19. പ്രവാചകന്മാർ
യിസ്രായേല്യരുടെ ചരിത്രത്തിലുടനീളം, ദൈവം അവരുടെ നടുവിലേക്ക് പ്രവാചകന്മാരെ അയച്ചിരുന്നു. ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ പ്രവാചകന്മാർ കേൾക്കുകയും അവർ അത് ജനങ്ങളോട് അറിയിക്കുകയും ചെയ്തു.
ആഹാബ് യിസ്രായേൽ രാജ്യത്തിന്റെ രാജാവായിരുന്നപ്പോൾ ഏലിയാവ് ഒരു പ്രവാചകനായിരുന്നു. ബാൽ എന്നു പേരുള്ള ഒരു അന്യദേവനെ ആരാധിക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ച ഒരു ദുഷ്ടനായ മനുഷ്യനായിരുന്നു ആഹാബ്. “ഞാൻ പറയുന്നതു വരെ യിസ്രായേൽ രാജ്യത്തിൽ ഇനി മഴയോ മഞ്ഞോ ഉണ്ടാവുകയില്ല”എന്ന് ഏലിയാവ് ആഹാബിനോടു പറഞ്ഞു. ഇത് ആഹാബിനെ വളരെയധികം കോപിപ്പിച്ചു .
അവനെ കൊല്ലുവാൻ ആഗ്രഹിക്കുന്ന ആഹാബിൽ നിന്നും രക്ഷപെടുവാൻ മരുഭൂമിയിൽ ഒരു നീരുറവയുടെ അടുക്കലേക്കു പോകുവാൻ ദൈവം ഏലിയാവിനോട് പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഏലിയാവിനു ഭക്ഷിക്കേണ്ടതിന് കാക്കകൾ അപ്പവും ഇറച്ചിയും കൊണ്ടുവരും. ആഹാബും അവന്റെ പടയാളികളും ഏലിയാവിനെ തിരഞ്ഞുവെങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല. വരൾച്ച വളരെ വലുതായിരുന്നതിനാൽ ഒടുവിൽ നീരുറവയും വറ്റി.
അതുകൊണ്ട് ഏലിയാവ് അവിടെ നിന്നും തൊട്ടടുത്തുള്ള ഒരു രാജ്യത്തേക്കു പോയി. അവിടെയുള്ള ഒരു വിധവയും അവളുടെ മകനും ക്ഷാമം മൂലം ഭക്ഷണം ഏകദേശം മുഴുവനും തീർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ അവർ ഏലിയാവിനു വേണ്ടി കരുതിയതുകൊണ്ട് അവരുടെ കലത്തിലെ മാവു തീരാതെയും പാത്രത്തിലെ എണ്ണ കുറയാതെയും ദൈവം അവരെ കരുതി. ആ ക്ഷാമകാലം മുഴുവനും അവർക്കു ഭക്ഷണം ഉണ്ടായിരുന്നു. ഏലിയാവ് അവിടെ വർഷങ്ങളോളം താമസിച്ചു.
മൂന്നര വർഷങ്ങൾക്ക് ശേഷം, ദൈവം ഏലിയാവിനോട് യിസ്രായേൽ രാജ്യത്തിലേക്കു തിരികെ പോകുവാനും താൻ വീണ് ടുംമഴ പെയ്യിക്കുവാൻ പോകുന്നു എന്ന് ആഹാബിനോടു പറയുവാനും പറഞ്ഞു. ആഹാബ് ഏലിയാവിനെ കണ്ടപ്പോൾ, “ഇതാ യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവൻ
!” എന്നു പറഞ്ഞു. ഏലിയാവ് അവനോടു, “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവൻ നീയാണ്
! സത്യദൈവമായ യഹോവയെ നീ ഉപേക്ഷിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തിരിക്കുന്നു. യിസ്രായേലിലെ സകല ജനത്തെയും കർമ്മേൽ പർവ്വതത്തിൽ കൂട്ടിവരുത്തുക” എന്ന് മറുപടി പറഞ്ഞു.
ബാലിന്റെ 450 പ്രവാചകന്മാർ ഉൾപ്പെടെ യിസ്രായേൽ രാജ്യത്തിലെ എല്ലാ ജനങ്ങളും കർമ്മേൽ പർവ്വതത്തിലേക്കു വന്നു. ഏലിയാവ് ജനങ്ങളോടു, “നിങ്ങൾ എത്രത്തോളം ഇരുമനസ്സുള്ളവരായിരിക്കും? യഹോവ ദൈവമെങ്കിൽ, അവനെ സേവിപ്പിൻ
! ബാൽ ദൈവമെങ്കിലോ, അവനെ സേവിപ്പിൻ
!” എന്ന് പറഞ്ഞു.
