17. ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി
ശൌൽ യിസ്രായേലിന്റെ ആദ്യത്തെ രാജാവായിരുന്നു. ജനങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ അദ്ദേഹം ഉയരമുള്ളവനും സുമുഖനുമായിരുന്നു. യിസ്രായേലിനെ ഭരിച്ച ആദ്യവർഷങ്ങളിൽ ശൌൽ ഒരു നല്ല രാജാവായിരുന്നു. എന്നാൽ അതിനു ശേഷം അദ്ദേഹം ദൈവത്തെ അനുസരിക്കാത്ത ഒരു ദുഷ്ടമനുഷ്യനായിത്തീർന്നു. അതുകൊണ്ട് അവനു പകരം രാജാവാകേണ്ടതിന് മറ്റൊരു മനുഷ്യനെ ദൈവം തെരഞ്ഞെടുത്തു.
ശൌലിനു ശേഷം രാജാവാകുവാൻ ദാവീദ് എന്നു പേരുള്ള ഒരു യിസ്രായേല്യ യുവാവിനെ ദൈവം തെരഞ്ഞെടുത്തു. ബേത്ലഹേം പട്ടണത്തിൽ നിന്നുള്ള ഒരു ആട്ടിടയനായിരുന്നു ദാവീദ്. അവൻ തന്റെ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നപ്പോൾ പല സന്ദർഭങ്ങളിലായി ആടുകളെ ആക്രമിച്ച ഒരു സിംഹത്തെയും ഒരു കരടിയെയും കൊന്നിരുന്നു. ദൈവത്തെ അനുസരിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തിരുന്ന ഒരു നീതിമാനും എളിമയുള്ളവനുമായിരുന്നു ദാവീദ്.
ദാവീദ് ഒരു വലിയ പടയാളിയും നേതാവുമായിത്തീർന്നു. ഒരു യുവാവായിരിക്കുമ്പോൾ തന്നെ ദാവീദ് ഗൊല്യാത്ത് എന്നു പേരുള്ള ഒരു മല്ലന് എതിരെ യുദ്ധം ചെയ്തു. ഗൊല്യാത്ത് പരിശീലനം ലഭിച്ച ഒരു പടയാളിയും വളരെ ബലവാനും മൂന്നു മീറ്ററോളം ഉയരമുള്ളവനുമായിരുന്നു
! എന്നാൽ ഗൊല്യാത്തിനെ കൊന്ന് യിസ്രായേലിനെ രക്ഷിക്കുവാൻ ദാവീദിനെ ദൈവം സഹായിച്ചു. അതിനു ശേഷം, യിസ്രായേലിന്റെ ശത്രുക്കൾക്കെതിരെ ദാവീദ് പല വിജയങ്ങൾ നേടുകയും അതിനാൽ ജനങ്ങൾ അവനെ പുകഴ്ത്തുകയും ചെയ്തു.
ജനങ്ങൾക്കു ദാവീദിനോടുള്ള സ്നേഹം മൂലം ശൌലിന് അവനോട് അസൂയ തോന്നി. ശൌൽ അനേക തവണ ദാവീദിനെ കൊല്ലുവാൻ ശ്രമിച്ചു. അതുകൊണ്ട് ദാവീദ് ശൌലിൽ നിന്നും ഒളിച്ചു. ഒരു ദിവസം, ദാവീദിനെ കൊല്ലേണ്ടതിന് ശൌൽ ദാവീദിനെ അന്വേഷിക്കുകയായിരുന്നു. ദാവീദ് ശൌലിൽ നിന്നും ഒളിച്ചിരുന്ന അതേ ഗുഹയിൽത്തന്നെ ശൌലും എത്തച്ചേർന്നു. എന്നാൽ ശൌൽ ദാവീദിനെ കണ്ടില്ല. ദാവീദിന് ശൌലിനെ കൊല്ലുവാൻ സാധിക്കത്തക്കവണ്ണം അവൻ അടുത്തായിരുന്നു. എന്നാൽ ദാവീദ് ശൌലിനെ കൊന്നില്ല. പകരം, രാജാവാകുവാൻ വേണ്ടി താൻ ശൌലിനെ കൊല്ലുകയില്ല എന്നു ശൌലിന്റെ മുമ്പാകെ തെളിയിക്കുന്നതിനു വേണ്ടി ശൌലിന്റെ വസ്ത്രത്തിന്റെ ഒരറ്റം ദാവീദ് മുറിച്ചെടുത്തു.
