48. വാഗ്ദത്ത മശിഹയായ യേശു
ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ, സകലതും പൂർണ്ണതയുള്ളതായിരുന്നു. ലോകത്തിൽ പാപം ഉണ്ടായിരുന്നില്ല. ആദാമും ഹവ്വായും അന്യോന്യം സ്നേഹിക്കുകയും അവർ ദൈവത്തെ സ്നേഹിക്കുകയും ചെയ്തിരുന്നു. അവിടെ രോഗമോ മരണമോ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ ഒരു ലോകമാണ് ദൈവം ആഗ്രഹിച്ചത്.
ഏദൻ തോട്ടത്തിൽ ആയിരുന്ന ഹവ്വായെ വഞ്ചിക്കുന്നതിനു വേണ്ടി സാത്താൻ ഒരു പാമ്പിന്റെ രൂപത്തിൽ വന്ന് അവളോട് സംസാരിച്ചു. അവൾ അത് വിശ്വസിക്കുകയും അവളും ആദാമും ദൈവത്തിന് എതിരായി പാപം ചെയ്യുകയും ചെയ്തു. അവർ പാപം ചെയ്തതുകൊണ്ട് ലോകത്തിലുള്ള എല്ലാ മനുഷ്യരും രോഗികളായിത്തീരുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ആദാമും ഹവ്വായും പാപം ചെയ്തതിനാൽ, അതിലും കൂടുതൽ ഭയാനകമായതു സംഭവിച്ചു. അവർ ദൈവത്തിന്റെ ശത്രുക്കളായിത്തീർന്നു. അതിന്റെ ഫലമായി, അതിനുശേഷം ജനിച്ച ഓരോ വ്യക്തിയും പാപസ്വഭാവമുള്ളവരായും ദൈവത്തിന്റെ ശത്രുക്കളായും ജനിച്ചു. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം പാപത്താൽ മുറിഞ്ഞുപോയി. എന്നാൽ, ആ ബന്ധം പുനഃസ്ഥാപിക്കുവാൻ ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു.
ഹവ്വായുടെ സന്തതികളിൽ ഒരാൾ സാത്താന്റെ തല തകർക്കുകയും, സാത്താൻ അവന്റെ കുതികാൽ തകർക്കുകയും ചെയ്യും എന്ന് ദൈവം വാഗ്ദത്തം ചെയ്തു. സാത്താൻ മശിഹയെ കൊല്ലും എന്നും എന്നാൽ ദൈവം അവനെ മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുകയും പിന്നെ അവൻ സാത്താന്റെ ശക്തിയെ എന്നേക്കുമായി തകർക്കും എന്നുമാണ് ഇതിനർത്ഥം. അനേക വർഷങ്ങൾക്കു ശേഷം, യേശുവാണ് ആ മശിഹ എന്ന് ദൈവം വെളിപ്പെടുത്തി.
ലോകത്തെ മുഴുവനായി വെള്ളപ്പൊക്കത്താൽ നശിപ്പിച്ചപ്പോൾ, തന്നിൽ വിശ്വസിച്ച മനുഷ്യരെ രക്ഷിക്കുവാൻ ദൈവം ഒരു പെട്ടകം നൽകി. അതുപോലെ തന്നെ, തങ്ങളുടെ പാപം മൂലം നശിച്ചു പോകുവാൻ അർഹതപ്പെട്ടവരാണ് എല്ലാവരും. എന്നാൽ തന്നിൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവം യേശുവിനെ നൽകി.
തങ്ങളുടെ പാപങ്ങൾ നിമിത്തം ഓരോരുത്തർക്കും ലഭിക്കുന്ന ശിക്ഷ ജനങ്ങളെ ബോദ്ധ്യമാക്കുവാൻ വേണ്ടി നൂറുകണക്കിനു വർഷങ്ങൾ പുരോഹിതന്മാർ ദൈവത്തിനു തുടർച്ചയായി യാഗം കഴിച്ചുകൊണ്ടേയിരുന്നു. എന്നാൽ അവരുടെ പാപത്തെ നീക്കുവാൻ ആ യാഗങ്ങൾക്ക് കഴിഞ്ഞില്ല. യേശു വലിയ മഹാപുരോഹിതൻ ആണ്. മറ്റു പുരോഹിതന്മാരിൽ നിന്നും വ്യത്യസ്തമായി, ലോകത്തിലെ എല്ലാ മനുഷ്യരുടെയും പാപത്തെ നീക്കുവാൻ സാധിക്കുന്ന ഏക യാഗമായി അവൻ തന്നെത്തന്നെ യാഗമായി സമർപ്പിച്ചു. ആരെങ്കിലും എപ്പോഴെങ്കിലും ചെയ്തിട്ടുള്ള പാപങ്ങൾക്കുള്ള ശിക്ഷ ഏറ്റെടുത്തതുകൊണ്ട് യേശു പൂർണ്ണനായ മഹാപുരോഹിതനായിരുന്നു.
“ലോകത്തിലെ സകല ജാതികളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്ന് ദൈവം അബ്രഹാമിനോടു പറഞ്ഞിരുന്നു. യേശു അബ്രഹാമിന്റെ ഒരു സന്തതി ആയിരുന്നു. സകല ജാതികളും അവനിലൂടെ അനുഗ്രഹിക്കപ്പെട്ടു. കാരണം യേശുവിൽ വിശ്വസിക്കുന്ന ഏവനും പാപത്തിൽ നിന്നും രക്ഷിക്കപ്പെടുകയും അബ്രഹാമിന്റെ ആത്മീയ സന്തതിയാകുകയും ചെയ്യുന്നു.
