12 പുറപ്പാട്
മിസ്രയീം വിട്ടുപോകുന്നതിൽ യിസ്രായേല്യർ വളരെ സന്തുഷ്ടരായിരുന്നു. അവർ ഇനി മേലിൽ അടിമകളല്ല, അവർ വാഗ്ദത്തനാട്ടിലേക്കു പോകുകയായിരുന്നു ! യിസ്രായേല്യർ ചോദിച്ച സകലതും, സ്വർണ്ണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ പോലും ഈജിപ്തുകാർ നൽകി. മറ്റു ജാതികളിൽ നിന്നുള്ള ചിലരും ദൈവത്തിൽ വിശ്വസിക്കുകയും യിസ്രായേല്യരോടൊപ്പം ഈജിപ്ത് വിട്ടുപോകുകയും ചെയ്തു.
പകൽനേരത്ത് ഒരു മേഘസ്തംഭം കൊണ്ടും രാത്രിയിൽ ഒരു അഗ്നിസ്തംഭം കൊണ്ടും ദൈവം യിസ്രായേല്യരെ നയിച്ചു. ദൈവം എല്ലായ്പ്പോഴും അവരുടെ കൂടെയിരുന്ന് അവരുടെ യാത്രയിൽ അവരെ നയിക്കുകയായിരുന്നു. ദൈവത്തെ അനുഗമിക്കുക മാത്രമായിരുന്നു അവർക്കു ചെയ്യേണ്ടിയിരുന്നത്.
കുറെ സമയം കഴിഞ്ഞപ്പോൾ, ഫറവോനും അവന്റെ ആളുകളും തങ്ങളുടെ മനസ്സു മാറ്റുകയും യിസ്രായേല്യരെ വീണ്ടും തങ്ങളുടെ അടിമകളാക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. താൻ ഏകസത്യദൈവമാണെന്നും യഹോവയായ താൻ ഫറവോനെക്കാളും അവന്റെ ദേവന്മാരെക്കാളും വലിയവനാണെന്നും ജനങ്ങൾ കാണണമെന്ന് ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് ദൈവം ഫറവോന്റെ ഹൃദയം കഠിനമാക്കി.
അങ്ങനെ യിസ്രായേല്യരെ വീണ്ടും തങ്ങളുടെ അടിമകളാക്കുവാൻ ഫറവോനും അവന്റെ പടയാളികളും യിസ്രായേല്യരെ പിന്തുടർന്നു. ഈജിപ്തിലെ സൈന്യം തങ്ങളെ പിന്തുടരുന്നത് യിസ്രായേല്യർ അറിഞ്ഞു. ഫറവോന്റെ സൈന്യത്തിനും ചെങ്കടലിനുമിടയിൽ പെട്ടുപോയി എന്ന് അവർക്കു മനസ്സിലായി. അവർ ഭയപ്പെട്ട്, “നമ്മൾ എന്തിനാണ് മിസ്രയീം വിട്ടുപോന്നത്? നാം മരിക്കുവാൻ പോകുകയാണ് !” എന്ന് കരഞ്ഞുവിളിച്ചു.
എന്നാൽ മോശ യിസ്രായേൽ മക്കളോട്, "ഭയപ്പെടേണ്ടാ, ദൈവം നിങ്ങൾക്കായി യുദ്ധം ചെയ്ത് നിങ്ങളെ വിടുവിക്കും" എന്നു പറഞ്ഞു. അപ്പോൾ ദൈവം മോശയോട് "ജനങ്ങളോട് ചെങ്കടലിനടുത്തേക്കു നീങ്ങാൻ പറയുക" എന്നു പറഞ്ഞു.
പിന്നീട് ദൈവം, മിസ്രയീമ്യർ (ഈജിപ്തുകാർ) യിസ്രായേല്യരെ കാണാതെവണ്ണം മേഘസ്തംഭത്തെ മാറ്റി യിസ്രായേല്യരുടെയും ഈജിപ്തുകാരുടെയും(മിസ്രയീമ്യരുടെയും) നടുവിലാക്കി.
ദൈവം മോശെയോട്, “നിന്റെ കൈ ചെങ്കടലിനു നേരെ നീട്ടി വെള്ളത്തെ വിഭാഗിക്കുക” എന്ന് പറഞ്ഞു. പിന്നീട് കടലിന് നടുവിലൂടെ വഴിയൊരുക്കുവാൻ വേണ്ടി ദൈവം ഒരു കാറ്റ് അടിപ്പിച്ച് വെള്ളത്തെ ഇടത്തും വലത്തുമായി തിരിച്ച് നിർത്തി.
