38. യേശുവിനെ ഒറ്റിക്കൊടുക്കുന്നു
യഹൂദന്മാർ എല്ലാ വർഷവും പെസഹ ആചരിച്ചിരുന്നു. അനേക നൂറ്റാണ്ടുകൾക്കു മുൻപ് മിസ്രയീമിൽ അടിമത്വത്തിൽ ആയിരുന്ന അവരുടെ പൂർവ്വികന്മാരെ/ പൂർവ്വപിതാക്കന്മാരെ ദൈവം അവിടെ നിന്ന് എപ്രകാരം രക്ഷിച്ചു എന്നതിനെ ഓർമ്മിക്കുന്ന ആചരണമായിരുന്നു ഇത്. യേശു തന്റെ പരസ്യ ശുശ്രൂഷ (പ്രസംഗവും ഉപദേശവും) ആരംഭിച്ചിട്ട് ഏകദേശം മൂന്നു വർഷമായ സമയത്ത്, അവൻ തന്റെ ശിഷ്യന്മാരോട്, “നിങ്ങളോടൊപ്പം യെരൂശലേമിൽവച്ച് പെസഹ ആചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അവിടെ വച്ച് ഞാൻ കൊല്ലപ്പെടും“ എന്നും പറഞ്ഞു.
യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു യൂദാ. അവൻ അപ്പോസ്തലന്മാരുടെ പണസഞ്ചിയുടെ സൂക്ഷിപ്പുകാരനായിരുന്നു, എന്നാൽ അവൻ പണത്തെ സ്നേഹിക്കുകയും പലപ്പോഴും പണസഞ്ചിയിൽ നിന്നും പണം മോഷ്ടിക്കുയും ചെയ്തിരുന്നു. യേശുവും തന്റെ ശിഷ്യന്മാരും യെരൂശലേമിൽ എത്തിയശേഷം, അവൻ യഹൂദാനേതാക്കന്മാരുടെ അടുക്കൽ ചെന്ന്, തനിക്ക് പണം നല്കുന്നതിന് പകരമായി യേശുവിനെ കാണിച്ച് തരാം എന്നു സമ്മതിച്ചു. യേശു മശിഹ ആണെന്ന് മതനേതാക്കന്മാർ അംഗീകരിക്കുന്നില്ല എന്നും അവർ യേശുവിനെ കൊല്ലേണ്ടതിന് അന്വേഷിക്കുകയാണ് എന്നും അവൻ അറിഞ്ഞിരുന്നു.
മഹാപുരോഹിതന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യഹൂദ നേതാക്കന്മാർ, യേശുവിനെ കാണിച്ചു കൊടുക്കുവാൻ വേണ്ടി യൂദായ്ക്ക് മുപ്പതു വെള്ളിക്കാശ് കൊടുത്തു. യൂദാ അത് സമ്മതിച്ചു, പണവും വാങ്ങി പുറത്തേക്കു പോയി. അപ്പോൾ മുതൽ യേശുവിനെ പിടിക്കുന്നതിന് അവരെ സഹായിക്കുവാൻ വേണ്ടി ഒരു അവസരം നോക്കി അവൻ ഇരുന്നു. ഇത് സംഭവിച്ചത് പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെയാണ്.
യേശു യെരൂശലേമിൽ വച്ച്, തന്റെ ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ചു. പെസഹ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു ഒരു അപ്പമെടുത്തു നുറുക്കി. പിന്നെ യേശു അവരോട്, “ഇതു വാങ്ങി ഭക്ഷിപ്പിൻ. ഇത് നിങ്ങൾക്കു വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരം. ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” എന്ന് പറഞ്ഞു. തന്റെ ശരീരം അവർക്കു വേണ്ടി യാഗമാകും എന്ന് യേശു ഇപ്രകാരം അവരോടു പറഞ്ഞു.
പിന്നെ യേശു പാനപാത്രം കൈകളിൽ എടുത്ത്, “ഇതു കുടിപ്പിൻ, ഇത് പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ഒഴുക്കപ്പെട്ട പുതിയ നിയമത്തിലെ എന്റെ രക്തമാകുന്നു. ഓരോ തവണ നിങ്ങൾ ഇതു കുടിക്കുമ്പോഴും ഇതു എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” എന്ന് പറഞ്ഞു.
പിന്നെ യേശു തന്റെ ശിഷ്യന്മാരോട്, “നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കും” എന്ന് പറഞ്ഞു. ശിഷ്യന്മാർ അതുകേട്ട് ഞെട്ടിപ്പോയി, ആരാണ് അതു ചെയ്യുന്നത് എന്നു അവർ ചോദിച്ചു. യേശു അവരോട്, “ഞാൻ ഈ അപ്പക്കഷണം ആർക്കു തിന്നുവാൻ കൊടുക്കുന്നുവോ അവനാണ് ഒറ്റുകാരൻ” എന്ന് മറുപടി പറഞ്ഞു. അതിനു ശേഷം യേശു അപ്പക്കഷണം യൂദായ്ക്കു കൊടുത്തു.
യൂദാ അപ്പം വാങ്ങിയ ശേഷം സാത്താൻ അവന്റെ ഉള്ളിൽ കടന്നു. യൂദാ അവിടം വിട്ടുപോകുകയും യേശുവിനെ പിടിക്കുവാൻ യഹൂദാ നേതാക്കന്മാരെ സഹായിക്കുകയും ചെയ്തു. അപ്പോൾ രാത്രി സമയമായിരുന്നു.
