Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

14 മരുഭൂമിയിലെ പ്രയാണം

Image

അവരുമായുള്ള തന്റെ ഉടമ്പടിയുടെ ഭാഗമായി യിസ്രായേല്യർ അനുസരിക്കേണ്ട നിയമങ്ങൾ ദൈവം കൊടുത്ത ശേഷം അവർ സീനായി പർവ്വതം വിട്ടു പുറപ്പെട്ടു. കനാൻ എ‍ന്നും അറിയപ്പെടുന്ന വാഗ്ദത്തനാട്ടിലേക്ക് ദൈവം അവരെ നയിച്ചു. മേഘസ്തംഭം അവർക്കു മുൻപായി കനാനിലേക്കു പൊയ്ക്കൊണ്ടിരുന്നു, അവർ അതിനെ പിന്തുടരുകയും ചെയ്തു.

Image

വാഗ്ദത്ത ദേശം തങ്ങളുടെ സന്തതികൾക്കു നൽകുമെന്ന് ദൈവം അബ്രഹാമിനോടും, യിസ്ഹാക്കിനോടും, യാക്കോബിനോടും വാഗ്ദത്തം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവിടെ അനേക ജനവിഭാഗങ്ങൾ വസിക്കുന്നുണ്ടായിരുന്നു. അവരെ കനാന്യർ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. കനാന്യർ ദൈവത്തെ ആരാധിക്കുകയോ അനുസരിക്കുകയോ ചെയ്തിരുന്നില്ല. അവർ അന്യദേവന്മാരെ ആരാധിക്കുന്നവരും അനേക തിന്മകൾ ചെയ്യുന്നവരും ആയിരുന്നു.

Image

ദൈവം യിസ്രായേല്യരോട്‌ “വാഗ്ദത്തദേശത്തുള്ള എല്ലാ കനാന്യരെയും നിങ്ങൾ ഒഴിഞ്ഞിരിക്കണം. അവരുമായി സമാധാനം ഉണ്ടാക്കരുത്. അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്. അവരുടെ എല്ലാ വിഗ്രഹങ്ങളെയും നിങ്ങൾ പൂർണ്ണമായി നീക്കിക്കളയണം. നിങ്ങൾ എന്നെ അനുസരിക്കാതിരുന്നാൽ എനിക്കു പകരം നിങ്ങൾ അവരുടെ വിഗ്രഹങ്ങളെ ആരാധിക്കും” എന്ന്‌ പറഞ്ഞു.

Image

ഇസ്രയേൽ മക്കൾ കനാൻ ദേശത്തിന്റെ അടുത്തെത്തിയപ്പോൾ മോശെ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്നും പന്ത്രണ്ടു പേരെ തെരഞ്ഞെടുത്തു. “നിങ്ങൾ കനാൻ ദേശത്തു പോയി ഒറ്റു നോക്കുകയും കനാന്യർ ബലവാന്മാരോ ബലഹീനരോ എന്ന് അന്വേഷിക്കുകയും ചെയ്യണം” എന്ന് മോശെ അവർക്ക് ഒരു നിർദ്ദേശവും കൊടുത്തു.

Image

കനാനിലൂടെ നാല്പതു ദിവസം യാത്ര ചെയ്ത ശേഷം ആ പന്ത്രണ്ടുപേർ തിരികെയെത്തി. അവർ ജനങ്ങളോടു പറഞ്ഞു, “ദേശം പുഷ്ടിയുള്ളതും വിളവു സമൃദ്ധവുമാണ്

!” എന്നാൽ ചാരന്മാരിൽ പത്തു പേർ പറഞ്ഞു, “പട്ടണങ്ങൾ വളരെ ഉറപ്പുള്ളതും മനുഷ്യർ അതികായന്മാരുമാണ്

! നാം അവരെ ആക്രമിച്ചാൽ അവർ തീർച്ചയായും നമ്മെ തോൽപ്പിക്കുകയും കൊല്ലുകയും ചെയ്യും

!”

