Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

39. യേശുവിനെ ചോദ്യം ചെയ്യുന്നു

Image

അർദ്ധരാത്രിയായപ്പോൾ, മഹാപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്യേണ്ടതിന് പടയാളികൾ അവനെ മഹാപുരോഹിതന്റെ വീട്ടിലേക്കുകൊണ്ടുപോയി. പത്രൊസ് അല്പം അകലം വിട്ട് അവരെ പിന്തുടർന്നു. യേശുവിനെ വീടിന്റെ അകത്തേയ്ക്കു കൊണ്ടുപോയപ്പോൾ, പത്രൊസ് തീ കാഞ്ഞുകൊണ്ട് പുറത്തിരുന്നു.

Image

വീട്ടിനുള്ളിൽ യഹൂദാ നേതാക്കന്മാർ യേശുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. യേശുവിനെതിരെ കള്ളസാക്ഷ്യം പറയാനായി അവർ പലരേയും കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും അവർ പറഞ്ഞതൊന്നും പരസ്പരം ചേർന്നു വന്നില്ല. അതുകൊണ്ട്‌ അവൻ കുറ്റക്കാരനാണെന്ന്‌ തെളിയിക്കുവാൻ യഹൂദാ നേതാക്കന്മാർക്ക്‌ കഴിഞ്ഞില്ല. യേശു ഒന്നും പറഞ്ഞതേയില്ല.

Image

അവസാനമായി മഹാപുരോഹിതൻ യേശുവിനെ നോക്കി അവനോട്‌, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹാ തന്നെയോ? ഞങ്ങളോട്‌ പറഞ്ഞാലും” എന്നു പറഞ്ഞു.

Image

യേശു അവരോട്‌, “അതെ, ഞാൻ ആകുന്നു, ഞാൻ ദൈവത്തോടൊപ്പം ഇരിക്കുന്നതും സ്വർഗ്ഗത്തിൽ നിന്നും വരുന്നതും നിങ്ങൾ കാണും” എന്ന്‌ പറഞ്ഞു. ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ കോപത്തോടെ തന്റെ വസ്ത്രം വലിച്ചുകീറി. അവൻ മററുള്ള മതനേതാക്കളോട്, “ഇനി നമുക്കു സാക്ഷികളെ ആവശ്യമില്ല. താൻ ദൈവപുത്രനാകുന്നു എന്ന് അവൻ തന്നെ പറഞ്ഞത് നിങ്ങൾ കേട്ടുവല്ലോ? നിങ്ങൾ എന്ത് വിധി കല്പിക്കുന്നു?” എന്ന്‌ അട്ടഹസിച്ചുകൊണ്ട്‌ ചോദിച്ചു.

Image

“അവൻ മരണശിക്ഷയ്ക്ക്‌ യോഗ്യനാണ്” എന്ന്‌ യഹൂദാനേതാക്കന്മാർ എല്ലാവരും മഹാപുരോഹിതനോട് ഉത്തരം പറഞ്ഞു. പിന്നെ അവർ യേശുവിന്റെ കണ്ണുമൂടിക്കെട്ടി, അവനെ തുപ്പുകയും, ഇടിക്കുകയും, പരിഹസിക്കുകയും ചെയ്തു.

Image

ആ സമയം പത്രൊസ് വീടിനു പുറത്തു കാത്തിരിക്കുകയായിരുന്നു. അപ്പോൾ, ഒരു വേലക്കാരിയായ പെൺകുട്ടി അവനെ കണ്ടിട്ട്‌ അവനോട്, “നീയും യേശുവിന്റെ കൂടെയുണ്ടായിരുന്നുവല്ലോ?” എന്ന്‌ ചോദിച്ചു. എന്നാൽ പത്രൊസ് അതു നിഷേധിച്ചു. പിന്നീട്, മറ്റൊരു പെൺകുട്ടിയും അതുതന്നെ പറഞ്ഞു. പത്രൊസ് അതും നിഷേധിച്ചു. ഒടുവിൽ, ജനങ്ങൾ അവനോട്‌, “നീ യേശുവിനോടു കൂടെയുണ്ടായിരുന്നു എന്നു ഞങ്ങൾക്ക്‌ അറിയാം, കാരണം നിങ്ങൾ രണ്ടുപേരും ഗലീലക്കാരല്ലേ?” എന്ന്‌ ചോദിച്ചു.

Image

അപ്പോൾ പത്രൊസ് ആണയിട്ടുകൊണ്ട്, “ഞാൻ ഈ മനുഷ്യനെ അറിയുന്നുവെങ്കിൽ ദൈവം എന്നെ ശപിക്കട്ടെ!” എന്ന്‌ പറഞ്ഞു. ഉടൻതന്നെ, ഒരു കോഴി കൂവി, അപ്പോൾ യേശു തിരിഞ്ഞ് പത്രൊസിനെ നോക്കി.

