37. യേശു ലാസറിനെ മരണത്തിൽ നിന്നു ഉയർത്തുന്നു
യേശുവിന്റെ അടുത്ത സ്നേഹിതരായിരുന്നു ലാസറും അവന്റെ രണ്ടു സഹോദരിമായ, മറിയയും മാർത്തയും. ഒരു ദിവസം, ലാസറിന് രോഗം മൂർച്ഛിച്ചിരിക്കുന്നു എന്ന് യേശുവിന് അറിയിപ്പു കിട്ടി. യേശു ഈ വാർത്ത കേട്ടപ്പോൾ, “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല, എന്നാൽ ഇത് ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയുള്ളതാണ്” എന്ന് പറഞ്ഞു. യേശു തന്റെ സ്നേഹിതരെ സ്നേഹിച്ചിരുന്നു, എങ്കിലും അവൻ ലാസറിന്റെ അടുത്തേക്ക് പോകാതെ താൻ ആയിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി താമസിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ, യേശു തന്റെ ശിഷ്യന്മാരോട്, “നമുക്ക് യെഹൂദ്യയിലേക്ക് തിരികെ പോകാം” എന്ന് പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ, “ഗുരോ, കുറച്ചു മുൻപ് യഹൂദന്മാർ നിന്നെ കൊല്ലുവാൻ ഭാവിച്ചല്ലോ!” എന്ന് മറുപടി പറഞ്ഞു. അതിന് യേശു, “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രയിലായിരിക്കുന്നു, ഞാൻ അവനെ ഉണർത്തേണ്ടതാകുന്നു” എന്ന് പറഞ്ഞു.
അപ്പോൾ ശിഷ്യന്മാർ യേശുവിനോട്, “കർത്താവേ, ലാസർ നിദ്രകൊള്ളുന്നുവെങ്കിൽ, അവനു സൌഖ്യം വരുമല്ലോ” എന്ന് പറഞ്ഞു. അപ്പോൾ യേശു അവരോട് മറച്ച് വയ്ക്കാതെ, “ലാസർ മരിച്ചുപോയി. നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതിന് ഞാൻ അവിടെ ഇല്ലാതിരുന്നതിനാൽ ഞാൻ സന്തോഷിക്കുന്നു” എന്ന് പറഞ്ഞു.
യേശു ലാസറിന്റെ നാട്ടിലെത്തിയപ്പോഴേക്കും, ലാസർ മരിച്ചിട്ട് നാലു ദിവസമായിരുന്നു. മാർത്ത യേശുവിനെ കാണുവാൻ പുറത്തു വന്ന് അവനോട്, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ, എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം അതു നിനക്കു തരും എന്നു ഞാൻ വിശ്വസിക്കുന്നു” എന്ന് പറഞ്ഞു.
യേശു അവളോട്, “ഞാൻ തന്നേ പുനരുദ്ധരുദ്ധാനവും ജീവനുമാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. എന്നിൽ വിശ്വസിക്കുന്ന ഒരുവനും ഒരിക്കലും മരിക്കയില്ല. നീ ഇതു വിശ്വസിക്കുന്നുവോ?” എന്ന് ചോദിച്ചു. അതിന് മാർത്ത, “ഉവ്വ്, കർത്താവേ! നീ ദൈവത്തിന്റെ പുത്രനായ മശിഹാ ആണ് എന്നു ഞാൻ വിശ്വസിക്കുന്നു” എന്ന് മറുപടി പറഞ്ഞു.
അപ്പോൾ മറിയയും അവിടെ എത്തി. അവൾ യേശുവിന്റെ കാല്ക്കൽ വീണ്, “കർത്താവേ, നീ ഇവിടെയുണ്ടായിരുന്നുവെങ്കിൽ, എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു” എന്ന് പറഞ്ഞു. യേശു അവരോടു, “നിങ്ങൾ ലാസറിനെ വെച്ചത് എവിടെ?” എന്ന് ചോദിച്ചു. അവർ അവനോട്, “കല്ലറയിൽ വച്ചിരിക്കുന്നു, വന്നു കണ്ടാലും” എന്ന് പറഞ്ഞു. അപ്പോൾ യേശു കരഞ്ഞു.
ഒരു ഗുഹയുടെ കവാടത്തിൽ ഒരു വലിയ കല്ല് ഉരുട്ടി വച്ചതായിരുന്നു കല്ലറ. യേശു കല്ലറയ്ക്കരികിൽ എത്തിയപ്പോൾ അവരോടു, “കല്ല് ഉരുട്ടി മാറ്റുക” എന്ന് പറഞ്ഞു. അപ്പോൾ മാർത്ത അവനോട്, “അവൻ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞു. ഇപ്പോൾ നാറ്റം വച്ചിട്ടുണ്ടായിരിക്കും” എന്ന് പറഞ്ഞു.
അപ്പോൾ യേശു അവളോട്, “എന്നിൽ വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ?” എന്ന് ചോദിച്ചു. അതുകൊണ്ട് അവർ കല്ല് ഉരുട്ടിമാറ്റി.
പിന്നെ യേശു സ്വർഗ്ഗത്തേക്കു നോക്കി “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാനറിഞ്ഞിരിക്കുന്നു; എന്നാൽ നീ എന്നെ അയച്ചു എന്ന് ചുറ്റും നിൽക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് ഞാൻ പറയുന്നു” എന്നു പറഞ്ഞു. പിന്നെ യേശു, “ലാസറേ, പുറത്തു വരിക!” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അപ്പോൾ ലാസർ പുറത്തു വന്നു! അവന്റെ കൈയ്യും കാലും തുണികൊണ്ടു ചുറ്റി കെട്ടിയിരുന്നു. യേശു അവരോടു, “അവന്റെ കെട്ട് അഴിച്ച് അവനെ സ്വതന്ത്രനാക്കുവിൻ!” എന്ന് പറഞ്ഞു. ഈ അത്ഭുതം നിമിത്തം അനേക യഹൂദന്മാർ യേശുവിൽ വിശ്വസിച്ചു.
എന്നാൽ യഹൂദമതനേതാക്കൾ അസൂയാലുക്കളായി, അതുകൊണ്ട് അവർ ഒരുമിച്ചുകൂടി യേശുവിനെയും ലാസറിനെയും എങ്ങനെ കൊല്ലാം എന്ന് ചിന്തിച്ചു.
യോഹന്നാൻ 11: 1-46