5. വാഗ്ദത്ത പുത്രൻ
അബ്രാമും സാറായിയും കനാനിൽ എത്തി പത്തുവർഷം കഴിഞ്ഞിട്ടും, അവർക്കു മക്കൾ ഒന്നും ഉണ്ടായില്ല. അതുകൊണ്ട്, അബ്രാമിന്റെ ഭാര്യയായ സാറായി അവനോടു, “ദൈവം എനിക്കു മക്കളെ തന്നില്ല, ഇപ്പോൾ ഞാൻ മക്കളുണ്ടാകാവുന്ന പ്രായം കഴിഞ്ഞുമിരിക്കുന്നു. അതിനാൽ എന്റെ ദാസിയായ, ഹാഗാറിനെ നീ വിവാഹം കഴിച്ച് അവൾ എനിക്ക് ഒരു കുഞ്ഞിനെ പ്രസവിക്കട്ടെ”എന്നു പറഞ്ഞു.
അതുകൊണ്ട് അബ്രാം ഹാഗാറിനെ വിവാഹം കഴിച്ചു. ഹാഗാറിന് ഒരു ആൺകുട്ടി ജനിക്കുകയും അബ്രാം അവന് യിശ്മായേൽ എന്നു പേരിടുകയും ചെയ്തു. എന്നാൽ, സാറായിക്ക് ഹാഗാറിനോട് അസൂയ തോന്നി.
യിശ്മായേലിനു പതിമൂന്നു വയസ്സായപ്പോൾ ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചു. ദൈവം അവനോട്, “ഞാൻ സർവ്വശക്തനായ ദൈവം ആകുന്നു. ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യും” എന്ന് പറഞ്ഞു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു. ദൈവം അബ്രാമിനോടു “നീ അനേക ജാതികൾക്കു പിതാവാകും. ഞാൻ നിനക്കും നിന്റെ സന്തതികൾക്കും കനാൻ ദേശം അവകാശമായി തരികയും ഞാൻ എന്നേക്കും അവർക്ക് ദൈവമായിരിക്കുകയും ചെയ്യും. നീയോ, നിന്റെ കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും പരിച്ഛേദന കഴിക്കണം” എന്നും പറഞ്ഞു.
“നിന്റെ ഭാര്യ സാറായിക്ക് ഒരു മകൻ ജനിക്കും. അവൻ വാഗ്ദത്തത്തിന്റെ പുത്രനായിരിക്കും. അവന് യിസ്ഹാക്ക് എന്ന് പേരിടേണം. ഞാൻ അവനോട് എന്റെ ഉടമ്പടി ചെയ്യും, അവൻ ഒരു വലിയ ജാതിയായിത്തീരും. ഞാൻ യിശ്മായേലിനെയും ഒരു വലിയ ജാതിയാക്കും. എന്നാൽ, എന്റെ ഉടമ്പടി യിസ്ഹാക്കുമായിട്ടായിരിക്കും.” പിന്നീട് ദൈവം അബ്രാമിന്റെ പേര് “അനേകരുടെ പിതാവ്” എന്ന് അർത്ഥമുള്ള അബ്രഹാം എന്നു മാറ്റി. സാറായിയുടെ പേര് “രാജകുമാരി” എന്നർത്ഥമുള്ള സാറാ എന്നും മാറ്റി.
ആ ദിവസം അബ്രഹാം തന്റെ വീട്ടിലുണ്ടായിരുന്ന സകല ആണുങ്ങളേയും പരിച്ഛേദന കഴിച്ചു. ഏകദേശം ഒരു വർഷം കഴിഞ്ഞ്, അബ്രഹാമിന് 100 വയസ്സും സാറയ്ക്ക് 90 വയസ്സും ആയപ്പോൾ സാറാ അബ്രഹാമിന് ഒരു മകനെ പ്രസവിച്ചു. ദൈവം അവരോട് പറഞ്ഞതുപോലെ അവർ ആ കുഞ്ഞിന് യിസ്ഹാക്ക് എന്ന് പേരിട്ടു.
യിസ്ഹാക്ക് വളർന്ന് ഒരു ബാലനായപ്പോൾ, ദൈവം അബ്രഹാമിന്റെ വിശ്വാസം പരീക്ഷിച്ചു. ദൈവം അവനോട്, “നിന്റെ ഏക മകനായ യിസ്ഹാക്കിനെ എനിക്ക് വേണ്ടി യാഗം കഴിക്കുക” എന്നു പറഞ്ഞു. അബ്രഹാം വീണ്ടും ദൈവത്തെ അനുസരിച്ച് തന്റെ മകനെ യാഗം കഴിക്കുവാൻ തയ്യാറായി.
അബ്രഹാമും യിസ്ഹാക്കും കൂടി യാഗസ്ഥലത്തേക്കു നടക്കുമ്പോൾ, യിസ്ഹാക്ക് അബ്രഹാമിനോട്, “അപ്പാ, നമുക്ക് യാഗത്തിനുള്ള തീയും വിറകും ഉണ്ട്, എന്നാൽ ആട്ടിൻകുട്ടി എവിടെ?” എന്നു ചോദിച്ചു. “ദൈവം കരുതിക്കൊള്ളും മകനേ” എന്ന് അബ്രഹാം ഉത്തരം പറഞ്ഞു.
അവർ യാഗം കഴിക്കുവാനുള്ള സ്ഥലത്ത് എത്തിയപ്പോൾ, അബ്രഹാം തന്റെ മകനായ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. അവൻ തന്റെ മകനെ കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ദൈവം പറഞ്ഞു, “നിർത്തൂ! ബാലന്റെ മേൽ കൈവയ്ക്കരുത് ! നിന്റെ ഏകമകനെ തരുവാൻ നീ മടി കാണിക്കാത്തതുകൊണ്ട് നീ എന്നെ ഭയപ്പെടുന്നു എന്നു ഞാൻ അറിയുന്നു.”
അബ്രഹാം ചുറ്റും നോക്കിയപ്പോൾ, കാട്ടിൽ കുരുങ്ങിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. യിസ്ഹാക്കിനു പകരം യാഗമാകുവാൻ ദൈവം കരുതിയ ആട്ടുകൊറ്റനായിരുന്നു അത്. അബ്രഹാം ആ ആട്ടുകൊറ്റനെ സന്തോഷത്തോടെ യാഗം കഴിച്ചു.
അപ്പോൾ ദൈവം അബ്രഹാമിനോടു, “നിന്റെ ഏകമകനെ ഉൾപ്പെടെ എന്തും എനിക്കു തരുവാൻ നീ മടിക്കാത്തതുകൊണ്ട്, നിന്നെ അനുഗ്രഹിക്കും എന്നു ഞാൻ ഉറപ്പ് നല്കുന്നു. നിന്റെ സന്തതികൾ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികമായിരിക്കും. നീ എന്നെ അനുസരിച്ചതുകൊണ്ട്, ലോകത്തിലെ സകല കുടുംബങ്ങളും നിന്റെ കുടുംബത്തിലൂടെ അനുഗ്രഹിക്കപ്പെടും” എന്ന് പറഞ്ഞു.
(ഈ വേദപുസ്തക കഥ, ഉല്പത്തി 16 മുതൽ 22 വരെയുള്ള അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)