45. ഫിലിപ്പോസും എത്യോപ്യനായ ഉദ്യോഗസ്ഥനും
ആദിമസഭയിലെ നേതാക്കന്മാരിലൊരാളായിരുന്നു സ്തെഫാനോസ്. അദ്ദേഹം നല്ല സാക്ഷ്യമുള്ളവനും ജ്ഞാനമുള്ളവനും പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവനുമായിരുന്നു. സ്തെഫാനോസ് വളരെ അത്ഭുതങ്ങൾ ചെയ്യുകയും ജനങ്ങൾ യേശുവിൽ വിശ്വസിക്കത്തക്കവണ്ണം ജ്ഞാനത്തോടെ വസ്തുതാപരമായി പഠിപ്പിക്കുകയും ചെയ്തു.
ഒരു ദിവസം, സ്തെഫാനോസ് യേശുവിനെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, യേശുവിൽ വിശ്വസിക്കാതിരുന്ന ചില യഹൂദന്മാർ സ്തെഫാനോസുമായി തർക്കിക്കുവാൻ തുടങ്ങി. അവർ വളരെ കോപിക്കുകയും മതനേതാക്കളോട് സ്തെഫാനോസിനെക്കുറിച്ചു നുണ പറയുകയും ചെയ്തു. “ഇവൻ മോശയെയും ദൈവത്തെയും കുറിച്ച് ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു!” എന്ന് അവർ പറഞ്ഞു. അതുകൊണ്ട് മതനേതാക്കൾ സ്തെഫാനോസിനെ പിടിക്കുകയും മഹാപുരോഹിതന്റെയും മറ്റു യഹൂദാനേതാക്കന്മാരുടെയും അടുക്കൽ കൊണ്ടു പോകുകയും ചെയ്തു. അവിടെ കൂടുതൽ കള്ള സാക്ഷികൾ സ്തെഫാനോസിനെക്കുറിച്ച് നുണ പറഞ്ഞു.
മഹാപുരോഹിതൻ സ്തെഫാനോസിനോട്, “ഈ കാര്യങ്ങൾ ശരിയാണോ?” എന്നു ചോദിച്ചു. അബ്രഹാമിന്റെ കാലം മുതൽ യേശുവിന്റെ കാലം വരെ ദൈവം ചെയ്ത അനേക വൻകാര്യങ്ങളും ദൈവത്തിന്റെ ജനം എപ്രകാരമാണ് അവനോട് തുടർച്ചയായി അനുസരണക്കേട് കാണിച്ചത് എന്നും അവരെ ഓർമ്മപ്പെടുത്തിക്കൊണ്ട് സ്തെഫാനോസ് മറുപടി പറഞ്ഞു. അവൻ പിന്നെയും പറഞ്ഞതെന്തെന്നാൽ, “ശാഠ്യക്കാരും മത്സരികളുമായുള്ള ജനങ്ങളേ, നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനെ നിരസിക്കുന്നു. നിങ്ങളുടെ പിതാക്കന്മാർ എപ്പോഴും ദൈവത്തെ നിരസിക്കുകയും അവന്റെ പ്രവാചകന്മാരെ കൊല്ലുകയും ചെയ്തതുപോലെ തന്നെ. എന്നാൽ അവരെക്കാൾ അധമമായതു/മോശമായതു നിങ്ങൾ ചെയ്തു! നിങ്ങൾ മശിഹയെ കൊന്നു!”
ഇതു കേട്ടപ്പോൾ മതനേതാക്കന്മാർ വളരെ കോപിക്കുകയും അവരുടെ ചെവി പൊത്തിക്കൊണ്ട് ഉച്ചത്തിൽ ആർക്കുകയും ചെയ്തു. അവർ സ്തെഫാനോസിനെ നഗരത്തിനു പുറത്തേക്കു വലിച്ചിഴയ്ക്കുകയും അവനെ കൊല്ലേണ്ടതിന് കല്ലെറിയുകയും ചെയ്തു.
സ്തെഫാനോസ് തന്റെ മരണസമയത്ത്, “യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു നിലവിളിച്ചു. പിന്നെ അവൻ മുട്ടുകുത്തി, “കർത്താവേ, ഇവരോട് ഈ പാപം കണക്കിടരുതേ” എന്നു വീണ്ടും നിലവിളിച്ചു പറഞ്ഞു. അതിനുശേഷം അവൻ മരണമടഞ്ഞു.
ശൌൽ എന്നു പേരുള്ള ഒരു യുവാവ് സ്തെഫാനോസിനെ കൊന്നവരെ അനുകൂലിക്കുകയും അവർ അവനെ കല്ലെറിഞ്ഞപ്പോൾ അവരുടെ വസ്ത്രങ്ങൾക്കു കാവൽ നിൽക്കുകയും ചെയ്തു. ആ ദിവസം, യെരൂശലേമിലുള്ള അനേക ജനങ്ങൾ യേശുവിന്റെ അനുയായികളെ പീഡിപ്പിക്കുകയും അതുകൊണ്ടു വിശ്വാസികൾ മറ്റു സ്ഥലങ്ങളിലേക്ക് ഓടിപ്പോകുകയും ചെയ്തു. എന്നാൽ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും, അവർ ചെന്നിടത്തൊക്കെയും അവർ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.
