3. ജലപ്രളയം
വളരെക്കാലങ്ങൾക്കു ശേഷം, ലോകത്തിൽ മനുഷ്യർ പെരുകി. അവർ വളരെ ദുഷ്ടതയും അതിക്രമവും ഉള്ളവർ ആയിത്തീർന്നു. ഭൂമിയിൽ വഷത്വം പെരുകിയതിനാൽ ഒരു വലിയ പ്രളയം കൊണ്ടു ലോകത്തെ മുഴുവൻ നശിപ്പിക്കുവാൻ ദൈവം തീരുമാനിച്ചു.
എന്നാൽ ദൈവത്തിന് നോഹയോട് പ്രീതി തോന്നി. അവൻ ദുഷ്ടതയുള്ള ജനങ്ങളുടെ ഇടയിൽ ജീവിച്ചിരുന്ന ഒരു നീതിമാൻ ആയിരുന്നു. താൻ അയയ്ക്കുവാൻ പോകുന്ന ജലപ്രളയത്തെപ്പറ്റിയും ദൈവം നോഹയോട് പറഞ്ഞു. ഒരു വലിയ പെട്ടകം ഉണ്ടാക്കുവാനും ദൈവം അവനോട് പറഞ്ഞു.
ദൈവം നോഹയോട്, ഏകദേശം 140 മീറ്റർ നീളവും 23 മീറ്റർ വീതിയും 13.5മീറ്റർ ഉയരവുമുള്ള ഒരു പെട്ടകം ഉണ്ടാക്കുവാൻ പറഞ്ഞു. അവൻ അത് തടികൊണ്ട് മൂന്നു നിലകളും അനേക മുറികളും ഒരു മേൽക്കൂരയും ഒരു ജനാലയുമൊക്കെയായിട്ടായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. ജലപ്രളയത്തിന്റെ കാലത്ത് നോഹയും അവന്റെ കുടുംബവും എല്ലാത്തരം കരജന്തുക്കളും പെട്ടകത്തിനുള്ളിൽ സുരക്ഷിതരായിരിക്കും.
നോഹ ദൈവത്തെ അനുസരിച്ചു. അവനും അവന്റെ മൂന്നു പുത്രന്മാരും കൂടി ദൈവം കല്പിച്ചതുപോലെ തന്നെ പെട്ടകം പണിതു. പെട്ടകം വളരെ വലുതായിരുന്നതിനാൽ, അതു പണിതു തീരുവാൻ അനേക വർഷങ്ങൾ വേണ്ടിവന്നു. വരാൻ പോകുന്ന ജലപ്രളയത്തെക്കുറിച്ച് ജനങ്ങൾക്കു നോഹ മുന്നറിയിപ്പു നൽകുകയും ദൈവത്തിലേക്കു തിരിയുവാൻ പറയുകയും ചെയ്തു. എന്നാൽ അവർ നോഹയെ വിശ്വസിച്ചില്ല.
ദൈവം നോഹയോടും തന്റെ കുടുംബത്തോടും, “നിങ്ങൾക്കും മൃഗങ്ങൾക്കും ആവശ്യമായുള്ള ആഹാരം സംഭരിച്ചു വക്കേണം” എന്നും പറഞ്ഞു. എല്ലാം തയ്യാറായപ്പോൾ ദൈവം നോഹയോട്, “നിനക്കും നിന്റെ ഭാര്യയ്ക്കും മൂന്നു പുത്രന്മാർക്കും അവരുടെ ഭാര്യമാർക്കും പെട്ടകത്തിൽ കയറുവാൻ സമയമായി” എന്നു പറഞ്ഞു. അവർ ആകെ എട്ടുപേർ ആയിരുന്നു.
ജലപ്രളയകാലത്ത് പെട്ടകത്തിൽ കയറി സുരക്ഷിതരായി ഇരിക്കേണ്ടതിന് എല്ലാത്തരം മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും ഒരു ആണും ഒരു പെണ്ണുമായി നോഹയുടെ അടുക്കലേക്ക് ദൈവം അയച്ചു. യാഗത്തിന് ഉപയോഗിക്കുവാൻ സാധിക്കുന്ന എല്ലാത്തരം മൃഗങ്ങളിൽ നിന്നും ഏഴു വീതം ആണും പെണ്ണുമായി ദൈവം അയച്ചു. അവരെല്ലാവരും പെട്ടകത്തിൽ കയറിക്കഴിഞ്ഞപ്പോൾ ദൈവം തന്നെ അതിന്റെ വാതിൽ അടച്ചു.
പിന്നീട് മഴ പെയ്യാൻ തുടങ്ങി, മഴയോട് മഴ, ഇടതടവില്ലാത്ത മഴ. അങ്ങനെ നാല്പതു രാവും നാല്പതു പകലും നിർത്താതെ മഴ പെയ്തു. ഭൂമിയിൽ നിന്നും ഉറവകൾ ഉണ്ടായി അതിൽ നിന്നും വെള്ളം പൊട്ടിപ്പുറപ്പെട്ടു! ഭൂമി മുഴുവനും വെള്ളം പൊങ്ങി. ഭൂമിയിലുള്ള സകലവും, ഏറ്റവും ഉയരമുള്ള പർവ്വതങ്ങൾ പോലും വെള്ളം കൊണ്ട് മൂടിപ്പോയി.
