Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

41. ദൈവം യേശുവിനെ മരണത്തിൽ നിന്നും ഉയിർത്തെഴുന്നേല്പിക്കുന്നു

Image

പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം, അവനിൽ വിശ്വസിക്കാത്തവരായിരുന്ന യഹൂദാ നേതാക്കന്മാർ പീലാത്തോസിനോട്, “ആ നുണയൻ, യേശു, താൻ മൂന്നു ദിവസം കഴിയുമ്പോൾ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞിരുന്നു. അവന്റെ ശിഷ്യന്മാർ വന്ന് അവന്റെ ശരീരം മോഷ്ടിച്ച ശേഷം അവൻ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു എന്നു പറയാതിരിക്കുവാൻ കല്ലറയ്ക്കു കാവൽ വയ്ക്കേണം” എന്ന് പറഞ്ഞു.

Image

പീലാത്തോസ് അവരോട്‌, “പടയാളികളെ കൂട്ടിക്കൊണ്ടു പോയി നിങ്ങൾക്കു കഴിയുന്നിടത്തോളം കല്ലറ സുരക്ഷിതമാക്കിക്കൊൾവിൻ” എന്നു പറഞ്ഞു. അങ്ങനെ കല്ലറയുടെ വാതിൽക്കൽ ഉണ്ടായിരുന്ന കല്ലിന്മേൽ അവർ മുദ്ര വച്ചു ആരും ശരീരം മോഷ്ടിക്കുകയില്ല എന്ന്‌ ഉറപ്പ്‌ വരുത്തുവാൻ പടയാളികളെയും കാവൽ നിർത്തി.

Image

യേശുവിനെ അടക്കം ചെയ്തതിന്റെ പിറ്റേദിവസം ശബത്ത് ദിവസം ആയിരുന്നു, ആ ദിവസം കല്ലറയിൽ പോകുവാൻ യഹൂദന്മാർക്ക് അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട്, ശബത്തു കഴിഞ്ഞ്‌ പിറ്റെ ദിവസം അതിരാവിലെ ചില സ്ത്രീകൾ യേശുവിന്റെ ശരീരത്തിൽ സുഗന്ധദ്രവ്യം പൂശുവാൻ കല്ലറയ്ക്കൽ പോയി.

Image

പെട്ടെന്ന്, അവിടെ ഒരുവലിയ ഭൂമികുലുക്കം ഉണ്ടായി. മിന്നൽ പോലെ പ്രകാശമുള്ള ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും പ്രത്യക്ഷനായി. കല്ലറയുടെ വാതിൽക്കൽ വച്ചിരുന്ന കല്ല് ദൂതൻ ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നിരുന്നു. കല്ലറയ്ക്ക്‌ കാവൽ നിന്നിരുന്ന പടയാളികൾ ഭയപ്പെട്ട് മരിച്ചവരെപ്പോലെ നിലത്തുവീണു.

Image

സ്ത്രീകൾ കല്ലറയ്ക്കരികിൽ എത്തിയപ്പോൾ ദൂതൻ അവരോടു, “ഭയപ്പെടേണ്ട, യേശു ഇവിടെയില്ല. താൻ പറഞ്ഞതുപോലെ അവൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. കല്ലറയിൽ നോക്കിക്കാണുവിൻ” എന്ന്‌ പറഞ്ഞു. അവർ യേശുവിന്റെ ശരീരം വച്ചിരുന്ന സ്ഥലത്ത്‌ നോക്കിയപ്പോൾ അവന്റെ ശരീരം അവിടെ ഉണ്ടായിരുന്നില്ല!

Image

പിന്നീട് ദൂതൻ സ്ത്രീകളോടു, “‘യേശു മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു’ എന്നും ‘അവൻ നിങ്ങൾക്കു മുൻപായി ഗലീലയ്ക്കു പോകും’ എന്നും ശിഷ്യന്മാരോടു പോയി പറയുവിൻ” എന്നു പറഞ്ഞു.

Image

സ്ത്രീകൾക്ക്‌ ഭയവും അതോടൊപ്പം സന്തോഷവും തോന്നി. അവർ ഈ സദ്‌വാർത്ത അറിയിക്കുവാനായി ശിഷ്യന്മാരുടെ അടുക്കലേക്ക് ഓടി.

Image

അവർ ശിഷ്യന്മാരുടെ അടുക്കലേയ്ക്ക്‌ പോകവെ, യേശു അവർക്കു പ്രത്യക്ഷനായി, അപ്പോൾ അവർ അവനെ നമസ്ക്കരിച്ചു. യേശു അവരോട്‌, “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ ശിഷ്യന്മാരോട് ഗലീലയ്ക്കു പോകുവാനും അവർ അവിടെ എന്നെ കാണും എന്നും പറയുക” എന്നു പറഞ്ഞു.

മത്തായി 27:62-28:15; മർക്കൊസ്‌ 16:1-11; ലൂക്കൊസ്‌ 24:1-12; യോഹന്നാൻ 20:1-18