40. യേശുവിനെ ക്രൂശിക്കുന്നു
പടയാളികൾ യേശുവിനെ പരിഹസിച്ചശേഷം, അവർ അവനെ ക്രൂശിക്കുന്നതിനു വേണ്ടി കൊണ്ടുപോയി. തറച്ചു കൊല്ലുന്നതിനുള്ള ക്രൂശ് യേശുവിനെക്കൊണ്ട് അവർ ചുമപ്പിച്ചു.
“തലയോടിടം” എന്നു പേരുള്ള ഒരു സ്ഥലത്തേക്ക് പടയാളികൾ യേശുവിനെ കൊണ്ടുപോയി അവന്റെ കൈകളും കാലുകളും ക്രൂശിൽ ആണിവച്ചു തറച്ചു. അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല അതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ” എന്ന് പറഞ്ഞു. “യഹൂദന്മാരുടെ രാജാവ്” എന്ന ഒരു മേലെഴുത്ത് എഴുതി യേശുവിന്റെ തലയുടെ മുകളിലായി ക്രൂശിന്മേൽ വയ്ക്കുവാൻ പീലാത്തോസ് കല്പിച്ചു.
പടയാളികൾ യേശുവിന്റെ വസ്ത്രത്തിനു വേണ്ടി ചീട്ടിട്ടു. അവർ ഇതു ചെയ്തപ്പോൾ, “അവർ എന്റെ വസ്ത്രം പങ്കിട്ടെടുത്തു, എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള പ്രവചനം പൂർത്തീകരിക്കപ്പെട്ടു.
യേശുവിനെ രണ്ടു കള്ളന്മാരുടെ നടുവിലായി ക്രൂശിച്ചു. അവരിലൊരാൾ യേശുവിനെ പരിഹസിച്ചു. എന്നാൽ മറ്റവൻ അവനോട്, “നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നമ്മൾ കുറ്റക്കാരാണ്, എന്നാൽ ഈ മനുഷ്യൻ കുറ്റമൊന്നും ചെയ്തിട്ടില്ല” എന്ന് പറഞ്ഞു. പിന്നെ അവൻ യേശുവിനോടു, “യേശുവേ, നീ രാജാവായി വരുമ്പോൾ എന്നെയും ഓർക്കേണമേ” എന്ന് പറഞ്ഞു. അതിന് യേശു അവനോട്, “ഇന്ന്, നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും”എന്ന് ഉത്തരം പറഞ്ഞു.
യഹൂദാ നേതാക്കന്മാരും ജനക്കൂട്ടത്തിലെ ചിലയാളുകളും യേശുവിനെ പരിഹസിച്ചു. അവർ അവനോടു, “നീ ദൈവപുത്രൻ ആകുന്നു എങ്കിൽ, ക്രൂശിൽ നിന്ന് ഇറങ്ങിവന്ന് നിന്നെത്തന്നെ രക്ഷിക്ക! എന്നാൽ ഞങ്ങൾ നിന്നെ വിശ്വസിക്കും” എന്ന് പറഞ്ഞു.
അപ്പോൾ ഉച്ചസമയം ആയിരുന്നുവെങ്കിലും, ആ പ്രദേശത്ത് ആകാശം മുഴുവനും പൂർണ്ണമായും അന്ധകാരത്താൽ നിറയപ്പെട്ടു. അപ്രകാരം ഉച്ചസമയം മുതൽ വൈകിട്ട് മൂന്നു മണിവരെയും അന്ധകാരം നിലനിന്നു.
പിന്നെ യേശു, “എല്ലാം നിവൃത്തിയായി! പിതാവേ, ഞാൻ എന്റെ ആത്മാവിനെ നിന്റെ കൈയ്യിൽ തരുന്നു” എന്ന് നിലവിളിച്ചു പറഞ്ഞു. അതിനു ശേഷം യേശു തല ചായിച്ചു തന്റെ ആത്മാവിനെ വിട്ടു. യേശു മരിച്ചപ്പോൾ, അവിടെ ഒരു വലിയ ഭൂകമ്പം ഉണ്ടാകുകയും ദൈവാലയത്തിൽ മനുഷ്യരെ ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും വേർതിരിക്കുന്ന വലിയ തിരശ്ശീല മുകളിൽ നിന്ന് അടി വരെ രണ്ടായി ചീന്തിപ്പോയി.
തന്റെ മരണത്തിലൂടെ മനുഷ്യർക്കു ദൈവത്തിന്റെ അടുക്കലേക്കു വരുവാൻ യേശു വഴി ഒരുക്കി. യേശുവിനു കാവൽ നിന്ന പടയാളി അവിടെ സംഭവിച്ചതെല്ലാം കണ്ടപ്പോൾ, “സത്യമായും, ഈ മനുഷ്യൻ നിരപരാധി ആയിരുന്നു. അവൻ ദൈവപുത്രനാണ്” എന്ന് പറഞ്ഞു.
അതിനുശേഷം, യേശുവിനെ മശിഹയായി വിശ്വസിച്ചിരുന്ന യോസേഫ് എന്നും നിക്കോദേമോസ് എന്നും പേരുള്ള രണ്ടു യഹൂദാനേതാക്കന്മാർ പീലാത്തോസിനോട് യേശുവിന്റെ മൃതശരീരം ചോദിച്ചു. അവർ ശരീരം എടുത്ത് തുണിയിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലും ഉരുട്ടിവെച്ച് അടച്ചു.
മത്തായി 27: 27-61; മർക്കൊസ് 15: 16-47; ലൂക്കൊസ് 23: 26-56; യോഹന്നാൻ 19: 17-42