ഭക്ഷണത്തിനു ശേഷം, യേശുവും ശിഷ്യന്മാരും ഒലിവു മലയിലേക്കു പോയി. അപ്പോൾ യേശു അവരോട്, “ഇന്നു രാത്രി നിങ്ങൾ എല്ലാവരും എന്നെവിട്ട് ഓടിപ്പോകും. ‘ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും’ എന്ന് എഴുതിയിരിക്കുന്നു” എന്ന് പറഞ്ഞു.
അപ്പോൾ പത്രൊസ് യേശുവിനോട്, “മറ്റെല്ലാവരും നിന്നെവിട്ട് ഓടിപ്പോയാലും, ഞാൻ പോകുകയില്ല!” എന്ന് മറുപടി പറഞ്ഞു. അപ്പോൾ യേശു പത്രൊസിനോടു, “സാത്താൻ നിങ്ങളെ എല്ലാവരെയും നശിപ്പിക്കുവാൻ ആഗ്രഹിച്ചു, എന്നാൽ നിന്റെ വിശ്വാസം പോകാതിരിക്കേണ്ടതിന് പത്രൊസേ ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിച്ചു. എങ്കിലും, ഇന്നുരാത്രി, കോഴി കൂവുന്നതിനു മുൻപ്, നീ എന്നെ അറിയുക പോലുമില്ല എന്നു തള്ളിപ്പറയും” എന്ന് പറഞ്ഞു.
അപ്പോൾ പത്രൊസ് യേശുവിനോട്, “മരിക്കേണ്ടിവന്നാലും, ഞാൻ നിന്നെ ഒരിക്കലും തള്ളിപ്പറയുകയില്ല!” എന്ന് പറഞ്ഞു. മറ്റു ശിഷ്യന്മാരും അങ്ങനെതന്നെ പറഞ്ഞു.
അതിനുശേഷം യേശു തന്റെ ശിഷ്യന്മാരുമായി ഗെത്‌സമനെ എന്നു പേരുള്ള സ്ഥലത്തേക്കുപോയി. തങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കണം എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. പിന്നീട് യേശു തനിയെ പ്രാർത്ഥിക്കുവാൻ പോയി.
“എന്റെ പിതാവേ, കഴിയുമെങ്കിൽ എനിക്കു കുടിക്കുവാനുള്ള കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ. എന്നാൽ, മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ മറ്റൊരു വഴിയുമില്ല എങ്കിൽ, നിന്റെ ഇഷ്ടം പോലെ ആകട്ടെ” എന്ന് യേശു മൂന്നു തവണ പ്രാർത്ഥിച്ചു. യേശു വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെയായിരുന്നു. യേശുവിനെ ബലപ്പെടുത്തുവാൻ ദൈവം ഒരു ദൂതനെ അയച്ചു.
ഓരോ തവണയും പ്രാർത്ഥന കഴിഞ്ഞ്, യേശു തന്റെ ശിഷ്യന്മാരുടെ അടുക്കലേക്കു മടങ്ങിവന്നു, എന്നാൽ അവർ ഉറങ്ങുകയായിരുന്നു. മൂന്നാമത്തെ തവണ തിരികെ വന്നപ്പോൾ യേശു അവരോട്, “ഉണർന്നെഴുന്നേൽക്കുവിൻ! എന്നെ ഒറ്റിക്കൊടുക്കുന്നവൻ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.
യൂദാ യഹൂദ നേതാക്കന്മാരോടും, പട്ടാളക്കാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം അവിടെയെത്തി. അവർ വാളുകളും വടികളുമായിട്ടാണ് വന്നത്. യൂദാ യേശുവിന്റെ അടുക്കൽ വന്ന്, “വന്ദനം, ഗുരോ” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ ചുംബിച്ചു. യഹൂദനേതാക്കന്മാർക്ക് യേശുവിനെ പിടിക്കുന്നതിനുള്ള അടയാളമായിരുന്നു അത്. യേശു അവനോട്, “യൂദയേ, ചുംബനം കൊണ്ടോ നീ എന്നെ ഒറ്റിക്കൊടുക്കുന്നത് ?”എന്നു ചോദിച്ചു.
പടയാളികൾ യേശുവിനെ പിടിക്കുമ്പോൾ, പത്രൊസ് തന്റെ വാൾ ഉറയിൽ നിന്നും ഊരി മഹാപുരോഹിതന്റെ ദാസന്റെ കാതിൽ വെട്ടി. യേശു അവനോട്, “വാൾ ഉറയിലിടുക! എന്നെ രക്ഷിക്കുവാൻ ദൂതന്മാരുടെ ഒരു സൈന്യത്തെ അയച്ചുതരുവാൻ എനിക്കു പിതാവിനോടു ചോദിക്കുവാൻ സാധിക്കുമായിരുന്നു. എന്നാൽ ഞാൻ എന്റെ പിതാവിനെ അനുസരിക്കേണ്ടതാകുന്നു” എന്ന് പറഞ്ഞു. അതിനു ശേഷം യേശു ആ മനുഷ്യന്റെ കാത് സൌഖ്യമാക്കി. യേശു പിടിക്കപ്പെട്ട ശേഷം എല്ലാ ശിഷ്യന്മാരും അവിടെ നിന്ന് ഓടിപ്പോയി.
മത്തായി 26:14-56; മർക്കൊസ് 14:10-50; ലൂക്കൊസ് 22:1-53; യോഹന്നാൻ 12:6; 18: 1-11