26. യേശു തന്റെ ശുശ്രൂഷ ആരംഭിക്കുന്നു
സാത്താന്റെ പരീക്ഷകളെ അതിജീവിച്ച ശേഷം യേശു, പരിശുദ്ധാത്മാവിന്റെ ശക്തിയോടെ താൻ താമസിച്ചിരുന്ന ഗലീല ദേശത്തേക്ക് മടങ്ങിവന്നു. യേശു ഓരോരോ സ്ഥലങ്ങൾ സന്ദർശിച്ച് ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെക്കുറിച്ചു പുകഴ്ത്തി പറഞ്ഞു.
തന്റെ കുട്ടിക്കാലത്തു താൻ ജീവിച്ചിരുന്ന സ്ഥലമായ നസ്രത്തിലേക്ക് യേശു പോയി. ശബ്ബത്തിൽ, അവൻ ആരാധനാലയത്തിലേക്ക് പോയി. അവർ അവന് യെശയ്യാ പ്രവാചകന്റെ ചുരുൾ വായിക്കുവാൻ കൊടുത്തു. യേശു ചുരുൾ നിവർത്തി അതിൽ നിന്നും ഒരു ഭാഗം ജനങ്ങൾക്കു മുൻപിൽ വായിച്ചു.
“ദരിദ്രന്മാരോടു സുവിശേഷം പ്രസംഗിപ്പാനും, ബദ്ധന്മാർക്കു വിടുതലും, അന്ധന്മാർക്കു കാഴ്ചയും, പീഢിതന്മാരെ വിടുവിക്കുവാനും ദൈവം എനിക്കു തന്റെ ആത്മാവിനെ നൽകിയിരിക്കുന്നു. ഇത് കർത്താവിന്റെ പ്രസാദവർഷം ആകുന്നു.” എന്നിങ്ങനെ യേശു ആ ചുരുളിൽ നിന്നും വായിച്ചു.
അതിനു ശേഷം യേശു തന്റെ സ്ഥലത്ത് ഇരുന്നു. എല്ലാവരും അവനെ ശ്രദ്ധിച്ചു നോക്കി. അവൻ അപ്പോൾ വായിച്ച വേദഭാഗം മശിഹയെക്കുറിച്ചു പറയുന്നതാണ് എന്ന് അവർ അറിഞ്ഞിരുന്നു. യേശു അവരോടു, “ഞാൻ ഇപ്പോൾ നിങ്ങളെ വായിച്ച് കേൾപ്പിച്ച ഈ വചനങ്ങൾ ഇപ്പോൾ സംഭച്ചികൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എല്ലാവരും അതിശയിച്ച്, “ഇതു യോസേഫിന്റെ മകനല്ലയോ?” എന്ന് തമ്മിൽ പറഞ്ഞു.
അപ്പോൾ യേശു, “ഒരു പ്രവാചകനും തന്റെ സ്വന്ത ദേശത്ത് അംഗീകരിക്കപ്പെടുന്നില്ല എന്നത് സത്യമാണ്. ഏലിയാവിന്റെ കാലത്ത്, യിസ്രായേലിൽ അനേക വിധവമാർ ഉണ്ടായിരുന്നു. എന്നാൽ മൂന്നു വർഷം മഴ പെയ്യാതിരുന്നപ്പോൾ ദൈവം യിസ്രായേലിൽ നിന്നുമുള്ള ഒരു വിധവയെ സഹായിക്കുവാനല്ല, മറ്റൊരു രാജ്യത്തു നിന്നുമുള്ള ഒരു വിധവയെ സഹായിക്കുവാനാണ് ഏലിയാവിനെ അയച്ചത്” എന്ന് പറഞ്ഞു.
യേശു പിന്നെയും അവരോട്, “എലീശാ പ്രവാചകന്റെ കാലത്ത്, യിസ്രായേലിൽ കുഷ്ഠരോഗികളായി അനേകമാളുകൾ ഉണ്ടായിരുന്നു. എന്നാൽ എലീശാ അവരിലാരെയും സൌഖ്യമാക്കിയില്ല. എന്നാൽ യിസ്രായേലിന്റെ ശത്രുക്കളുടെ ഒരു സേനാപതിയായിരുന്ന, നാമാനെ മാത്രമേ അവൻ സൌഖ്യമാക്കിയുള്ളൂ”. യേശു പറയുന്നത് കേട്ടുകൊണ്ടിരുന്നവർ യഹൂദന്മാർ ആയിരുന്നു. അതിനാൽ യേശു ഇതു പറയുന്നതു കേട്ടപ്പോൾ അവർ കോപാകുലരായി.
നസ്രത്തിലെ ജനങ്ങൾ യേശുവിനെ ആരാധനാലയത്തിൽ നിന്നും പുറത്തേക്കു വലിച്ചിഴച്ച് ഒരു വലിയ കുന്നിന്റെ മുകളിൽ നിന്നും തള്ളിയിട്ടു കൊല്ലുവാൻ ഭാവിച്ചു. എന്നാൽ യേശു ജനക്കൂട്ടത്തിന്റെ നടുവിലൂടെ നടന്നു, നസ്രത്ത് പട്ടണം വിട്ടുപോയി.
പിന്നെ യേശു ഗലീല ദേശത്തുടനീളം യാത്ര ചെയ്തു, വലിയ ജനക്കൂട്ടം അവന്റെ അരികിലെത്തി. അവർ അന്ധർ, മുടന്തർ, മൂകർ, ബധിരർ എന്നിങ്ങനെ രോഗികളും അംഗവൈകല്യമുള്ളവരുമായ അനേകരെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെയെല്ലാം സൌഖ്യമാക്കുകയും ചെയ്തു.
ഭൂതങ്ങൾ ബാധിച്ചിരുന്ന അനേകരെ യേശുവിന്റെ അടുക്കലേക്കു കൊണ്ടുവന്നു. യേശു കല്പിച്ചപ്പോൾ, ഭൂതങ്ങൾ അവരിൽ നിന്നും പുറത്തുവന്നു. പലപ്പോഴും അവ “നീ ദൈവത്തിന്റെ പുത്രനാണ് !” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. കണ്ടുനിന്ന ജനക്കൂട്ടം അത്ഭുതപ്പെട്ട് ദൈവത്തെ ആരാധിച്ചു.
അതിനുശേഷം യേശു പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുത്തു, അവർ അപ്പോസ്തലന്മാർ എന്നു വിളിക്കപ്പെട്ടു. അപ്പോസ്തലന്മാർ യേശുവിനോടു കൂടെ യാത്ര ചെയ്യുകയും അവനിൽ നിന്നും പഠിക്കുകയും ചെയ്തു.
മത്തായി 4:12-25; മർക്കൊസ് 1:14-15, 35-39; 3:13-21; ലൂക്കൊസ് 4: 14-30, 38-44