പിന്നീട് ഏലിയാവ് ബാലിന്റെ പ്രവാചകന്മാരോടു, “ഒരു കാളയെ കൊന്ന് ഒരു യാഗം ഒരുക്കുക, എന്നാൽ തീ കത്തിക്കരുത്. ഞാനും അങ്ങനെ തന്നെ ചെയ്യാം. അഗ്നിയാൽ ഉത്തരമരുളുന്ന ദൈവമാണ് യഥാർത്ഥ ദൈവം” എന്ന് പറഞ്ഞു. അതുകൊണ്ട് ബാലിന്റെ പുരോഹിതന്മാർ ഒരു യാഗമൊരുക്കി എന്നാൽ തീ കത്തിച്ചില്ല.
അതിനുശേഷം ബാലിന്റെ പ്രവാചകന്മാർ, “ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
!” എന്ന് ബാലിനോടു പ്രാർത്ഥിച്ചു. ദിവസം മുഴുവൻ അവർ നിലവിളിക്കുകയും കത്തി കൊണ്ട് തങ്ങളെത്തന്നെ മുറിവേൽപ്പിക്കുകയും ചെയ്തു, എന്നിട്ടും യാതൊരു ഉത്തരവും ലഭിച്ചില്ല.
ആ ദിവസത്തിന്റെ അവസാനത്തിൽ ഏലിയാവ് ദൈവത്തിന് ഒരു യാഗം ഒരുക്കി. അതിനുശേഷം, മാംസവും വിറകും യാഗപീഠവും അതിനു ചുറ്റുമുള്ള നിലവും കൂടി നനയത്തക്കവണ്ണം പന്ത്രണ്ടു വലിയ കുടങ്ങളിൽ വെള്ളം ഒഴിക്കുവാൻ ജനങ്ങളോടു പറഞ്ഞു.
പിന്നീട് ഏലിയാവ് ഇങ്ങനെ പ്രാർത്ഥിച്ചു, “അബ്രഹാമിന്റെയും, യിസ്ഹാക്കിന്റെയും യാക്കോബിന്റെയും, ദൈവമായ യഹോവേ, നീ യിസ്രായേലിന്റെ ദൈവമാണെന്നും ഞാൻ നിന്റെ ദാസനാണെന്നും ഇന്നു ഞങ്ങൾക്കു കാണിച്ചുതരണമേ. നീയാണ് സത്യ ദൈവമെന്ന് ഈ ജനങ്ങൾ അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ.”
ഉടൻ തന്നെ ആകാശത്തു നിന്നും അഗ്നി ഇറങ്ങി മാംസവും വിറകും കല്ലുകളും ചെളിയും യാഗപീഠത്തിനുചുറ്റും ഉണ്ടായിരുന്ന വെള്ളവും ദഹിപ്പിച്ചു. ജനങ്ങൾ ഇതു കണ്ടപ്പോൾ അവർ നിലത്തു കവിണു വീണ്, “യഹോവയാകുന്നു ദൈവം
! യഹോവ തന്നെ ദൈവം
!”എന്നു പറഞ്ഞു.
പിന്നീട് ഏലിയാവ്, “ബാലിന്റെ പ്രവാചകന്മാർ രക്ഷപെടുവാൻ അനുവദിക്കരുത്
!” എന്ന് പറഞ്ഞു. അതുകൊണ്ട് ജനങ്ങൾ ബാലിന്റെ പ്രവാചകന്മാരെ പിടിച്ച് അവിടെ നിന്നും ദൂരെ കൊണ്ടുപോയി കൊന്നുകളഞ്ഞു.
പിന്നീട് ഏലിയാവ് ആഹാബ് രാജാവിനോടു, “മഴ ഇതാ വരുന്നു, അതിനാൽ ഉടൻ തന്നെ നഗരത്തിലേക്കു തിരിക പോവുക” എന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ ആകാശം കറുത്തിരുണ്ടു, വലിയ മഴ തുടങ്ങി. യഹോവ വരൾച്ച ഇല്ലാതാക്കി, താൻ തന്നെ സത്യദൈവമെന്നു തെളിയിച്ചു.
