18. വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾ
വളരെ വർഷങ്ങൾക്കു ശേഷം, ദാവീദ് മരിക്കുകയും അദ്ദേഹത്തിന്റെ മകനായ ശലോമോൻ യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങുകയും ചെയ്തു. ദൈവം ശലോമോനോടു സംസാരിക്കുകയും അവന് എന്തുവേണം എന്നു ചോദിക്കുകയും ചെയ്തു. ശലോമോൻ തനിക്ക് ജ്ഞാനം വേണം എന്ന് ചോദിച്ചപ്പോൾ, ദൈവം അവനിൽ പ്രസാധിക്കുകയും അവനെ ഈ ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയാക്കുകയും ചെയ്തു. ശലോമോൻ ധാരാളം കാര്യങ്ങൾ ഗ്രഹിക്കുകയും വളരെ ജ്ഞാനിയായ ഒരു ന്യായാധിപതി ആയിത്തീരുകയും ചെയ്തു. ദൈവം അദ്ദേഹത്തിനു വളരെയധികം സമ്പത്തും നൽകി.
തന്റെ പിതാവായ ദാവീദ് പദ്ധതിയിടുകയും സാധനസാമഗ്രികൾ ശേഖരിക്കുകയും ചെയ്ത ആലയം ശലോമോൻ യെരൂശലേമിൽ പണിതു. സമാഗമന കൂടാരത്തിനു പകരം ശലോമോൻ പണിത ആലയത്തിൽ ജനങ്ങൾ ദൈവത്തെ ആരാധിക്കുയും ദൈവത്തിന് യാഗം കഴിക്കുകയും ചെയ്തു. ദൈവത്തിന്റെ സാന്നിദ്ധ്യം ആ ആലയത്തിൽ ഉണ്ടാകുകയും അവൻ തന്റെ ജനത്തോടൊപ്പം അവിടെ വസിക്കുകയും ചെയ്തു.
എന്നാൽ ശലോമോൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ സ്നേഹിച്ചു. ഏകദേശം 1000-ത്തോളം സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട് അവൻ ദൈവത്തോട് അനുസരണക്കേടു കാണിച്ചു
! മറ്റു രാജ്യങ്ങളിൽ നിന്നു വന്ന അവരിൽ പലരും തങ്ങളുടെ ദേവന്മാരെക്കൂടെ കൂട്ടത്തിൽ കൊണ്ടുവന്ന് അവയെ ആരാധിക്കുന്നതു തുടർന്നുകൊണ്ടിരുന്നു. ശലോമോൻ വൃദ്ധനായപ്പോൾ അദ്ദേഹവും അവരുടെ ദേവന്മാരെ ആരാധിച്ചു.
ദൈവം ശലോമോനോടു കോപിച്ചു. ശലോമോന്റെ അവിശ്വസ്തതയ്ക്കുള്ള ശിക്ഷയായി യിസ്രായേൽ എന്ന രാജ്യത്തെ ശലോമോന്റെ മരണത്തിനു ശേഷം രണ്ടു രാജ്യങ്ങളായി വിഭജിക്കുമെന്ന് ദൈവം പറഞ്ഞു.
ശലോമോന്റെ മരണശേഷം, അവന്റെ മകൻ രെഹബെയാം രാജാവായി. രെഹബെയാം ഒരു ഭോഷനായ മനുഷ്യനായിരുന്നു. യിസ്രായേൽ രാജ്യത്തിലെ എല്ലാ ജനങ്ങളും അവനെ രാജാവായി ഉറപ്പിക്കുവാൻ ഒരുമിച്ചുകൂടി. ശലോമോൻ തങ്ങളെക്കൊണ്ട് വളരെ കഠിനവേല ചെയ്യിക്കുകയും തങ്ങളിൽ നിന്ന് ധാരാളം ചുങ്കം പിരിക്കുകയും ചെയ്തു എന്ന് അവർ രെഹബെയാമിനോടു പരാതി പറഞ്ഞു.
