44. പത്രൊസും യോഹന്നാനും ഒരു യാചകനെ സൌഖ്യമാക്കുന്നു
ഒരു ദിവസം, പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോകുകയായിരുന്നു. അവർ ദൈവാലയ വാതിൽക്കൽ എത്തിയപ്പോൾ ഒരു മുടന്തനായ മനുഷ്യൻ ഭിക്ഷ യാചിക്കുന്നതു കണ്ടു.
പത്രൊസ് ആ മനുഷ്യനെ നോക്കിക്കൊണ്ടു, “നിനക്കു നൽകുവാൻ എന്റെ കൈയ്യിൽ പണമില്ല. എന്നാൽ എനിക്കുള്ളതു ഞാൻ നിനക്കു നൽകുന്നു. യേശുവിന്റെ നാമത്തിൽ, എഴുന്നേറ്റു നടക്ക!” എന്ന് പറഞ്ഞു.
ഉടൻ തന്നെ, മുടന്തനായ മനുഷ്യനെ ദൈവം സൌഖ്യമാക്കി. അവൻ നടക്കുവാനും ചുറ്റും ഓടിച്ചാടി ദൈവത്തെ സ്തുതിക്കുവാനും തുടങ്ങി. ദേവാലയ മുറ്റത്ത് ഉണ്ടായിരുന്ന ജനങ്ങൾ എല്ലാം ഇതു കണ്ട് ആശ്ചര്യപ്പെട്ടു.
സൌഖ്യമായ മനുഷ്യനെ കാണുവാൻ ഒരു വലിയ ജനക്കൂട്ടം ഉടൻ തന്നെ അവിടേക്ക് എത്തി. പത്രൊസ് അവരോടു, “ഈ മനുഷ്യൻ സൌഖ്യമായതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങൾ ഞങ്ങളുടെ ശക്തിയോ നന്മയോ കൊണ്ടല്ല അവനെ സൌഖ്യമാക്കിയത്. പിന്നെയോ യേശുവിന്റെ ശക്തിയാലും യേശു നൽകിയ വിശ്വാസത്താലുമാണ് ഈ മനുഷ്യൻ സൌഖ്യമായത്” എന്ന് പറഞ്ഞു.
പത്രൊസ് പിന്നെയും അവരോട്, “റോമാ ഗവർണ്ണറോട് യേശുവിനെ കൊല്ലുവാൻ പറഞ്ഞതു നിങ്ങളാണ്. ജീവനായകനെ നിങ്ങൾ കൊന്നുകളഞ്ഞു, എന്നാൽ ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിച്ചു. നിങ്ങൾ ചെയ്തത് എന്തായിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ല, എങ്കിലും മശിഹ കഷ്ടമനുഭവിക്കുകയും മരിക്കുകയും ചെയ്യും എന്ന പ്രവചനങ്ങൾ നിവൃത്തിയാകുവാൻ ദൈവം നിങ്ങളുടെ പ്രവർത്തികളെ ഉപയോഗിച്ചു. അതുകൊണ്ട് ഇപ്പോൾ, നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയേണ്ടതിന് മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുവിൻ” എന്നു പറഞ്ഞു.
പത്രൊസും യോഹന്നാനും പറഞ്ഞ വാക്കുകൾ നിമിത്തം ദൈവാലയത്തിലെ നേതാക്കന്മാർ വളരെ നീരസപ്പെട്ടു. അതുകൊണ്ട് അവർ അവരെ പിടിച്ച് തടവിൽ ആക്കി. എന്നാൽ അനേക ജനങ്ങൾ പത്രൊസിന്റെ വാക്കുകൾ വിശ്വസിച്ചു. യേശുവിൽ വിശ്വസിച്ച പുരുഷന്മരുടെ എണ്ണം ഏകദേശം 5,000 ആയിത്തീർന്നു.
പിറ്റേദിവസം, യഹൂദാനേതാക്കന്മാർ പത്രൊസിനെയും യോഹന്നാനെയും മഹാപുരോഹിതന്റെയും മറ്റു മതനേതാക്കന്മാരുടെയും മുമ്പിൽ കൊണ്ടുവന്നു. അവർ പത്രൊസിനോടും യോഹന്നാനോടും, “നിങ്ങൾ എന്തു ശക്തിയാലാണ് ഈ മുടന്തനായ മനുഷ്യനെ സൌഖ്യമാക്കിയത്?” എന്ന് ചോദിച്ചു.
പത്രൊസ് അവരോട് ഉത്തരം പറഞ്ഞത്, “നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ മനുഷ്യൻ യേശു എന്ന മശിഹയുടെ ശക്തിയാലാണ് സൌഖ്യമായത്. നിങ്ങൾ യേശുവിനെ ക്രൂശിച്ചു, എന്നാൽ ദൈവം വീണ്ടും അവനെ ഉയിർത്തെഴുന്നേൽപ്പിച്ചു! നിങ്ങൾ അവനെ തള്ളിക്കളഞ്ഞു, എന്നാൽ രക്ഷിക്കപ്പെടുവാൻ യേശുവിന്റെ ശക്തിയാലല്ലാതെ മറ്റൊരു വഴിയുമില്ല!”
പത്രൊസും യോഹന്നാനും ഇത്ര ധൈര്യത്തോടെ സംസാരിക്കുന്നതു കണ്ട നേതാക്കന്മാർ അമ്പരന്നു പോയി. കാരണം അവർ പഠിപ്പില്ലാത്തവരും സാധാരണക്കാരുമായ മനുഷ്യരായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നു. എന്നാൽ ഈ പുരുഷന്മാർ യേശുവിനോടു കൂടെ ആയിരുന്നു എന്നത് അപ്പോൾ അവർ ഓർമ്മിച്ചു. പത്രൊസിനെയും യോഹന്നാനെയും ഒന്ന് ഭീഷണിപ്പെടുത്തിയ ശേഷം അവർ അവരെ വിട്ടയച്ചു.
അപ്പൊസ്തല പ്രവർത്തികൾ 3:1-4:22