ഇരുവശത്തും മതിലായി നിൽക്കുന്ന വെള്ളത്തിന് നടുവിലെ ഉണങ്ങിയ നിലത്തുകൂടെ യിസ്രായേല്യർ നടന്നുപോയി.
യിസ്രായേല്യർ രക്ഷപെടുന്നതു ഈജിപ്തുകാർക്ക് (മിസ്രയീമ്യർക്ക് ) കാണത്തക്കവിധം ദൈവം അവർക്കു മുമ്പിലുള്ള വഴിയിൽ നിന്നും മേഘസ്തംഭത്തെ മാറ്റി. അപ്പോൾ അവരെ പിന്തുടരുവാൻ ഈജിപ്തുകാർ (മിസ്രയീമ്യർ) തീരുമാനിച്ചു.
അങ്ങനെ അവർ കടലിന് നടുവിലെ വഴിയിലൂടെ യിസ്രായേലിനെ പിന്തുടർന്നു, എന്നാൽ ദൈവം ഈജിപ്തുകാർക്ക് (മിസ്രയീമ്യർക്കു) ഭീതി വരുത്തുകയും അവരുടെ രഥങ്ങളെ തെറ്റിക്കുകയും ചെയ്തു . “ഓടി രക്ഷപെട്ടോളൂ ! ദൈവം യിസ്രായേല്യർക്കുവേണ്ടി യുദ്ധം ചെയ്യുന്നു !” എന്ന് അവർ ഉച്ചത്തിൽ നിലവിളിച്ചു.
യിസ്രായേല്യർ മുഴുവനും കടലിന്റെ മറുകരയിൽ സുരക്ഷിതരായി എത്തിയ ശേഷം ദൈവം മോശെയോട്, “നിന്റെ കൈ വീണ്ടും കടലിന് നേരെ നീട്ടുക” എന്ന് കല്പിച്ചു. അവൻ അനുസരിച്ചപ്പോൾ വെള്ളം മിസ്രയീമ്യ (ഈജിപ്ത്)സൈന്യത്തെ മൂടിക്കളഞ്ഞുകൊണ്ട് അതിന്റെ പഴയ സ്ഥാനത്തേക്കു തിരികെ വന്നു. മിസ്രയീമ്യസൈന്യം മുഴുവനും മുങ്ങിമരിച്ചു.
ഈജിപ്തുകാർ (മിശ്രയീമ്യർ) മുഴുവനും മരിച്ചെന്ന് യിസ്രായേൽ മക്കൾ കണ്ടപ്പോൾ അവർ ദൈവത്തിൽ ആശ്രയിക്കുകയും മോശ ദൈവത്തിന്റെ പ്രവാചകനാണെന്ന് വിശ്വസിക്കുകയും ചെയ്തു.
ദൈവം തങ്ങളെ മരണത്തിൽ നിന്നും അടിമത്തത്തിൽ നിന്നും രക്ഷിച്ചതുകൊണ്ട് യിസ്രായേല്യർ ഏറെ ആഹ്ളാദിച്ചു. ഇപ്പോൾ അവർ ദൈവത്തെ സേവിക്കുവാൻ സ്വതന്ത്രരാണ്. ദൈവം അവരെ ഈജിപ്തിലെ (മിസ്രയീമ്യ)സൈന്യത്തിൽ നിന്നും രക്ഷിച്ചതുകൊണ്ട്, യിസ്രായേല്യർ അനേക പാട്ടുൾ പാടിക്കൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
ഇസ്രായേൽ മക്കളെ ദൈവം അടിമത്തത്തിൽ നിന്നും വിടുവിച്ചതും, ഈജിപ്ത്‌കാരുടെ (മിശ്രയിമ്യരുടെ) മേൽ അവർക്ക് വിജയം നൽകിയതും എന്നും ഓർത്തിരിക്കുന്നതിനായി എല്ലാ വർഷവും പെസഹ പെരുന്നാൾ ആചരിക്കുവാൻ ദൈവം അവരോട് കല്പിച്ചു. അവർ ഊനമില്ലാത്ത ഒരാട്ടിൻകുട്ടിയെ കൊന്ന് പുളിപ്പില്ലാത്ത അപ്പത്തിനൊപ്പം അതിനെ ഭക്ഷിച്ച് പെസഹ ആചരിച്ചു.
(ഈ വേദപുസ്തക കഥ, പുറപ്പാട് 12:33 മുതൽ 15:21 വരെയുള്ള വാക്യങ്ങളിൽ നിന്നുമുള്ളതാണ്.)