Image

അപ്പോൾ പത്രൊസ് അവിടെ നിന്നും പോയി അതിദുഃഖത്തോടെ കരഞ്ഞു. അതേ സമയം, യഹൂദാനേതാക്കന്മാർ യേശുവിനെ കൊല്ലുവാൻ വിധിച്ചു എന്നു ഒറ്റുകാരനായ യൂദാ അറിഞ്ഞു. അവൻ ദുഃഖം നിറഞ്ഞ്‌ പോയി ആത്മഹത്യ ചെയ്തു.

Image

പിറ്റേദിവസം അതിരാവിലെ, യഹൂദാ നേതാക്കന്മാർ യേശുവിനെ റോമാ ഗവർണ്ണറായിരുന്ന പീലാത്തോസിന്റെ അടുക്കൽ കൊണ്ടുവന്നു. പീലാത്തോസ് യേശുവിനെ കുറ്റാളിയായി എണ്ണുകയും, മരണശിക്ഷ വിധിക്കുകയും ചെയ്യുമെന്ന് അവർ കരുതി. പീലാത്തോസ് യേശുവിനോട്, “നീ യഹൂദന്മാരുടെ രാജാവ് ആകുന്നുവോ?” എന്നു ചോദിച്ചു.

Image

യേശു അവനോട്‌, “നീ അങ്ങനെ പറഞ്ഞു, എന്നാൽ എന്റെ രാജ്യം ഭൌമികമല്ല/മാനുഷികമല്ല. ആയിരുന്നുവെങ്കിൽ, എന്റെ ചേവകർ എനിക്കുവേണ്ടി യുദ്ധം ചെയ്യുമായിരുന്നു. ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നത് ദൈവത്തെ കുറിച്ചുള്ള സത്യം പറയുന്നതിനു വേണ്ടിയാണ്. സത്യത്തെ സ്നേഹിക്കുന്ന എല്ലാവരും ഞാൻ പറയുന്നത്‌ കേൾക്കുന്നു” എന്ന്‌ പറഞ്ഞു. അപ്പോൾ പീലാത്തോസ് അവനോട്‌, “എന്താണ് സത്യം?” എന്ന്‌ ചോദിച്ചു.

Image

യേശുവിനോട് സംസാരിച്ചശേഷം, പീലാത്തോസ് ജനക്കൂട്ടത്തിന്റെ അടുക്കലെത്തി അവരോട്‌, “ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല” എന്ന്‌ പറഞ്ഞു. എന്നാൽ യഹൂദാനേതാക്കളും ജനക്കൂട്ടവും “അവനെ ക്രൂശിക്കുക” എന്ന്‌ ഉച്ചത്തിൽ നിലവിളിച്ചു. അതിന്‌ പീലാത്തോസ് അവരോട്‌, “അവൻ കുറ്റക്കാരനല്ല”എന്ന്‌ മറുപടി പറഞ്ഞു. എന്നാൽ അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങി. പിന്നെ പീലാത്തോസ് മൂന്നാം തവണയും അവരോട്‌, “അവൻ കുറ്റക്കാരനല്ല” എന്ന്‌ പറഞ്ഞു.

Image

ജനക്കൂട്ടം ലഹള ഉണ്ടാക്കുമെന്ന് ഭയപ്പെട്ട്‌ തന്റെ പടയാളികളെക്കൊണ്ട്‌ യേശുവിനെ ക്രൂശിക്കാമെന്ന്‌ പീലാത്തോസ് സമ്മതിച്ചു. റോമാ പടയാളികൾ യേശുവിനെ ചാട്ടവാറുകൊണ്ട് അടിക്കുകയും അവനെ ഒരു രാജകീയ വസ്ത്രം ധരിപ്പിച്ച്‌ അവന്റെ തലയിൽ മുള്ളുകൾ കൊണ്ടുണ്ടാക്കിയ ഒരു കിരീടം വച്ചുകൊടുക്കുകയും ചെയ്തു. പിന്നെ അവർ, “ഇതാ നോക്കൂ, യഹൂദന്മാരുടെ രാജാവ്” എന്നു പറഞ്ഞ്‌ അവനെ പരിഹസിക്കുകയും ചെയ്തു.

മത്തായി 26:57-27:26; മർക്കൊസ്‌ 14:53-15:15; ലൂക്കൊസ്‌ 22:54-23:25; യോഹന്നാൻ 18: 12-19:16