Image

ഉടൻ തന്നെ മറ്റു രണ്ടു ചാരന്മാരായിരുന്ന കാലേബും യോശുവയും പറഞ്ഞു, “കനാനിലെ മനുഷ്യർ ഉയരം കൂടിയവരും ശക്തന്മാരുമാണ്. എന്നാൽ നമുക്ക് അവരെ തോൽപ്പിക്കുവാൻ സാധിക്കും

! യഹോവ നമുക്കു വേണ്ടി യുദ്ധം ചെയ്യും

!”

Image

എന്നാൽ കാലേബും യോശുവയും പറഞ്ഞതു ജനങ്ങൾ കാര്യമാക്കിയില്ല. അവർ മോശെയോടും അഹരോനോടും കോപിച്ചു, “ഈ ഭയാനകമായ ദേശത്തേക്കു നിങ്ങൾ ഞങ്ങളെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ ഇവിടെ യുദ്ധത്തിൽ മരിക്കുകയും ഞങ്ങളുടെ സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെടുകയും ചെയ്യുന്നതിനു പകരം ഈജിപ്തിൽ (മിസ്രയീമിൽ) താമസിക്കുന്നതായിരുന്നു നല്ലത്‌” എന്ന്‌ പറഞ്ഞു. ഈജിപ്തിലേക്ക്‌ (മിസ്രയീമിലേക്കു) തിരികെ കൊണ്ടുപോകുവാൻ മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കുവാൻ ജനങ്ങൾ ആഗ്രഹിച്ചു.

Image

ദൈവം വളരെ കോപിക്കുകയും സമാഗമനകൂടാരത്തിൽ പ്രത്യക്ഷനകുകയും‍ ചെയ്തു. “നിങ്ങൾ എനിക്കെതിരെ മത്സരിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾ എല്ലാവരും മരുഭൂമിയിൽ അലയേണ്ടിവരും. യോശുവയും കാലേബും ഒഴികെ ഇരുപതു വയസ്സിനു മുകളിലുള്ള എല്ലാവരും മരിക്കുകയും വാഗ്ദത്തദേശത്ത് ഒരിക്കലും കടക്കാതിരിക്കുകയും ചെയ്യും” എന്ന്‌ യഹോവ അവരോട്‌ പറഞ്ഞു.

Image

ജനങ്ങൾ ഇതുകേട്ടപ്പോൾ തങ്ങൾ ചെയ്ത പാപത്തെ ഓർത്ത്‌ അവർ ദുഃഖിച്ചു. അവർ തങ്ങളുടെ ആയുധങ്ങളുമെടുത്തുകൊണ്ട് കനാനിലെ ജനങ്ങളെ ആക്രമിക്കുവാൻ പുറപ്പെട്ടു. ദൈവം അവരോടു കൂടെ ഇല്ലാത്തതിനാൽ പോകരുത് എന്നു മോശെ അവർക്കു മുന്നറിയിപ്പു നൽകിയെങ്കിലും അവർ അത്‌ അനുസരിച്ചില്ല.

Image

ഈ യുദ്ധത്തിൽ ദൈവം അവരോടുകൂടെ പോയില്ല, അതുകൊണ്ട് അവർ തോൽക്കുകയും അവരിൽ പലരും മരിക്കുകയും ചെയ്തു. അതിനുശേഷം അവർ കനാനിൽ നിന്നും തിരികെ പോരുകയും നാല്പതു വർഷത്തോളം മരുഭൂമിയിലൂടെ അലഞ്ഞുതിരിയുകയും ചെയ്തു.

Image

യിസ്രായേൽ ജനം മരുഭൂമിയിൽ അലഞ്ഞുനടന്ന നാല്പതു വർഷങ്ങൾ ദൈവം അവർക്കു വേണ്ടതെല്ലാം നൽകി. ദൈവം അവർക്കു ആകാശത്തുനിന്നുള്ള അപ്പമായ “മന്ന” കൊടുത്തു. അവർക്കു ഇറച്ചി ഭക്ഷിക്കേണ്ടതിന് ദൈവം അവരുടെ പാളയത്തിലേക്ക് കാടക്കൂട്ടത്തെയും (ഒരുതരം ചെറിയ പക്ഷികൾ) അയച്ചുകൊടുത്തു. ആ സമയമൊക്കെയും അവരുടെ വസ്ത്രം കീറാതെയും ചെരുപ്പ് തേഞ്ഞുപോകാതെയും ദൈവം അവരെ സൂക്ഷിച്ചു.