ഒടുവിൽ, ശൌൽ യുദ്ധത്തിൽ മരിക്കുകയും ദാവീദ് യിസ്രായേലിന്റെ രാജാവാകുകയുംചെയ്തു. അദ്ദേഹം ഒരു നല്ല രാജാവായിരുന്നു, ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. ദാവീദിനെ ദൈവം അനുഗ്രഹിക്കുകയും അവനു വിജയം കൊടുക്കുകയും ചെയ്തു. ദാവീദ് അനേക യുദ്ധങ്ങൾ നടത്തുകയും യിസ്രായേലിന്റെ ശത്രുക്കളെ തോൽപ്പിക്കുവാൻ ദൈവം അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. ദാവീദ് യെരൂശലേം കീഴടക്കുകയും അതിനെ തന്റെ തലസ്ഥാനനഗരം ആക്കുകയും ചെയ്തു. ദാവീദിന്റെ ഭരണകാലത്ത്, യിസ്രായേൽ ശക്തവും സമ്പന്നവുമായ രാജ്യമായിത്തീർന്നു.
എല്ലാ യിസ്രായേല്യർക്കും ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിനു യാഗമർപ്പിക്കുന്നതിനും ഒരു ആലയം പണിയുവാൻ ദാവീദ് ആഗ്രഹിച്ചു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിലായിരുന്നു ഏകദേശം 400 വർഷത്തോളം ജനങ്ങൾ ആരാധിച്ചിരുന്നത്.
എന്നാൽ പ്രവാചകനായ നാഥാനെ ദൈവം തന്റെ സന്ദേശവുമായി ദാവീദിന്റെ അടുക്കലേക്ക് അയച്ചു: “നീ യുദ്ധവീരനായ മനുഷ്യൻ ആകയാൽ, നീ ഈ ആലയം എനിക്കായി പണിയുകയില്ല. നിന്റെ മകൻ ഇതു പണിയും. എന്നാൽ, ഞാൻ നിന്നെ അധികമായി അനുഗ്രഹിക്കും. നിന്റെ സന്തതികളിൽ ഒരുവൻ എന്റെ ജനത്തെ എന്നേക്കും രാജാവായി ഭരിക്കും
!” ദാവീദിന്റെ സന്തതികളിൽ എന്നേക്കും ഭരണം നടത്തുവാൻ സാധിക്കുന്ന ഏക വ്യക്തി മശിഹയാണ്. ലോകത്തിലെ മനുഷ്യരെ അവരുടെ പാപത്തിൽ നിന്നും രക്ഷിക്കുവാൻ ദൈവം തെരഞ്ഞെടുത്ത ഒരുവനാണ് മശിഹ.
ദാവീദ് ഈ വാക്കുകൾ കേട്ടയുടൻ തന്നെ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു. കാരണം, ദൈവം വലിയ മാനവും വലിയ അനുഗ്രഹങ്ങളും ദാവീദിന് വാഗ്ദത്തം ചെയ്തു. ഈ കാര്യങ്ങൾ എപ്പോഴാണ് ദൈവം ചെയ്യുക എന്ന് ദാവീദിന് അറിയില്ലായിരുന്നു. എന്നാൽ, മശിഹയുടെ വരവിനായി യിസ്രായേല്യർക്ക് ഏകദേശം, 1,000 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.
ദാവീദ് അനേക വർഷങ്ങൾ നീതിയോടും വിശ്വസ്തതയോടും കൂടെ ഭരിക്കുകയും ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. എന്നിരുന്നാലും, തന്റെ ജീവിതത്തിന്റെ അവസാനത്തിങ്കൽ അദ്ദേഹം ദൈവത്തിനെതിരെ ഭയങ്കരമായി പാപം ചെയ്തു.
ഒരു ദിവസം , ദാവീദിന്റെ പടയാളികൾ യുദ്ധം ചെയ്യുവാൻ അകലെ പോയിരുന്നപ്പോൾ, അവൻ തന്റെ കൊട്ടാരത്തിൽ നിന്നും പുറത്തേക്കു നോക്കി ഒരു സുന്ദരിയായ യുവതി കുളിക്കുന്നതു കണ്ടു. അവളുടെ പേർ ബത്ത്ശേബ എന്നായിരുന്നു.