ഏലിയാവിന്റെ കാലത്തിനു ശേഷം, തന്റെ പ്രവാചകനാകുവാൻ എലീശ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം തെരഞ്ഞെടുത്തു. എലീശായിലൂടെ ദൈവം അനേക അത്ഭുതങ്ങൾ ചെയ്തു. ആ അത്ഭുതങ്ങളിൽ ഒന്നു സംഭവിച്ചത്, തൊലിപ്പുറത്ത് ഭയാനകമായ രോഗമുള്ള ശത്രുരാജ്യത്തിന്റെ സേനാപതിയായ, നാമാനാണ്. അദ്ദേഹം എലീശായെക്കുറിച്ചു കേട്ടിരുന്നു. അതുകൊണ്ട് തന്നെ സൌഖ്യമാക്കുവാൻ എലീശയുടെ അടുക്കൽ ചെന്ന് അപേക്ഷിച്ചു. എലീശ നാമാനോട് യോർദ്ദാൻ നദിയിൽ ഏഴു തവണ മുങ്ങുവാൻ ആവശ്യപ്പെട്ടു.
അതു ഭോഷത്വമായി തോന്നിയതിനാൽ ആദ്യം നാമാന് കോപം വരികയും അങ്ങനെ ചെയ്യുവാൻ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ മനസ്സുമാറി യോർദ്ദാൻ നദിയിൽ ഏഴുപ്രാവശ്യം മുങ്ങി. അവസാനത്തെ തവണ വെള്ളത്തിൽ നിന്നു പൊങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ത്വക്ക് പൂർണ്ണമായി സൌഖ്യം നേടിയിരുന്നു
! ദൈവം അദ്ദേഹത്തെ സൌഖ്യമാക്കി.
ദൈവം മറ്റനേകം പ്രവാചകന്മാരെ അയച്ചു. വിഗ്രഹങ്ങളെ ആരാധിക്കുന്നതു നിർത്തുവാനും മറ്റുള്ളവരോട് ന്യായവും കരുണയും കാണിക്കുവാനും അവർ ജനങ്ങളോടു പറഞ്ഞു. അവർ തിന്മ ചെയ്യുന്നതു നിർത്തുകയും ദൈവത്തെ അനുസരിക്കുവാൻ തുടങ്ങുകയും ചെയ്തില്ല എങ്കിൽ ദൈവം അവരെ, കുറ്റക്കാരായി വിധിക്കുകയും, ശിക്ഷിക്കുകയും ചെയ്യും എന്ന് പ്രവാചകന്മാർ അവരോടു പറഞ്ഞു.
മിക്കപ്പോഴും ജനങ്ങൾ ദൈവത്തെ അനുസരിച്ചില്ല. അവർ പലപ്പോഴും പ്രവാചകന്മാരോടു മോശമായി പെരുമാറുകയും ചിലപ്പോഴൊക്കെ അവരെ കൊല്ലുക പോലും ചെയ്തു. ഒരിക്കൽ യിരെമ്യാവ് എന്ന പ്രവാചകനെ ഒരു പൊട്ടക്കിണറിൽ ഇടുകയും അദ്ദേഹം അവിടെ കിടന്ന് മരിക്കുന്നതിനു വേണ്ടി അവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തു. കിണറിന്റെ അടിത്തട്ടിലുണ്ടായിരുന്ന ചെളിയിലേക്ക് അദ്ദേഹം താഴ്ന്നുപോയി, എന്നാൽ രാജാവിന് അദ്ദേഹത്തോടു കരുണ തോന്നി; തന്റെ ദാസന്മാരോട് യിരെമ്യാവ് മരിക്കുന്നതിനു മുൻപ് അവിടെ നിന്നും പുറത്തുകൊണ്ടുവരുവാൻ കല്പിച്ചു.
ജനങ്ങൾ തങ്ങളെ വെറുത്തിരുന്നുവെങ്കിലും പ്രവാചകന്മാർ ദൈവത്തിനു വേണ്ടി സംസാരിക്കുന്നതു തുടർന്നുകൊണ്ടിരുന്നു. അവർ മാനസാന്തരപ്പെട്ടില്ല എങ്കിൽ ദൈവം അവരെ നശിപ്പിക്കും എന്ന് അവർ ജനങ്ങൾക്കു മുന്നറിയിപ്പു കൊടുത്തു. മശിഹ വരും എന്ന ദൈവത്തിന്റെ വാഗ്ദത്തം അവർ ജനങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു.
(ഈ വേദപുസ്തക കഥ, 1 രാജാക്കന്മാർ 16-18; 2 രാജാക്കന്മാർ 5; യിരമ്യാവ് 38 എന്നീ അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)