പീഢനസമയത്ത് യെരൂശലേമിൽ നിന്നും ഓടിപ്പോയ വിശ്വാസികളിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന ഫിലിപ്പോസും ഉണ്ടായിരുന്നു. അവൻ ശമര്യയിലേക്കു പോയി അവിടെ യേശുവിനെക്കുറിച്ചു പ്രസംഗിക്കുകയും അനേക ജനങ്ങൾ രക്ഷിക്കപ്പെടുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം, ദൈവത്തിന്റെ ഒരു ദൂതൻ ഫിലിപ്പോസിനോട് നിർജ്ജനമായ ഒരു പ്രത്യേക വഴിയിലേക്കു പോകുവാൻ പറഞ്ഞു. അവൻ ആ വഴിയിലൂടെ നടക്കുമ്പോൾ, എത്യോപ്യക്കാരനായ ഒരു പ്രധാന ഉദ്യോഗസ്ഥൻ തന്റെ രഥത്തിൽ സഞ്ചരിക്കുന്നതു അവൻ കണ്ടു. ഈ മനുഷ്യന്റെ അടുക്കലേക്കു ചെന്ന് അവനോടു സംസാരിക്കുവാൻ പരിശുദ്ധാത്മാവ് ഫിലിപ്പോസിനോടു പറഞ്ഞു.
ഫിലിപ്പോസ് രഥത്തിന്റെ അടുത്തു ചെന്നപ്പോൾ, എത്യോപ്യക്കാരൻ യെശയ്യാവിന്റെ പുസ്തകത്തിൽ നിന്നു വായിക്കുന്നതു കേട്ടു. “അറുപ്പാനുള്ള ആടിനെ പോലെ അവർ അവനെ കൊണ്ടുപോയി, ഒരു കുഞ്ഞാടിനെപ്പോലെ അവൻ മിണ്ടാതിരുന്നു, അവൻ വായ് തുറന്നില്ല. അവന്റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി, അവർ അവന്റെ ജീവനെ എടുത്തുകളഞ്ഞു” ഇപ്രകാരം അദ്ധേഹം വായിക്കുകയായിരുന്നു.
ഫിലിപ്പോസ് എത്യോപ്യക്കാരനോടു, “നീ വായിക്കുന്നതു നിനക്ക് മനസ്സിലാകുന്നുവോ?” എന്ന് ചോദിച്ചു. എത്യോപ്യക്കാരൻ അവനോട്, “ഇല്ല. ആരെങ്കിലും ഒരാൾ പൊരുൾ തിരിച്ചുതന്നില്ല എങ്കിൽ ഞാൻ എങ്ങനെ മനസ്സിലാക്കും? ദയവായി വന്ന് എന്റെ അടുക്കൽ ഇരിക്കേണമേ”എന്ന് പറഞ്ഞു. അവൻ പിന്നെയും, “യെശയ്യാവ് ഇത് ആരെക്കുറിച്ച് എഴുതിയിരിക്കുന്നു? തന്നെക്കുറിച്ചോ അതോ മറ്റൊരുവനെക്കുറിച്ചോ?” എന്ന് ചോദിച്ചു.
യേശുവിനെക്കുറിച്ചാണ് യെശയ്യാവ് എഴുതിയിരിക്കുന്നത് എന്ന് ഫിലിപ്പോസ് എത്യോപ്യക്കാരന് വിശദീകരിച്ചുകൊടുത്തു. മറ്റു തിരുവെഴുത്തുകളാലും യേശുവിനെക്കുറിച്ചുള്ള സുവിശേഷം ഫിലിപ്പോസ് അവനോടു പറഞ്ഞു.
ഫിലിപ്പോസും എത്യോപ്യക്കാരനും യാത്ര തുടരവെ, അവർ വെള്ളമുള്ള ഒരു സ്ഥലത്ത് എത്തി. എത്യോപ്യക്കാരൻ ഫിലിപ്പോസിനോട്, “ഇതാ! ഇവിടെ വെള്ളമുണ്ട്! ഞാൻ സ്നാനം ഏൽക്കട്ടെ?” എന്ന് ചോദിച്ചു. പിന്നെ അദ്ദേഹം തന്റെ രഥം ഓടിക്കുന്നവനോട് രഥം നിർത്തുവാൻ ആവശ്യപ്പെട്ടു.
അങ്ങനെ അവർ ഇരുവരും വെള്ളത്തിലിറങ്ങി, ഫിലിപ്പോസ് എത്യോപ്യക്കാരനെ സ്നാനപ്പെടുത്തി. അവർ വെള്ളത്തിൽ നിന്നും കയറിയ ഉടനെ പരിശുദ്ധാത്മാവ് ഫിലിപ്പോസിനെ മറ്റൊരു സ്ഥലത്തേക്ക് എടുത്തുകൊണ്ടു പോയി. അവൻ അവിടെയുള്ള ജനങ്ങളോട് യേശുവിനെക്കുറിച്ചു പറയുവാൻ തുടങ്ങി.
യേശുവിനെ അറിയാൻ കഴിഞ്ഞു എന്ന സന്തോഷത്തോടെ എത്യോപ്യക്കാരൻ തന്റെ വീട്ടിലേക്കു യാത്ര തുടർന്നു.
അപ്പൊസ്തല പ്രവർത്തികൾ 6:8-8:5; 8:26:40