തന്റെ മകനായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം അബ്രഹാമിനോട് പറയുകയും അവൻ അത് അനുസരിക്കാൻ തയ്യാറാകുകയും ചെയ്തപ്പോൾ, യിസ്ഹാക്ക് എന്ന തന്റെ മകനു പകരമായി യാഗം കഴിക്കുവാൻ ഒരു ആടിനെ ദൈവം അബ്രഹാമിന് നൽകി. നമ്മുടെ പാപങ്ങൾ നിമിത്തം നാമെല്ലാവരും മരണം അർഹിക്കുന്നവരാണ്! എന്നാൽ നമ്മുക്ക് പകരം ഒരു യാഗമായി ദൈവത്തിന്റെ കുഞ്ഞാടായ, യേശുവിനെ ദൈവം യാഗമായി നൽകി.
ദൈവം മിസ്രയീമിലേക്ക് അവസാനത്തെ ബാധ അയച്ചപ്പോൾ, ഒരോ യിസ്രായേല്യ കുടുംബവും പൂർണ്ണതയുള്ള/ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ കൊന്ന് അതിന്റെ രക്തം അവരുടെ വാതിൽപ്പടികളിന്മേൽ തേയ്ക്കേണം എന്നു ദൈവം പറഞ്ഞു. രക്തം പുരട്ടിയിരിക്കുന്നത് കണ്ടപ്പോൾ ദൈവം അവരുടെ വീടുകളെ കടന്നു പോകുകയും അവരുടെ ആദ്യജാതന്മാരെ കൊല്ലാതിരിക്കുകയും ചെയ്തു. ഈ സംഭവമാണ് പെസഹ എന്ന് അറിയപ്പെടുന്നത്.
യേശു നമ്മുടെ പെസഹ കുഞ്ഞാടാണ്. അവൻ പൂർണ്ണനും പാപരഹിതനും ആയിരുന്നു. പെസഹ പെരുനാളിന്റെ സമയത്താണ് അവൻ കൊല്ലപ്പെട്ടത്. ആരെങ്കിലും യേശുവിൽ വിശ്വസിക്കുമ്പോൾ ആ വ്യക്തിയുടെ പാപത്തിനു മറുവിലയായി യേശുവിന്റെ രക്തം കൊടുക്കുകയും ദൈവത്തിന്റെ ശിക്ഷ ആ വ്യക്തിയെ മറികടന്നു പോകുകയും ചെയ്യുന്നു.
താൻ തെരഞ്ഞെടുത്ത തന്റെ ജനമായിരുന്ന യിസ്രായേല്യരുമായി ദൈവം ഒരു നിയമം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും ലഭ്യമായ ഒരു പുതിയ നിയമം ദൈവം ഉണ്ടാക്കിയിരിക്കുന്നു. ഈ പുതിയ നിയമത്താൽ ഏതു ജനവിഭാഗത്തിൽ നിന്നുമുള്ള ആർക്കും യേശുവിൽ വിശ്വസിക്കുന്നതിലൂടെ ദൈവജനത്തോടൊപ്പം ചേരുവാൻ സാധിക്കും.
ദൈവത്തിന്റെ വചനം പ്രസംഗിച്ച ഒരു വലിയ പ്രവാചകനായിരുന്നു മോശെ. എന്നാൽ എല്ലാവരെക്കാളും ഏറ്റവും വലിയ പ്രവാചകനാണ് യേശു. അവൻ ദൈവമാണ്, അതുകൊണ്ട് അവൻ ചെയ്യുകയും പറയുകയും ചെയ്തതെല്ലാം ദൈവത്തിന്റെ പ്രവർത്തികളും വചനങ്ങളുമാണ്. അതുകൊണ്ടാണ് യേശുവിനെ ദൈവവചനം എന്നു വിളിക്കപ്പെടുന്നത്.
തന്റെ സന്തതികളിൽ ഒരാൾ ദൈവത്തിന്റെ ജനത്തിനു രാജാവായി എന്നേക്കും വാഴും എന്ന് ദൈവം ദാവീദ് രാജാവിനോടു വാഗ്ദത്തം ചെയ്തിരുന്നു. യേശു ദൈവപുത്രനും മശിഹയും ആയതിനാൽ എന്നേക്കും വാഴുന്ന ദാവീദിന്റെ സന്തതിയാണ് അവൻ.
ദാവീദ് യിസ്രായേലിന്റെ രാജാവായിരുന്നു, എന്നാൽ യേശു സകല ലോകത്തിന്റെയും രാജാവാണ്! അവൻ വീണ്ടും വരികയും തന്റെ രാജ്യത്തെ ന്യായത്തോടും സമാധാനത്തോടും കൂടെ എന്നേക്കും ഭരിക്കുകയും ചെയ്യും.
ഉല്പത്തി 1-3, 6, 14, 22; പുറപ്പാട് 12, 20; 2 ശമുവേൽ 7; എബ്രായർ 3:1-6, 4:14-5:10, 7:1-8:13, 9:11-10:18; വെളിപ്പാട് 21