനെ ക്രൂശിച്ചു!”
“യേശു മരിച്ചുവെങ്കിലും, മരണത്തിൽ നിന്നും ദൈവം അവനെ ഉയിർപ്പിച്ചു. ‘നീ നിന്റെ പരിശുദ്ധനെ ദ്രവത്വം കാണാൻ വിടുകയില്ല’ എന്നുള്ള പ്രവചനം ഇതു മുഖാന്തിരം പൂർത്തീകരിക്കപ്പെട്ടു. ദൈവം യേശുവിനെ വീണ്ടും ജീവിപ്പിച്ചു എന്നതിന് ഞങ്ങൾ സാക്ഷികളാകുന്നു.”
“ഇപ്പോൾ യേശു പിതാവായ ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടു. താൻ ചെയ്യുമെന്നു വാഗ്ദത്തം ചെയ്തതുപോലെ പരിശുദ്ധാത്മാവിനെ അയച്ചു. നിങ്ങൾ ഇപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് ചെയ്യുന്നതാണ്.”
“യേശുവിനെ നിങ്ങൾ ക്രൂശിച്ചു. എന്നാൽ ദൈവം അവനെ കർത്താവും മശിഹയും ആയി ആക്കിവച്ചു എന്ന് നിങ്ങൾ നിശ്ചയമായും അറിയുക!”
പത്രൊസ് പറയുന്നത് കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്ക്, അവൻ പറഞ്ഞതു കേട്ട് ഹൃദയത്തിൽ കുത്തുകൊണ്ടു. അതുകൊണ്ട് അവർ പത്രൊസിനോടും ശിഷ്യന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് ചോദിച്ചു.
പത്രൊസ് അവരോട്, “ദൈവം നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കേണ്ടതിന് നിങ്ങൾ എല്ലാവരും മാനസാന്തരപ്പെടുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കുകയും വേണം. അപ്പോൾ ദൈവം നിങ്ങൾക്ക് പരിശുദ്ധാത്മാവ് എന്ന ദാനം നൽകും” എന്ന് ഉത്തരം പറഞ്ഞു.
പത്രൊസ് പറഞ്ഞത് ഏകദേശം 3000 പേർ വിശ്വസിക്കുകയും യേശുവിന്റെ ശിഷ്യന്മാർ ആയിത്തീരുകയും ചെയ്തു. അവർ സ്നാനപ്പെടുകയും യെരൂശലേമിലുള്ള സഭയുടെ ഭാഗമായിത്തീരുകയും ചെയ്തു.
ശിഷ്യന്മാർ സ്ഥിരമായി കൂടിവന്ന് അപ്പോസ്തലന്മാരുടെ ഉപദേശം കേൾക്കുകയും, ഒരുമിച്ചു സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു പോന്നു. ഒരുമിച്ച് ദൈവത്തെ സ്തുതിക്കുന്നതിൽ അവർ സന്തോഷിക്കുകയും അവർക്കുള്ളതെല്ലാം അന്യോന്യം പങ്കു വയ്ക്കുകയും ചെയ്തു. എല്ലാവരും അവരെക്കുറിച്ച് നല്ലതു കരുതി/ചിന്തിച്ചു. ഓരോ ദിവസവും കൂടുതൽ കൂടുതൽ ആളുകൾ വിശ്വാസികൾ ആയിക്കൊണ്ടിരുന്നു.
അപ്പൊസ്തല പ്രവർത്തികൾ 2.