Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

28. ധനികനായ യുവാവ്‌

Image

ഒരു ദിവസം, ഒരു ധനികനായ മനുഷ്യൻ യേശുവിന്റെ അടുക്കൽ വന്ന്‌, “നല്ല ഗുരോ, നിത്യജീവൻ നേടുവാൻ ഞാൻ എന്തു ചെയ്യണം?” എന്ന്‌ ചോദിച്ചു. യേശു അവനോടു, “എന്നെ നല്ലവൻ എന്നു വിളിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേയുള്ളൂ, അതു ദൈവമാണ്. നിത്യജീവൻ നേടുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക” എന്ന്‌ പറഞ്ഞു.

Image

“ഏതൊക്കെ കല്പനകളാണ് ഞാൻ അനുസരിക്കേണ്ടത് ?” എന്ന്‌ അവൻ ചോദിച്ചതിന്‌, യേശു അവനോട്‌, “കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക ഇവയൊക്കെയാകുന്നു” എന്ന്‌ മറുപടി പറഞ്ഞു.

Image

അതിന്‌ ആ മനുഷ്യൻ യേശുവിനോട്‌, “ചെറുപ്പം മുതൽ തന്നെ ഈ കല്പനകൾ എല്ലാം ഞാൻ അനുസരിച്ചു വരുന്നു. എന്നാൽ നിത്യമായി ജീവിക്കേണ്ടതിന് ഇനിയും ഞാൻ എന്താണ് ചെയ്യേണ്ടത്?” എന്ന്‌ ചോദിച്ചു. യേശു അവനെ നോക്കുകയും അവനെ സ്നേഹിക്കുകയും ചെയ്തു.

Image

യേശു അവനോട്‌, “നീ പൂർണ്ണനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക, എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക” എന്ന്‌ ഉത്തരം പറഞ്ഞു.

Image

യേശു പറഞ്ഞതു കേട്ടപ്പോൾ, ആ യുവാവ്‌ വളരെ ദുഃഖിതനായിത്തീർന്നു. കാരണം അവൻ വളരെ ധനികനായിരുന്നു. മാത്രമല്ല തന്റെ സമ്പത്ത് ഉപേക്ഷിക്കുവാൻ അവന്‌ മനസ്സും ഇല്ലായിരുന്നു. അതുകൊണ്ട്‌ അവൻ യേശുവിന്റെ അടുക്കൽ നിന്നും കടന്നുപോയി.

Image

അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്‌, “ധനവാന്മാർ ദൈവരാജ്യത്തിൽ കടക്കുന്നത് വളരെ പ്രയാസമാണ്! ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് ഒരു ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനേക്കാൾ എളുപ്പമാണ്” എന്നു പറഞ്ഞു.

Image

യേശു പറഞ്ഞതു കേട്ടപ്പോൾ ശിഷ്യന്മാർ ഞെട്ടിപ്പോയി, “അങ്ങനെയെങ്കിൽ ആർക്കു രക്ഷിക്കപ്പെടുവാൻ സാധിക്കും?” എന്ന്‌ അവർ ചോദിച്ചു.

Image

അപ്പോൾ യേശു ശിഷ്യന്മാരെ നോക്കി അവരോട്‌, “ഇത് മനുഷ്യർക്ക് അസാധ്യമാണ്. എന്നാൽ, ദൈവത്തിന് സകലവും സാധ്യമാണ്” എന്ന്‌ പറഞ്ഞു.

Image

അപ്പോൾ പത്രൊസ് യേശുവിനോടു, “ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിച്ചുവല്ലൊ. ഞങ്ങളുടെ പ്രതിഫലം എന്തായിരിക്കും?” എന്ന്‌ ചോദിച്ചു.

Image

യേശു മറുപടി പറഞ്ഞതെന്തെന്നാൽ, “എന്റെ നിമിത്തം വീടുകളോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, അപ്പനെയോ, അമ്മയെയോ, മക്കളെയോ, വസ്തുവകകളോ വിട്ടുകളഞ്ഞവന്, അതിൽ നൂറ് മടങ്ങ്‌ അധികമായും നിത്യജീവനെയും ലഭിക്കും. എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും, പിമ്പന്മാർ പലരും മുമ്പന്മാരുമാകും”.

മത്തായി 19:16-30; മർക്കൊസ്‌ 10:17-31; ലൂക്കൊസ്‌ 18:18-30