Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

7. ദൈവം യാക്കോബിനെ അനുഗ്രഹിക്കുന്നു

Image

യിസ്ഹാക്കിന്റെയും റിബേക്കയുടേയും മക്കൾ വളർന്നു. യാക്കോബ് വീട്ടിൽ തന്നെ ഇരിക്കുവാനും ഏശാവ് വേട്ടയാടുവാനും ഇഷ്ടപ്പെട്ടു. റിബേക്ക യാക്കോബിനെ സ്നേഹിച്ചു. പക്ഷേ യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു.

Image

ഒരു ദിവസം ഏശാവ് നായാട്ട് കഴിഞ്ഞ് വന്നപ്പോൾ അവന് വളരെയധികം വിശന്നു. അപ്പോൾ ഏശാവ് യാക്കോബിനോട്, “നീ ഉണ്ടാക്കിയ ഭക്ഷണത്തിൽ കുറച്ച്‌ എനിക്ക് തന്നാലും” എന്ന്‌ പറഞ്ഞു. യാക്കോബ് അവനോട്‌, “ആദ്യം നീ നിന്റെ ജ്യേഷ്ഠാവകാശം എനിക്ക്‌ തരിക” എന്ന്‌ പറഞ്ഞു. അപ്പോൾ ഏശാവ് തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന് നൽകുകയും യാക്കോബ് അവനുണ്ടാക്കിയ ആഹാരത്തിൽ കുറച്ച്‌ അവന് കൊടുക്കുകയും ചെയ്തു.

Image

യിസ്ഹാക്കിന് തന്റെ അനുഗ്രഹം ഏശാവിന് കൊടുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതിന്‌ മുമ്പെ റിബേക്കയും യാക്കോബും ചേർന്ന്‌ യിസ്ഹാക്കിനെ കബളിപ്പിച്ചു. യിസ്ഹാക്ക് വൃദ്ധനായി കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നതുകൊണ്ട്‌ റിബേക്ക യാക്കോബിനോട്‌ ഏശാവിനെപ്പോലെ നടിക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെ യാക്കോബ് ഏശാവിന്റെ വസ്ത്രം ധരിക്കുകയും ആട്ടിൻതോൽ കൊണ്ട്‌ കൈയും കഴുത്തും മറയ്ക്കുകയും ചെയ്തു.

Image

യാക്കോബ് യിസ്ഹാക്കിന്റെ അടുത്ത് വന്ന്, “ഞാൻ ഏശാവാകുന്നു, എന്നെ അനുഗ്രഹിച്ചാലും” എന്ന് പറഞ്ഞു. യിസ്ഹാക്ക് തപ്പി നോക്കിയപ്പോൾ യാക്കോബിന്റെ ശരീരത്തിലെ ആട്ട്‌രോമവും ഏശാവിന്റെ വസ്ത്രത്തിന്റെ മണവും മൂലം തന്റെ മുമ്പിൽ നിൽക്കുന്നത്‌ ഏശാവാണെന്ന് ധരിച്ച് അവനെ അനുഗ്രഹിച്ചു.

Image

യാക്കോബ് തന്റെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും തട്ടിയെടുത്തതുകൊണ്ട് ഏശാവ് യാക്കോബിനെ വെറുക്കുവാൻ തുടങ്ങി. അതുകൊണ്ട്‌ തന്റെ അപ്പന്റെ മരണശേഷം യക്കോബിനെ കൊല്ലുവാനായി ഏശാവ് തീരുമാനിച്ചു.

Image

പക്ഷെ ഏശാവിന്റെ ഈ പദ്ധതിയെക്കുറിച്ച്‌ റിബേക്ക കേട്ടു. അതുകൊണ്ട് യിസ്ഹാക്കും റിബേക്കയും ചേർന്ന് യാക്കോബിനെ റിബേക്കയുടെ ചാർച്ചക്കാർ താമസിക്കുന്ന വളരെ ദൂരെയുള്ള സ്ഥലത്തേക്ക് അയച്ചു.

Image

യാക്കോബ് റിബേക്കയുടെ സ്വന്തക്കാരുടെ കൂടെ അനേകം വർഷം താമസിച്ചു. ആ സമയത്ത് അവൻ വിവാഹം കഴിച്ച് അവന് പന്ത്രണ്ട് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായി. അങ്ങനെ ദൈവം അവനെ ധനികനാക്കി.

Image

ഇരുപത് വർഷത്തിന് ശേഷം യാക്കോബ് തന്റെ കുടുംബവും ദാസന്മാരും ആടുമാടുകളുമായിട്ട് കനാൻ ദേശത്തേക്ക്‌ തിരികെ വന്നു.

Image

ഏശാവ് തന്നെ കൊല്ലുമെന്നുള്ള ഭീതി യാക്കോബിന് അപ്പോഴും ഉണ്ടായിരുന്നു. അത് കൊണ്ട് അനേകം ആടുമാടുകളെ ഏശാവിന് സമ്മാനമായി അവൻ കൊടുത്ത്‌ അയച്ചു. അങ്ങനെ യാക്കോബിന്റെ ദാസന്മാർ ഏശാവിനോട്, “നിന്റെ ദാസനായ യാക്കോബ് ഇതെല്ലാം നിനക്കായ് തന്നിരിക്കുന്നു, അവനും ഉടനെ എത്തിച്ചേരും” എന്ന്‌ പറഞ്ഞു.

Image

എന്നാൽ ഏശാവ് യാക്കോബിനോട് എല്ലാം ക്ഷമിച്ചിരുന്നു. അവർക്ക്‌ പരസ്പരം വീണ്ടും കാണുവാൻ കഴിഞ്ഞതിനാൽ അവർ വളരെയധികം സന്തോഷിച്ചു. അങ്ങനെ യാക്കോബ് കനാൻ ദേശത്ത്‌ സമാധാനമായി പാർത്തു. പിന്നീട് യിസ്ഹാക്ക് മരിച്ചപ്പോൾ യാക്കോബും ഏശാവും ചേർന്ന് അവനെ അടക്കം ചെയ്തു. ദൈവം അബ്രഹാമിനു കൊടുത്ത ഉടമ്പടിയിൻ പ്രകാരമുള്ള വാഗ്ദത്തങ്ങൾ യിസ്ഹാക്കിൽ നിന്നും യാക്കോബിലേയ്ക്ക് എത്തിച്ചേർന്നു.

(ഈ വേദപുസ്തക കഥ, ഉല്പത്തി 25:27 മുതൽ 33:20 വരെയുള്ള വാക്യങ്ങളിൽ നിന്നുമുള്ളതാണ്‌.)