47. പൌലൊസും ശീലാസും ഫിലിപ്പിയയിൽ
റോമാ സാമ്രാജ്യത്തിലുടനീളം യാത്ര ചെയ്യവെ, ശൌൽ “പൌലോസ്” എന്ന തന്റെ റോമാ നാമം ഉപയോഗിക്കുവാൻ തുടങ്ങി. ഒരു ദിവസം, പൌലോസും തന്റെ സ്നേഹിതൻ ശീലാസും ഫിലിപ്പി പട്ടണത്തിലേക്ക് യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ പോയി. അവർ അവിടെ പട്ടണത്തിനു വെളിയിലുള്ള ഒരു പുഴവക്കത്ത് ആളുകൾ പ്രാർത്ഥനയ്ക്കായി കൂടിവരുന്ന ഒരു സ്ഥലത്തേക്ക് പോയി. അവിടെ അവർ കച്ചവടക്കാരിയായ ലുദിയ എന്നു പേരുള്ള ഒരു സ്ത്രീയെ കണ്ടു. അവൾ ദൈവത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവളായിരുന്നു.
യേശുവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുവാൻ ദൈവം ലുദിയയുടെ ഹൃദയത്തെ തുറന്നു. അങ്ങനെ അവളും അവളുടെ കുടുംബവും സ്നാനമേറ്റു. അവൾ പൌലോസിനെയും ശീലാസിനെയും തന്റെ വീട്ടിൽ വന്നു താമസിക്കുവാനായി ക്ഷണിച്ചു. അതുകൊണ്ട് അവർ അവളോടും കുടുംബത്തോടും ഒപ്പം താമസിച്ചു.
പൌലോസും ശീലാസും പ്രാർത്ഥനാസ്ഥലത്തുവച്ച് പതിവായി ജനങ്ങളെ കണ്ടു സംസാരിക്കുമായിരുന്നു. ഓരോ ദിവസവും അവർ ആ വഴിയിൽ നടക്കുമ്പോൾ ഭൂതബാധിതയായിരുന്ന ഒരു ബാല്യക്കാരത്തി അവരുടെ പിന്നാലെ വന്നുകൊണ്ടിരുന്നു. അവളിലുള്ള ഭൂതത്തിന്റെ ശക്തിയാൽ അവൾ മനുഷ്യരുടെ ഭാവി പ്രവചിക്കുകയും ഒരു വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് അവളുടെ യജമാനന്മാർക്ക് വളരെ പണം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു.
പൌലോസും ശീലാസും നടന്നുപോകുമ്പോൾ ആ ബാല്യക്കാരത്തി, “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ. അവർ നിങ്ങളോടു രക്ഷാമാർഗ്ഗം അറിയിക്കുന്നവർ!” എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവൾ ഇതു പലതവണ ചെയ്തതുകൊണ്ട് പൌലോസ് മുഷിഞ്ഞു.
ഒടുവിൽ ഒരു ദിവസം ആ ബാല്യക്കാരത്തി അലറിവിളിക്കാൻ തുടങ്ങിയപ്പോൾ, പൌലോസ് അവളുടെ നേരേ തിരിഞ്ഞ് അവളിലുണ്ടായിരുന്ന ഭൂതത്തോട്, “യേശുവിന്റെ നാമത്തിൽ, അവളെ വിട്ടു പോകുക” എന്ന് പറഞ്ഞു. ഉടൻ തന്നെ ഭൂതം അവളെ വിട്ടുപോയി.
ബാല്യക്കാരത്തിയുടെ ഉടമസ്ഥന്മാർ വളരെയധികം കോപിച്ചു! ഭൂതത്തെക്കൂടാതെ, ബാല്യക്കാരത്തിക്ക് മനുഷ്യരുടെ ഭാവി പ്രവചിക്കുവാൻ സാധ്യമല്ല എന്ന് അവർക്കു മനസ്സിലായി. അതായത്, ബാല്യക്കാരത്തിയെക്കൊണ്ട് തങ്ങളുടെ ഭാവി പറയിക്കേണ്ടതിന് ഇനി ആരും തങ്ങൾക്കു പണം നൽകുകയില്ല എന്നത് അവർക്ക് മനസ്സിലായി.