Image

ദൈവം വളരെ അത്ഭുതകരമായി അവർക്കു പാറയിൽ നിന്നു പോലും വെള്ളം കൊടുത്തു. എന്നാൽ ഇതൊക്കെയാണെങ്കിലും, യിസ്രായേൽ ജനങ്ങൾ ദൈവത്തിനും മോശെയ്ക്കുമെതിരെ പരാതി പറയുകയും പിറുപിറുക്കുകയും ചെയ്തു. എന്നിട്ടും ദൈവം അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമുള്ള തന്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായിരുന്നു.

Image

പിന്നീടൊരിക്കൽ അവർക്കു വെള്ളമില്ലാതിരുന്നപ്പോൾ, ദൈവം മോശെയോടു, “പാറയോടു പറയുക, അതിൽ നിന്നും വെള്ളം പുറത്തുവരും” എന്ന്‌ പറഞ്ഞു. എന്നാൽ പാറയോടു സംസാരിക്കുന്നതിനു പകരം രണ്ടുതവണ പാറയെ അടിച്ചുകൊണ്ട് എല്ലാവരുടെയും മുൻപിൽ മോശെ ദൈവത്തോട് അനാദരവു കാണിച്ചു. അപ്പോൾ എല്ലാവർക്കും കുടിക്കേണ്ടതിന് പാറയിൽ നിന്നും വെള്ളം പുറത്തുവന്നു. എന്നാൽ, ദൈവം മോശെയോടു കോപിക്കുകയും “നീ വാഗ്ദത്തദേശത്ത് കടക്കയില്ല” എന്നു പറയുകയും ചെയ്തു.

Image

നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞശേഷം ദൈവത്തോടു മത്സരിച്ച യിസ്രായേല്യർ എല്ലാവരും മരിച്ചുപോയി. അപ്പോൾ ദൈവം വീണ്ടും ജനത്തെ വാഗ്ദത്തദേശത്തിന്റെ അതിർത്തിയിലെത്തിച്ചു. മോശെയ്ക്കു വളരെ പ്രായമായിരുന്നതുകൊണ്ട് ജനത്തെ നയിക്കുന്നതിന് അവനെ സഹായിക്കുവാൻ ദൈവം യോശുവയെ തെരഞ്ഞെടുത്തു. മോശെയെപ്പോലെ ഒരു പ്രവാചകനെ താൻ ഒരിക്കൽ അയയ്ക്കുമെന്നും ദൈവം മോശെയോടു വാഗ്ദത്തം ചെയ്തു.

Image

പിന്നീട് ദൈവം മോശെയോട്, “വാഗ്ദത്തദേശം കാണേണ്ടതിന് നീ പർവ്വതത്തിന്റെ മുകളിലേക്കു കയറുക” എന്ന്‌ പറഞ്ഞു. മോശെയ്ക്ക്‌ വാഗ്ദത്തദേശം കാണുവാൻ സാധിച്ചു. എന്നാൽ, അതിൽ കടക്കുവാൻ ദൈവം അവനെ അനുവദിച്ചില്ല. പിന്നീട് മോശെ മരിച്ചു. യിസ്രായേല്യർ നാല്പതു ദിവസം വിലാപം കഴിച്ചു. യോശുവ അവരുടെ പുതിയ നേതാവായി. യോശുവ ഒരു നല്ല നേതാവായിരുന്നു. കാരണം അവൻ ദൈവത്തെ അനുസരിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തിരുന്നു.

(ഈ വേദപുസ്തക കഥ, പുറപ്പാട്‌ 16-17; സംഖ്യാപുസ്തകം 10-14; 20; 27; ആവർത്തനം 34 എന്നീ അധ്യായങ്ങളിൽ നിന്നുമുള്ളതാണ്‌.)