11 പെസഹ
യിസ്രായേല്യരെ ഫറവോൻ വിട്ടയച്ചില്ല എങ്കിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെ കൊന്നുകളയുമെന്ന് ദൈവം ഫറവോന് മുന്നറിയിപ്പ് കൊടുത്തു. ഫറവോൻ ഇതു കേട്ടുവെങ്കിലും അത് വിശ്വസിക്കുവാനും ദൈവത്തെ അനുസരിക്കുവാനും അവൻ വിസമ്മതിച്ചു.
തന്നിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ആദ്യജാതന്മാരെ രക്ഷിക്കുവാൻ ദൈവം ഒരു വഴി ഒരുക്കി. ഓരോ കുടുംബവും ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ തിരഞ്ഞെടുക്കുകയും കൊല്ലുകയും ചെയ്യണം.
ആട്ടിൻകുട്ടിയുടെ രക്തം അവരുടെ വീടുകളുടെ കട്ടിളമേൽ പുരട്ടുകയും മാംസം പാകം ചെയ്ത് പുളിയ്ക്കാത്ത മാവ് കൊണ്ടുണ്ടാക്കിയ അപ്പത്തോടുകൂടെ തിന്നുകയും ചെയ്യണമെന്ന് ദൈവം യിസ്രായേല്യരോടു പറഞ്ഞു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഈജിപ്ത് വിട്ടുപോകേണ്ടതിന് തയ്യാറാകുവാനും ദൈവം അവരോടു പറഞ്ഞു.
യിസ്രായേല്യർ ദൈവം തങ്ങളോട് കല്പിച്ചതൊക്കെയും അതുപോലെ തന്നെ ചെയ്തു. അർദ്ധരാത്രിയിൽ ദൈവം ഈജിപ്തിലൂടെ സഞ്ചരിച്ച് സകല ആദ്യജാതന്മാരെയും നിഗ്രഹിച്ചു.
യിസ്രായേല്യരുടെ വീടുകളുടെ വാതിലുകൾക്ക് ചുറ്റും രക്തം പുരട്ടിയിരുന്നതുകൊണ്ട് ദൈവം അവരെ കടന്നുപോയി. വീടുകളുടെ ഉള്ളിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരായിരുന്നു. അവർ രക്ഷപെട്ടത് കുഞ്ഞാടിന്റെ രക്തം കൊണ്ടായിരുന്നു.
എന്നാൽ, ഈജിപ്തുകാർ ദൈവത്തെ വിശ്വസിക്കുകയോ ദൈവത്തിന്റെ കല്പനയെ അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ദൈവം അവരുടെ വീടുകളെ ഒഴിവാക്കാതെ അവരുടെ ആദ്യജാതന്മാരെ കൊന്നുകളഞ്ഞു.
തടവറയിലുള്ള തടവുകാരന്റെ ആദ്യജാതൻ മുതൽ, ഫറവോന്റെ ആദ്യജാതൻ വരെ ഈജിപ്ത്‌കാരുടെ എല്ലാ ആദ്യജാതന്മാരും മരിച്ചു. ഈജിപ്തിലെ മിക്കയാളുകളും അവരുടെ ആഴമായ ദുഃഖത്താൽ കരയുകയും വിലപിക്കുകയുമായിരുന്നു.
ആ രാത്രിയിൽത്തന്നെ, ഫറവോൻ മോശയെയും അഹരോനെയും വിളിച്ച്, “ഉടനടി യിസ്രായേല്യരെയും കൂട്ടി ഈജിപ്ത് വിട്ട് പോകുക !” എന്ന് പറഞ്ഞു. ഈജിപ്തിലെ ജനങ്ങളും യിസ്രായേല്യരോട് എത്രയും വേഗം പോകുവാൻ നിർബന്ധിച്ചു.
(ഈ വേദപുസ്തക കഥ, പുറപ്പാട് 11:1 മുതൽ 12:32 വരെയുള്ള വാക്യങ്ങളിൽ നിന്നുമുള്ളതാണ്.)