ഒരു ദിവസം, ദാവീദിന്റെ പടയാളികൾ യുദ്ധത്തിന് വേണ്ടി വിദൂരതയിലായിരുന്നപ്പോൾ, അവൻ തന്റെ കൊട്ടാരത്തിൽ നിന്നും പുറത്തേക്കു നോക്കി ഒരു സുന്ദരിയായ യുവതി കുളിക്കുന്നതു കണ്ടു. അവളുടെ പേർ ബത്ത്ശേബ എന്നായിരുന്നു.
തന്റെ ദൃഷ്ടി അവിടെ നിന്ന് തിരിക്കുന്നതിനു പകരം, ദാവീദ് അവളെ തന്റെ അടുക്കൽ കൊണ്ടുവരുന്നതിന് ആളയച്ചു. അവൻ അവളോടു കൂടെ ശയിക്കുകയും അവളെ വീട്ടിലേക്കു തിരികെ അയക്കുകയും ചെയ്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ താൻ ഗർഭിണിയാണ് എന്ന സന്ദേശം ബത്ത്ശേബ ദാവീദിന് അയച്ചു.
ബത്ത്ശേബയുടെ ഭർത്താവായിരുന്ന ഊരിയാവ് എന്ന മനുഷ്യൻ ദാവീദിന്റെ ഏറ്റവും നല്ല പടയാളികളിലൊരാളായിരുന്നു. ദാവീദ് ഊരിയാവിനെ യുദ്ധത്തിൽ നിന്നും തിരികെ വിളിക്കുകയും അവനെ അവന്റെ ഭാര്യയുടെ അടുക്കലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള മറ്റു പടയാളികൾ യുദ്ധത്തിലായിരിക്കുമ്പോൾ തന്റെ വീട്ടിലേക്കു പോകുവാൻ ഊരിയാവ് വിസമ്മതിച്ചു. അതുകൊണ്ട് ദാവീദ് ഊരിയാവിനെ യുദ്ധത്തിലേക്കു തിരികെ അയയ്ക്കുകയും അവൻ കൊല്ലപ്പെടേണ്ടതിന് പട ഏറ്റവും കഠിനമായിരിക്കുന്നിടത്ത് അവനെ നിർത്തേണമെന്ന് സേനാധിപതിക്ക് സന്ദേശമയയ്ക്കുകയും ചെയ്തു.
ഊരിയാവ് മരിച്ചശേഷം, ദാവീദ് ബത്ത്‌ശേബയെ വിവാഹം കഴിച്ചു. അതിനുശേഷം, അവൾ ദാവീദിന്റെ കുഞ്ഞിനു ജന്മം നൽകി. ദാവീദ് ചെയ്ത പ്രവർത്തിയിൽ ദൈവം ഏറ്റവും കോപിച്ചു. അതുകൊണ്ട്, അവന്റെ പാപം എത്ര ക്രൂരമായിരുന്നു എന്നു ദാവീദിനോടു പറയുവാൻ നാഥാൻ പ്രവാചകനെ ദൈവം അയച്ചു. ദാവീദ് തന്റെ പാപത്തെക്കുറിച്ച് അനുതപിക്കുകയും ദൈവം അവനോടു ക്ഷമിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലയളവിൽ പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും ദാവീദ് ദൈവത്തെ അനുഗമിക്കുകയും അനുസരിക്കുകയും ചെയ്തു.
എന്നാൽ ദാവീദ് ചെയ്ത പാപത്തിന്റെ ശിക്ഷയായി, അവന്റെ ആൺകുഞ്ഞ് മരിച്ചുപോയി. ദാവീദിന്റെ ശേഷിച്ച ജീവിത കാലമൊക്കെയും തന്റെ കുടുംബത്തിൽ പോരാട്ടം നിലനിന്നു. അങ്ങനെ ദാവീദിന്റെ ശക്തി വളരെ ക്ഷയിക്കുവാൻ ഇടയായി. ദാവീദ് ദൈവത്തോട് അവിശ്വസ്തനായിരുന്നു എങ്കിലും ദൈവം തന്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായിരുന്നു. അതിനുശേഷം, ദാവീദിനും ബത്ത്ശേബയ്ക്കും ഒരു മകൻ കൂടി ജനിക്കുകയും അവർ അവന് ശലോമോൻ എന്നു പേരിടുകയും ചെയ്തു.
(ഈ വേദപുസ്തക കഥ, 1 ശമുവേൽ 10; 15-19; 24; 31; 2 ശമുവേൽ 5; 7; 11-12 എന്നീ അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)