അവരോട് രെഹബെയാം ഭോഷത്വമായി ഉത്തരം പറഞ്ഞത് എന്തെന്നാൽ: “എന്റെ പിതാവായ ശലോമോൻ നിങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു എന്നു നിങ്ങൾ കരുതുന്നുവോ? എന്നാൽ അദ്ദേഹം ചെയ്തതിനെക്കാൾ കൂടുതൽ കഠിനവേല ഞാൻ നിങ്ങളെക്കൊണ്ട് ചെയ്യിക്കുകയും അവൻ നിങ്ങളെ ശിക്ഷിച്ചതിനേക്കാൾ അധികം ഞാൻ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും.”
യിസ്രായേൽ രാജ്യത്തിലെ ഗോത്രങ്ങളിൽ പത്തെണ്ണം രെഹബെയാമിനോടു മത്സരിച്ചു. രണ്ടു ഗോത്രങ്ങൾ മാത്രമേ അദ്ദേഹത്തോടു വിശ്വസ്തരായിരുന്നുള്ളൂ. ഈ രണ്ടു ഗോത്രങ്ങൾ യഹൂദാ രാജ്യമായിത്തീർന്നു.
യിസ്രായേൽ രാജ്യത്തിൽ രെഹബെയാമിനോടു മത്സരിച്ച മറ്റ് പത്തു ഗോത്രങ്ങൾ യെരോബെയാം എന്ന മനുഷ്യനെ തങ്ങളുടെ രാജാവായി നിയമിച്ചു. അവർ ദേശത്തിന്റെ വടക്കു ഭാഗത്ത് തങ്ങളുടെ രാജ്യം സ്ഥാപിക്കുകയും അവർ യിസ്രായേൽ രാജ്യം എന്നു വിളിക്കപ്പെടുകയും ചെയ്തു.
യെരോബെയാം ദൈവത്തിനെതിരെ മത്സരിക്കുകയും ജനങ്ങളെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്തു. യഹൂദാ രാജ്യത്തിലെ ആലയത്തിൽ ദൈവത്തെ ആരാധിക്കുന്നതിനു പകരം തന്റെ ജനങ്ങൾക്ക് ആരാധിക്കുവാൻ അദ്ദേഹം രണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
യിസ്രായേൽ യഹൂദാ രാഷ്ട്രങ്ങൾ പരസ്പരം ശത്രുക്കളായിത്തീരുകയും പലപ്പോഴും അന്യോന്യം യുദ്ധം ചെയ്യുകയും ചെയ്തു.
യിസ്രായേൽ എന്ന പുതിയ രാജ്യത്തിലെ, എല്ലാ രാജാക്കന്മാരും ദുഷ്ടന്മാരായിരുന്നു. അവർക്ക് പകരം രാജാവാകുവാൻ ആഗ്രഹിച്ച പലരും ഈ രാജാക്കന്മാരെ കൊന്നുകളയുകയും ചയ്തു.
യിസ്രായേൽ രാജ്യത്തിലെ എല്ലാ രാജാക്കന്മാരും ബഹുഭൂരിപക്ഷം ജനങ്ങളും വിഗ്രഹങ്ങളെ ആരാധിച്ചു. അവരുടെ വിഗ്രഹാരാധന പലപ്പോഴും ലൈംഗിക അരാജകത്വം ഉണ്ടാക്കുകയും ചിലപ്പോൾ കുട്ടികളെ യാഗം കഴിക്കുന്നതു വരെ എത്തുകയും ചെയ്തു.
യഹൂദയിലെ രാജാക്കന്മാർ ദാവീദിന്റെ സന്തതികളായിരുന്നു. ഈ രാജാക്കന്മാരിൽ ചിലർ ന്യായത്തോടെ ഭരിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തിരുന്ന നല്ല മനുഷ്യരായിരുന്നു. എന്നാൽ യഹൂദായിലെ രാജാക്കന്മാരിൽ അധികം പേരും ദുഷ്ടന്മാരും, തിന്മചെയ്യുന്നവരും, വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമായിരുന്നു. ചില രാജാക്കന്മാർ തങ്ങളുടെ കുട്ടികളെ അന്യദേവന്മാർക്ക് ബലി കഴിക്കുക വരെ ചെയ്തു. യഹൂദായിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷം പേരും ദൈവത്തിനെതിരെ മത്സരിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തു.
(ഈ വേദപുസ്തക കഥ, 1 രാജാക്കന്മാർ 1-6; 11-12 എന്നീ അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)