അതുകൊണ്ട് ബാല്യക്കാരത്തിയുടെ യജമാനന്മാർ പൌലോസിനെയും ശീലാസിനെയും പിടിച്ച് റോമാ അധികാരികളുടെ പക്കൽ ഏൽപ്പിച്ചു. അവർ അവരെ അടിക്കുകയും തടവറയിൽ ഇടുകയും ചെയ്തു.
അവർ പൌലൊസിനെയും ശീലാസിനെയും തടവറയുടെ ഏറ്റവും സുരക്ഷിതമായ ഭാഗത്തേക്ക് കൊണ്ടുപോയി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. എങ്കിലും അർദ്ധരാത്രിയിൽ, അവർ ദൈവത്തെ പാടിസ്തുതിച്ചു.
ഉടൻ തന്നെ, അവിടെ വലിയൊരു ഭൂകമ്പമുണ്ടായി! തടവറയുടെ വാതിലുകൾ എല്ലാം തുറന്നു പോയി, എല്ലാ തടവുകാരുടെയും ചങ്ങലകൾ അഴിഞ്ഞുവീണു.
കാരാഗൃഹപ്രമാണി ഉണർന്നപ്പോൾ, തടവറയുടെ വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ടു. അപ്പോൾ അദ്ധേഹം ഭയപ്പെട്ടുപോയി! തടവുകാർ എല്ലാവരും രക്ഷപെട്ടു എന്നു കരുതി അവൻ തന്നത്താൻ കൊല്ലുവാൻ തുനിഞ്ഞു. കാരണം തടവുകാരെ രക്ഷപെടുവാൻ അനുവദിച്ചാൽ റോമൻ അധികാരികൾ തന്നെ കൊല്ലുമെന്ന് അവന് അറിയാമായിരുന്നു. എന്നാൽ പൌലൊസ് അവനെ കണ്ട് അവനോടു വിളിച്ചു പറഞ്ഞു, “അരുത്! നിനക്ക് ഒരു ദോഷവും ചെയ്യരുത്. ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്.”
കാരാഗൃഹപ്രമാണി വിറച്ചുകൊണ്ട് പൌലൊസിന്റെയും ശീലാസിന്റെയും അടുക്കൽ വന്നു, “രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണം?” എന്ന് ചോദിച്ചു. അതിന് പൌലൊസ്, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും” എന്ന് ഉത്തരം പറഞ്ഞു. അതിനുശേഷം കാരാഗൃഹപ്രമാണി പൌലൊസിനെയും ശീലാസിനെയും തന്റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി. അവന്റെ വീട്ടിലുള്ള എല്ലാവരോടും പൌലൊസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിച്ചു.
കാരാഗൃഹപ്രമാണിയും അവന്റെ കുടുംബം മുഴുവനും യേശുവിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്തു. അതിനുശേഷം കാരാഗൃഹപ്രമാണി പൌലൊസിനും ശീലാസിനും ഭക്ഷണം നൽകുകയും അവർ ഒരുമിച്ച് ആനന്ദിക്കുകയും ചെയ്തു.
പിറ്റെ ദിവസം നഗരത്തിന്റെ അധികാരികൾ പൌലൊസിനെയും ശീലാസിനെയും തടവറയിൽ നിന്നും സ്വതന്ത്രരാക്കുകയും അവരോട് ഫിലിപ്പി വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. പൌലൊസും ശീലാസും ലുദിയായെയും മറ്റുചില സ്നേഹിതരെയും കണ്ടശേഷം അവിടം വിട്ടുപോയി. യേശുവിനെക്കുറിച്ചുള്ള സുവിശേഷം വ്യാപിച്ചുകൊണ്ടിരുന്നു, സഭയും വളർന്നുകൊണ്ടേയിരുന്നു.
പൌലൊസും മറ്റു ക്രിസ്തീയ നേതാക്കന്മാരും യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിച്ചും പഠിപ്പിച്ചും കൊണ്ട് മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്തു. സഭകളിലുള്ള വിശ്വാസികളെ പഠിപ്പിക്കുന്നതിനും ഉത്സാഹിപ്പിക്കുന്നതിനും വേണ്ടി അവർ അനേക കത്തുകൾ എഴുതി. ഈ കത്തുകളിൽ ചിലത് വേദപുസ്തകത്തിലെ പുസ്തകങ്ങളായിത്തീർന്നു.
അപ്പൊസ്തല പ്രവർത്തികൾ 16:11-40