പെട്ടകത്തിനുള്ളിലുണ്ടായിരുന്ന മനുഷ്യരും മൃഗങ്ങളുമൊഴികെ ഉണങ്ങിയ നിലത്തുണ്ടായിരുന്ന സകലതും മരിച്ചു. എന്നാൽ പെട്ടകം വെള്ളത്തിൽ പൊങ്ങി ഒഴുകി നടക്കുകയും ഉള്ളിലുള്ളവയെ മുങ്ങിമരിക്കാതെ സൂക്ഷിക്കുകയും ചെയ്തു.
മഴ നിന്നതിനു ശേഷം, പെട്ടകം അഞ്ചു മാസം വെള്ളത്തിനു മുകളിലൂടെ ഒഴുകി നടന്നു. ഈ സമയത്ത് വെള്ളം കുറഞ്ഞുതുടങ്ങി. അങ്ങനെ ഒരു ദിവസം ഒരു പർവ്വതത്തിന്റെ മുകളിൽ പെട്ടകം ഉറച്ചു. എന്നാൽ ഭൂമി അപ്പോഴും വെള്ളത്താൽ മൂടിയിരുന്നു. മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ, പർവ്വത ശിഖരങ്ങൾ കാണുവാൻ തുടങ്ങി.
നാല്പതു ദിവസം കൂടി കഴിഞ്ഞ ശേഷം, നോഹ വെള്ളം വറ്റിയോ എന്നറിയുന്നതിന് ഒരു കാക്കയെ പുറത്തുവിട്ടു. അത് ഉണങ്ങിയ നിലം അന്വേഷിച്ച് പറന്നു പോയും വന്നും കൊണ്ടിരുന്നു. എന്നാൽ, അതിന് ഉണങ്ങിയ നിലം കാണുവാൻ കഴിഞ്ഞില്ല.
പിന്നീട്, നോഹ ഒരു പ്രാവിനെപുറത്തു വിട്ടു. അതിനും ഉണങ്ങിയ നിലം കാണുവാൻ സാധിക്കാതിരുന്നതിനാൽ, അതു നോഹയുടെ അടുക്കലേക്കു മടങ്ങിവന്നു. ഒരാഴ്ചയ്ക്കു ശേഷം, നോഹ പ്രാവിനെ വീണ്ടും പുറത്തു വിട്ടു. അത് ചുണ്ടിൽ ഒരു പച്ച ഒലിവ് ഇലയുമായി നോഹയുടെ അടുക്കൽ മടങ്ങിയെത്തി. വെള്ളം താണുകൊണ്ടിരിക്കുകയും , സസ്യങ്ങൾ വീണ്ടും വളരാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു!
ഒരാഴ്ച കൂടി കാത്തിരുന്നതിന് ശേഷം നോഹ മൂന്നാമതും ആ പ്രാവിനെ പുറത്തുവിട്ടു. ഇത്തവണ അത് ഇരിക്കുവാൻ ഒരു സ്ഥലം കണ്ടെത്തിയതുകൊണ്ട് നോഹയുടെ അടുക്കലേക്ക് മടങ്ങിവന്നില്ല. വെള്ളം വറ്റിപ്പോയിരുന്നു!
രണ്ടു മാസത്തിനു ശേഷം ദൈവം നോഹയോടു, “ഇപ്പോൾ നീയും നിന്റെ കുടുംബവും എല്ലാ മൃഗങ്ങളും പെട്ടകത്തിൽ നിന്നു പുറത്തിറങ്ങുക. നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ” എന്ന് പറഞ്ഞു. അങ്ങനെ, നോഹയും അവന്റെ കുടുംബവും പെട്ടകത്തിൽ നിന്നു പുറത്തു വന്നു.
പെട്ടകത്തിൽ നിന്നിറങ്ങിയ ശേഷം, നോഹ ഒരു യാഗപീഠം ഉണ്ടാക്കുകയും യാഗം കഴിക്കുവാൻ ഉപയോഗിക്കാവുന്ന മൃഗങ്ങളിൽ ഓരോന്നിൽ നിന്നും ചിലതിനെ എടുത്തു യാഗം കഴിച്ചു. യാഗത്തിൽ ദൈവം പ്രസാദിക്കുകയും നോഹയെയും അവന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കുകയും ചെയ്തു.
ദൈവം ഇപ്രകാരം പറഞ്ഞു, “ബാല്യം മുതൽ മനുഷ്യൻ പാപികളായിരിക്കുന്നുവെങ്കിലും അവരുടെ ദുഷ്ടത നിമിത്തം ഇനി ഒരിക്കലും ഞാൻ ഭൂമിയെ ശപിക്കുകയോ ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കുകയോ ഇല്ല എന്നു ഞാൻ വാഗ്ദത്തം ചെയ്യുന്നു”.
പിന്നീട് ദൈവം തന്റെ വാഗ്ദത്തത്തിന്റെ അടയാളമായി ആദ്യത്തെ മഴവില്ല് ഉണ്ടാക്കി. ഓരോ തവണയും മഴവില്ല് ആകാശത്തിൽ പ്രത്യക്ഷമാകുമ്പോൾ ദൈവം തന്റെ വാഗ്ദത്തം ഓർമ്മിക്കും, മനുഷ്യരും അത് ഓർക്കും.
(ഈ വേദപുസ്തക കഥ, ഉല്പത്തി 6-8 അധ്യായങ്ങളില്‍ നിന്നുമുള്ളതാണ്.)